റോമിനടുത്തുള്ള കാസ്റ്റൽ ഗാൻഡോൾഫോയിൽ നടക്കുന്ന "കാലാവസ്ഥാ നീതിക്കായുള്ള പ്രതീക്ഷ വളർത്തൽഎന്ന മൂന്ന് ദിവസത്തെ അന്താരാഷ്ട്ര സമ്മേളനത്തിൽ ലിയോ പോപ്പ് പങ്കെടുക്കുന്നു
AP News
റോമിലെ കാസ്റ്റൽ ഗാൻഡോൾഫോയിൽ മനോഹരമായൊരു അന്താരാഷ്ട്ര സമ്മേളനം നടക്കുകയാണ് ഇപ്പോൾ. സമ്മേളനത്തിലെ താരം മറ്റാരുമല്ല, ആദ്യ അമെരിക്കൻ പോപ്പ് ലിയോ പതിനാലാമൻ തന്നെ. കാസ്റ്റൽ ഗാൻഡോൾഫോയിൽ നടക്കുന്ന "കാലാവസ്ഥാ നീതിക്കായുള്ള പ്രതീക്ഷ വളർത്തൽ"("Raising Hope for Climate Justice") എന്ന ആഗോള കാലാവസ്ഥാ പരിപാടിയിൽ ആരെയും പേരെടുത്തു പരാമർശിക്കാതെ കാലാവസ്ഥാ വ്യതിയാന നിഷേധികൾക്കെതിരെ പോപ്പ് ശക്തമായി പ്രതികരിച്ചു. അദ്ദേഹത്തിന്‍റെ കാലാവസ്ഥ സംരക്ഷണത്തിനായുള്ള പ്രഭാഷണം ആഗോള നേതാക്കളെ കാലാവസ്ഥാ സംരക്ഷണത്തിനായി നിർണായക പ്രവർത്തനങ്ങൾ നടത്താൻ പ്രചോദിപ്പിക്കുന്നതായി. അമെരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഐക്യരാഷ്ട്ര സഭയുടെ പൊതു സഭയിൽ(UNGA) ആഗോള താപനത്തിന്‍റെ വഞ്ചനയെ കുറിച്ച് തെറ്റായ അവകാശ വാദങ്ങൾ ഉന്നയിച്ചതിനു തൊട്ടു പിന്നാലെയാണ് ചരിത്രത്തിലെ ആദ്യത്തെ അമെരിക്കൻ പോപ്പ് കാലാവസ്ഥയ്ക്കായി ആഗോള നേതാക്കൾക്കെതിരെ ശക്തമായ വിമർശനം നടത്തിയത് എന്നത് ആഗോള ശ്രദ്ധ നേടി. ഫ്രാൻസിസ് പാപ്പയുടെ ചാക്രിക ലേഖനമായ ലൗഡാറ്റോ സിയുടെ പത്താം വാർഷികാഘോഷ വേളയിൽ ലിയോ പതിനാലാമൻ മാർപ്പാപ്പ ഒരു ഗ്രീൻ ലാന്‍ഡ് ഹിമാനിയുടെ ഒരു വലിയ ഭാഗത്തിനു മുന്നിൽ നിന്ന് അനുഗ്രഹം നൽകി.
പ്രതീകാത്മകമായി ഒരു ഐസ് കട്ടയെ അനുഗ്രഹിച്ചു കൊണ്ട് , പരിസ്ഥിതി, തദ്ദേശീയ ഗ്രൂപ്പുകളിൽ നിന്നുള്ള ഏകദേശം ആയിരത്തോളം പ്രതിനിധികൾ ഒത്തു കൂടിയ സമ്മേളനത്തിന് അദ്ദേഹം നേതൃത്വം നൽകി.നടനും മുൻ കാലിഫോർണിയ ഗവർണറുമായ ആർനോൾഡ് ഷ്വാസ്നെഗറും സമ്മേളനത്തിൽ പങ്കെടുത്തു. എന്നാൽ പോപ്പ് ലിയോ പതിനാലാമൻ ഐസ് കട്ടകളെ അനുഗ്രഹിച്ചതിനെതിരെ സോഷ്യൽ മീഡിയയിൽ പരിഹാസ പ്രതികരണങ്ങൾ പെരുകുകയാണ്. പരിസ്ഥിതി സംരക്ഷണത്തിന്‍റെ അടിയന്തരാവശ്യകതയുടെ പ്രതീകമായ ഉരുകുന്ന ഹിമാനിയെ ഉൾക്കൊള്ളുന്ന ഒരു വേദിയിലാണ് പോപ്പ് അധ്യക്ഷത വഹിച്ചത്. റോമിനു വടക്കുള്ള ഒരു കാർഷിക മേഖലയെ വിശാലമായ ഒരു സോളാർ ഫാമാക്കി മാറ്റാനുള്ള വത്തിക്കാൻ പദ്ധതിക്ക് അനുഗ്രഹം നൽകിയ ലിയോ പാപ്പ ഫ്രാൻസിസ് പാപ്പയുടെ പാരിസ്ഥിതിക പാത പിന്തുടരുകയാണ്. ഈ പദ്ധതി പ്രവർത്തന ക്ഷമമാകുമ്പോൾ വത്തിക്കാൻ സിറ്റി ലോകത്തിലെ ആദ്യ കാർബൺ-ന്യൂട്രൽ സംസ്ഥാനമാകുന്നതിന് ഈ ഫാം കാരണമാകുമെന്ന് പ്രതീക്ഷിക്കുന്നു.