പാതിരാത്രിയിൽ വിസ റദ്ദാക്കൽ; നൂറ് കണക്കിന് വിദേശ വിദ്യാർഥികളോട് രാജ്യം വിടണമെന്ന് യുഎസ്
വാഷിങ്ടൺ: ക്യാംപസ് രാഷ്ട്രീയത്തിൽ ഇടപെടുന്ന വിദേശവിദ്യാർഥികൾക്കെതിരേ കർശന നടപടിയുമായി യുഎസ്. ഇവരുടെ വിസ റദ്ദാക്കി എത്രയും പെട്ടെന്ന് നാട്ടിലേക്ക് തിരിച്ചു പോകാൻ ആവശ്യപ്പെട്ടിരിക്കുകയാണ് യുഎസ് ഡിപ്പാർട്മെന്‍റ് ഓഫ് സ്റ്റേറ്റ് (ഡിഒഎസ്). നൂറ് കണക്കിന് പേർക്കാണ് ഇത്തരം അറിയിപ്പ് ലഭിച്ചിരിക്കുന്നത്. പാതിരാത്രിയിൽ വിസ റദ്ദാക്കപ്പെട്ടവരും അതിരാവിലെ നാടു വിടാനുള്ള ഇമെയിൽ ലഭിച്ചവരും നിരവധിയാണ്. ഇന്ത്യൻ വിദ്യാർഥികൾക്കെതിരേയും സമാനമായ നീക്കമുണ്ടാകാൻ സാധ്യതയുള്ളതായി ഇമിഗ്രേഷൻ വിഭാഗം അധികൃതർ പറയുന്നു. സമൂഹമാധ്യമങ്ങളിലെ രാജ്യവിരുദ്ധ പോസ്റ്റുകൾക്ക് ലൈക്കോ ഷെയറോ ചെയ്താൽ പോലും നടപടി ഉറപ്പ്. യുഎസ് ഇമിഗ്രേഷൻ ആൻഡ് നാഷണാലിറ്റി ആക്റ്റ് സെക്ഷൻ 221(i) പ്രകാരമാണ് വിദ്യാർഥികളോട് രാജ്യം വിടാൻ ആവശ്യപ്പെടുന്നത്.
അറിയിപ്പ് ലഭിച്ചതിനു ശേഷവും അനധികൃതമായി രാജ്യത്ത് തുടരുന്നത് പിഴ ഈടാക്കാനും അറസ്റ്റിനും നാടുകടത്തലിനും കാരണമാകുമെന്നും അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. അക്കാദമിക് സ്റ്റഡി വിസ(എഫ്), വൊക്കേഷണൽ സ്റ്റഡി വിസ(എം), എക്സ്ചേഞ്ച് വിസ(ജെ) എന്നീ കാറ്റഗറികളിലേക്ക് അപേക്ഷിച്ചിട്ടുള്ളവരുടെ സമൂഹമാധ്യമങ്ങളും ഡിഒഎസ് നിരീക്ഷിക്കും. എഐ യുടെ സഹായത്തോടെയുള്ള കാച്ച് ആൻഡ് റിവോക്ക് പരിപാടിയിലൂടെ 3 ആഴ്ചയ്ക്കിടെ 300 വിദേശ വിദ്യാർഥികളുടെ വിസയാണ് റദ്ദാക്കിയിരിക്കുന്നത്.
നിങ്ങൾ യുഎസ് വിസക്ക് അപേക്ഷിക്കുന്നത് പഠിക്കാനായാണ്. രാജ്യത്തിന്‍റെ നയങ്ങൾക്കെതിരേ സംസാരിക്കാനോ പ്രക്ഷോഭങ്ങളിൽ പങ്കെടുക്കാനോ യൂണിവേഴ്സിറ്റികൾ തകർക്കാനോ പ്രശ്നമുണ്ടാക്കാനോ അല്ല. അത്തരക്കാർക്ക് ഞങ്ങൾ വിസ നൽകില്ലെന്ന് വാർത്താ സമ്മേളത്തിൽ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റുബിയോ വ്യക്തമാക്കി.