ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി-ബിജെപി നേതാക്കളുടെ കൂടിക്കാഴ്ച ഡൽഹിയിൽ
FILE PHOTO
ന്യൂഡൽഹി: ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി നേതാക്കൾ ബിജെപി ആസ്ഥാനത്തെത്തി ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. ഗാൽവാൻ സംഘർഷത്തിനു ശേഷം ഉള്ള ആദ്യ കൂടിക്കാഴ്ചയാണിത്. 2020ലെ ഗാൽവാൻ വാലി സംഘർഷത്തിനു ശേഷം ഇരു രാജ്യങ്ങളിലെയും പ്രധാന രാഷ്ട്രീയ കക്ഷികൾ തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയാണിത്. ഡൽഹിയിലെ ബിജെപി ആസ്ഥാനം സന്ദർശിച്ച് മുതിർന്ന പാർട്ടികളുമായി കമ്യൂണിസ്റ്റ് പാർട്ടി ഒഫ് ചൈനയുടെ അന്താരാഷ്ട്ര വകുപ്പ് സഹമന്ത്രി സൺ ഹയാന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് ചർച്ച നടത്തിയത്.
ബിജെപി വിദേശകാര്യ വകുപ്പിന്‍റെ ചുമതലയുള്ള വിജയ് ചൗതൈവാലെ എക്സ് പോസ്റ്റിലാണ് ഈ വിവരം അറിയിച്ചത്.ബിജെപിയും കമ്യൂണിസ്റ്റ് പാർട്ടി ഒഫ് ചൈനയും തമ്മിലുള്ള അന്തർ പാർട്ടി ആശയ വിനിമയം മെച്ചപ്പെടുത്തുന്നതിനുള്ള മാർഗങ്ങളെ കുറിച്ചും സംഭാഷണവും ഇടപെടലും വർധിപ്പിക്കുന്നതിനുള്ള വഴികളെ കുറിച്ചും ഇരു പക്ഷവും ചർച്ച ചെയ്തതായി ചൗതൈവാലെ പറഞ്ഞു.
ബിജെപി പ്രതിനിധി സംഘത്തെ പാർട്ടി ജനറൽ സെക്രട്ടറി അരുൺ സിങ് നയിച്ചു. ഇന്ത്യയിലെ ചൈനീസ് അംബാസിഡർ സു ഫെയ്ഹോങും യോഗത്തിൽ സിപിസി പ്രതിനിധി സംഘത്തോടൊപ്പം ചേർന്നു. കമ്യൂണിസ്റ്റ് പാർട്ടി ഒഫ് ചൈനയുടെ അന്താരാഷ്ട്ര വകുപ്പ് സഹമന്ത്രി സൺ ഹയാൻ ബിജെപി ആസ്ഥാനം സന്ദർശിച്ചു. ബിജെപിയും സിപിസിയും തമ്മിലുള്ള ആശയവിനിമയവും ഇടപെടലും എങ്ങനെ മെച്ചപ്പെടുത്താമെന്ന് യോഗത്തിൽ ഞങ്ങൾ ചർച്ച ചെയ്തു എന്നാണ് സിങ് തിങ്കളാഴ്ച ട്വീറ്റ് ചെയ്തത്.
2024 ഒക്റ്റോബറിൽ റഷ്യയിലെ കസാനിൽ നടന്ന ബ്രിക്സ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്‍റ് ഷീ ജിൻപിങും നടത്തിയ ഉഭയകക്ഷി കൂടിക്കാഴ്ചയെ തുടർന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ഊഷ്മളമായിരുന്നു. കിഴക്കൻ ലഡാക്ക് സെക്റ്ററിലെ ബന്ധം വേർപെടുത്തൽ ചർച്ചകൾക്കും നയതന്ത്ര ചർച്ചകൾ പുനരാരംഭിക്കുന്നതിനും കൂടിക്കാഴ്ച വഴിയൊരുക്കി.