ഇറാൻ 800 പ്രക്ഷോഭകരുടെ വധശിക്ഷ ഒഴിവാക്കുമെന്ന് അറിയിച്ചതായി വൈറ്റ് ഹൗസ്
social media
വാഷിങ്ടൺ: ഇറാൻ 800 പ്രക്ഷോഭകരുടെ വധശിക്ഷ ഒഴിവാക്കും എന്ന് അറിയിച്ചതായി വൈറ്റ് ഹൗസ് വ്യക്തമാക്കി. അമെരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ ശക്തമായ ഇടപെടലാണ് ഇറാനെ ഇതിനു പ്രേരിപ്പിച്ചതെന്നും വൈറ്റ് ഹൗസ് പറയുന്നു. വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലെവിറ്റാണ് മാധ്യമപ്രവർത്തകരെ ഇക്കാര്യം അറിയിച്ചത്. ഇറാനിൽ നടക്കുന്ന ജനകീയ പ്രക്ഷോഭങ്ങളെ അടിച്ചമർത്തുന്ന നീക്കം തുടർന്നാൽ സൈനിക നടപടികൾ ഉണ്ടാവുമെന്നും വൈറ്റ് ഹൗസ് മുന്നറിയിപ്പു നൽകി.
ഇതിനിടെ ഈ മേഖലയിലെ സമാധാനം നിലനിർത്താൻ സൗദി അറേബ്യ, ഖത്തർ, ഒമാൻ തുടങ്ങിയ രാജ്യങ്ങൾ നയതന്ത്രപരമായ നീക്കങ്ങൾ ആരംഭിച്ചു. ഇറാനിൽ ഒരാഴ്ചയായി തുടരുന്ന ഇന്‍റർനെറ്റ് നിരോധനം പ്രതിഷേധങ്ങളുടെ വ്യാപ്തി മറച്ചു വെക്കാനുള്ള ശ്രമമെന്ന ആശങ്ക പ്രതിഷേധക്കാർ പ്രകടിപ്പിച്ചു. പ്രതിഷേധക്കാരെ അടിച്ചമർത്തുന്ന ഇറാനിയൻ ഉദ്യോഗസ്ഥർക്കെതിരെ പുതിയ ഉപരോധങ്ങൾ അമെരിക്ക പ്രഖ്യാപിച്ചു. ഇറാനിയൻ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി ഉൾപ്പടെയുള്ളവർക്കെതിരെയാണ് ഉപരോധം.