മുന്നറിയിപ്പുമായി ഇന്ത്യയിലെ യുഎസ് എംബസി
file photo
ന്യൂഡൽഹി: അമെരിക്കൻ വിസ നൽകാമെന്ന ഏജന്‍റുമാരുടെ വാക്കുകളെ വിശ്വസിക്കരുതെന്നും വിസാ നടപടികൾ സംബന്ധിച്ച് ജാഗ്രത പാലിക്കണമെന്നും ഇന്ത്യയിലെ യുഎസ് എംബസിയുടെ മുന്നറിയിപ്പ്. തട്ടിപ്പുകൾക്ക് ഇരയാകാതെ വിശ്വസനീയ കേന്ദ്രങ്ങളെ മാത്രം വിസാ നടപടിക്രമങ്ങൾക്കായി ആശ്രയിക്കണമെന്നും നിർദേശം നൽകി.
വിസാ നടപടികൾക്ക് കാലതാമസം ഉണ്ടാകുന്ന പശ്ചാത്തലത്തിൽ വേഗത്തിൽ വിസ ലഭ്യമാക്കാമെന്ന പ്രചരണവുമായി ഇത്തരത്തിലുള്ള ഏജൻസികൾ ഇറങ്ങിയിട്ടുണ്ടെന്നും ഇവരുടെ കെണിയിൽ പെട്ട് സാമ്പത്തിക നഷ്ടം ഉണ്ടാവരുതെന്നും എംബസി എക്സിൽ കുറിച്ചു. യുഎസ് വിസ ലഭിക്കാനുള്ള ഏക മാർഗം എംബസി അഥവാ കോൺസുലേറ്റ് വഴിയാണെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു.
അപ്പോയിന്‍റ്മെന്‍റ് ബുക്കു ചെയ്യാനുള്ള ഏക മാർഗം www.ustraveldocs.com എന്ന ഓൺലൈൻ ഷെഡ്യൂളിങ് പോർട്ടൽ വഴിയാണ്. ഈ പ്രക്രിയയ്ക്ക് പുറത്ത് ആരെങ്കിലും നിങ്ങൾക്ക് വിസ ലഭിക്കുമെന്ന് പറഞ്ഞാൽ അവർ നിങ്ങളെ കബളിപ്പിക്കാൻ ശ്രമിക്കുകയാണ് എന്ന് എംബസി ഊന്നിപ്പറഞ്ഞു. ഒരു ഏജന്‍റിനോ ഫിക്സറിനോ ട്രാവൽ ഏജൻസിക്കോ യുഎസ് വിസ ഉറപ്പു നൽകാൻ കഴിയില്ലെന്ന് എംബസി വ്യക്തമാക്കി.