എറിക്കയെ ആശ്വസിപ്പിക്കുന്ന ട്രംപ്
credit:AP
ഗ്ലെൻഡെൽ(അരിസോണ): ജീവിച്ചിരുന്ന 31 കാരൻ ചാർലി കിർക്കിനെക്കാൾ നൂറിരട്ടി ശക്തിയോടെ വധിക്കപ്പെട്ട ചാർലി അമെരിക്കയിലെമ്പാടും നിറഞ്ഞു നിൽക്കുന്നതാണ് കഴിഞ്ഞ ദിവസങ്ങളിൽ ലോകം കണ്ടത്. അമെരിക്ക കണ്ട ഏറ്റവും വലിയ മൃതസംസ്കാരമായിരുന്നു ചാർലി കിർക്കിന്‍റേത്. പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ വലം കൈയും ശക്തനായ ക്രൈസ്തവ വചന പ്രഘോഷകനും കടുത്ത സദാചാരവാദിയുമായിരുന്ന ചാർലി കിർക്കിന്‍റെ മരണം പോലെ തന്നെ ഇന്നലെ അരിസോണയിൽ സംഘടിപ്പിച്ച ചാർലി കിർക്ക് അനുസ്മരണ ചടങ്ങും അമെരിക്ക ഇതിനു മുമ്പ് കണ്ടിട്ടില്ലാത്ത അഭൂതപൂർവമായ ജനസഞ്ചയത്താൽ നിറഞ്ഞതായി. അമെരിക്കയ്ക്കു പുറമേ ജർമനി, ബ്രിട്ടൻ ഓസ്ട്രേലിയ തുടങ്ങി നിരവധി വിദേശ രാജ്യങ്ങളിൽ നിന്നു പോലും ആൾക്കാർ ചാർലി കിർക്കിന്‍റെ അന്ത്യയാത്രയിലും അനുസ്മരണ ചടങ്ങിലും പങ്കെടുക്കുന്നതിനു മാത്രമായി അവിടേയ്ക്കൊഴുകി.
എബ്രഹാം ലിങ്കണെ പോലെ അമെരിക്കയുടെ ചരിത്രത്തിൽ എന്നേയ്ക്കും നിറഞ്ഞു നിൽക്കുന്ന ചരിത്രം സൃഷ്ടിച്ച ഒരു പ്രസംഗത്തിലൂടെ ചാർലിയുടെ യുവ വിധവ എറിക്ക കിർക്ക് ലോക മനസാക്ഷിയിൽ ഇടം നേടി. തീരെ ചെറിയ പ്രായത്തിൽ, കേവലം അഞ്ചു വർഷം മാത്രം നീണ്ട സുന്ദരമായ ദാമ്പത്യത്തിനു വിരാമം കുറിച്ച് ,31 വയസു മാത്രം പ്രായമുണ്ടായിരുന്ന തന്‍റെ പ്രിയപ്പെട്ട ഭർത്താവിനെ യാതൊരു പ്രകോപനവുമില്ലാതെ വെടി വച്ചു കൊന്ന യുവാവിനോട് താൻ ക്രിസ്തുവിന്‍റെ നാമത്തിൽ ക്ഷമിക്കുന്നു എന്ന എറിക്കയുടെ വാക്കുകളാണ് പതിനായിരങ്ങൾ നിറഞ്ഞ സദസിനെ പിടിച്ചു കുലുക്കിയത്.
കണ്ണീരോടെ എറിക്ക പറഞ്ഞതിങ്ങനെ:
" ഞാൻ ആ യുവാവിനോട് ക്ഷമിക്കുന്നു, കാരണം ക്രൂശിൽ കിടന്നു കൊണ്ട് പിതാവേ, ഇവർ ചെയ്യുന്നത് എന്തെന്ന് ഇവർ അറിയുന്നില്ല. ഇവരോടു പൊറുക്കണമേ എന്നു പ്രാർഥിച്ച ക്രിസ്തു ചെയ്തതും ചാർലി ചെയ്യുമായിരുന്നതും അങ്ങനെയാണ്. വെറുപ്പിനുളള ഉത്തരം വെറുപ്പല്ല. സുവിശേഷത്തിൽ നിന്ന് നമുക്കറിയാവുന്ന ഉത്തരം സ്നേഹമാണ്. എപ്പോഴും സ്നേഹം മാത്രമാണ്'
കണ്ണീരോടെ എറിക്ക അതു പറഞ്ഞു നിർത്തിയപ്പോൾ ജനമൊന്നാകെ എഴുന്നേറ്റു നിന്നു കരഘോഷം മുഴക്കി. വേദിയിൽ തകർന്ന മനസോടെ നിന്ന എറിക്കയെ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ചേർത്തു പിടിച്ച് ആശ്വസിപ്പിച്ചു. കിർക്ക് ജീവിച്ചിരുന്നെങ്കിൽ ഇതുപോലെ തെറ്റു ചെയ്ത ഒരാളോട് ഇത്തരത്തിൽ തന്നെയാവും പ്രതികരിക്കുക എന്നും എറിക്ക കൂട്ടിച്ചേർത്തു. കിർക്ക് കൊലയാളിയോട് ക്ഷണിക്കണമെന്നാണ് താൻ ആഗ്രഹിക്കുന്നതെന്നും എറിക്ക കൂട്ടിച്ചേർത്തു. തന്‍റെ ജീവൻ അപഹരിച്ച വ്യക്തിയെപ്പോലുള്ള നിരവധി യുവാക്കളെ രക്ഷിക്കാൻ കിർക്ക് ആഗ്രഹിച്ചതായും എറിക്ക പറഞ്ഞു. യൂട്ടാവാലി സർവകലാശാലയിലെ വിദ്യാർഥികളുമായി സംവാദം നടത്തുന്നതിനിടെ കഴിഞ്ഞ പത്തിനാണ് ചാർലി കിർക്ക് വെടിയേറ്റ് മരിച്ചത്. ടൈലർ റോബിൻസൺ എന്ന സ്വവർഗാനുരാഗിയാണ് കൊലയാളി.