ആശങ്കയായി വീണ്ടും പശ്ചിമേഷ്യൻ സംഘർഷം
ഒരിടവേളയ്ക്കു ശേഷം പശ്ചിമേഷ്യൻ സംഘർഷം വീണ്ടും രൂക്ഷമായിരിക്കുകയാണ്. അമെരിക്കയും ഇറാനും തമ്മിലുള്ള ഇടക്കാല സമാധാന കരാര്‍ പൊളിഞ്ഞിരിക്കുന്നു. ഇരുപക്ഷവും വീണ്ടും ആക്രമണങ്ങൾ നടത്തുകയാണ്. അതിശക്തമായ യുദ്ധത്തിലേക്കു വീണ്ടും കാര്യങ്ങൾ പോകുന്നത് ഇന്ത്യയടക്കം ലോകരാജ്യങ്ങളെ ആശങ്കയിലാക്കുന്നുണ്ട്.
സമാധാന ചർച്ചകൾ എത്രയും വേഗം പുനരാരംഭിക്കണമെന്നും മേഖലയിൽ സമാധാനം ഉറപ്പാക്കണമെന്നുമുള്ള ആവശ്യം അമെരിക്കയും ഇറാനും ചെവിക്കൊള്ളുമോ എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ഇറാനിൽ അമെരിക്കയുടെ ആക്രമണങ്ങളുണ്ടായി. ഇതിനു തിരിച്ചടിയെന്നവണ്ണം ഗൾഫ് രാജ്യങ്ങളിലെ യുഎസ് താവളങ്ങളിൽ ഇറാനും ആക്രമണം നടത്തുന്നുണ്ട്.
ബഹ്റൈൻ, കുവൈറ്റ്, ഖത്തർ, ഒമാൻ തുടങ്ങിയ ഗൾഫ് രാജ്യങ്ങൾക്കും ജോർദാനും നേരേ ഇറേനിയൻ ആക്രമണങ്ങളുണ്ടായി. അമെരിക്കയെ സഹായിക്കുന്ന രാജ്യങ്ങളെ ആക്രമിക്കുമെന്നാണ് ഇറാന്‍റെ മുന്നറിയിപ്പ്. ഹോർമുസ് കടലിടുക്ക് അടച്ചെന്നും ഇറാൻ അവകാശപ്പെടുന്നു. ഹോർമുസിൽ കപ്പലുകൾക്കു നേരേ ഇറാൻ മിസൈൽ ആക്രമണം നടത്തിയതാണു സമാധാനക്കരാർ പൊളിച്ചതെന്ന് യുഎസ് അവകാശപ്പെടുന്നുണ്ട്.
ഇറേനിയന്‍ എണ്ണ ഉപരോധത്തിൽ ഇളവു നൽകിയത് യുഎസ് പിന്‍വലിക്കുകയും ചെയ്തിട്ടുണ്ട്. ഹോർമുസിന്‍റെ നിയന്ത്രണം സംബന്ധിച്ച ചർച്ചകൾ എങ്ങുമെത്താതിരിക്കുന്നതാണ് സമാധാന നീക്കങ്ങളെ ബാധിക്കുന്നത്. തങ്ങളുടെ മുന്നറിയിപ്പുകൾ ലംഘിച്ചുവെന്ന് ആരോപിച്ചായിരുന്നു കപ്പലുകളെ ഇറാൻ ആക്രമിച്ചത്.
ഗൾഫ് രാജ്യങ്ങളിൽ ആക്രമണ ഭീതി നിലനിൽക്കുന്നിടത്തോളം കാലം ഇന്ത്യയിലെ ആയിരക്കണക്കിനു കുടുംബങ്ങളിലും സമാധാനം ഉണ്ടാവില്ല. കേരളത്തിൽ നിന്നുൾപ്പെടെ ലക്ഷക്കണക്കിന് ഇന്ത്യക്കാരാണല്ലോ ഗൾഫ് രാജ്യങ്ങളിലുള്ളത്. അതു മാത്രമല്ല നമ്മുടെ ആശങ്കയ്ക്കു കാരണമായിട്ടുള്ളത്. യുദ്ധഭീതി ക്രൂഡ് ഓയിൽ വില വീണ്ടും കുത്തനെ വർധിപ്പിക്കുകയാണ്.
തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചതോടെ എണ്ണനീക്കം പ്രതിസന്ധിയിലായിരിക്കുന്നു. ഇതിനിടെ, ജിഎഫ്എക്സ് ഗാലക്സി എന്ന ചരക്കുകപ്പലിനു നേരേ ഹോർമുസ് കടലിടുക്കിലുണ്ടായ ആക്രമണത്തിൽ ഇന്ത്യൻ നാവികനെ കാണാതായിട്ടുണ്ടെന്നാണു റിപ്പോർട്ട്. മേഖലയിലെ സംഘർഷത്തിൽ ഇന്ത്യ കടുത്ത ആശങ്ക അറിയിച്ചിട്ടുണ്ട്.
കപ്പലുകൾക്കു നേരേ ആക്രമണം നടത്താനുള്ള ഇറാന്‍റെ ശേഷി ഇല്ലാതാക്കുമെന്നാണ് യുഎസ് സൈന്യം അവകാശപ്പെടുന്നത്. ഹോർമുസിലൂടെ കടന്നുപോകുന്ന കപ്പലുകളിൽ നിന്ന് സർവീസ് ഫീസ് ഈടാക്കുമെന്ന് ഇറാൻ പറയുന്നുണ്ട്. അതേസമയം, ഈ അന്താരാഷ്ട്ര ജലപാതയ്ക്കു മേൽ ഇറാനു നിയന്ത്രണമില്ലെന്നാണ് അമെരിക്കയുടെ നിലപാട്.
നേരത്തേ, സമാധാനക്കരാർ നടപ്പാവുമെന്ന പ്രതീക്ഷ ഉയരുകയും ഹോർമുസ് കടലിടുക്കു തുറക്കുകയും ചെയ്തതോടെ കപ്പൽ ഗതാഗതം സുഗമമാവുകയും ക്രൂഡ് ഓയിൽ വില കുത്തനെ ഇടിയുകയും ചെയ്തിരുന്നു. ബ്രെന്‍റ് ക്രൂഡ് ബാരലിന് 68 ഡോളറിൽ താഴെ വരെയെത്തി. മാസങ്ങൾക്കകം 60 ഡോളറിലേക്കു കൂപ്പുകുത്തുമെന്നു പ്രവചനങ്ങളുണ്ടായി.
എന്നാൽ, വീണ്ടും സംഘർഷം കനത്തതോടെ ക്രൂഡ് ഓയിൽ വില ബാരലിന് 80 ഡോളറിലേക്ക് എത്തുകയാണ്. അതിവേഗത്തിലാണ് ഈ കുതിപ്പ് ഉണ്ടായിരിക്കുന്നത്. ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളെല്ലാം വില വർധനയുടെ ആഘാതം ഭയപ്പെട്ടു തുടങ്ങി.
ലോക സാമ്പത്തിക വ്യവസ്ഥയെ യുഎസ്- ഇറാൻ യുദ്ധം വീണ്ടും പിടിച്ചുലയ്ക്കുമെന്ന ആശങ്ക പടരുകയാണ്. ഏതാനും മാസം മുൻപ് പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമായ സമയത്ത് ക്രൂഡ് ഓയിൽ വില ബാരലിന് 120 ഡോളർ വരെ ഉയർന്നിരുന്നു. ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണവരവ് നിലച്ചതോടെ ഇന്ത്യയും വലിയ പ്രതിസന്ധിയിലായി. ആഭ്യന്തര വിപണിയിൽ പാചക വാതകത്തിനും പെട്രോളിനും ഡീസലിനും വൻ വില വർധയാണുണ്ടായത്.
സമാധാനക്കരാറിന്‍റെ പശ്ചാത്തലത്തിൽ ക്രൂഡ് ഓയിൽ വില കുറഞ്ഞപ്പോൾ രാജ്യത്തെ പെട്രോൾ, ഡീസൽ വിലയും കുറയ്ക്കണമെന്ന ആവശ്യം ശക്തമായി. എന്നാൽ, പൊതുമേഖലാ എണ്ണക്കമ്പനികൾ ഈ ആവശ്യത്തിന് ഇതുവരെ വഴങ്ങിയിട്ടില്ല. വീണ്ടും ക്രൂഡ് ഓയിൽ വില വർധിക്കുന്ന സാഹചര്യത്തിൽ പെട്രോളിനും ഡീസലിനും ഉടൻ വില കുറയാനും വഴിയില്ല.
അന്താരാഷ്ട്ര വില പിടിവിട്ടു പറന്നാൽ ആഭ്യന്തര വിൽപ്പന വിലയിൽ ഇനിയും വർധനയ്ക്കുള്ള സമ്മർദവും ഉണ്ടാവും. ഇന്ധന വില വർധന സർവതിനും വില കൂട്ടും. വിലക്കയറ്റത്തിൽ സാധാരണ ജനങ്ങൾ നട്ടംതിരിയും. പ്രതിസന്ധി അതിജീവിക്കാൻ സർക്കാർ പാടുപെടും. അത്തരം സാധ്യതകളൊക്കെ ഒഴിവാകണമെങ്കിൽ അമെരിക്കയും ഇറാനും ഒത്തുതീർപ്പിലെത്തുക തന്നെ വേണം. അതിനുള്ള ശ്രമങ്ങൾ ഇടനിലക്കാരായ രാജ്യങ്ങൾ തുടരുമെന്നു തന്നെ കരുതാം. പ്രതീക്ഷയുടെ കിരണങ്ങൾ തെളിയുന്നതു കാത്തിരിക്കുകയാണു ലോകം.