യുദ്ധ വിരാമശ്രമങ്ങൾ സങ്കീർണമാക്കുന്നത് റഷ്യ: സെലൻസ്കി
getty image
റഷ്യ യുദ്ധ വിരാമത്തിനുള്ള ആഹ്വാനങ്ങൾ ഒന്നൊന്നായി തള്ളിക്കളയുകയാണെന്നും അത് യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങളെ സങ്കീർണമാക്കുന്നുണ്ടെന്നും യുക്രെയ്ൻ പ്രസിഡന്‍റ് വ്ലോഡിമിർ സെലൻസ്കി. അവർ നടത്തുന്ന കൊലപാതകങ്ങൾ എപ്പോൾ നിർത്തുമെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും ഇത് സ്ഥിതിഗതികൾ സങ്കീർണമാക്കുന്നു എന്നും സെലൻസ്കി എക്സിൽ പോസ്റ്റ് ചെയ്ത പ്രസ്താവനയിൽ വ്യക്തമാക്കി. നാളെ, തിങ്കളാഴ്ച സെലൻസ്കി വാഷിങ്ടൺ ഡിസിയിലേയ്ക്ക് യാത്ര തിരിക്കും.
അവിടെ യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് യുക്രെയ്ൻ പ്രസിഡന്‍റിനോട് സമാധാന കരാറിനു സമ്മതിക്കണമെന്ന് ആവശ്യപ്പെടും എന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
റഷ്യൻ പ്രസിഡന്‍റ് വ്ലാഡിമിർ പുടിനുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം ട്രംപ് ,യുദ്ധവിരാമം ഒഴിവാക്കി ഒരു സ്ഥിരമായ സമാധാന കരാറിലേയ്ക്ക് നേരിട്ട് നീങ്ങണമെന്ന് ആഗ്രഹിക്കുന്നതായി പറഞ്ഞു. യുദ്ധ വിരാമങ്ങൾ പലപ്പോഴും നിലനിൽക്കാറില്ല എന്നാണ് ഇതെക്കുറിച്ച് അദ്ദേഹം ട്രൂത്ത് സോഷ്യലിൽ കുറിച്ചത്. ഭീകരമായ യുദ്ധം അവസാനിപ്പിക്കാനുള്ള ഏറ്റവും നല്ല മാർഗം സമാധാനക്കരാർ എന്നാണ് ട്രംപ് തന്‍റെ സോഷ്യൽ പ്ലാറ്റ്ഫോമിൽ കുറിച്ചത്.
ട്രംപുമായുള്ള ഫോൺ സംഭാഷണത്തിനു ശേഷം സെലൻസ്കി ശാശ്വതമായ സമാധാനാഹ്വാനം നടത്തി. റഷ്യയുടെ അഗ്നി വർഷിക്കൽ അവസാനിപ്പിക്കണമെന്നും നിരന്തരമായ കൊലപാതകങ്ങൾക്ക് ശാശ്വതമായ അറുതി വരുത്തണമെന്നും വിശ്വസനീയമായ സുരക്ഷാ ഗ്യാരണ്ടിയുണ്ടാകണമെന്നും കൂടാതെ റഷ്യ അധിനിവേശം നടത്തിയ പ്രദേശങ്ങളിൽ നിന്ന് തട്ടിക്കൊണ്ടു പോയ യുക്രെയ്നി കുട്ടികളുടെ മടങ്ങി വരവുമുൾപ്പടെ യാഥാർഥ്യത്തിലൂന്നിയ വിശ്വസനീയമായ യുക്രെയ്നിന്‍റെ ആവശ്യങ്ങളെ കുറിച്ച് സെലൻസ്കി വിശദീകരിച്ചു.