ഇറാൻ: ട്രംപിന്‍റെ പിന്മാറ്റത്തിനു പിന്നിൽ അറബ്-ഇസ്രയേൽ രാഷ്ട്രങ്ങളുടെ സമ്മർദ്ദം
FILE PHOTO
വാഷിങ്ടൺ: ഇറാനെതിരെയുള്ള സൈനിക നടപടിയിൽ നിന്നും ട്രംപ് പിന്മാറിയതിനു പിന്നിൽ അറബ്-ഇസ്രയേൽ രാഷ്ട്രങ്ങളുടെ സമ്മർദ്ദമാണെന്ന് സൂചന. സൈനിക നടപടി നീക്കം നിർത്തി വയ്ക്കാൻ ട്രംപ് തീരുമാനിച്ചു കഴിഞ്ഞതായാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.
ഇറാൻ ജനതയോട് തെരുവിലിറങ്ങി പ്രക്ഷോഭം ശക്തമാക്കാൻ ആവശ്യപ്പെട്ട ട്രംപ് ഇന്നലെ പെട്ടെന്നാണ് നിലപാടുകളിൽ മാറ്റം വരുത്തിയത്. എന്നാൽ ഇപ്പോഴും യുഎസിന്‍റെ അറബ് സഖ്യകക്ഷികളിൽ നിന്നും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിൽ നിന്നും ഉള്ള ശക്തമായ സമ്മർദ്ദം പരിഗണിച്ചാണ് പഴയ തീരുമാനത്തിൽ നിന്നു ട്രംപ് വ്യതിചലിച്ചതെന്നാണ് സൂചന.
അറബ് മേഖലയിലെ യുഎസ് പങ്കാളികളിൽ പലരും ഇറാനെതിരെ സൈനിക നടപടി ആരംഭിക്കുന്നതിൽ നിന്ന് ഒഴിവാകണം എന്ന് ട്രംപ് ഭരണകൂടത്തോട് അഭ്യർഥിച്ചതായാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. യുഎസിന്‍റെ സൈനിക ഇടപെടൽ കൂടുതൽ അസ്ഥിരപ്പെടുത്തുമെന്നും ആഗോള സമ്പദ് വ്യവസ്ഥയെ പ്രതിസന്ധിയിലാക്കും എന്നും ഈജിപ്ത്, ഒമാൻ, സൗദി അറേബ്യ, ഖത്തർ എന്നീ രാജ്യങ്ങൾ ആശങ്ക പ്രകടിപ്പിച്ചിരുന്നു.
സൈനിക നടപടി ഒഴിവാക്കാൻ യുഎസിനോട് അഭ്യർഥിക്കുക മാത്രമല്ല, പ്രകടനക്കാരെ അടിച്ചമർത്തുന്നത് അവസാനിപ്പിക്കാൻ ഇറാൻ നേതാക്കളോടും അറബ് നേതാക്കൾ അഭ്യർഥിച്ചതായാണ് റിപ്പോർട്ടുകൾ. എന്നാൽ ട്രംപിന്‍റെ മനസിൽ എന്താണെന്ന് അറിയുക പ്രയാസമാണെന്ന് അദ്ദേഹത്തിന്‍റെ പ്രസ് സെക്രട്ടറി കരോളിൻ ലിവിറ്റ് പറഞ്ഞു. പ്രസിഡന്‍റ് ട്രംപ് എന്താണ് ചെയ്യാൻ പോകുന്നതെന്ന് അദ്ദേഹത്തിനു മാത്രമേ അറിയൂ.
ഇറാനിലെ സാഹചര്യങ്ങൾ അദ്ദേഹം സൂക്ഷ്മമായി നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണെന്നും ലിവിറ്റ് കൂട്ടിച്ചേർത്തു. ഇറാനെതിരായ യുഎസ് ആക്രമണങ്ങൾക്ക് തിടുക്കം കൂട്ടരുതെന്ന് ട്രംപിനോട് ഇസ്രയേൽ അഭ്യർഥിച്ചിരുന്നതായി ഒരു മുതിർന്ന ഇസ്രയേലി ഉദ്യോഗസ്ഥൻ വ്യക്തമാക്കിയതായി
ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. യുഎസിന്‍റെ തീരുമാനങ്ങളെ പിന്തുണയ്ക്കുന്നുണ്ടെങ്കിലും ഇറാനെതിരായ ആക്രമണത്തിനായി സമ്മർദ്ദം ചെലുത്തില്ലെന്ന് നെതന്യാഹു വുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചതായി ചാനൽ 12 എന്ന മാധ്യമം റിപ്പോർട്ട് ചെയ്തു.