ബംഗാളിലെ ബിജെപിയുടെ അശ്വമേധം

 
World

ബംഗാളിലെ ബിജെപിയുടെ അശ്വമേധം സുപ്രധാന വാർത്തയാക്കി അന്താരാഷ്ട്ര മാധ്യമങ്ങൾ

യൂറോപ്പു മുതൽ വടക്കേ അമെരിക്കയും ദക്ഷിണേഷ്യയും വരെയുള്ള മേഖലകളിലെ സുപ്രധാന പ്രസിദ്ധീകരണങ്ങളിൽ തൃണമൂലിന്‍റെ പതനവും ബിജെപിയുടെ അശ്വമേധവും സുപ്രധാന വാർത്തയായി

Reena Varghese

റീന വർഗീസ് കണ്ണിമല

പതിനഞ്ചു വർഷം നീണ്ട തൃണമൂൽ കോൺഗ്രസിന്‍റെ പശ്ചിമബംഗാളിലെ പതനത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴിൽ ഇന്ത്യയുടെ വികസിച്ചു കൊണ്ടിരിക്കുന്ന തെരഞ്ഞെടുപ്പ് ശൈലിയിൽ ഉണ്ടായ ഒരു സുപ്രധാന രാഷ്ട്രീയ സംഭവവികാസമായാണ്ലോകമെമ്പാടുമുള്ള രാഷ്ട്രീയ നിരീക്ഷകർ ഉറ്റു നോക്കുന്നത്. മുമ്പെങ്ങുമില്ലാത്ത വിധം ബിബിസിയും ന്യൂയോർക്ക് ടൈംസും അടക്കമുള്ള വമ്പൻ മാധ്യമഭീമന്മാരെല്ലാം പശ്ചിമബംഗാളിലെ ബിജെപിയുടെ മിന്നുന്ന വിജയത്തെ വലിയ ശ്രദ്ധയോടെയാണ് കാണുന്നത്.

ബിബിസി

'ഇന്ത്യയിലെ ഏറ്റവും കഠിനമായ രാഷ്ട്രീയ അതിർത്തികളിൽ ഒന്നായ ബംഗാളിനെ മോദിയുടെ ബിജെപി കീഴടക്കി' എന്നായിരുന്നു ബിബിസിയുടെ കവറേജ്. പശ്ചിമ ബംഗാളിലെ ബിജെപിയുടെ നേട്ടത്തിന്‍റെ വ്യാപ്തി ഊന്നിപ്പറഞ്ഞ ബിബിസി പാർട്ടിക്ക് രാഷ്ട്രീയമായി പ്രതിരോധശേഷിയുള്ളതായി ദീർഘകാലമായി കരുതപ്പെട്ടിരുന്ന ഒരു മേഖലയിലെ ഒരു പ്രധാന മുന്നേറ്റമായും ഈ വിജയത്തെ വിശേഷിപ്പിച്ചു.നിലവിലുള്ള ഒരു സർക്കാരിന്‍റെ പതനം എന്നതിലുപരിയായി ബംഗാളിലെ ബിജെപിയുടെ മിന്നുന്ന വിജയം കിഴക്കൻ ഇന്ത്യയിലേയ്ക്കുള്ള ബിജെപിയുടെ വ്യാപനത്തിന്‍റെ ഭാഗമായുള്ള ഫലമാണെന്നും ബിബിസി പറയുന്നു. ദേശീയ രാഷ്ട്രീയത്തിൽ പശ്ചിമ ബംഗാളിന്‍റെ തന്ത്രപരമായ പ്രാധാന്യം എടുത്തു കാണിച്ചു കൊണ്ടാണ് ബിബിസി ബിജെപിയുടെ വിജയത്തെ സുപ്രധാനമെന്നു നിരീക്ഷിച്ചത്.

ദി ഗാർഡിയൻ

"നരേന്ദ്ര മോദിയുടെ ബിജെപി ആദ്യമായി പശ്ചിമ ബംഗാളിൽ തിരഞ്ഞെടുപ്പിൽ വിജയിച്ചു" എന്നായിരുന്നു ദി ഗാർഡിയൻ കുറിച്ചത്. ബംഗാളിന്‍റെ ഫലങ്ങളിൽ വ്യാപകമായി ശ്രദ്ധകേന്ദ്രീകരിച്ച ഗാർഡിയൻ ഇന്ത്യൻ ദേശീയ രാഷ്ട്രീയത്തിലെ പ്രതിപക്ഷത്തിന്‍റെ അവസാനത്തെ പ്രധാന ശക്തികേന്ദ്രങ്ങളിൽ ഒന്നായ സംസ്ഥാനത്തിന്‍റെ പ്രതീകാത്മക പ്രാധാന്യത്തിന് അടിവരയിട്ടു കൊണ്ടുള്ള റിപ്പോർട്ടുകളാണ് പുറത്തു വിട്ടതെല്ലാം.

ഇന്ത്യയിലെ വിശാലമായ രാഷ്ട്രീയ സന്തുലിതാവസ്ഥയെ, പ്രത്യേകിച്ചും വിഘടിച്ച പ്രതിപക്ഷത്തിന്‍റെ പശ്ചാത്തലത്തിൽ ഈ ഫലം സ്വാധീനിക്കുമെന്നായിരുന്നു ഗാർഡിയന്‍റെ കവറേജ്. ഇന്ത്യൻ രാഷ്ട്രീയത്തിൽ തന്നെ ദീർഘകാല പ്രത്യാഘാതങ്ങൾ ഉണ്ടാക്കാൻ സാധ്യതയുള്ള ഒരു സംഭവ വികാസമായിട്ടാണ് ഈ ഫലത്തെ ഗാർഡിയൻ വിലയിരുത്തിയത്.

ന്യൂയോർക്ക് ടൈംസ്

'മോദിയുടെ ഹിന്ദു ദേശീയ വാദികൾ ഇന്ത്യയുടെ പ്രതിപക്ഷത്തിന്‍റെ ഒരു കോട്ട കീഴടക്കുന്നു' എന്നായിരുന്നു ന്യൂയോർക്ക് ടൈംസ് വിലയിരുത്തിയത്. അമെരിക്കയിൽ പശ്ചിമ ബംഗാളിലെ ബിജെപിയുടെ പ്രകടനത്തെ ചരിത്രപരം എന്ന് ന്യൂയോർക്ക് ടൈംസ് വിശേഷിപ്പിച്ചു. മുമ്പ് സ്വാധീനം നേടാൻ പാടുപെട്ട ഒരു സംസ്ഥാനത്ത് ബിജെപി നിർണായക സാന്നിധ്യം നേടിയത് ചൂണ്ടിക്കാട്ടിയായിരുന്നു ന്യൂയോർക്ക് ടൈംസിന്‍റെ റിപ്പോർട്ടുകൾ.

തമിഴ്നാട്ടിൽ ഗണ്യമായ നേട്ടങ്ങൾ നേടിയ ജോസഫ് വിജയ് യുടെ പാർട്ടിയുടെ തെരഞ്ഞെടുപ്പ് പ്രകടനം ഉൾപ്പടെ, ദക്ഷിണേന്ത്യയിലെ സമാന്തര സംഭവ വികാസങ്ങളിലേയ്ക്കും ശ്രദ്ധ ക്ഷണിച്ചു കൊണ്ടുള്ള റിപ്പോർട്ടായിരുന്നു ന്യൂയോർക്ക് ടൈംസിന്‍റേത്.

വാഷിങ്ടൺ പോസ്റ്റ്

"ഒരു സുപ്രധാന സംസ്ഥാന തെരഞ്ഞെടുപ്പിൽ ഇന്ത്യയുടെ പശ്ചിമ ബംഗാളിന്‍റെ നിയന്ത്രണം മോദിയുടെ പാർട്ടി നേടി'

ബംഗാളിന്‍റെ ഫലത്തെ നരേന്ദ്ര മോദിയുടെ വിശാലമായ രാഷ്ട്രീയ നിലപാടുമായി ബന്ധിപ്പിച്ചു കൊണ്ടാണ് വാഷിങ്ടൺ പോസ്റ്റ് ഇത് എഴുതിയത്.

ഈ വിജയം അദ്ദേഹത്തിന്‍റെ നിലവിലെ ഭരണകാലത്ത് അദ്ദേഹത്തിന്‍റെ സ്ഥാനം ശക്തിപ്പെടുത്തുമെന്നും ഭാവിയിലെ തെരഞ്ഞെടുപ്പു മത്സരങ്ങളുടെ പാത രൂപപ്പെടുത്തുമെന്നും വാഷിങ്ടൺ പോസ്റ്റിന്‍റെ കവറേജ് സൂചിപ്പിച്ചു. ബംഗാൾ വിധിയോടൊപ്പം പ്രാദേശികമായ രാഷ്ട്രീയ ചലനാത്മകതയിലെ മാറ്റങ്ങളും പരാമർശിക്കുന്നതായിരുന്നു വാഷിങ്ടൺ പോസ്റ്റിന്‍റെ റിപ്പോർട്ട്.

കവറേജ് നൽകി പാക്-ബംഗ്ലാദേശ് മാധ്യമങ്ങളായ ഡോണും ധാക്ക ട്രിബ്യൂണും

പാക്കിസ്ഥാനിലാകട്ടെ ശക്തമായ പ്രതിപക്ഷ നിയന്ത്രണത്തിലായിരുന്ന ഒരു സുപ്രധാന സംസ്ഥാനത്ത് വൻ വിജയം നേടുന്നതിൽ ബിജെപി പുലർത്തിയ തന്ത്രപരത എടുത്തു കാട്ടുന്ന അന്താരാഷ്ട്ര ഏജൻസി റിപ്പോർട്ടുകളാണ് ഇംഗ്ലീഷ് ദിനപത്രമായ ഡോൺ പ്രസിദ്ധീകരിച്ചത്.

പ്രതിപക്ഷ നിയന്ത്രണത്തിലുള്ള പശ്ചിമ ബംഗാളിനെ പരാജയപ്പെടുത്തി മോദിയുടെ ബിജെപി വിജയം അവകാശപ്പെടുന്നു എന്നായിരുന്നു ഡോൺ കുറിച്ചത്. എന്നു തന്നെയല്ല ഈ ഫലം ഇന്ത്യയുടെ ആഭ്യന്തര, വിദേശ നയ നിലപാടുകളെ സ്വാധീനിക്കുമെന്നും ഡോണിന്‍റെ കവറേജ് ചൂണ്ടിക്കാട്ടി.

സമാനമായ നിരീക്ഷണങ്ങളാണ് ബംഗ്ലാദേശിലെ ധാക്ക ട്രിബ്യൂണും നടത്തിയത്. തെരഞ്ഞെടുപ്പ് മാറ്റത്തിന്‍റെ വ്യാപ്തിയിലും അതിന്‍റെ പ്രത്യാഘാതങ്ങളിലും ശ്രദ്ധ കേന്ദ്രീകരിച്ചു കൊണ്ടുള്ള റിപ്പോർട്ടിങ്ങായിരുന്നു ധാക്ക ട്രിബ്യൂണിന്‍റേതും.

'പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷ പരിധിക്കു മുകളിൽ ബിജെപി 200 സീറ്റുകൾ കടന്നു ' എന്നായിരുന്നു ധാക്ക ട്രിബ്യൂണിന്‍റെ കവറേജ്. പരമ്പരാഗത രാഷ്ട്രീയ ശക്തികൾ അപ്രതീക്ഷിത വെല്ലുവിളികൾ നേരിട്ട തമിഴ്നാട്ടിലെ സംഭവ വികാസങ്ങളും ധാക്ക ട്രിബ്യൂണിന്‍റെ റിപ്പോർട്ടിലുണ്ട്.

ഒറ്റ നോട്ടത്തിൽ പറഞ്ഞാൽ, പശ്ചിമ ബംഗാളിനപ്പുറം ഇന്ത്യയിൽ ഉടനീളമുള്ള വൈവിധ്യമാർന്ന രാഷ്ട്രീയ പ്രവണതകളെ പ്രതിഫലിപ്പിച്ച തമിഴ്നാട്, കേരളം എന്നിവയുൾപ്പടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള ഫലങ്ങളും മുമ്പെങ്ങുമില്ലാത്ത വിധം

ലോക മാധ്യമങ്ങൾ കവറേജ് ചെയ്തതായി കാണാം. പരമ്പരാഗത ശക്തികേന്ദ്രങ്ങളിലെ പുതിയ രാഷ്ട്രീയ പാർട്ടികളുടെ ആവിർഭാവവും അന്താരാഷ്ട്ര റിപ്പോർട്ടിങ്ങിന്‍റെ ശ്രദ്ധ നേടി.

വിജയ് മുഖ്യമന്ത്രിയാകാൻ ഇനി എത്ര സീറ്റ് വേണം? കണക്കുകൾ അറിയാം

"മുഖ്യമന്ത്രീ സതീശാ..."; എറണാകുളത്ത് വൻ വരവേൽപ്പും തിക്കും തിരക്കും

കീർത്തിചക്രയുടെ നിർമാതാവ് ആർ.ബി. ചൗധരി അന്തരിച്ചു

വിജയ്‌ ജയിച്ചുകയറിയ ട്രിച്ചിയിൽ ടിവികെ സ്ഥാനാർഥിയായി തൃഷ മത്സരിക്കും, അഭ്യൂഹങ്ങൾ ശക്തം

"മമത രാജി വച്ചില്ലെങ്കിൽ പുറത്താക്കണം"; ബംഗാൾ ഇത്ര കാലം സഹിച്ചുവെന്ന് അസം മുഖ്യമന്ത്രി ഹിമന്ത