2023 നോട് നാം വിടപറയുമ്പോൾ, കഴിഞ്ഞ വർഷത്തെ അനുഭവങ്ങൾ ഓർമിക്കേണ്ട സമയമാണിത്, കാരണം വർത്തമാനത്തിന്‍റെയും ഭാവിയുടെയും വികസനം ഭൂതകാലത്തിന്‍റെ അടിത്തറയിലാണു നിൽക്കുന്നത്. 2023 ഇന്ത്യയെ സംബന്ധിച്ചിടത്തോളം നേട്ടങ്ങൾ നിറഞ്ഞതായിരുന്നു; പ്രത്യേകിച്ചും രാജ്യത്തിന്‍റെ ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയുടെ നേട്ടങ്ങൾ നിസംശയമായും ചരിത്രപരമാണ്. ഇന്ത്യ അർധചാലക വ്യവസായത്തിന് തറക്കല്ലിടുകയും രാജ്യത്തെ ഡിജിറ്റൽ പൗരന്മാരുടെ സ്വകാര്യ വിവരങ്ങൾ സംരക്ഷിക്കുന്നതിനായി പുതിയതും ലോകോത്തരവുമായ ഒരു നിയമം നടപ്പിലാക്കുകയും ചെയ്ത വർഷമാണ് കടന്നു പോയത്.
കഴിഞ്ഞ മൺസൂൺ സമ്മേളനത്തിൽ പാർലമെന്‍റിന്‍റെ ഇരുസഭകളും ഡിജിറ്റൽ പേഴ്‌സണൽ ഡാറ്റ പ്രൊട്ടക്‌ഷൻ ആക്റ്റ് (ഡിപിഡിപി ആക്റ്റ്)-2023 അംഗീകരിച്ചതും ഒരു ചരിത്ര നിമിഷമായിരുന്നു. ഭരണഘടനയുടെ ആർട്ടിക്കിൾ 21 പ്രകാരം സ്വകാര്യതയ്ക്കുള്ള അവകാശം മൗലികാവകാശമായി കണക്കാക്കുന്ന 2017-ലെ സുപ്രിംകോടതിയുടെ അവിസ്മരണീയമായ വിധി മുതലാണ് ഇത്തരമൊരു നിയമത്തിന്‍റെ ആവശ്യകത അനുഭവപ്പെടുന്നത്. ഈ ദിശയിലുള്ള ശ്രമങ്ങൾ 2018 മുതൽ തന്നെ ആരംഭിച്ചിരുന്നു, എന്നാൽ 2022 ഓഗസ്റ്റിൽ പാർലമെന്‍റിൽ നിന്ന് വ്യക്തിഗത വിവര സംരക്ഷണ ബിൽ, 2019 പിൻവലിച്ചതിന് ശേഷം, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ ചുരുങ്ങിയ സമയത്തിനുള്ളിൽ പൊതുസമൂഹവുമായി നടത്തിയ വിപുലമായ ചർച്ചകൾക്കു ശേഷം ലളിതവും വ്യക്തവുമായ ഒരു രേഖയായി പുതിയ രൂപത്തിൽ പാർലമെന്‍റിൽ അവതരിപ്പിച്ച ഡിപിഡിപി ബിൽ- 2023 നിസംശയമായും ഒരു മികച്ച നീക്കമായി. ബഹുജനാഭിപ്രായം സമാഹരിച്ചു കൊണ്ടും ജനഹിതം ഉൾക്കൊണ്ടു കൊണ്ടും വേണം നിയമനിർമാണം നടത്തേണ്ടതെന്ന പ്രധാനമന്ത്രിയുടെ വീക്ഷണത്തിന് അനുസൃതമായാണ് ഡിപിഡിപി ബിൽ രൂപം കൊണ്ടത്.
അതിനുശേഷം, 2023 സെപ്തംബറിൽ ഗുജറാത്തിലെ സാനന്ദിൽ അർധചാലക വ്യവസായത്തിന് തറക്കല്ലിടാൻ കഴിഞ്ഞതും വലിയൊരു നേട്ടമായി. കാരണം കഴിഞ്ഞ ആറ് പതിറ്റാണ്ടിനിടെ നഷ്‌ടമായ നിരവധി അവസരങ്ങൾക്ക് ശേഷം അർധചാലകമെന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിനുള്ള ഒരു സുപ്രധാന ചുവടുവയ്പ്പായിരുന്നു അത്. ഇപ്പോൾ അമേരിക്കൻ ചിപ്പ് നിർമാണ കമ്പനിയായ മൈക്രോൺ 2.75 ബില്യൺ ഡോളർ ചെലവിൽ സാനന്ദിൽ ഒരു ചിപ്പ് അസംബ്ലി, ടെസ്റ്റിങ്, പാക്കെജിങ് പ്ലാന്‍റ് സ്ഥാപിക്കുന്നു. ഇന്ത്യയുമായി അമേരിക്ക രൂപപ്പെടുത്തിയ കരാർ, പ്രത്യേകിച്ച് നൂതന സാങ്കേതികവിദ്യാരംഗത്ത്, കഴിഞ്ഞ ഏതാനും വർഷങ്ങളിൽ നമ്മൾ വികസിപ്പിച്ചെടുത്ത കഴിവുകൾക്കുള്ള അംഗീകാരം കൂടിയാണ്.
2023 ജൂണിൽ പ്രധാനമന്ത്രിയുടെ യുഎസ് സന്ദർശന വേളയിൽ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ്, സെമികണ്ടക്ടർ, ക്വാണ്ടം കംപ്യൂട്ടിങ്, ഹൈ-പെർഫോമൻസ് കംപ്യൂട്ടിങ് തുടങ്ങി നിരവധി മേഖലകളിലെ സുപ്രധാന കരാറുകളിൽ ഇരു രാജ്യങ്ങളും ഒപ്പുവച്ചിരുന്നു എന്നോർക്കണം.
അടുത്തിടെ, ഇന്ത്യയുടെ അധ്യക്ഷതയിൽ ഡൽഹിയിൽ നടന്ന ഗ്ലോബൽ പാർട്ണർഷിപ്പ് ഓൺ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് (ജിപിഎഐ) ഉച്ചകോടിയിൽ, നവയുഗ, നൂതന സാങ്കേതിക വിദ്യയായ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസിന്‍റെ ഗുണങ്ങളും ദോഷങ്ങളും സംബന്ധിച്ച് അംഗരാജ്യങ്ങൾക്കിടയിൽ വിപുലമായ ചർച്ചയ്ക്ക് ശേഷം, നിർമിത ബുദ്ധി സുരക്ഷിതമാക്കാൻ എല്ലാവരും സമ്മതിക്കുകയുണ്ടായി. നിർമിത ബുദ്ധിയുടെ രംഗത്ത് നവീകരണത്തിന്‍റെ ആഗോള കേന്ദ്രമായി ഇന്ത്യ സ്വയം അവതരിപ്പിക്കപ്പെടുകയും അതിന്‍റെ സാങ്കേതിക സാധ്യതകളെക്കുറിച്ച് ലോക രാജ്യങ്ങളെ ബോധവാന്മാരാക്കുകയും ചെയ്ത സന്ദർഭമായിരുന്നു ഇത്. ഈ രംഗത്ത് ലോക രാജ്യങ്ങൾ ഇന്ത്യയുടെ മേൽക്കോയ്മ അംഗീകരിച്ചുവെന്നത് വലിയ നേട്ടം തന്നെയാണ്.
നേരത്തെ, ഇന്ത്യയുടെ അധ്യക്ഷതയിൽ ഡൽഹിയിൽ നടന്ന ജി-20 ഉച്ചകോടിയിൽ, ലോകത്തിലെ വിഭവസമൃദ്ധവും ശക്തവുമായ രാജ്യങ്ങളും ഡിജിറ്റൽ ഇന്ത്യയുടെ ശക്തി നേരിട്ട് കാണുകയും യുപിഐ തുടങ്ങി ഇന്ത്യയുടെ ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചറിനെ പ്രശംസിക്കുകയും ചെയ്തു. 2015 ജൂലൈയിലാണ് മോദി സർക്കാർ ഡിജിറ്റൽ ഇന്ത്യ പദ്ധതി ആരംഭിച്ചത്. കഴിഞ്ഞ എട്ട് വർഷത്തിനിടയിൽ ഭരണവും പൊതുസേവനങ്ങളും മെച്ചപ്പെടുത്തുന്നതിൽ ഡിജിറ്റൽ ഇന്ത്യ കാര്യമായ പങ്ക് വഹിച്ചുവെന്നത് നിസ്തർക്കമാണ്.
ഈ രംഗത്ത് ഇതുവരെയുള്ള സംഭാവനകൾ കണക്കിലെടുത്ത് 2025-26 വരെ 14,903.25 കോടി രൂപ ചെലവിട്ടുകൊണ്ട് ഡിജിറ്റൽ ഇന്ത്യയുടെ വിപുലീകരണ പ്രവർത്തനത്തിന് സർക്കാർ അംഗീകാരം നൽകിയിട്ടുണ്ട്.
2023 മെയ് മാസത്തിൽ ഐടി ഹാർഡ്‌വെയറിനായുള്ള രണ്ടാം ഘട്ട ഉത്പാദനാധിഷ്ഠിത ആനുകൂല്യ (പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്‍റീവ് സ്കീം 2.0) 17,000 കോടി രൂപ ബജറ്റ് വിഹിതത്തോടെ ഭാരത സർക്കാർ അംഗീകരിച്ചിരുന്നു. രാജ്യത്ത് കംപ്യൂട്ടറുകൾ, ലാപ്‌ടോപ്പുകൾ, ടാബ്‌ലെറ്റുകൾ തുടങ്ങിയ ഉൽപ്പന്നങ്ങളുടെ നിർമാണം പ്രോത്സാഹിപ്പിക്കുക എന്നതായിരുന്നു ഇതിന്‍റെ ലക്ഷ്യം. മൊബൈൽ നിർമാണരംഗത്ത് രാജ്യം കൈവരിച്ച പുരോഗതിയാണ് ഈ പദ്ധതിക്ക് പ്രചോദനമായത്. നടപ്പു സാമ്പത്തിക വർഷം ഓഗസ്റ്റ് മാസം വരെ ഏകദേശം 45,700 കോടി രൂപയുടെ മൊബൈൽ ഫോണുകൾ ഇന്ത്യ കയറ്റുമതി ചെയ്തു, 2023-24 സാമ്പത്തിക വർഷത്തിൽ ഒരു ലക്ഷം കോടി രൂപയുടെ മൊബൈൽ ഫോണുകൾ കയറ്റുമതി ചെയ്യുമെന്നാണ് കണക്കാക്കുന്നത്. 2014 വരെ ഇന്ത്യയിൽ ഉപയോഗിച്ചിരുന്നവയിൽ 92 ശതമാനം മൊബൈൽ ഫോണുകളും ഇറക്കുമതി ചെയ്തിരുന്നവ ആയിരുന്നു. എന്നാൽ ഇന്ന് നമ്മൾ ഉപയോഗിക്കുന്ന ഫോണുകളിൽ 99 ശതമാനവും രാജ്യത്ത് തന്നെ നിർമിക്കപ്പെട്ടവയാണ്.
വർഷങ്ങളോളം സാങ്കേതികവിദ്യയുടെ ഉപഭോക്താവായിരുന്ന ഇന്ത്യ ഇന്ന് അതിന്‍റെ ഉൽപ്പാദകരായി മാറിയിരിക്കുന്നു. 2025-26 ഓടെ 300 ബില്യൺ ഡോളറിന്‍റെ സാങ്കേതിക ഉൽപന്നങ്ങൾ കയറ്റുമതി ചെയ്യുകയാണ് നമ്മുടെ ലക്ഷ്യം. സാങ്കേതികവിദ്യയും നൂതനത്വവും പ്രോത്സാഹിപ്പിക്കുന്നതിന് 2023-ൽ എടുത്ത തീരുമാനങ്ങളിലൂടെ ഈ ലക്ഷ്യം കൈവരിക്കാൻ പ്രയാസമില്ല. കൂടാതെ, 2025-26 ആകുമ്പോഴേക്കും ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിൽ (ജിഡിപി) ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയുടെ പങ്ക് 20 ശതമാനത്തിലധികമാകും. ഈ രീതിയിൽ, ഇന്ത്യയുടെ ജിഡിപി 5 ട്രില്യൺ അതായത് അഞ്ച് ലക്ഷം കോടി രൂപയാകുമ്പോൾ, അതിൽ ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയുടെ പങ്ക് ഒരു ട്രില്യൺ, അതായത് ഒരു ലക്ഷം കോടി, ഡോളർ ആയിരിക്കും.
2023-ലെ നേട്ടങ്ങൾക്കൊപ്പം, ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന്‍റെ (എയിംസ്) സെർവർ ഹാക്കിങ്ങും സൈബർ കുറ്റകൃത്യങ്ങളുടെ മറ്റ് കേസുകളും ഉൾപ്പെടുന്ന ചില അനുഭവങ്ങൾ മറക്കാവുന്നതല്ല. 85 കോടി ഇന്‍റർനെറ്റ് ഉപയോക്താക്കളുള്ള ഇന്ത്യയെപ്പോലുള്ള ഒരു ജനാധിപത്യ രാജ്യത്തെ സംബന്ധിച്ചിടത്തോളം ഡീപ്ഫേക്കുകൾ പ്രചരിക്കുന്ന സമീപകാല സംഭവങ്ങളും ആശങ്കാജനകമാണ്. എന്നിരുന്നാലും, തെറ്റായതും തെറ്റിദ്ധരിപ്പിക്കുന്നതുമായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് തടയാൻ ഫലപ്രദമായ നടപടികൾ സ്വീകരിക്കുന്നതിൽ സർക്കാർ മടിച്ചിട്ടില്ല.
രാജ്യത്തെ ഐടി നിയമത്തിൽ കാലാകാലങ്ങളിൽ വരുത്തിയ ഭേദഗതികൾക്ക് കീഴിലുള്ള ചട്ടങ്ങൾ കർശനമായി നടപ്പിലാക്കുന്നതിനുള്ള നടപടികൾ സർക്കാർ തുടർച്ചയായി സ്വീകരിച്ചുവരികയാണ്. മുന്നോട്ടുപോകുമ്പോൾ, പുതുവർഷത്തിന്‍റെ തുടക്കത്തിൽ, പുതിയ ഡിപിഡിപി ആക്റ്റ് 2023-ന് കീഴിലുള്ള നിർദിഷ്ട നിയമങ്ങളെക്കുറിച്ച് ഞങ്ങൾ ഉടൻ തന്നെ പങ്കാളികളുമായി കൂടിയാലോചനകൾ ആരംഭിക്കും.
2024ൽ, ഇലക്റ്റ്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി വകുപ്പിന്‍റെ ഏറ്റവും പ്രധാനപ്പെട്ട അജണ്ട, ഏകദേശം രണ്ടര പതിറ്റാണ്ട് പഴക്കമുള്ള ഐടി ആക്റ്റ്- 2000ന് പകരം പുതിയ ഡിജിറ്റൽ ഇന്ത്യ ആക്റ്റ് കൊണ്ടുവരിക എന്നതാണ്. നിർദിഷ്ട ബില്ലിനെക്കുറിച്ച് വിപുലമായ പൊതു ചർച്ചകൾക്കും കൂടിയാലോചനകൾക്കും മതിയായ സമയം ലഭിക്കാത്തതിനാൽ ഈ ദൗത്യം അപൂർണമായി തുടരുകയാണ്. 2024ലെ പൊതുതെരഞ്ഞെടുപ്പിന് ശേഷം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ മൂന്നാം തവണ രൂപീകരിക്കാനിരിക്കുന്ന സർക്കാരിന് ഇത് പൂർത്തീകരിക്കാൻ കഴിയും. രാജ്യത്തെ ഡിജിറ്റൽ പൗരന്മാർക്ക് ഇന്‍റർനെറ്റ് സുരക്ഷിതവും വിശ്വസനീയവുമാക്കുന്നതിനും വികസിത ഇന്ത്യയെന്ന പ്രധാനമന്ത്രി മോദിയുടെ ദൃഢനിശ്ചയം സാക്ഷാത്കരിക്കുന്നതിനും നിർദിഷ്ട നിയമം ഫലപ്രദമാണെന്ന് കാലം തെളിയിക്കും.
സബ്‌കാ സാത്ത്, സബ്‌കാ വികാസ്, സബ്‌കാ വിശ്വാസ് എന്നീ ബീജ മന്ത്രങ്ങളുമായി കഴിഞ്ഞ വർഷം പ്രധാനമന്ത്രി നരേന്ദ്ര മോദി സൃഷ്ടിച്ച തൊഴിൽ സംസ്‌കാരം ജനങ്ങൾക്കിടയിൽ അദ്ദേഹത്തിൽ വിശ്വാസം സ്ഥാപിച്ചു. യുവാക്കളുടെ ഇന്ത്യയാണ് അദ്ദേഹം വിഭാവനം ചെയ്ത പുതിയ ഇന്ത്യ. ലോകത്തിലെ ഏറ്റവുമധികം യുവ ജനസംഖ്യയുള്ള രാജ്യമാണ് ഇന്ത്യ, അതിന്‍റെ ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥ രാജ്യത്തിന്‍റെ ജിഡിപിയേക്കാൾ രണ്ടര മടങ്ങ് വേഗത്തിൽ വളരുന്നു. സാങ്കേതികവിദ്യയും നൂതനത്വവും പ്രോത്സാഹിപ്പിക്കുന്നതിനായി ഞങ്ങൾ കഴിഞ്ഞ വർഷം സ്വീകരിച്ച നടപടികൾ 2024 വർഷം ഫലം നൽകുകയും രാജ്യത്തിന്‍റെ ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥ കൂടുതൽ വേഗത കൈവരിക്കുകയും ചെയ്യുമെന്നത് ഉറപ്പാണ്.