കൊണ്ടും കൊടുത്തും ഇന്ത്യൻ രാഷ്ട്രീയം; സംഭവബഹുലമായി 2024 
Year Roundup

കൊണ്ടും കൊടുത്തും ഇന്ത്യൻ രാഷ്ട്രീയം; സംഭവബഹുലമായി 2024

അയോധ്യയിലെ പ്രാണപ്രതിഷ്ഠ മുതൽ നരേന്ദ്ര മോദിയുടെ തുടർ ഭരണവും രാഹുൽ ഗാന്ധിയുടെ തിരിച്ചു വരവും കെജ്‌രിവാളിന്‍റെ ജയിൽ വാസവുമെല്ലാം ഈ വർഷത്തെ സജീവമാക്കി

നീതു ചന്ദ്രൻ

ലോക്സഭാ തെരഞ്ഞെടുപ്പ് അടക്കം രാജ്യത്തിനകത്തും പുറത്തും ചർച്ചയായ നിരവധി സംഭവങ്ങളിലൂടെയാണ് ഇന്ത്യ ഈ വർഷം കടന്നു പോയത്. എക്കാലത്തെയും പോലെ വിവാദങ്ങൾ മുന്നിട്ടു നിന്നുവെങ്കിലും നിർണായകമായ ചില തീരുമാനങ്ങളിലൂടെയും നിയമനടപടികളിലൂടെയും രാജ്യം കടന്നു പോയതും ഈ വർഷമാണ്. അയോധ്യയിലെ പ്രാണപ്രതിഷ്ഠ മുതൽ നരേന്ദ്ര മോദിയുടെ തുടർ ഭരണവും രാഹുൽ ഗാന്ധിയുടെ തിരിച്ചു വരവും കെജ്‌രിവാളിന്‍റെ ജയിൽ വാസവും എല്ലാം അക്കൂട്ടത്തിൽ ഇടം പിടിക്കുന്നുണ്ട്. രാജ്യത്താകമാനം ചർച്ചയായ പ്രധാനപ്പെട്ട വിഷയങ്ങൾ പരിശോധിക്കാം

എൻഡിഎ ഭരണത്തിന്‍റെ തുടർച്ച, നരേന്ദ്ര മോദിയുടേയും

ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ ലഹരിയിലായിരുന്നു ഇന്ത്യ ഈ വർഷം. കടുത്ത വാക്പോരുകൾക്കും തന്ത്രകുതന്ത്രങ്ങൾക്കും ഒടുവിൽ 293 സീറ്റുകളോടെഎൻഡിഎ വീണ്ടും ഇന്ത്യയിൽ അധികാരത്തിലേറി. 400 സീറ്റുകൾ എന്ന ലക്ഷ്യത്തോടെ പ്രചാരണം തുടങ്ങി വച്ച ബിജെപിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം നേടാൻ പോലും സാധിച്ചില്ല. പക്ഷേ ഭരണത്തിലേറുന്നതിന് അതൊരു വെല്ലുവിളിയായിരുന്നില്ല. പ്രധാന മന്ത്രി നരേന്ദ്ര മോദി മൂന്നാം വട്ടവും പ്രധാന മന്ത്രി പദത്തിലേറി. 240 സീറ്റുകളാണ് ബിജെപിക്ക് ലോക്സഭാ തെരഞ്ഞെടുപ്പിൽ നേടാൻ കഴിഞ്ഞത്. കർഷക സമരമാണ് ബിജെപിക്ക് തിരിച്ചടിയായതെന്നാണ് നിരീക്ഷണം. 2024 ജൂൺ 9ന് നരേന്ദ്ര മോദി മൂന്നാം വട്ടവും രാജ്യത്തിന്‍റെ പ്രധാനമന്ത്രിയായി അധികാരമേറ്റു.

തിളങ്ങി ഇന്ത്യ മുന്നണി, ഇടറാതെ രാഹുൽ ഗാന്ധി

അധികാരത്തിൽ ഏറാൻ സാധിച്ചില്ലെങ്കിൽ പോലും പ്രകടനം കൊണ്ട് ശ്രദ്ധേയമായത് ഇന്ത്യ മുന്നണിയായിരുന്നു. 234 സീറ്റാണ് സഖ്യം നേടിയത്. വിവിധ ആശയങ്ങളും ലക്ഷ്യങ്ങളുമായി മുന്നോട്ടു പോയിരുന്ന രാഷ്‌ട്രീയ പാർട്ടികളെ ഒരുമിപ്പിച്ചു നിർത്തുന്നതിൽ കോൺഗ്രസ് വിജയിച്ചു. മുൻ കാലങ്ങളിൽ ഏറ്റ തിരിച്ചടികളിൽ നിന്ന് വിഭിന്നമായി തിരിച്ചു വരവിന്‍റെ വർഷമായിരുന്നു രാഹുൽ ഗാന്ധിയുടേത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച റായ്ബറേലിയിലും വയനാട്ടിലും വൻ ഭൂരിപക്ഷത്തോടെയാണ് രാഹുൽ വിജയിച്ചത്. 99 സീറ്റുകളോടെ കോൺഗ്രസും നില മെച്ചപ്പെടുത്തി. 2019ലെ തെരഞ്ഞെടുപ്പിൽ ഏറ്റ വൻ തിരിച്ചടിയിൽ പതറി കോൺഗ്രസ് അധ്യക്ഷ സ്ഥാനം പോലും വേണ്ടെന്നു വച്ച രാഹുൽ ഗാന്ധി പ്രതിപക്ഷ നേതൃപദം ഏറ്റെടുത്ത് രാഷ്ട്രീയത്തിൽ കൂടുതൽ സജീവമായി.

കാല് മാറി നിതീഷ് കുമാർ

നല്ല അവസരം വരുമ്പോൾ കാല് മാറുന്നത് ജെഡിയുഅധ്യക്ഷൻ നിതീഷ് കുമാറിന്‍റെ ശീലമാണ്. ഈ വർഷവും നല്ലൊരവസരം വന്നപ്പോൾ അദ്ദേഹം കാലു മാറി. ആർജെഡി, കോൺഗ്രസ് സഖ്യത്തിന്‍റെ പിന്തുണയോടെ മുഖ്യമന്ത്രിയായിരിക്കേയാണ് നിതീഷ് കളം മാറ്റി ചവിട്ടിയത്. അധികം വൈകാതെ ബിജെപി പിന്തുണയോടെ വീണ്ടും അധികാരത്തിലേറി.ഇന്ത്യ മുന്നണിയുമായുണ്ടായിരുന്ന ചില്ലറ അസ്വാരസ്യങ്ങളാണ് നിതീഷ് കുമാറിന്‍റെ കൂടു മാറാൻ പ്രേരിപ്പിച്ചത്. ആർജെഡി നേതാവ് തേജസ്വി യാദവുമായുള്ള ബന്ധം ഉലഞ്ഞതും സഖ്യത്തിൽ നിന്ന് പിന്മാറുന്നതിന് കാരണമായി. അങ്ങനെ 2024 ജനുവരി 28ന് മുഖ്യമന്ത്രി സ്ഥാനം രാജി വച്ച് മുന്നണി വിട്ട നിതീഷ് അതേ ദിവസം തന്നെ ഒൻപതാം തവണയും ബിഹാർ മുഖ്യമന്ത്രിയായി അധികാരത്തിലേറി.

ഐപിസി ഉപേക്ഷിച്ചു, ബിഎൻഎസ് നിലവിൽ വന്നു

രാജ്യത്ത് പുതിയ ക്രിമിനൽ നിയമങ്ങൾ നിലവിൽ വന്നതാണ് മറ്റൊരു സുപ്രധാന സംഭവം. 164 വർഷം പഴക്കമുള്ള ഇന്ത്യൻ ശിക്ഷാ നിയമം, ക്രിമിനൽ നടപടിച്ചട്ടം, ഇന്ത്യൻ തെളിവു നിയമം എന്നിവയ്ക്ക് പകരം ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, ഭാരതീയ സാക്ഷ്യ അധിനിയം എന്നിവയാണ് 2024 ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വന്നത്.

ഐപിസി, സിആർപിസി എന്നിവയ്ക്ക് പകരമായാണ് ഈ നിയമങ്ങൾ. ആവർത്തനങ്ങൾ നീക്കി ഇന്ത്യൻ ശിക്ഷാ നിയമം പുനഃക്രമീകരിച്ചതോടെ 511 വകുപ്പുകളുണ്ടായിരുന്നത് 358 ആയി കുറഞ്ഞിട്ടുണ്ട്. കുറ്റകൃത്യം നടന്ന പ്രദേശം കണക്കിലെടുക്കാതെ ആദ്യ അന്വേഷണ റിപ്പോർട്ട് തയാറാക്കുന്ന 'സീറോ എഫ്ഐആർ, പൊലീസിന് ഓൺലൈനിൽ പരാതി നൽകാനാകുന്ന സംവിധാനം, എസ്എംഎസിലൂടെ സമൻസ്, ഹീനമായ കുറ്റകൃത്യങ്ങളുടെ അന്വേഷണത്തിൽ പൂർണമായി വിഡിയൊ ദൃശ്യം പകർത്തൽ തുടങ്ങി ആധുനിക നീതിന്യായ വ്യവസ്ഥയോട് ചേർന്നുപോകുന്നതാണ് പുതിയ നിയമങ്ങൾ. അതേസമയം, രാജ്യത്തിന്‍റെയും ഭരണഘടനയുടെയും എല്ലാ ധാർമിക മൂല്യങ്ങളും ഉൾക്കൊള്ളുന്നവയാണു പുതിയ നിയമങ്ങളെന്നും കേന്ദ്ര സർക്കാർ അവകാശപ്പെട്ടിരുന്നു.

അറസ്റ്റ്, ജയിൽ, ജാമ്യം; കുരുക്കഴിയാതെ കെജ്‌രിവാൾ

കുറ്റാരോപിതരും കെജ്‌രിവാളും പരസ്പരം ചർച്ച ചെയ്താണ് മദ്യനയം തയാറാക്കിയതെന്നാണു പ്രധാന ആരോപണം.

മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ ഇഡി അറസ്റ്റ് ചെയ്തതാണ് ഇന്ത്യൻ രാഷ്ട്രീയത്തെ ആകെ കലക്കി മറിച്ചു. മദ്യനയ അഴിമതി കേസിൽ ഇഡിയുടെ നടപടി നിർത്തി വയ്ക്കണമെന്നാവശ്യപ്പെട്ട് കെജ്‌രിവാൾ ഡൽഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ കേസിൽ ഇഡി നടപടികളിൽ നിന്ന് കെജ്‌രിവാളിന് സംരക്ഷണം നൽകാൻ കോടതി തയാറായിരുന്നില്ല. ഇതിനു പിന്നാലെയാണ് 202 മാർച്ച് 21ന് ഇഡിയുടെ പരിശോധനയും അറസ്റ്റും ഉണ്ടായത്. മദ്യനയ അഴിമതിക്കേസിൽ കെജ്‌രിവാളിനെതിരേ 9 തവണ ഇഡി സമൻസ് പുറപ്പെടുവിച്ചിരുന്നെങ്കിലും കെജ്‌രിവാൾ ഹാജരായിരുന്നില്ല.

ഡൽഹിയിലെ മദ്യവിൽപ്പന സ്വകാര്യ കമ്പനികൾക്കു നൽകാനുള്ള 2021ലെ മദ്യനയമാണ് എഎപിക്കു കുരുക്കായത്. ലൈസൻസ് അനുവദിച്ചതിൽ ക്രമക്കേടുണ്ടെന്ന് ആരോപണമുയർന്നതോടെ ലെഫ്റ്റനന്‍റ് ഗവർണറായി ചുമതലയേറ്റ വി.കെ. സക്സേന അന്വേഷണത്തിന് ഉത്തരവിട്ടു. ക്രമക്കേടുണ്ടെന്നായിരുന്നു സിബിഐയുടെ പ്രാഥമികാന്വേഷണ റിപ്പോർട്ട്. കേസ് രജിസ്റ്റർ ചെയ്തതിനു പിന്നാലെ മദ്യനയം പിൻവലിച്ചെങ്കിലും കേന്ദ്ര ഏജൻസികൾ അന്വേഷണം തുടങ്ങി.

ഇഡിയുടെ കുറ്റപത്രത്തിൽ നിരവധി തവണ കെജ്‌രിവാളിനെക്കുറിച്ചു പരാമർശമുണ്ട്. കുറ്റാരോപിതരും കെജ്‌രിവാളും പരസ്പരം ചർച്ച ചെയ്താണ് മദ്യനയം തയാറാക്കിയതെന്നാണു പ്രധാന ആരോപണം. ഡൽഹി ജലബോർഡിലെ ക്രമക്കേടുകൾ സംബന്ധിച്ച കേസിലും ഇഡി അന്വേഷണം നേരിടുന്നുണ്ട് കെജ്‌രിവാൾ. പിന്നീട് ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തിൽ പ്രചാരണത്തിനായി സുപ്രീം കോടതി കെജ്‌രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ചു. 2024 മേയ് 10 മുതൽ ജൂൺ 1 വരെയായിരുന്നു ജാമ്യം. ഡൽഹി വിചാരണക്കോടി ജൂൺ 20ന് വീണ്ടും ജാമ്യം അനുവദിച്ചെ‍ങ്കിലും സുപ്രീം കോടതി സ്റ്റേ ചെയ്തു. പി്നനീട് ജൂലൈ 12ന് സുപ്രീം കോടതി ജാമ്യം അനുവദിച്ചെങ്കിലും കേസിൽ സിബിഐ അറസ്റ്റ് ചെയ്തതിനാൽ കെജ്‌രിവാളിന് ജയിൽ മോചിതനാകാൻ സാധിച്ചില്ല. ഒടുവിൽ 5 മാസം നീണ്ടു നിന്ന ജയിൽവാസത്തിനു ശേഷം സെപ്റ്റംബർ 13നാണ് കെജ്‌രിവാൾ വിമോചിതനായത്. സെപ്റ്റംബർ 17ന് കെജ്‌രിവാൾ രാജിവച്ചു. അതിഷി മർലേന സെപ്റ്റംബർ 21ന് പുതിയ മുഖ്യമന്ത്രിയായി അധികാരമേറ്റു.

സോറന്‍റെ ജയിൽവാസം

ഹേമന്ത് സോറന്‍റെ ഡൽഹിയിലെ വസതിയിൽ നടത്തിയ റെയ്ഡിൽ കണക്കിൽപ്പെടാത്ത 36 ലക്ഷം രൂപയും ബിഎംഡബ്ല്യു കാറും പിടിച്ചെടുത്തിരുന്നു.

ഝാർഖണ്ഡ് മുഖ്യമന്ത്രി സ്ഥാനം രാജിവച്ച ഹേമന്ത് സോറനെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്സ്മെന്‍റ് ഡയറക്റ്റേറ്റ് കസ്റ്റഡിയിലെടുത്തതും രാഷ്ട്രീയ വിവാദമായി മാറി. ജനുവരി 31നായിരുന്നു സോറന്‍റെ അറസ്റ്റ്. തൊട്ടുപിന്നാലെ ഭരണകക്ഷിയായ ഝാർഖണ്ഡ് മുക്തി മോർച്ച, ഗതാഗത മന്ത്രിയും മുതിർന്ന നേതാവുമായ ചംപയ് സോറനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചു . വസതിയിലെത്തിയ ഏഴംഗ ഇഡി സംഘത്തിന്‍റെ ചോദ്യം ചെയ്യലിനോടു സഹകരിച്ച അദ്ദേഹം അറസ്റ്റ് ഉറപ്പായതോടെ അന്വേഷണ ഉദ്യോഗസ്ഥർക്കൊപ്പം രാജ്ഭവനിലെത്തി രാജിക്കത്ത് കൈമാറുകയായിരുന്നു.

2020– 22 ൽ വ്യാജരേഖ ചമച്ച് ആദിവാസി ഭൂമി തട്ടിയെടുത്തു, ഖനന വകുപ്പിന്‍റെ ചുമതലയുള്ള സോറൻ പദവി ദുരുപയോഗം ചെയ്ത് റാഞ്ചിയിൽ 0.88 ഏക്കർ ഖനിയുടെ പാട്ടക്കരാർ നേടി എന്നിവയടക്കം മൂന്നു കള്ളപ്പണക്കേസുകളാണ് ഇഡി രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഹേമന്ത് സോറന്‍റെ ഡൽഹിയിലെ വസതിയിൽ നടത്തിയ റെയ്ഡിൽ കണക്കിൽപ്പെടാത്ത 36 ലക്ഷം രൂപയും ബിഎംഡബ്ല്യു കാറും പിടിച്ചെടുത്തിരുന്നു.

രഹസ്യങ്ങളെല്ലാം പരസ്യമാക്കി ഇലക്റ്ററൽ ബോണ്ട്

ഇലക്റ്ററൽ ബോണ്ട് ഭരണഘടനാവിരുദ്ധമെന്ന ഭരണഘടചനാ ബെഞ്ചിന്‍റെ വിധിയിൽ പുനഃപരിശോധന ഇല്ലെന്ന് സുപ്രീം കോടതി ഉത്തരവിട്ടതോടെ അപ്രതീക്ഷിതമായ ചില സംഭവങ്ങൾക്കു കൂടി രാജ്യം സാക്ഷിയായി. ഇലക്റ്ററൽ ബോണ്ട് പ്രകാരം രാഷ്ട്രീയ പാർട്ടികൾക്കു ലഭിച്ച പണത്തിന്‍റെ വിവരങ്ങൾ ചൊവ്വാഴ്ച തന്നെ എസ്ബിഐ തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറണമെന്നും മാര്‍ച്ച് 15നകം കമ്മീഷൻ ഇത് പരസ്യപ്പെടുത്തണമെന്നും സുപ്രീം കോടതി നിർദേശിച്ചിരുന്നു. ഇതേ തുടർന്ന് എസ്ബാഐ വിശദമായ ഡേറ്റ പുറത്തു വിട്ടു. സുപ്രീം കോടതി നിർദേശ പ്രകാരം തെരഞ്ഞെടുപ്പു കടപ്പത്രവുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തു വിട്ട് തെരഞ്ഞെടുപ്പു കമ്മിഷൻ. കോടതി അന്ത്യശാസനം നൽകിയതിനു പിന്നാലെ മാർച്ച് 12ന് സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ ബോണ്ടിന്‍റെ വിവരങ്ങളെല്ലാം തെരഞ്ഞെടുപ്പു കമ്മിഷന് കൈമാറിയിരുന്നു. മാർച്ച് 15 വൈകിട്ട് 5 നുള്ളിൽ വിവരങ്ങൾ പൊതു ജനങ്ങൾക്ക് ലഭ്യമാകും വിധം വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കണമെന്ന് തെരഞ്ഞെടുപ്പു കമ്മിഷനോടും കോടതി നിർദേശിച്ചിരുന്നു. ഇതു പ്രകാരമാണ് കമ്മിഷൻ വിവരങ്ങൾ പ്രസിദ്ധീകരിച്ചത്. എസ്ബിഐ നൽകിയ വിവരങ്ങൾ രണ്ട് ഭാഗങ്ങളായാണ് തെരഞ്ഞെടുപ്പു കമ്മിഷൻ പുറത്തു വിട്ടത്. ബോണ്ടുകൾ വാങ്ങിയ കമ്പനികൾ, അവയുടെ മൂല്യം, തിയതി എന്ന ഒരു പട്ടികയും ബോണ്ടുകൾ പണമാക്കി മാറ്റിയ രാഷ്ട്രീയപാർട്ടികളുടെ പേര്, മൂല്യം, തിയതി എന്നിങ്ങനെയാണ് വിശദാംശങ്ങൾ പ്രസിദ്ധീകരിച്ചത്.

ബിജെപി, കോൺഗ്രസ്, എഐഎഡിഎംകെ, ബിആർഎസ്, ശിവസേന, ടിഡിപി, വൈഎസ്ആർ കോൺഗ്രസ്, ഡിഎംകെ, ജെഡിഎസ്, എൻസിപി, തൃണമൂൽ കോൺഗ്രസ്, ജെഡിയു, ആർജെഡി, എഎപി, സമാജ്‌വാദി പാർട്ടി എന്നിവരെല്ലാം ബോണ്ട് പണമാക്കി മാറ്റിയിട്ടുണ്ട്.. 2019 എപ്രിൽ 12 മുതൽ ഈ വർഷം ജനുവരി വരെയുള്ള വിവരങ്ങളാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ചിഹ്നവും പാർട്ടിയും കൈവിട്ട് ശരദ് പവാർ, അജിത് പവാറിന് നേട്ടം

എൻ സി പി സ്ഥാപകൻ ശരദ് പവാറിന്‍റെ നേതൃത്വത്തിലുള്ള വിഭാഗത്തിന് കനത്ത തിരിച്ചടി നേരിട്ട വർഷമായിരുന്നു 2024. എൻസിപിയിലെ അജിത് പവാർ വിഭാഗത്തെ യഥാർത്ഥ രാഷ്ട്രീയ പാർട്ടിയായി തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചതോടെ ചിഹ്നവും പാർട്ടിയുടം പേരും വരെ ശരദ് പവാറിന് നഷ്ടപ്പെട്ടു. നിയമസഭയിൽ അജിത് പവാറിന് എംഎൽഎമാരിൽ കൂടുതൽ അംഗത്വം ഉള്ളതിനാൽ പാർട്ടിയും പാർട്ടിയുടെ ക്ലോക്ക് ചിഹ്നം അജിത് പവാറിന്‍റെ വിഭാഗത്തിന് തിരഞ്ഞെടുപ്പ് കമ്മീഷൻ അനുവദിക്കുകയായിരുന്നു.

6 മാസത്തിലേറെ നീണ്ടു നിന്ന 10 ലധികം ഹിയറിംഗുകൾക്ക് ശേഷമാണ് അജിത് പവാറിന്‍റെ നേതൃത്വത്തിലുള്ള വിഭാഗത്തിന് അനുകൂലമായി വിധി പുറത്തു വന്നത്. പിന്നീട് നടന്ന മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിലും അജിത് പവാർ നേട്ടം കൊയ്തു.

രാജി സമർപ്പിച്ച് അരുൺ ഗോയൽ

തെരഞ്ഞെടുപ്പ് അടുത്തിരിക്കേ തെരഞ്ഞെടുപ്പു കമ്മിഷണർ അരുൺ ഗോയൽ രാജിവച്ചതും വലിയ വാർത്തയായി. ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങൾക്കിടെയാണ് അപ്രതീക്ഷിതമായി ഗോയൽ രാജി സമർപ്പിച്ചത്. 2027 ഡിസംബർ വരെയായിരുന്നു ഗോയലിന്‍റെ കാലാവധി. ഗോയലിന്‍റെ രാജി രാഷ്ട്രപതി ദ്രൗപതി മുർമു സ്വീകരിച്ചതായി നിയമകാര്യമന്ത്രാലയം വ്യക്തമാക്കി. രാജിയുടെ കാരണം വ്യക്തമല്ല.

പഞ്ചാബ് കേഡറിൽ നിന്നുള്ള 1985 ബാച്ച് ഐഎഎസ് ഓഫിസറാണ് ഗോയൽ. 2022 നവംബറിലാണ് ഗോയൽ തെരഞ്ഞെടുപ്പു കമ്മിഷറായി പദവിയേറ്റത്. ഫെബ്രുവരിയിൽ അനൂപ് പാണ്ഡേ വിരമിച്ചിരുന്നു. അതിനു പിന്നാലെയാണ് ഗോയൽ രാജി വച്ചത്.

പൗരത്വഭേദഗതി നിയമം പ്രാബല്യത്തിൽ

പാക്കിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള മുസ്ലിമുകൾ അല്ലാത്തവർക്ക് പൗരത്വം നൽകുന്ന നിയമം ഏറെ വിവാദം സൃഷ്ടിച്ചിരുന്നു.

ഏറെ ചർച്ച ചെയ്യപ്പെട്ട പൗരത്വ ഭേദഗതി നിയമവും കേന്ദ്രസർക്കാർ ഈ വർഷം മാർച്ച് 11ന് നടപ്പിലാക്കി. പാക്കിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള മുസ്ലിമുകൾ അല്ലാത്തവർക്ക് പൗരത്വം നൽകുന്ന നിയമം ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിനു മുൻപേ പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കുമെന്ന് അമിത് ഷാ അടക്കമുള്ള കേന്ദ്ര മന്ത്രിമാർ പ്രഖ്യാപിച്ചിരുന്നു. നിയമത്തിന്‍റെ വിജ്ഞാപനം പുറപ്പെടുവിച്ചതോടെ പൗരത്വം നൽകുന്നതിനുള്ള നടപടികൾക്ക് തുടക്കമായി. മൂന്നു രാജ്യങ്ങളിൽ നിന്നും 2014 ഡിസംബർ 31 വരെ ഇന്ത്യയിലെത്തിയ ഹിന്ദു, സിഖ്, ജൈന, ബുദ്ധ, പാഴ്സി, ക്രിസ്ത്യൻ മതങ്ങളിൽ നിന്നുള്ളവർക്കാണ് പൗരത്വം നൽകുക. 2019 ഡിസംബറിലാണ് പൗരത്വ ഭേദഗതി നിയമത്തിന് രാഷ്ട്രപതി അംഗീകാരം നൽകിയത്. അതിനു ശേഷവും രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ഇതിനെതിരേ പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. നിയമത്തിനെതിരേയുള്ള പ്രക്ഷോഭത്തിനിടെ നൂറോളം പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്.

ലൈംഗികാതിക്രമക്കേസിൽ കുടുങ്ങി രേവണ്ണയും പ്രജ്വലും

​റു​ക​ണ​ക്കി​ന് സ്‌​ത്രീ​ക​ളെ ലൈം​ഗി​ക​മാ​യി ചൂ​ഷ​ണം ചെ​യ്തെ​ന്ന ആ​രോ​പ​ണം നേ​രി​ടു​ന്ന പ്ര​ജ്വ​ലി​നെ അ​റ​സ്റ്റ് ചെ​യ്യാ​ൻ ലു​ക്ക്ഔ​ട്ട് സ​ർ​ക്കു​ല​ർ പു​റ​പ്പെ​ടു​വി​ച്ചിരുന്നു.

ലൈം​ഗി​കാ​തി​ക്ര​മ വി​വാ​ദ​ത്തി​ൽ​പ്പെ​ട്ട ജെ​ഡി​എ​സ് നേ​താ​വ് പ്ര​ജ്വ​ൽ രേ​വ​ണ്ണ അറസ്റ്റിലായതും വൻ ചർച്ചയായി. മു​ൻ വീ​ട്ടു​ജോ​ലി​ക്കാ​രി​യു​ടെ പ​രാ​തി​യി​ല്‍ ഏ​പ്രി​ൽ 28 നാ​ണ് പ്ര​ജ്വ​ലി​നെ​തി​രേ ലൈം​ഗി​ക പീ​ഡ​ന​ത്തി​ന് കേ​സെ​ടു​ത്ത​ത്. പ്ര​ജ്വ​ലും പി​താ​വ് രേ​വ​ണ്ണ​യും ത​ന്നെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചു​വെ​ന്നാ​ണ് യു​വ​തി​യു​ടെ പ​രാ​തി. . വി​ഷ​യം ക​ര്‍ണാ​ട​ക രാ​ഷ്‌​ട്രീ​യ​ത്തി​ല്‍ കോ​ലാ​ഹ​ല​മു​ണ്ടാ​ക്കി​യ​തോ​ടെ പ്ര​ജ്വ​ലി​നെ ജെ​ഡി​എ​സി​ൽ നി​ന്ന് സ​സ്പെ​ൻ​ഡ് ചെ​യ്തി​രു​ന്നു. അന്വേഷണത്തിനിടെ പ്രജ്വൽ ജർമനിയിലേക്ക് കടന്നതും വൻ വിവാദമായി. എം​പി ജ​ർ​മ​നി​യി​ലേ​ക്കു പോ​യ​ത് കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ അ​നു​മ​തിയോടെയല്ലെന്ന് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം വ്യക്തമാക്കി. ന​യ​ത​ന്ത്ര പാ​സ്‌​പോ​ർ​ട്ട് ഉ​ട​മ​ക​ൾ​ക്കു ജ​ർ​മ​നി​യി​ലേ​ക്കു യാ​ത്ര ചെ​യ്യാ​ൻ വി​സ ആ​വ​ശ്യ​മി​ല്ല. പ്ര​ജ്വ​ൽ യാ​ത്രാ​നു​മ​തി തേ​ടു​ക​യോ സ​ർ​ക്കാ​ർ അ​തു ന​ൽ​കു​ക​യോ ചെ​യ്തി​ട്ടി​ല്ലെ​ന്നും മ​ന്ത്രാ​ല​യം വ്യക്തമാക്കിയിരുന്നു. നൂ​റു​ക​ണ​ക്കി​ന് സ്‌​ത്രീ​ക​ളെ ലൈം​ഗി​ക​മാ​യി ചൂ​ഷ​ണം ചെ​യ്തെ​ന്ന ആ​രോ​പ​ണം നേ​രി​ടു​ന്ന പ്ര​ജ്വ​ലി​നെ അ​റ​സ്റ്റ് ചെ​യ്യാ​ൻ ലു​ക്ക്ഔ​ട്ട് സ​ർ​ക്കു​ല​ർ പു​റ​പ്പെ​ടു​വി​ച്ചിരുന്നു. ഏ​പ്രി​ൽ 26നാ​ണ് പ്ര​ജ്വ​ൽ രാ​ജ്യം വി​ട്ട​ത്.

അയോധ്യയിലെ പ്രാണപ്രതിഷ്ഠ

സുപ്രീം കോടതി വിധിയുടെ പിൻബലത്തോടെ അയോധ്യയിൽ രാമക്ഷേത്രം നിർമിച്ച് പ്രാണപ്രതിഷ്ഠ നടത്തിയത് ഈ വർഷമായിരുന്നു. ജനുവരി 22ന് കാ​ശി​യി​ലെ വേ​ദ​പ​ണ്ഡി​ത​ൻ ല​ക്ഷ്മി​കാ​ന്ത് മ​ഥു​ര​നാ​ഥ് ദീ​ക്ഷി​തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ 121 ആ​ചാ​ര്യ​ന്മാ​രാ​ണ് പ്ര​തി​ഷ്ഠാ ച​ട​ങ്ങു​ക​ൾ​ക്കു കാ​ർ​മി​ക​ത്വം വ​ഹിച്ചത്. വേ​ദ​പ​ണ്ഡി​ത​ൻ ഗ​ണേ​ശ്വ​ർ ശാ​സ്ത്രി ദ്രാ​വി​ഡാ​ണ് ച​ട​ങ്ങു​ക​ളു​ടെ ഏ​കോ​പ​നം.

ചരിത്രമെഴുതി ഇന്ത‍്യ; എഡ്ജ്ബാസ്റ്റണിൽ ആദ്യമായി ടെസ്റ്റ് ജയം

ആരോഗ‍്യമന്ത്രിക്കെതിരേ ഫെയ്സ്ബുക്ക് പോസ്റ്റ്; നേതാക്കൾക്കെതിരേ നടപടിക്കൊരുങ്ങി സിപിഎം

മെഡിക്കൽ കോളെജ് അപകടം; ബിന്ദുവിന്‍റെ കുടുംബത്തിന് ചാണ്ടി ഉമ്മൻ പ്രഖ‍്യാപിച്ച ധനസഹായം കൈമാറി

കെ.എസ്. അനിൽകുമാർ കേരള സർവകലാശാല രജിസ്ട്രാറായി വീണ്ടും ചുമതലയേറ്റെടുത്തു

ചാലക്കുടിയിൽ ചുഴലിക്കാറ്റ്; വ‍്യാപക നാശനഷ്ടം