11 വർഷത്തെ പാരമ്പര്യവുമായി "ഡിജിറ്റൽ ഇന്ത്യ' മുന്നോട്ട്
പത്തുവർഷം മുമ്പ്, ഉത്തർപ്രദേശിലെ ഒരു വിദൂര ഗ്രാമത്തിൽ താമസിക്കുന്ന ഒരു കർഷകന് സബ്‌സിഡികൾ ലഭിക്കാനോ വിളവ് മെച്ചപ്പെടുത്താനുള്ള ഉപദേശങ്ങൾ തേടാനോ സങ്കീർണമായ കടലാസ് രേഖകൾ, നീണ്ട ക്യൂവുകൾ എന്നിവയിലൂടെ കടന്നുപോകേണ്ടി വന്നിരുന്നു. വരിയിൽ കാത്തിരിക്കുന്നത് പതിവ് രീതിയായിരുന്നു. ഇന്ന് അതേ കർഷകന് തന്‍റെ കൃഷിക്ക് പിന്തുണ ലഭിക്കുന്നു, സബ്‌സിഡികൾ ഇടനിലക്കാരില്ലാതെ നേരിട്ട് ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കപ്പെടുന്നു.
ഇന്ന് ഏതെങ്കിലും ഒരു തെരുവിലൂടെ നടന്നാൽ ജീവിതം സുഗമമാക്കുക എന്ന ആശയത്തെ അടിസ്ഥാനപരമായി പുനർനിർവചിച്ച മറ്റൊരു നിശബ്ദ വിപ്ലവത്തിനും സാക്ഷ്യം വഹിക്കും. ഡിജിറ്റൽ സാങ്കേതികവിദ്യ ദൈനംദിന ജീവിതത്തെ എങ്ങനെ നിശബ്ദമായി മാറ്റിമറിച്ചെന്ന് കാണാൻ കഴിയും. ഒരു കാലത്ത് ഭൗതികമായ പണമിടപാടുകളെ മാത്രം ആശ്രയിച്ചിരുന്ന പഴക്കച്ചവടക്കാർ, ഓട്ടോ ഡ്രൈവർമാർ തുടങ്ങിയവർ ഇപ്പോൾ ക്യുആർ കോഡുകൾ പ്രദർശിപ്പിച്ച് ഡിജിറ്റൽ പേയ്‌മെന്‍റുകൾ സ്വീകരിക്കുന്നു. പണം സ്വീകരിക്കാൻ സ്വന്തം ക്യുആർ കോഡ് ചൂണ്ടിക്കാണിക്കുന്നു.
രാജ്യത്തെ 102.86 കോടിയിലധികം ജനങ്ങൾ ഇന്‍റർനെറ്റ് മുഖേന പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു, 99.56 കോടി ബ്രോഡ്‌ബാൻഡ് വരിക്കാരുമുണ്ട്. താങ്ങാവുന്ന ചെലവിൽ മൊബൈൽ ഡാറ്റ ലഭ്യമാണ്. ഒരു ജിബിക്ക് ₹8– ₹10 മാത്രം ചെലവ് വരുന്നതിനാൽ ജനങ്ങൾ പ്രതിമാസം ശരാശരി 24.01 ജിബി ഡാറ്റ വരെ ഉപയോഗിക്കുന്നു. ഈ ഡിജിറ്റൽ അടിത്തറയും ഇന്‍റർനെറ്റിലേക്കുള്ള വ്യാപക പ്രവേശനവും പൗരന്മാർ സർക്കാരുമായി ഇടപഴകുന്ന രീതിയെ മാറ്റിമറിച്ചു. വിശ്വാസം, സുതാര്യത, ഡിജിറ്റൽ സ്വയംഭരണം എന്നിവ ഊട്ടിയുറപ്പിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഡിജിറ്റൽ ഇന്ത്യ സംരംഭം, സാങ്കേതികവിദ്യയെ എല്ലാ പൗരന്മാർക്കും ജനാധിപത്യപരമായി ലഭ്യമാക്കുമെന്നും, ദൈനംദിന ജീവിതവും ബിസിനസ് പ്രവർത്തനങ്ങളും സുഗമവും സൗകര്യപ്രദവുമാക്കുമെന്നും തെളിയിച്ചു.
ഡിജിറ്റൽ വിടവ് നികത്തുന്നു
എല്ലാവർക്കും ഡിജിറ്റൽ സേവനങ്ങൾ ലഭ്യമാക്കിയും ഇന്ത്യയുടെ സാങ്കേതിക സ്വാതന്ത്ര്യത്തെ പിന്തുണയ്ക്കുന്ന ശക്തമായ ഒരു ആഭ്യന്തര ഡിജിറ്റൽ ഐഡന്‍റിറ്റി സിസ്റ്റം സൃഷ്ടിച്ചുമാണ് ഈ വിപ്ലവത്തിലെ ആദ്യപടി പൂർത്തിയായത്. ഭാരത്‌നെറ്റ് പദ്ധതിയിലൂടെ, സർക്കാർ ഏകദേശം 2.2 ലക്ഷം ഗ്രാമപഞ്ചായത്തുകളെ അതിവേഗ ബ്രോഡ്‌ബാൻഡ് ഇന്‍റർനെറ്റുമായി ബന്ധിപ്പിച്ചു. ഇത് നഗര- ഗ്രാമ പ്രദേശങ്ങൾ തമ്മിലുള്ള വിടവ് നികത്തുകയും ഭൂമിശാസ്ത്രപരമായ അന്തരം വളർച്ചയ്ക്കും വികസനത്തിനും പ്രധാന തടസമല്ലെന്ന് ഉറപ്പാക്കുകയും ചെയ്തു.
144 കോടിയിലധികം ആധാർ കാർഡുകൾ (ഡിജിറ്റൽ ഐഡന്‍റിറ്റികൾ) സൃഷ്ടിച്ച് ജൻധൻ ബാങ്ക് അക്കൗണ്ടുകളുമായും മൊബൈൽ ഫോണുകളുമായും സംയോജിപ്പിച്ച്, ജൻധൻ, ആധാർ, മൊബൈൽ (JAM) ത്രിത്വത്തെ ശക്തിപ്പെടുത്തി. ഈ പരമാധികാര ഡിജിറ്റൽ ഐഡന്‍റിറ്റി ചട്ടക്കൂട് ഉപയോഗപ്പെടുത്തി നേരിട്ടുള്ള ആനുകൂല്യ കൈമാറ്റം മുഖേന ₹51.5 ലക്ഷം കോടി നേരിട്ട് പൗരന്മാരുടെ അക്കൗണ്ടുകളിൽ ലഭിച്ചു. തൽഫലമായി, അഴിമതിയും കാലതാമസവും കുറഞ്ഞു, ഇടനിലക്കാർ ഒഴിവാക്കപ്പെട്ടു, ചോർച്ച ഇല്ലാതായി. കോടിക്കണക്കിന് കുടുംബങ്ങൾക്ക് കൂടുതൽ സാമ്പത്തിക സ്വാതന്ത്ര്യം കൈവരികയും അവരുടെ ജീവിത നിലവാരം മെച്ചപ്പെടുകയും ചെയ്തു.
ഡിജിറ്റൽ പൊതു അടിസ്ഥാന സൗകര്യങ്ങൾ
ശക്തമായ ഒരു ഡിജിറ്റൽ അടിത്തറ കെട്ടിപ്പടുത്ത ശേഷം, ഇന്ത്യയുടെ ഡിജിറ്റൽ പൊതു അടിസ്ഥാന സൗകര്യങ്ങൾ (ഡിപിഐ) യഥാർഥ ലോകത്തിലെ പ്രശ്നങ്ങൾക്കുള്ള പരിഹാരങ്ങൾ സൃഷ്ടിച്ച് പൗരന്മാരുടെ ദൈനംദിന ജീവിതത്തെ മാറ്റിമറിച്ചു. അത്തരമൊരു പ്ലാറ്റ്‌ഫോമായ ഡിജിലോക്കർ സുപ്രധാന രേഖകൾ ഡിജിറ്റലായി സംഭരിക്കാനും ലഭ്യമാക്കാനും ജനങ്ങളെ സഹായിക്കുന്നു. 70 കോടിയിലധികം രജിസ്റ്റർ ചെയ്ത ഉപയോക്താക്കളും 900 കോടിയിലധികം ഡിജിറ്റൽ രേഖകളും ഉള്ളതിനാൽ, ഭൗതികമായ കടലാസ് പരിശോധനകളുടെ ആവശ്യകത ഇതിലൂടെ വളരെയധികം കുറഞ്ഞു. ഉപയോക്താവിനെ അറിയുകയും (കെവൈസി) പ്രമാണ പരിശോധന തുടങ്ങിയ പ്രക്രിയകളുടെ വേഗത വർധിപ്പിക്കുകയും സൗകര്യപ്രദമാക്കുകയും ചെയ്തു. ബാങ്കുകൾ, ടെലികോം കമ്പനികൾ, ഫിൻടെക് സ്ഥാപനങ്ങൾ പോലുള്ള ബിസിനസുകൾക്ക് സമയവും ചെലവും ഗണ്യമായ ലാഭിക്കാനായി. ഉപയോക്തൃ പരിശോധന ഇപ്പോൾ ഏതാനും നിമിഷങ്ങൾക്കുള്ളിൽ പൂർത്തിയാക്കാം.
ഗവൺമെന്‍റ് ഇ- മാർക്കറ്റ്പ്ലേസ് (GeM) മുഖേന, സർക്കാർ ₹19.51 ലക്ഷം കോടിയിലധികം മൂല്യമുള്ള സംഭരണം നടത്തി. ഒരു ചെറുകിട നിർമാതാവിനോ ആദ്യമായി വിൽപ്പന നടത്തുന്നയാൾക്കോ ഇടനിലക്കാരില്ലാതെ സർക്കാർ കരാറുകൾ നേടാനുള്ള ഒരു ബിസിനസ് അവസരമായും ഇത് മാറി.
സർക്കാർ ഓഫിസുകൾ സന്ദർശിക്കാതെ തന്നെ ജനങ്ങൾക്ക് അവരുടെ സ്മാർട്ട്‌ഫോണുകളിലൂടെ കേന്ദ്ര, സംസ്ഥാന സർക്കാർ സേവനങ്ങൾ ഉപയോഗിക്കാൻ UMANG മൊബൈൽ ആപ്ലിക്കേഷൻ സൗകര്യമൊരുക്കുന്നു. 11.6 കോടിയിലധികം രജിസ്റ്റർ ചെയ്ത ഉപയോക്താക്കളുള്ള ഇത് 2,572 സർക്കാർ സേവനങ്ങളിലേക്ക് പ്രവേശനം നൽകുകയും 797.84 കോടിയിലധികം ഇടപാടുകൾ സാധ്യമാക്കുകയും ചെയ്തു, ഇത് പൊതു സേവനങ്ങൾ സുഗമവും സൗകര്യപ്രദവുമാക്കുന്നു.
ഇന്ത്യയുടെ ഡിജിറ്റൽ ആവാസവ്യവസ്ഥയുടെ മകുടോദാഹരണമായി യൂണിഫൈഡ് പേയ്‌മെന്‍റ് ഇന്‍റർഫേസ് (യുപിഐ) നിലകൊള്ളുന്നു. ഇത് വേഗത്തിലും എളുപ്പത്തിലും ഡിജിറ്റൽ പണമിടപാടുകൾ സാധ്യമാക്കുന്നു. ചെറുകിട കച്ചവടക്കാർ ഉപയോഗിക്കുന്ന ക്യുആർ കോഡുകൾ ദൈനംദിന ഇടപാടുകൾക്ക് ശക്തി പകരുന്നു, ഇപ്പോൾ എല്ലാ ദിവസവും ഏകദേശം 75 കോടി ഇടപാടുകൾ യുപിഐ കൈകാര്യം ചെയ്യുന്നു. ലോകത്തെ മുഴുവൻ തത്സമയ ഡിജിറ്റൽ ഇടപാടുകളുടെ പകുതിയോളം നടക്കുന്നത് ഇന്ത്യയിലാണ്. ആഗോളതലത്തിൽ ഏറ്റവും വലിയ തത്സമയ പേയ്‌മെന്‍റ് സംവിധാനമായി ഐഎംഎഫ് ഇതിനെ അംഗീകരിച്ചിട്ടുണ്ട്.
ഇന്ത്യയുടെ ഡിജിറ്റൽ സംവിധാനങ്ങൾ, പ്രത്യേകിച്ച് യുപിഐ, ലോകവ്യാപകമായി മാനിക്കപ്പെടുന്നു. വിജയകരമായ ഇന്ത്യയുടെ ഡിജിറ്റൽ സംവിധാനങ്ങൾ സ്വീകരിക്കുന്നതിനും പകർത്തുന്നതിനും താത്പര്യമുള്ള 24 രാജ്യങ്ങളുമായി ഇന്ത്യ ധാരണാപത്രങ്ങളിൽ ഒപ്പുവച്ചു. യുഎഇ, സിംഗപ്പുർ, ഫ്രാൻസ് എന്നിവയുൾപ്പെടെ 9 രാജ്യങ്ങളിൽ യൂണിഫൈഡ് പേയ്‌മെന്‍റ് ഇന്‍റർഫേസ് (യുപിഐ) ഇതിനകം സജീവമായി ഉപയോഗത്തിലുണ്ട്.
സാങ്കേതികവിദ്യയെ പൊതുനന്മയായി കണക്കാക്കുന്ന ഇന്ത്യയുടെ ഈ തത്വശാസ്ത്രം ആരോഗ്യ സംരക്ഷണത്തിൽ തുല്യതയ്ക്കും ജനങ്ങളുടെ ജീവിതം സുഗമമാക്കുന്നതിനും സംഭാവന നൽകുന്നു.
ഇ- സഞ്ജീവനി പ്ലാറ്റ്‌ഫോമിലൂടെ 48 കോടിയിലധികം സൗജന്യ ഓൺലൈൻ മെഡിക്കൽ കൺസൾട്ടേഷനുകൾ നടന്നു, ഇത് വിദൂര പ്രദേശങ്ങളിലും സേവനങ്ങൾ ലഭ്യമല്ലാത്ത പ്രദേശങ്ങളിലുമുള്ള ആളുകൾക്ക് ഏറെ ദൂരം യാത്ര ചെയ്യാതെ തന്നെ ഡോക്റ്റർമാരുമായും സ്പെഷ്യലിസ്റ്റുകളുമായും സംസാരിക്കാൻ അവസരമൊരുക്കി. കൊവിഡ് കാലത്ത് ലോകത്തെ ഏറ്റവും വലിയ പ്രതിരോധ കുത്തിവയ്‌പ്പ് യജ്ഞം കൈകാര്യം ചെയ്യാൻ ഇന്ത്യ സ്വന്തം ഡിജിറ്റൽ സംവിധാനമായ കോവിൻ ഉപയോഗിച്ചു, 220 കോടിയിലധികം വാക്സിൻ ഡോസുകൾ നൽകുകയും സുതാര്യമായി നിരീക്ഷിക്കുകയും ചെയ്തു. സാങ്കേതികവിദ്യയ്ക്ക് പൊതുജനാരോഗ്യ പരിപാടികളെ എങ്ങനെ ഫലപ്രദമായി പിന്തുണയ്ക്കാൻ കഴിയുമെന്നു വെളിവാക്കിയ വിജയകരമായ ഈ ഡിജിറ്റൽ സംവിധാനം മറ്റു രാജ്യങ്ങൾക്ക് മാതൃകയായി മാറി.
ഭാവിയിലേക്ക് കണ്ണോടിക്കുമ്പോൾ
ഡിജിറ്റൽ ഇന്ത്യ സംരംഭം 11 വർഷം പൂർത്തിയാക്കുമ്പോൾ, അത് നൂതന സാങ്കേതികവിദ്യകളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ഇന്ത്യയിലും മറ്റ് വികസ്വര രാജ്യങ്ങളിലും (ഗ്ലോബൽ സൗത്ത് രാജ്യങ്ങൾ) പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള പൊതു വിഭവങ്ങളായി ഉപയോഗിക്കപ്പെടുകയും ചെയ്യുന്നു.
മുൻകാലങ്ങളിൽ, ശക്തമായ കംപ്യൂട്ടിങ് സംവിധാനങ്ങളുടെ ഉയർന്ന ചെലവ് ചെറിയ പട്ടണങ്ങളിൽ നിന്നുള്ള പ്രതിഭാധനരായ യുവാക്കൾക്ക് നിർമിത ബുദ്ധി പോലുള്ള നൂതന സാങ്കേതികവിദ്യകളിൽ പ്രവർത്തിക്കുന്നതിന് തടസം സൃഷ്ടിച്ചു. ഇന്ത്യഎഐ മിഷൻ മുഖേന ഈ തടസം നീക്കുകയും സ്റ്റാർട്ടപ്പുകൾക്ക് പ്രവർത്തിക്കാനും നൂതനാശയങ്ങൾ ആവിഷ്‌ക്കരിക്കാനും ഉള്ള സൗകര്യമൊരുക്കുകയും ചെയ്തു. സ്റ്റാർട്ടപ്പുകൾക്കും വിദ്യാർഥികൾക്കും മണിക്കൂറിൽ ₹65 എന്ന വളരെ കുറഞ്ഞ ചെലവിൽ നൂതന കംപ്യൂട്ടിങ് പവർ ലഭ്യമാകുന്ന തരത്തിൽ സർക്കാർ വിപുലമായ പൊതു കംപ്യൂട്ടിങ് സൗകര്യം സ്ഥാപിച്ചിട്ടുണ്ട്. അടിസ്ഥാന തലത്തിൽ നൂതനാശയങ്ങളെ പ്രോത്സാഹിപ്പിക്കുക എന്നതാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്.
ഇന്ത്യയിലും ആഗോളതലത്തിലും സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനും ഉത്പാദനക്ഷമത വർധിപ്പിക്കുന്നതിനും ബിസിനസുകളെ പിന്തുണയ്ക്കുന്നതിനും സാധിക്കുകയും ചെയ്യും. വൈദഗ്ധ്യമുള്ള തൊഴിലാളി സമൂഹത്തിലൂടെ ഇന്ത്യയെ എഐ ആപ്ലിക്കേഷനുകളുടെ ആഗോള തലസ്ഥാനമാക്കുക എന്നതാണ് പ്രധാന ലക്ഷ്യം.
ഒപ്പം, സ്വന്തം ഹാർഡ്‌വെയർ മേഖലയുടെ ഭാവി സുരക്ഷിതമാക്കുകയാണ് ഇന്ത്യ. സെമികോൺ ഇന്ത്യ പ്രോഗ്രാമിന് കീഴിൽ രാജ്യത്തുടനീളം സെമികണ്ടക്റ്ററുകൾ നിർമാണ, പാക്കെജിങ് പദ്ധതികൾക്കായി ₹1.65 ലക്ഷം കോടിയുടെ വലിയ നിക്ഷേപമുള്ള 12 പദ്ധതികൾക്ക് സർക്കാർ അംഗീകാരം നൽകിയിട്ടുണ്ട്. ഈ പുരോഗതിക്ക് ആക്കം കൂട്ടി, 2026–27 ലെ കേന്ദ്ര ബജറ്റിൽ ഇന്ത്യ സെമികണ്ടക്റ്റർ മിഷൻ (ഐഎസ്എം) 2.0 അവതരിപ്പിച്ചു, ഇത് ചിപ്പുകൾ നിർമിക്കുന്നതിൽ മാത്രമല്ല ഉപകരണങ്ങൾ, പദാർഥങ്ങൾ, ചിപ്പ് ഡിസൈനുകൾ (ബൗദ്ധിക സ്വത്ത്) എന്നിവ വികസിപ്പിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു, ഒപ്പം ആഗോള വിതരണ ശൃംഖലകൾ കൂടുതൽ ശക്തവും സുരക്ഷിതവുമാക്കുന്നു. ഈ പദ്ധതി പ്രകാരം അംഗീകരിച്ച 24 സെമികണ്ടക്റ്റർ ഡിസൈൻ സ്റ്റാർട്ടപ്പുകളിലൂടെ, ഇന്ത്യ ഈ മേഖലയിലെ സ്വന്തം ശേഷിയെ ആഴത്തിലുള്ള സാങ്കേതിക നൈപുണ്യത്തിലേക്ക് അതിവേഗം വിവർത്തനം ചെയ്യുന്നു.
ജനങ്ങളുടെ ചിന്താഗതിയെ എങ്ങനെ മാറ്റിമറിച്ചു എന്നതിലാണ് ഡിജിറ്റൽ ഇന്ത്യ സംരംഭത്തിന്‍റെ യഥാർഥ സ്വാധീനം കുടികൊള്ളുന്നത്. നൂതനാശയങ്ങൾ, സുഗമമായ ബിസിനസ് പ്രക്രിയകൾ, സർക്കാർ സേവനങ്ങൾ എന്നിവ സാങ്കേതികവിദ്യയിലൂടെ വേഗത്തിലും സൗകര്യപ്രദമായും പ്രാപ്യമാകുമെന്ന് പൗരന്മാർ ഇപ്പോൾ പ്രതീക്ഷിക്കുന്നു. ദേശീയ തലത്തിൽ സേവനങ്ങൾ കൂടുതൽ സർവാശ്ലേഷിയും പ്രവേശനക്ഷമവും ശക്തവുമാക്കുന്നതിന് സാങ്കേതികവിദ്യ ഉപയോഗപ്പെടുത്താനും 2047 ആകുമ്പോഴേക്കും വികസിത ഭാരതം എന്ന ദർശനം സാക്ഷാത്കരിക്കാനും ലക്ഷ്യമിട്ട് ഡിജിറ്റൽ ഇന്ത്യ സംരംഭം നിശബ്ദമായി മുന്നേറുകയാണ്.
(കേന്ദ്ര ഇലക്‌ട്രോണിക്സ്, വിവര സാങ്കേതിക വകുപ്പു സെക്രട്ടറിയാണ് ലേഖകൻ)