ഭിന്നശേഷിക്കാര്‍ക്ക് ഇന്ത്യയിലെ ആദ്യ "ഗ്രാമം'
അഡ്വ.വി.ഇ അബ്ദുല്‍ ഗഫൂര്‍
(സാമൂഹികനീതി, ഫിഷറീസ് മന്ത്രി)
കേരളം വിവിധ മേഖലകളില്‍ രാജ്യത്തിനു മാതൃകയായിട്ടുണ്ട്. അനുദിനം പുരോഗമിച്ചുകൊണ്ടിരിക്കുന്ന സമൂഹത്തില്‍ പലതിനും തുടക്കം കുറിച്ചതും കേരളമാണ്. വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ രംഗങ്ങളില്‍ നാം കൈവരിച്ച നേട്ടങ്ങള്‍ അതുല്യമാണെന്ന് എല്ലാവരും അംഗീകരിക്കുന്നു. അതെല്ലാം കൂടുതല്‍ മികവോടെ തന്നെയാണ് ഈ സര്‍ക്കാര്‍ മുന്നോട്ടുകൊണ്ടുപോകുന്നത്. ഒരിക്കല്‍ക്കൂടി കേരളം പുതിയൊരു തുടക്കത്തിന്‍റെ ചരിത്രമുഹൂര്‍ത്തം കുറിക്കുകയാണ്. ഇന്ത്യയിലെ ആദ്യത്തെ "ഭിന്നശേഷി പുനരധിവാസ ഗ്രാമം' ഇന്ന് മലപ്പുറം ജില്ലയിലെ തിരൂര്‍, ആതവനാട്ടിൽ ഉദ്ഘാടനം ചെയ്യും. ഇതൊരു വലിയ സ്വപ്നത്തിന്‍റെ തുടക്കമാണ്. സമൂഹത്തില്‍ ഏറ്റവും തീവ്രവും സങ്കീര്‍ണവുമായ സാഹചര്യത്തിലൂടെ കടന്നുപോകുന്നവരാണ് ഭിന്നശേഷിക്കാരും അവരുടെ കുടുംബവും. വര്‍ഷങ്ങളായി വിവിധ പദ്ധതികള്‍ നിലവിലുണ്ടെങ്കിലും "സംയോജിത പുനരധിവാസ ഗ്രാമം' എന്ന ബൃഹദ് സംരംഭത്തിലൂടെ യുഡിഎഫ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് സമഗ്രമായ മാറ്റവും സമ്പൂര്‍ണമായ പുനരധിവാസവുമാണ്.
സാമൂഹികനീതി വകുപ്പ് ആകെ പദ്ധതി വിഹിതത്തിന്‍റെ 70 ശതമാനത്തോളം തുകയും വകയിരുത്തിയിട്ടുള്ളത് ഭിന്നശേഷി സംബന്ധമായ പ്രവര്‍ത്തനങ്ങള്‍ക്കാണ്. ഇത് ഈ വിഭാഗത്തോടുള്ള കരുതല്‍ മാത്രമല്ല, അവരെ ഒരു പരിധിവരെയെങ്കിലും സാധാരണ ജീവിതത്തിലേക്ക് കൊണ്ടുവരാനുള്ള ദീര്‍ഘകാല ലക്ഷ്യമാണ്. ഭിന്നശേഷിക്കാര്‍ക്കുള്ള സംരംഭങ്ങളെല്ലാം ഒരു തുടര്‍പദ്ധതിയായി മുന്നോട്ടുകൊണ്ടുപോകേണ്ടതുണ്ട്.
തങ്ങളുടെ കാലശേഷം ഭിന്നശേഷിക്കാരായ മക്കളുടെ സംരക്ഷണം ആര് ഏറ്റെടുക്കുമെന്ന ആശങ്കയോടെയാണ് രക്ഷിതാക്കള്‍ ജീവിതം തള്ളിനീക്കുന്നത്. ഈ ആശങ്കയ്ക്ക് പരിഹാരം കണ്ടെത്തേണ്ടത് ഭരണകൂടത്തിന്‍റെ ഉത്തരവാദിത്വമാണെന്ന് സര്‍ക്കാര്‍ കരുതുന്നു. ഇതിനായി ഭിന്നശേഷിക്കാര്‍ക്ക് അവര്‍ പിന്നോക്കം നില്‍ക്കുന്ന മേഖലകളില്‍ പരിശീലനം, അറിവ്, വൈദഗ്ധ്യം എന്നിവ നല്‍കി സാമൂഹ്യപരവും ആരോഗ്യപരവും സാമ്പത്തികവുമായ സ്വാശ്രയത്വം നല്‍കി സമൂഹത്തിന്‍റെ മുഖ്യധാരയിലേക്ക് കൊണ്ടുവരണം. അതിനായി എല്ലാ നൂതന മാര്‍ഗങ്ങളും ഉപയോഗിക്കും.
ഭിന്നശേഷി പുനരധിവാസ ഗ്രാമത്തില്‍ എല്ലാ സംവിധാനങ്ങളുമുണ്ടാകും. കുട്ടികളുടെ രക്ഷകര്‍ത്താക്കള്‍ക്ക് താമസ സൗകര്യം നല്‍കും. ഭിന്നശേഷി വിഭാഗത്തില്‍പെടുന്ന ഒരു കുട്ടിയുടെ ജനനം മുതല്‍ മരണംവരെയുള്ള ജീവത കാലഘട്ടത്തില്‍ ആവശ്യമായി വരുന്ന മുഴുവന്‍ സംവിധാനങ്ങളും ഈ ഗ്രാമത്തിലുണ്ടാകും. വൈകല്യം മുന്‍കൂട്ടി കണ്ടെത്തല്‍, പ്രാരംഭ ഇടപെടല്‍ ലഭ്യമാക്കല്‍, തെറാപ്പി സൗകര്യം, സര്‍ജിക്കല്‍ കറക്‌ഷന്‍, സ്‌പെഷ്യല്‍ സ്‌കൂള്‍ കം-വിടിസി, ഷെല്‍റ്റേഡ് വര്‍ക്ക് ഷോപ്പ് എന്നീ സൗകര്യങ്ങള്‍ പദ്ധതിയുടെ ഭാഗമാണ്. സമഗ്രമായ ആരോഗ്യ, തൊഴില്‍, വിദ്യാഭ്യാസ സംയോജിത പുനരധിവാസ ഗ്രാമം യഥാര്‍ത്ഥത്തില്‍ ഭിന്നശേഷിക്കാരുടെ പുനരധിവസ മേഖലകളെ കോര്‍ത്തിണക്കികൊണ്ടുള്ളതാണ്.
ഭിന്നശേഷിക്കാരെ സംരക്ഷിക്കുന്നതിന്‍റെ ആദ്യഘട്ടം ഭിന്നശേഷി നേരത്തേ കണ്ടെത്തുക എന്നതാണ്. എങ്കിൽ മാത്രമേ വിവിധ പ്രയാസങ്ങള്‍ ദൂരീകരിച്ച് പരമാവധി സാധാരണ ജീവിതത്തിലേക്ക് എത്തിക്കാന്‍ കഴിയൂ. അതുകൊണ്ടുതന്നെ ഒരു പുനരധിവാസ പ്രക്രിയയില്‍ പരമപ്രധാനമായ ഒരു മേഖലയാണ് ഭിന്നശേഷി നേരത്തേ കണ്ടെത്തി ഇടപെടല്‍ നിശ്ചയിക്കുക എന്നത്. ഇവിടെ ആരോഗ്യ മേഖലയിലെ വിദഗ്ധരായ ഡോക്റ്റര്‍മാര്‍, വിവിധ തെറാപ്പിസ്റ്റുകള്‍, പ്രത്യേക അധ്യാപകര്‍, രക്ഷിതാക്കള്‍ എന്നിവര്‍ അടങ്ങുന്ന ഒരു മള്‍ട്ടീ ഡിസിപ്ലിനറി ടീമിന്‍റെ സേവനം പ്രയോജനപ്പെടുത്തും.
ചില വിഭാഗം ഭിന്നശേഷിക്കാര്‍ക്ക് സ്വയം പര്യാപ്തമായി ജീവിക്കുവാന്‍ വിവിധ തെറാപ്പി സഹായങ്ങള്‍ ആവശ്യമായി വരുന്നു. ഗ്രാമത്തില്‍ പൂര്‍ണ സജ്ജമായ തെറാപ്പി യൂണിറ്റുകളും ഇതിനായി യോഗ്യരായ തെറാപ്പിസ്റ്റുകളുടെ സേവനവും കൗണ്‍സലിങ്ങും ഉറപ്പാക്കും. ഭിന്നശേഷിക്കാരെ നിത്യേനയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാപ്തരാക്കുന്നതിനുള്ള സൗകര്യങ്ങള്‍ ഉള്‍പ്പെടുന്ന സ്‌പെഷ്യല്‍ സ്‌കൂള്‍ സ്ഥാപിക്കും. പ്രത്യേക വിദ്യാലയത്തില്‍ കുട്ടികള്‍ക്ക് പഠനത്തോടൊപ്പം അവരുടെ മറ്റു മേഖലകളിലെ മികവും കഴിവും തിരിച്ചറിയുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ഇടപെടലുകളുണ്ടാകും. അവര്‍ക്ക് തൊഴില്‍ പരിശീലന പരിപാടികള്‍ നടപ്പിലാക്കും. 18 വയസ് കഴിഞ്ഞ് സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്ന ഭിന്നശേഷിക്കാര്‍ക്ക് മുഴുവന്‍ സമയ തൊഴില്‍ പരിശിലനത്തിനും തുടര്‍ന്ന് വരുമാന ദായകമായ തൊഴില്‍ ലഭ്യമാക്കുന്നതിനുള്ള പദ്ധതികള്‍ ഉള്‍പ്പെടുത്തും. പകല്‍ പരിപാലന കേന്ദ്രത്തില്‍ വരുന്ന രക്ഷകര്‍ത്താക്കളായ സ്ത്രീകള്‍ക്കുവേണ്ടി വിവിധ തൊഴില്‍ പരിശീലന സൗകര്യമുണ്ടാകും.
സാധാരണ ചെയ്യാന്‍ കഴിയുന്ന ചെറിയ തൊഴിലുകളിലൂടെ വരുമാനമുണ്ടാക്കാനാണ് ഇത്തരം പരിപാടികള്‍ ആസൂത്രണം ചെയ്യുന്നത്. പച്ചക്കറി പരിപാലനം, കന്നുകാലിവളര്‍ത്തല്‍, കോഴിവളര്‍ത്തല്‍, കൈത്തറി നിര്‍മ്മാണം, ബുക്ക് ബൈന്‍റിങ്ങ്, മെഴുകുതിരി നിര്‍മ്മാണം തുടങ്ങിയ തൊഴിലുകള്‍ ഇതിന്‍റെ ഭാഗമായി തയാറാക്കും. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഗ്രാമത്തിലെ വിനോദോപാധികളില്‍ ഏര്‍പ്പെടുന്നതിനും മാനസികോല്ലാസം ലഭ്യമാകുന്നതിനും വിവിധ പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്കായി കളിസ്ഥാലങ്ങള്‍ ഒരുക്കാവുന്നതാണ്. വിവിധ കായിക ഇനങ്ങളില്‍ ഭിന്നശേഷിക്കാര്‍ക്ക് പരിശിലനം നല്‍കുന്നതിന് ഫിസിക്കല്‍ ട്രെയിനിങ് ഇന്‍സ്ട്രക്റ്റര്‍മാരെ നിയോഗിക്കും.
പുനരധിവാസ ഗ്രാമത്തില്‍ പാലിയേറ്റീവ് കെയര്‍ സംവിധാനത്തിന്‍റെ മാതൃകയില്‍ ഭിന്നശേഷി സൗഹൃദ വയോജന ക്ഷേമ കേന്ദ്രങ്ങള്‍ സ്ഥാപിക്കും. വയോജന പരിപാലനത്തില്‍ വൈദഗ്ധ്യം നേടിയ ആളുകളെ ഇവരുടെ പരിചരണത്തിന് വിനിയോഗിക്കും. കൂടാതെ മാതാപിതാക്കള്‍/ കെയര്‍ ഗിവര്‍മാര്‍ എന്നിവരുടെ ആരോഗ്യ പ്രശ്‌നങ്ങള്‍, മറ്റ് അത്യാവശ്യങ്ങള്‍ മൂലം ഹ്രസ്വകാല പുനരധിവസം ആവശ്യമുള്ളവര്‍ക്ക് പരമാവധി മൂന്നു മാസം വരെ സ്ഥാപന സംരക്ഷണം നല്‍കും. ഇത്തരത്തില്‍ എല്ലാ മേഖലകളെയും സ്പര്‍ശിക്കുന്ന സമഗ്രമായ പദ്ധതിയാണ് ഭിന്നശേഷി പുനരധിവാസ ഗ്രാമം.
ലോക ജനസംഖ്യയില്‍ 16 ശതമാനം ഭിന്നശേഷിക്കാരുണ്ടെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ലോകത്താകമാനം വിവിധ ഭിന്നശേഷി വിഭാഗങ്ങളെ കുറിച്ച് നിരവധി റിസര്‍ച്ചുകള്‍ നടക്കുന്നുണ്ട്. പല രോഗങ്ങളെയും പൂര്‍ണമായി നിര്‍മാര്‍ജനം ചെയ്യാന്‍ നമുക്ക് കഴിഞ്ഞിട്ടണ്ടെങ്കിലും ഭിന്നശേഷി പൂര്‍ണമായി ഇല്ലാതാക്കാന്‍ സാധിച്ചിട്ടില്ല. അതൊരു വെല്ലുവിളിയായി നിലനില്‍ക്കുമ്പോള്‍ തന്നെ കേരളം ഈ മേഖലയില്‍ വലിയ ചുവടുവെപ്പുകള്‍ക്കാണ് തയാറെടുക്കുന്നത്. ഇപ്പോള്‍ ആരംഭിക്കുന്ന പുനരധിവാസ ഗ്രാമം ഒരു തുടക്കമാണ്. നിര്‍മാണം എത്രയും വേഗം പൂര്‍ത്തീകരിക്കും.
സമീപ ഭാവിയില്‍ എല്ലാ ജില്ലകളിലേക്കും തുടര്‍ന്ന് എല്ലാ താലൂക്കുകളിലേക്കും വ്യാപിപിക്കുന്നതിനെ കുറിച്ച് സര്‍ക്കാര്‍ പരിശോധിക്കും. സാമൂഹ്യനീതി വകുപ്പ് ഏറ്റവും മുന്‍ഗണന നല്‍കുന്നത് ഭിന്നശേഷിക്കാര്‍ക്കാണ്. ഇവര്‍ പഠിക്കുന്ന സംസ്ഥാനത്തെ മുഴുവന്‍ സ്‌പെഷ്യല്‍ സ്‌കൂളുകളും ആധുനിക സൗകര്യങ്ങളോടെ നവീകരിക്കാനുള്ള പദ്ധതിയെ കുറിച്ചും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.