"ജന്‍ജാതീയ ഗരിമ ഉത്സവ്' "Janjatiya Garima Utsav"
കേന്ദ്ര ഗോത്രവർഗ മന്ത്രാലയം
രാജ്യത്തുടനീളം വ്യാപിച്ചുകിടക്കുന്ന വനങ്ങളും കുന്നുകളും വിദൂര ജനവാസ മേഖലകളുമെല്ലാം ശാന്തവും അതേസമയം നിർണായകവുമായ ഒരു പരിവര്‍ത്തനത്തിന് സാക്ഷ്യംവഹിക്കുകയാണ്. ഇന്ത്യയുടെ വികസനഗാഥയുടെ കേന്ദ്രസ്ഥാനത്ത് അർഹമായ സ്ഥാനത്തിന് ദീർഘകാലമായി കാത്തിരുന്ന ഗോത്രവർഗ സമൂഹങ്ങൾ ഇന്ന് രാജ്യപുരോഗതിയുടെ സജീവ ശില്പികളായി ഉയർന്നുവരുന്നു. ഇതാണ് "ജന്‍ജാതീയ ഗരിമ ഉത്സവ്' എന്ന പരിപാടിയുടെ കാതൽ.
വികസിത ഭാരതത്തിലേക്ക് രാജ്യം നടത്തുന്ന പ്രയാണത്തിന്‍റെ ഈ ദേശീയതല ആഘോഷത്തില്‍ പുരോഗതിയെന്നത് ഭൂമിശാസ്ത്രത്തിന്‍റെയോ സാഹചര്യങ്ങളുടെയോ മാത്രം സവിശേഷ ആനുകൂല്യമല്ല; മറിച്ച് ഓരോ പൗരനും ഒരുപോലെ അവകാശപ്പെട്ടതാണ്.
കേന്ദ്ര ഗോത്രവർഗ മന്ത്രാലയം
ലക്ഷ്യ വ്യാപ്തി
ഗോത്രവർഗ വികസനത്തിന് സാങ്കേതികവിദ്യ എങ്ങനെ അനിവാര്യമായി മാറിയെന്ന് മനസിലാക്കാൻ ആദ്യം ഈ വെല്ലുവിളിയുടെ വ്യാപ്തി എത്രത്തോളമാണെന്ന് തിരിച്ചറിയണം. പ്രധാനമന്ത്രി ജൻജാതി ആദിവാസി ന്യായ മഹാ അഭിയാൻ, ധർത്തി ആബ ജനജാതീയ ഗ്രാം ഉത്കർഷ് അഭിയാൻ, ദേശീയ അരിവാള്‍കോശ രോഗ നിർമാർജന ദൗത്യം എന്നിവയും മറ്റ് അനുബന്ധ പദ്ധതികളും ഇന്ന് 30 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും 549 ജില്ലകളിലായി 2,911 ബ്ലോക്കുകളിലെ 63,000ത്തിലേറെ ഗ്രാമങ്ങളെ ഉൾക്കൊള്ളുന്നു. 5.5 കോടിയിലധികം ഗോത്രവർഗ പൗരന്മാർക്കാണ് ഈ പദ്ധതികള്‍ ഗുണംചെയ്യുന്നത്.
ദുർബല ഗോത്രവിഭാഗങ്ങളില്‍ പ്രത്യേക ശ്രദ്ധ പതിപ്പിക്കുന്ന ഈ പദ്ധതികള്‍ ഭവന നിർമാണം, കുടിവെള്ളം, ശുചിത്വം, വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, യാത്രാസൗകര്യങ്ങള്‍, ഉപജീവനമാർഗം തുടങ്ങിയ അവശ്യ സേവനങ്ങൾ എല്ലാവരിലേക്കും പൂർണതോതില്‍ എത്തിക്കാന്‍ ലക്ഷ്യമിടുന്നു. വൈവിധ്യമാർന്നതും വിശാലവുമായ രാജ്യത്തെ വിവിധ പ്രദേശങ്ങളിലെ ഓരോ കുടുംബത്തിലേക്കും എത്തിച്ചേരാന്‍ വിവരാധിഷ്ഠിതവും പരസ്പര ബന്ധിതമായ സംവിധാനം അനിവാര്യമാണ്. അതാണ് നാം കെട്ടിപ്പടുക്കുന്നത്.
നാലു പ്രമേയങ്ങളെ അധിഷ്ഠിതമാക്കി നാല് ആഴ്ചകളില്‍ സംഘടിപ്പിച്ചിരിക്കുന്ന ഈ വർഷത്തെ ജന്‍ജാതീയ ഗരിമ ഉത്സവ് ഗോത്രവർഗ വികസനത്തിന്‍റെ പൂർണ പുരോഗതി പ്രതിഫലിപ്പിക്കുന്നു. "വികസനത്തിന്‍റെ ചാലകശക്തിയായി സാങ്കേതികവിദ്യ' എന്ന ആദ്യ പ്രമേയം രാജ്യത്തെ അതിവിദൂര സമൂഹങ്ങളിലേക്ക് ഭരണനിർവഹണവും അവസരങ്ങളുമെത്തിക്കാന്‍ ഡിജിറ്റൽ സംവിധാനങ്ങളും ശാസ്ത്രവും നൂതനാശയങ്ങളും എങ്ങനെ സഹായിക്കുന്നുവെന്ന് വ്യക്തമാക്കുന്നു.
സമൂഹത്തിന്‍റെ അവസാന തലങ്ങളിലേക്ക് പോലും വികസനം എത്തിച്ചേരുകയും ഒപ്പം അത് ഗോത്രവർഗ ഭാഷകളോടും സംസ്കാരങ്ങളോടും പൈതൃകത്തോടും പരമ്പരാഗത അറിവുകളോടുമെല്ലാം തികഞ്ഞ ആദരവ് പുലർത്തുകയും ചെയ്യണമെന്ന ലളിതമായ തത്വമാണ് ഈ കാഴ്ചപ്പാടിന്‍റെ കേന്ദ്രബിന്ദു.