ഓഷോയും കൃഷ്ണമൂർത്തിയും
എം.കെ.ഹരികുമാർ
കഴിഞ്ഞ നൂറ്റാണ്ടിൽ നാഗരിക ജീവിതത്തെ സ്വാധീനിച്ച രണ്ട് ഗുരുക്കന്മാരാണ് ഓഷോയും ജിദ്ദു കൃഷ്ണമൂർത്തിയും. അസാമാന്യ ധിഷണാപാടവത്താൽ നൂറ്റാണ്ടിൽ തന്നെ വിസ്മയമായി നിൽക്കുകയാണ് ഇവർ. ചിന്തയും വിചിന്തനവുമാണ് ഇവരുടെ പ്രത്യേകത. രണ്ടു പേർക്കും ധാരാളം ആരാധകരും അനുയായികളും ഉണ്ടായിരുന്നു. രണ്ടു പേരും പ്രഭാഷണങ്ങളിലൂടെയാണ് സംവദിച്ചത്. ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്ന രീതിയാണ് ഇവർ അവലംബിച്ചത്. ഈ രീതി ബുദ്ധനും ക്രിസ്തുവും അവലംബിച്ചതാണ്. അവരോടു ആളുകൾ ചോദ്യങ്ങൾ ചോദിച്ചു. അവർ നൽകിയ ഉത്തരങ്ങളാണ് ആരാധകരുടെ ജീവിതദർശനമായിതീർന്നത്. ഓഷോയും കൃഷ്ണമൂർത്തിയും നഗരങ്ങളിലെ മനുഷ്യരെ അഭിസംബോധന ചെയ്തു സംസാരിച്ചു. എന്നാൽ ജീവിതത്തെയല്ല ഇവർ അഭിസംബോധന ചെയ്തതെന്ന് സൂക്ഷ്മ നിരീക്ഷണത്തിലൂടെ മനസിലാക്കാം. നാഗരിക ജീവിതത്തിൽ കൂടുതൽ ഏകാന്തതയും സ്വസ്ഥതയും തേടി വരുന്നവരെയാണ് സമാധാനിപ്പിക്കാൻ ശ്രമിച്ചത്. എന്നാൽ അത് അവരുടെ ജീവിതത്തിൽ നിന്ന് ഛേദിച്ചെടുക്കുന്ന ഒരിടമായിരുന്നു; ജീവിതമല്ല. ജീവിതത്തെ പൂർണതയിൽ, അല്ലെങ്കിൽ പരമാവധിയിൽ ജീവിക്കുക എന്നാണ് ഓഷോ പറയുന്നത്. എന്നു പറഞ്ഞാൽ എല്ലാ അനുഭവങ്ങളിലേക്കും നിർബാധം സഞ്ചരിക്കണമെന്ന്. അങ്ങനെ കൂടുതൽ പക്വത നേടാമെന്ന്. എല്ലാ വൈരുദ്ധ്യങ്ങളെയും ദ്വന്ദങ്ങളെയും അനുഭവിക്കണമെന്ന പ്രസ്താവനയിലൂടെ നന്മയും തിന്മയും എന്ന ചിന്തയ്ക്ക് തിരശീല വീഴുന്നു. സാമൂഹികമായ ചുമതലകളോ സഹാനുഭൂതിയോ ഇല്ലാത്ത മനുഷ്യരെ സൃഷ്ടിച്ചിട്ട് എന്താണ് പ്രയോജനം?
മനസിനപ്പുറത്ത് മനുഷ്യരില്ല
മറ്റുള്ളവരുടെ ജീവിതങ്ങളെ സഹായിക്കാനുള്ള മാനസികാവസ്ഥ ഇല്ലാതാക്കി വ്യക്തികളെ അവരുടെ ഏകാന്തതകളിലേക്ക് പറഞ്ഞു വിടുകയാണ് ഓഷോ ചെയ്തത്. അതുകൊണ്ടാണ് ദ്വന്ദങ്ങളെ ഒരുപോലെ സ്വീകരിച്ച് കൂടുതൽ പക്വത നേടണമെന്ന് ഉപദേശിച്ചത്. എന്തിനാണ് ഈ വാർധക്യം ബാധിച്ച പക്വത? ജീവിതം പക്വത നേടാനുള്ള ഒരു യത്നമല്ല; ഒരു യുവതിക്ക് ആഗോളതാപനത്തിനും അതിക്രമത്തിനുമെതിരേ പൊരുതാൻ തോന്നുന്നത് ഓഷോ പറയുന്ന പക്വത അവരെ ബാധിക്കാത്തതുകൊണ്ടാണ്. ഗ്രെറ്റ തൂൻബെർഗ് എന്ന യുവതിയുടെ കാര്യമാണ് പറഞ്ഞത്. അവർ ഒറ്റയ്ക്ക് മനുഷ്യാവകാശപ്പോരാട്ടത്തിന്‍റെ ഒരു സംഘമായി മാറിയത്, ഗാസയിലെ കുട്ടികൾക്കെതിരായ അക്രമത്തിനെതിരേ പ്രതികരിക്കാൻ അങ്ങോട്ടു ധീരമായി യാത്രചെയ്തപ്പോൾ നാം കണ്ടു. യുഎന്നിലും മറ്റ് അന്താരാഷ്ട്രവേദികളിലും അവർ എത്രയോ വട്ടം വർധിച്ചുവരുന്ന ആഗോളതാപനത്തിന്‍റെയും പരിസ്ഥിതി നശീകരണത്തിന്‍റെയും പേരിൽ ലോക നേതാക്കളെ വിമർശിച്ചു സംസാരിച്ചു എന്നോർക്കണം. ഓഷോയുടെ "പക്വത' അനുസരിച്ച് അവർക്ക് ഒരിക്കലും പ്രതിഷേധിക്കാൻ കഴിയില്ല. കാരണം ഓഷോയുടെ സങ്കൽപ്പത്തിലെ "പക്വത' വിരുദ്ധ അനുഭവങ്ങൾ ഒരുപോലെ ആഹരിക്കുമ്പോഴാണ് സംഭവിക്കുന്നത്. അത് ആ സംയോജനത്തിൽ തന്നെ ഒതുങ്ങുന്നതാണ്, മറ്റൊരു ലക്ഷ്യമില്ല.
ഓഷോയുടെ മറ്റൊരു ആശയമാണ് ധ്യാനം. ധ്യാനത്തെയും, ഓഷോ ജീവിതത്തിൽ നിന്ന് വേർപെടുത്തുകയാണ്. ഈഗോ അഥവാ അഹം ഇല്ലാതാക്കാനാണ് ധ്യാനം എന്നാണ് അദ്ദേഹം പറയുന്നത്. ജീവിതത്തിൽ ആർക്കെങ്കിലും ഈഗോ ഇല്ലാതാക്കാൻ കഴിയുമോ? ഒരു നടൻ അഭിനയിക്കുമ്പോൾ അയാൾ കഥാപാത്രമാകുന്നു എന്നു പറയാറുണ്ട്. അപ്പോഴും അയാൾ താൻ ആരാണെന്ന് അറിഞ്ഞുകൊണ്ടാണ് ജീവിക്കുന്നത്. അഭിനയിക്കുന്ന ആ സമയത്ത് നടൻ എന്ന വ്യക്തിയുടെ ഈഗോയില്ല. പക്ഷേ ഈ അവസ്ഥ ദീർഘസമയം തുടരാനാകില്ല. വ്യക്തിയിലേക്ക് തിരിച്ചുവന്നേ മതിയാകൂ. അഭിനയിക്കുന്ന സമയത്തെ ധ്യാനമെന്നു വിളിക്കാം. പക്ഷേ, നന്നായി ശ്രദ്ധിച്ച് ഒരു പ്രവൃത്തി ചെയ്യുമ്പോഴും ധ്യാനമുണ്ട്. ഇതല്ലാതെ മറ്റൊരു ധ്യാനം ജീവിതത്തിൽ പ്രായോഗികമല്ല. ഉത്തരവാദിത്തങ്ങളും പ്രവർത്തനങ്ങളും ഏറ്റെടുത്ത് കടലിനെ പോലെ ഇളകുന്ന ആധുനിക മനുഷ്യന് ധ്യാനത്തിലും പുതിയൊരാളായി പുനരുത്ഥാനം ചെയ്യാമെന്നത് വ്യാമോഹമല്ലേ? കൂടുതൽ വായിക്കുകയും സ്നേഹിക്കുകയും ചെയ്തുകൊണ്ട് ചുറ്റുപാടും പ്രകാശം പരത്തുകയാണെങ്കിൽ അത് പ്രയോജനകരമാണ്.
മനസിനെ നിരീക്ഷിക്കുക, മനസിലുള്ളത് ഒഴിവാക്കുക, ഉണ്മയെ ശ്രദ്ധിക്കുക, മനസിൽ നിന്ന് പുറത്താകുക തുടങ്ങിയ നിർവചനങ്ങളാണ് ഓഷോ ധ്യാനത്തിനു നൽകുന്നത്. ബുദ്ധന്‍റെ ധ്യാനരൂപം, കണ്ണുകളടച്ചിരിക്കുന്ന രൂപം ആധുനിക നഗരങ്ങളിലെ ഓഫിസുകളിലും വീടുകളിലും ഒരു അലങ്കാരവസ്തു പോലെ വച്ചിരിക്കുന്നത് കണ്ടിട്ടുണ്ട്. ജീവിതത്തിൽ നിന്ന് ഒഴിഞ്ഞുമാറി കൃത്രിമമായ അച്ചടക്കം, നിശബ്ദത, ആലോചനയുടെ ആലോചന, സ്വയം മഹത്വപ്പെടുത്തൽ തുടങ്ങിയവ അടങ്ങുന്നതാണ് ബുദ്ധന്‍റെ ദർശനം എന്ന് തെറ്റിദ്ധരിച്ചവരാണ് ഇതിനു പിന്നിൽ. ഓഷോയും ഇത് പ്രചരിപ്പിക്കുന്നു. ഓഷോയുടെ ദർശനത്തിൽ സഹജീവികളില്ല. സഹജീവികളെ ഓർത്ത് അവർക്ക് വേണ്ടി ജീവിക്കുന്നതാണ് മഹത്തരമായത്. ഒരു നമുക്ക് മാത്രമായി ഒരു ധ്യാനമുണ്ടോ? ആരെയും ആശ്രയിക്കാതിരിക്കുന്ന ഒരു ഘട്ടത്തിൽ നിങ്ങൾ ഒരു ചക്രവർത്തിയാണെന്ന് ഓഷോ പറയുന്നു. എന്നാൽ നമുക്കതിനു സാധിക്കുമോ? നമുക്ക് ആരെയും ആശ്രയിക്കാതെ ജീവിക്കാനൊക്കുമോ? നമ്മൾ ഉപയോഗിക്കുന്ന ചെരിപ്പ്, വാച്ച്, ഷേവിങ് സെറ്റ്, ഷർട്ട് ,സാരി, മുണ്ട്, ചീപ്പ്, കണ്ണാടി, പുസ്തകം, കണ്ണട, ഭക്ഷണം തുടങ്ങിയവയ്ക്കെല്ലാം നാം ചുറ്റുമുള്ളവരെ ആശ്രയിച്ചേ പറ്റൂ. കർഷകർക്ക് ദുരിതമുണ്ടായാൽ അത് നമ്മെ ബാധിക്കും. മറ്റൊന്നിനെ ആശ്രയിച്ചാണ് ഭേദപ്പെട്ട ഒരുകൂട്ടം ആളുകൾ ഉണ്ടാകേണ്ടത്. നമുക്ക് സമാധാനത്തോടെയിരിക്കണമെങ്കിൽ കർഷകരും കച്ചവടക്കാരും വിതരണക്കാരും സുഖമായിരിക്കണം. ഓഷോ പറയുന്നത് ഇതിൽ നിന്നെല്ലാം മാറിനിൽക്കുമ്പോഴാണ് നമുക്ക് സമാധാനമുണ്ടാകുന്നതെന്നാണ്. തെറ്റായ ഒരു സന്ദേശമാണിത്. ഇതിന്‍റെ പ്രചോദനത്തിൽ എത്രയോ പേര് കൂട്ടംവിട്ട് ഒറ്റയ്ക്ക് സമാധാനം തേടി മലമുകളിലും ഗുഹകളിലും പോയി ജീവിക്കുന്നു. എന്നാൽ മനസിനപ്പുറത്തുള്ള സമാധാനം മാനുഷികമല്ല. മനസിനപ്പുറത്ത് മനുഷ്യരുടെ സംഗീതമില്ല, ശബ്ദങ്ങളില്ല. പ്രേമിക്കുന്ന ഒരുവന് തന്‍റെ കാമുകിയുടെ ശബ്ദം കേൾക്കാതിരിക്കാനാവില്ല. അവന് അത് സംഗീതമായിരിക്കും. അവനെ ജീവിപ്പിക്കുന്നത് ആ സംഗീതമാണ്. അതാണ് അവന്‍റെ സമാധാനം.
സ്നേഹം സ്നേഹിക്കാതിരിക്കലല്ല
ഓഷോ സ്നേഹത്തെക്കുറിച്ച് ഉദ്ബോധിപ്പിക്കുന്ന ആശയങ്ങളിലും മറ്റുള്ളവരുടെ അഭാവം ഭീതിജനകമാണ്. സ്നേഹത്തെ അമൂർത്തമാക്കുകയാണ് ഓഷോ ചെയ്തത്. ഇത് പരിശീലിച്ചാൽ നമുക്ക് ആരോടും സ്നേഹമില്ലാതാകും. അദ്ദേഹം പറയുന്നു:"നിങ്ങളിലുള്ള ഒരു പ്രത്യേക ഗുണമാണ് സ്നേഹം. നിങ്ങൾ എവിടെയായിരുന്നാലും, തനിച്ചായിരുന്നാലും സ്നേഹം നിങ്ങളിൽ നിന്ന് പ്രവഹിച്ചുകൊണ്ടിരിക്കും. ഇത് ആരോടെങ്കിലും സ്നേഹത്തിലായിരിക്കുക എന്ന പ്രശ്നമല്ല; സ്നേഹത്തിലായിരിക്കുക എന്ന കേവലപ്രശ്നം മാത്രമാണ്'. നാഗരിക ജീവിതത്തിൽ മറ്റാരോടും ബന്ധത്തിലായിരിക്കാൻ, തീവ്രമായി ഇടപഴകാൻ കഴിയാത്തവരുടെ തത്വമാണിത്. നിർവ്യക്തീകരിക്കപ്പെട്ട സ്നേഹമാണിത്. സ്നേഹത്തിന് മനുഷ്യനുമായി ബന്ധമില്ല; അത് മനസിന്‍റെ ഒരു "ഗുണ'മാണത്രേ! മറ്റുള്ളവരെ സ്നേഹിക്കുമ്പോഴാണ് നാം ഒരു മനുഷ്യനാകുന്നതെന്ന് ഭാഗവതത്തിൽ പറയുന്നതാണ് ശരി. അതിനു വിരുദ്ധമാണ് ഓഷോയുടെ വാദം. മറ്റൊരാളെ യാതൊരു ഭിന്നതയുമില്ലാതെ സ്നേഹിക്കുക എന്നാണ് ഭാഗവതത്തിൽ പറയുന്നത്. സ്നേഹമെന്നത് വ്യക്തി തനിച്ച് അനുഭവിച്ചാൽ അതിലെന്താണ് മഹത്വം? അത് മസാലദോശ തിന്നുന്നത് പോലെയോ, ലൈംഗിക വീഡിയോ കാണുന്നത് പോലെയോ വ്യക്തിപരമായ ഏർപ്പാട് മാത്രമായിരിക്കും.
ഇതുപോലെ വിപരീത ഫലമുണ്ടാക്കുന്ന ആശയമാണ് കാലത്തെക്കുറിച്ച് ഓഷോ ഉപദേശിക്കുന്നത്. ഭൂതകാലം മരിച്ചു, ജീവിതമെന്നത് ഈ നിമിഷമാണ്; ഭൂതമോ ഭാവിയോ ഇല്ല എന്ന പ്രസ്താവന സ്വീകരിക്കാനാവില്ല. ഇത് നമ്മെ മനുഷ്യരല്ലാതാക്കും. മനസിലെ വികാരങ്ങൾ മരിച്ചുപോകും. സ്നേഹം നശിക്കും. ഈ നിമിഷത്തിൽ മാത്രമാണ് ജീവിതമെന്നത് തത്വം മാത്രമാണ്. ഈ നിമിഷത്തെ പിടിക്കാൻ കിട്ടില്ലല്ലോ. ഈ നിമിഷത്തെ അറിയുമ്പോൾ തന്നെ അത് ഭൂതകാലമാവും. ഭൂതകാലം മരിച്ചു എന്ന് പറഞ്ഞാൽ, നാം സ്നേഹിച്ചതും പിന്തുടർന്നതും ഇല്ലാതായി എന്നാണ്. ഇതിനോട് യോജിക്കാനാവില്ല. നാം സ്നേഹിച്ചവരൊക്കെ ഭൂതകാലത്തിലാണ്. അവർ ഉണ്ടായിരുന്നതുകൊണ്ടാണ് നാം ഉണ്ടായിരിക്കുന്നത്. അവരിലാണ് നാം ജീവിക്കുന്നത്. നമ്മുടെ ബോധത്തിൽ നിറയെ അവരാണ്. അവരുടെ വാക്കുകൾ, രൂപം, ചിന്തകൾ, ഭാവനകൾ ...ഭൂതകാലത്ത് നിന്ന് പൂർണമായി ഛേദിക്കപ്പെട്ടാൽ നാം ഒരു ജീവനില്ലാത്ത തടിക്കഷണം മാത്രമായിരിക്കും. എവിടേക്കും ഒഴുകിപ്പോകാവുന്ന ഒരു സാധനം. ഓർമകൾ നശിച്ചതിനു സമാനമായിരിക്കുമത്.
ഈ നിമിഷത്തിൽ മാത്രമായി ജീവിക്കാനാവില്ല
ഭൂതകാലത്തെ വീണ്ടും വീണ്ടും ഓർത്തുകൊണ്ടാണ് ഭഗവാൻ കൃഷ്ണൻ ഉപദേശം നൽകിയിട്ടുള്ളത്. ഭാവിയെ എങ്ങനെ ഉപേക്ഷിക്കാനാവും? ഓരോ നിമിഷവും ഭാവിയായി മാറുകയാണ്. ഒരാൾ കളിമണ്ണുകൊണ്ട് കലം ഉണ്ടാക്കുമ്പോൾ ഓരോ നിമിഷത്തിലും കലം പൂർത്തിയാകാനുള്ള യാത്രയിലാണ്. അത് ഭാവിയെയാണ് ചൂണ്ടിക്കാണിക്കുന്നത്. അതുപോലെ ഓരോ നിമിഷവും ഭൂതകാലമായി രൂപാന്തരപ്പെടുകയും ഭാവിയെ നിർമിക്കുകയും ചെയ്യുന്നു. ഇതിനെ സമന്വയിപ്പിക്കുന്ന മാന്ത്രികമായ ഒരു പീഠമാണ് ഈ നിമിഷം. പീഠം മാത്രമായി നിലനിൽക്കുന്നില്ല.
ജിദ്ദു കൃഷ്ണമൂർത്തി സ്നേഹം എന്ന ആശയം ഇങ്ങനെയാണ് അവതരിപ്പിക്കുന്നത്: "സ്നേഹം മനുഷ്യന്‍റെ പരിധിയിലെ ആഗ്രഹമോ അനുപാതമോ അല്ല'. ഇവിടെയും സ്നേഹം അമൂർത്തമാകുകയാണ്. ഒരാൾക്ക് മറ്റൊരാളോടുള്ള സ്നേഹത്തെ കൃഷ്ണമൂർത്തി ഗൗനിക്കുന്നില്ല. സ്നേഹത്തിന്, അദ്ദേഹത്തിന്‍റെ വീക്ഷണത്തിൽ, ഭൂതകാലമോ ഭാവിയോ ഇല്ല. സ്നേഹം കൂടിച്ചേർന്നിരിക്കലല്ല എന്ന് അസന്ദിഗ്ധമായി അദ്ദേഹം പറയുമ്പോൾ അത് മനുഷ്യന് സ്വീകരിക്കാവുന്ന തത്വമല്ല എന്നാണ് തെളിയുന്നത്. ഒരു പൂച്ചക്കുട്ടിയെ നോക്കൂ. സ്നേഹം അവിടെ പ്രസന്നവും സുരഭിലവുമാണ്; അനന്തവും നിർവ്യാജവുമാണ്. അവന്‍റെ മാതാവ് ഏതാനും കുഞ്ഞുങ്ങളെ പ്രസവിക്കുകയാണെങ്കിൽ താരതമ്യേന മുതിർന്ന ആ പൂച്ചക്കുട്ടി കൃഷ്ണമൂർത്തിയുടെയോ ഓഷോയുടെയോ സഹായമില്ലാതെ സ്നേഹത്തെ വ്യാഖ്യാനിക്കുകയും സ്വയം നിറയുകയും പരിപാലിക്കുകയും ചെയ്യുന്നത് കാണാം. അവൻ ആ കുഞ്ഞുങ്ങളുടെയടുത്ത് കാവലിരിക്കും. അമ്മയുടെ ഒഴിവിൽ അവൻ അവയുടെ കൂടെ കിടക്കും; നക്കിക്കൊടുക്കും. അവൻ പുറത്തുപോയാൽ തിരിച്ചുവരുന്നത് ആധിപിടിച്ചാണ്. ഭക്ഷണം പോലും ഉപേക്ഷിച്ച് അവൻ ആ കുഞ്ഞുങ്ങളുടെയടുത്തേക്ക് പായും. ഇതിനെ സ്നേഹമെന്നാണ് വിളിക്കേണ്ടത്. സ്നേഹം പ്രകൃതിയിലാകെ നിറയുന്ന പ്രതിഭാസമാണ്. അത് ഏത് ജീവിക്കു കൊടുത്താലും തിരിച്ചു സ്നേഹിക്കും. സ്നേഹം സുഖമുള്ള ബന്ധനമാണ്. പൂച്ചയെയോ നായയെയോ സ്നേഹിക്കൂ. സ്നേഹത്തിന്‍റെ ഒരു മഹാലോകം വൈകാരികമായി അനുഭവിക്കാം.
കൃഷ്ണമൂർത്തി പറയുന്ന ആദിയും അന്തവുമില്ലാത്ത, മനുഷ്യേതരമായ, മനസിന്‍റേതല്ലാത്ത സ്നേഹം ആർക്കും ഉപകാരപ്പെടുന്നതല്ല. അത് വ്യക്തിയിൽ മാത്രം തളം കെട്ടിക്കിടക്കുന്നതാണ്. സ്നേഹത്തിന്‍റെ പേരിൽ എന്തെങ്കിലും സ്വന്തമാക്കണമെന്ന മോഹമാണ് കൃഷ്ണമൂർത്തിയുടെ കാഴ്ചപ്പാടിൽ ഏറ്റവും വലിയ അപരാധം.എന്നാൽ സ്നേഹത്തിൽ സ്വന്തമാക്കലുണ്ട്. ഒരു പുസ്തകത്തോട് ഇഷ്ടം തോന്നുന്നു, അത് സ്വന്തമാക്കിയാലല്ലേ ഇഷ്ടം പോലെ സമയമെടുത്തു വായിക്കാനാവൂ. സ്നേഹമെന്നാൽ സ്നേഹിക്കാതിരിക്കലാണ് എന്നാണ് കൃഷ്ണമൂർത്തി പറയുന്നത്. ഈ ഗുരുക്കന്മാർ നാഗരികലോകത്തിന്‍റെ അവ്യക്തവും പലായനസ്വഭാവമുള്ളതും വ്യക്തിവിമുക്തമാക്കപ്പെട്ടതും വികാരരഹിതവുമായ ഒരവസ്ഥയെയാണ് സ്നേഹമെന്ന് സിദ്ധാന്തരൂപത്തിൽ വിളിക്കുന്നത്.
"അനുതാപവും വികാരവും ഉള്ളിടത്ത് സ്നേഹമില്ല. വികാരവും അനുതാപവുമാണ് ഇഷ്ടത്തിന്‍റെയും അനിഷ്ടത്തിന്‍റെയും ക്രൂരതയെ കൊണ്ടുവരുന്നത്'. ഈ പ്രസ്താവനയും നമ്മുടെ പാരമ്പര്യത്തിന്‍റെ മഹത്തായ ആലോചനകളിൽ നിന്നുള്ള പതനമാണ്. ഒരു മനുഷ്യജീവിയായതുകൊണ്ടാണ് നാം സ്നേഹത്തെ ലോകവ്യാപകമായ വികാരമായി കാണുന്നത്. സ്നേഹിക്കുന്നത് ആരെയാണോ അയാളിൽ നിന്ന് സ്വതന്ത്രമാകുന്നതാണ് സ്നേഹമെന്ന് കൃഷ്ണമൂർത്തി ചിന്തിക്കുന്നു. ഒന്നും സ്വന്തമാണെന്ന് ചിന്തിക്കരുതെന്നും അതിൽ ആഗ്രഹങ്ങൾ കലർത്തരുതെന്നും വികാരങ്ങൾ കടന്നുവരരുതെന്നും അദ്ദേഹം പറയുന്നുണ്ട്.
ധ്യാനം മനുഷ്യവിരുദ്ധമാകരുത്
യാതൊരു വികാരവുമില്ലാതെ, എല്ലാറ്റിൽ നിന്നും സ്വാതന്ത്ര്യം ഉറപ്പാക്കി, യാതൊന്നിനോടും ഒരു ബന്ധവുമില്ലാതെ സ്നേഹിക്കുന്നത് ആത്മവഞ്ചനയാണ്. ഈ രീതിയിൽ ഒരാളെ സ്നേഹിക്കാത്തവൻ, ചിലപ്പോൾ ഒരു സമൂഹത്തോടു മുഴുവൻ സ്നേഹമാണെന്ന് പറഞ്ഞേക്കാം. അപ്പോൾ വ്യക്തിപരമായ സ്നേഹമില്ല; ആരെയും സ്നേഹിക്കാതിരിക്കുന്നതിലൂടെ മനസ് സ്വതന്ത്രമാകുകയാണെങ്കിൽ ആ സ്വാതന്ത്ര്യം മനുഷ്യവിരുദ്ധവും നീചവുമായിരിക്കും.
അപരപ്രിയമാണ് എന്‍റെ പ്രിയം എന്ന് ശ്രീനാരായണഗുരു പറഞ്ഞതിന്‍റെ ബൃഹത്തായ രാഷ്ട്രീയം ഓഷോയിലോ കൃഷ്ണമൂർത്തിയിലോ കണ്ടില്ല. സമൂഹത്തിൽ നിന്ന് വേർപെട്ടു നിൽക്കാനാണ് ഓഷോ പഠിപ്പിക്കുന്നത്. സ്വന്തം രാഷ്ട്രത്തോടോ, ജനവിഭാഗങ്ങളോടോ യാതൊരു ബന്ധവുമില്ലാത്ത ഒരുവനെയാണ് അദ്ദേഹം സൃഷ്ടിക്കാൻ ശ്രമിക്കുന്നത്. സ്വാതന്ത്ര്യം ആത്മസാക്ഷാത്കാരത്തിനുള്ളതാണെന്ന് അദ്ദേഹം ഉറച്ചു വിശ്വസിക്കുന്നു. എങ്ങനെയാണ് ഒരാൾ ആത്മസാക്ഷാത്കാരം നേടേണ്ടത്? തത്വവും മനനവുമായി ഏകാന്തമായ ഒരു ഗുഹയിൽ പോയിരിക്കുന്നതാണോ സ്വാതന്ത്ര്യം?അതെത്ര നിർജീവവും മനുഷ്യനിരപേക്ഷവുമായിരിക്കും. കൂട്ടുകൂടി, കൂട്ടംചേർന്ന് ഒരു വലിയ ശക്തിയാകുന്നതിലാണ് മനുഷ്യരാശിയുടെ വിജയം. ഒരു വലിയ കൂട്ടമായി, മനുഷ്യൻ എന്ന വംശം ഒരൊറ്റ ശരീരമായി മാറുന്നതാണ് ശരിയായ മനുഷ്യത്വത്തിലേക്ക് നമ്മെ ഉയർത്തുന്നത്. മനുഷ്യന്‍റെ മികച്ച ഗുണങ്ങൾ സ്നേഹവും അനുകമ്പയും ത്യാഗവുമാണെങ്കിൽ അതിലൂടെയാണ് മനുഷ്യത്വത്തെ അന്വേഷിക്കേണ്ടത്. ഓഷോയുടെ മണ്ഡലത്തിൽ ഇതൊന്നുമില്ല. അദ്ദേഹത്തിന്‍റെ മുന്നിൽ ധ്യാനം പോലും മറ്റെല്ലാ ബന്ധങ്ങളും അറുത്തുമാറ്റാനുള്ള ഉപാധിയാണ്. വളരെ നിശിതമായി ആലോചിച്ചാൽ ക്രൂരമായ ഒരു മനുഷ്യനിന്ദ ആ ആശയങ്ങളിൽ, ഒരു പുളവനെപ്പോലെ തല നീട്ടുന്നത് കാണാം.
കൃഷ്ണമൂർത്തി സ്വാതന്ത്ര്യത്തെക്കുറിച്ച് പറയുന്നത് ഇതാണ്:"എല്ലാ അധികാരകേന്ദ്രങ്ങളിൽ നിന്നും, നിങ്ങളിൽ നിന്ന് തന്നെയും, മറ്റുള്ളവരിൽ നിന്നും സ്വതന്ത്രനാവുക, ഇന്നലെകളിൽ നിന്ന് പൂർണമായി പിന്മാറുക, അപ്പോഴാണ് മനസ് പുതിയതാകുക , ചെറുപ്പമാകുക, നിഷ്കളങ്കമാകുക, ശക്തമാകുക," ഈ സ്വാതന്ത്ര്യം സാമൂഹ്യമാറ്റത്തിന് ഗുണകരമല്ല; ഇത് ഒരു വ്യക്തിയിൽ തന്നെ ചുറ്റിക്കറങ്ങി, മറ്റുള്ളവർക്ക് അപ്രാപ്യമായി, അതാര്യമായി അവസാനിക്കുകയാണ്. കേവല സ്വാതന്ത്ര്യം മാത്രമാണോ ഒരു മനുഷ്യന്‍റെ ലക്ഷ്യം? സ്വന്തം കുഞ്ഞിന് ജന്മം കൊടുക്കണമെങ്കിൽ ഒരു സ്ത്രീയുമായി അടുക്കണം. അതിനുശേഷം തന്നിൽ നിന്ന് തന്നെ സ്വതന്ത്രമാക്കുകയാണെന്ന് വിചാരിക്കുക, സ്വാതന്ത്ര്യം എന്ന കേവലാനന്ദത്തെ അറിയാൻ. അത് അവനവനോട് തന്നെയുള്ള ക്രൂരമായ നിന്ദയായിതീരുന്നതാണ്. നമ്മൾ എന്നാൽ ഇന്നലെകളിലെ നമ്മളാണ്. അത് നിശേഷം ഇല്ലാതാക്കിയാൽ സ്വാതന്ത്ര്യം കിട്ടുകയില്ല. ആ സ്വാതന്ത്ര്യം നമ്മെ എവിടെയും കൊണ്ടെത്തിക്കുകയില്ല. കെട്ടുപാടുകളിൽ നിന്ന് സ്വതന്ത്രമായി ചിന്തിക്കുകയാണെങ്കിൽ ജ്ഞാനം ലഭിക്കുന്നതാണ്. പക്ഷേ, സ്വയം മറക്കാനാവില്ല, ബന്ധങ്ങൾ ഉപേക്ഷിക്കാനാവില്ല.
രജതരേഖകൾ
1. ഈ വർഷത്തെ നൊബേൽ സമ്മാനം ഹംഗേറിയൻ എഴുത്തുകാരൻ ലാസ്ലോ ക്രാസ്നാഹോർക്കെക്ക് ലഭിച്ചത് വലിയ പ്രതീക്ഷ നൽകിയിരിക്കുകയാണ്; സാഹിത്യത്തിന്‍റെ ഭാവിയിൽ വിശ്വസിക്കാൻ ഇത് പ്രേരിപ്പിക്കുന്നു. കഴിഞ്ഞ കുറെ വർഷങ്ങളായി, നൊബേൽ സമ്മാനം കൊടുത്തത് അർഹിക്കുന്നവർക്ക് ആയിരുന്നില്ല. ഒരു വലിയ എഴുത്തുകാരിയല്ല കഴിഞ്ഞ വർഷം സമ്മാനം നേടിയ ദക്ഷിണ കൊറിയയിലെ ഹാൻ കാങ്. എന്നാൽ ജീവിതത്തെ ദാർശനികമായി കാണുകയാണ് ക്രാസ്നാഹോർക്കെ. കലയെക്കുറിച്ചുള്ള തന്‍റെ വീക്ഷണം അദ്ദേഹം ഇങ്ങനെ വിവരിക്കുന്നു:"നഷ്ടബോധത്തോടുള്ള മാനവരാശിയുടെ അസാധാരണ പ്രതികരണമാണ് കല; അത് വിധിയാണ്. സൗന്ദര്യം നിലനിൽക്കുന്നുണ്ട്. അത് ഒരു പരിധിക്കപ്പുറത്താണ്. അവിടെ നാം എത്തിച്ചേരേണ്ടതുണ്ട്. ആ പരിധിക്കപ്പുറത്ത് പോയി സൗന്ദര്യത്തെ പിടിക്കാനോ, സ്പർശിക്കാനോ നമുക്ക് കഴിയുകയില്ല. നമുക്ക് ആ പരിധിയിൽ നിന്നുകൊണ്ട് സൗന്ദര്യത്തെ തുറിച്ചുനോക്കാനും അത് അവിടെ ഉണ്ടെന്ന് ഉറപ്പിക്കാനും മാത്രമേ സാധിക്കൂ. സൗന്ദര്യം ഒരു നിർമിതിയാണ്. പ്രതീക്ഷയെ മുൻനിർത്തിയുള്ള സങ്കീർണമായ ഒരു സൃഷ്ടിയും ഉന്നതമായ ക്രമവുമാണത്." ഒരു സാധാരണ എഴുത്തുകാരനല്ല ക്രാസ്നാഹോർക്കെ എന്നതിന് ഇതു മതി തെളിവ്. ആദ്യനോവൽ "ശതംഗ്ടങ്കോ' വളരെ ശ്രദ്ധിക്കപ്പെട്ടു. "ശതംഗ്ടങ്കോ' എന്നാൽ പിശാചിന്‍റെ നൃത്തം എന്നാണർത്ഥം.
2. വയലാറിനെക്കുറിച്ച് കവിതയെഴുതാൻ ചലച്ചിത്രഗാനത്തിന്‍റെ രചനാതന്ത്രം തന്നെ തെരഞ്ഞെടുത്തിരിക്കുകയാണ് സുബീഷ് തെക്കൂട്ട് (വർണഭൃംഗമായി പറന്നോട്ടെ, മാതൃഭൂമി ആഴ്ചപ്പതിപ്പ് , ഒക്റ്റോബർ 12). വയലാർ എഴുതിയ ഗാനങ്ങളിലെ വാക്കുകൾ കോർത്തിണക്കി പ്രാസഭംഗിയും ശബ്ദഭംഗിയും ചമയ്ക്കുകയാണ് കവി. "ശ്രീനഗരത്തിലെ ചിത്രവനത്തിലെ
ശിശിരമനോഹര ചന്ദ്രികയോ?
കായലിനക്കരെ പോകാൻ പാട്ടിൻ വള്ളമിറക്കിയ കാമുകനോ?ഹിമവാഹിനിയോ ഈറക്കുഴലോ?
കാലം നാട്ടിയ ചെങ്കൊടിയോ?"
ഇനി പത്മരാജനെക്കുറിച്ച് എഴുതാൻ ഋതുഭേദങ്ങൾ, തൂവാനത്തുമ്പികൾ, കള്ളൻ പവിത്രൻ, പെരുവഴിയമ്പലം തുടങ്ങിയ വാക്കുകൾ അടുക്കിയാൽ മതി. രാമു കാര്യാട്ടിനെക്കുറിച്ച് എഴുതാൻ നെല്ലും ചെമ്മീനും ദ്വീപും ഉപയോഗിക്കാം.വിവേകശൂന്യമായ എഴുത്താണിത്?
3. ഒരു പഴയകാല സന്ധ്യയെ എഐ സങ്കേതത്തിൽ സമീപിക്കുന്നതിന്‍റെ വിവരണമാണ് ദുർഗാപ്രസാദ് എഴുതിയ "സന്ധ്യ: എഐ പ്രോംപ്റ്റ് ' (മാതൃഭൂമി ആഴ്ചപ്പതിപ്പ് , ഒക്റ്റോബർ 12) എന്ന കവിത.
"കൂട്ടമായ്പ്പാറും കിളികൾക്ക് പിന്നിലായ്
നൂലറ്റപട്ടം വലവലിച്ചേറ്റുന്നു
സൂര്യൻ കടവിൽ
തിളങ്ങുന്ന പൊന്തകൾ'.
യാതൊരു ഉൾക്കാഴ്ചയുമില്ലാത്ത രചന. എഐക്ക് ഇത്രയൊക്കെയേ സൃഷ്ടിക്കാനാവുന്നുള്ളൂവെന്ന് അറിയാമെങ്കിൽ ഈ കവിത എന്തിനെഴുതി എന്ന ചോദ്യം ബാക്കിയാവുകയാണ്.
4.ആശ്രയ ചാരിറ്റബിൾ സൊസൈറ്റിയുടെ സാരഥിയും വൃദ്ധസദന കേന്ദ്രത്തിന്‍റെ കാര്യദർശിയുമായ കലയപുരം ജോസ് ആശ്രയമാതൃനാട് മാസികയിൽ എഴുതുന്നു:" വിഷമയമായ ആഹാരവും മലീമസമായ വായുവും വെള്ളവും ഒപ്പം ലഹരിപദാർത്ഥങ്ങളും കൂടി ആയപ്പോൾ മനുഷ്യനെ മാരകരോഗങ്ങൾ കീഴ്പ്പെടുത്തി. മലയാളിമക്കൾ മരുന്നു കമ്പനിക്കാരുടെ ഇരകൾ മാത്രം'. എത്രയോ വലിയ സത്യം. രാഷ്ട്രീയ നേതാക്കളും അദ്ധ്യാപകരും ഇത് പരിഹരിക്കാൻ മുന്നോട്ടുവരട്ടെ.
5. അലക്സാണ്ടർ ചക്രവർത്തിയുടെ ബ്യൂസെഫലസ് എന്ന കുതിര സ്വന്തം നിഴൽ കണ്ടാൽ ഹാലിളകുമായിരുന്നത്രേ! ആ കുതിര നമ്മളിൽ ഓരോരുത്തരിലൂടെയും പുനർജനിക്കുന്നു എന്നയർത്ഥത്തിൽ ഷൈന എസ്. എഴുതിയ കവിത (തന്മ മാസിക, സെപ്റ്റംബർ) ശ്രദ്ധേയമാണ്.
"നിന്നെപ്പോൽ ഞങ്ങളും
സ്വന്തം നിഴലിനെക്കണ്ടു
വിളറുന്നു, ഭീതി തന്നുന്മാദ -
തിരകളിൽപ്പെട്ടു വലയുന്നു
പലരുപലതുമെന്‍റേതെന്നു
കരുതിയാർത്താർത്തു
മദിച്ചുപായുന്നു
ഇഷ്ടങ്ങൾ പങ്കുവയ്ക്കാൻ മടിക്കുന്നു.
മെരുക്കുവാനാകാതെ തൃഷ്ണകൾ
തിങ്ങിയിടനെഞ്ചിൻ കടിഞ്ഞാൺ മുറിയുന്നു'.
6.1937ൽ ഉപരിപഠനത്തിന് പാരിസിൽ പോയ മിച്ചിലോട്ട് മാധവൻ ലോകമഹായുദ്ധത്തിന്‍റെ ഭാഗമായി ഫ്രഞ്ച് കമ്യൂണിസ്റ്റ് പാർട്ടിയിൽ ചേർന്നു. തുടർന്ന് അദ്ദേഹം രക്തസാക്ഷിത്വം വരിച്ച കഥയാണ് ബിനീഷ് കുഞ്ഞിലിക്കാട്ടിൽ എഴുതിയിരിക്കുന്നത് (നാസി തടങ്കലിലെ മലയാളി രക്തസാക്ഷി, പ്രസാധകൻ, ഒക്റ്റോബർ). ആ ധീരനായ രാഷ്ട്രീയപ്രവർത്തകനെ കേരളം അർഹിക്കുന്ന രീതിയിൽ ഓർക്കണമെന്ന് ലേഖകൻ അഭിപ്രായപ്പെടുന്നു. മാധവൻ ഒരു ചലച്ചിത്രത്തിനുള്ള വിഷയമാണെന്ന് മധുപാൽ, സിബി മലയിൽ, ലാൽ, പൃഥ്വിരാജ്, ലിജോ ജോസ് പെല്ലിശേരി തുടങ്ങിയവരെ ഓർമിപ്പിക്കുകയാണ്.
7. പ്രേമത്തെക്കുറിച്ച് അമെരിക്കൻ സംവിധായകനും നടനുമായ ഒർസോൺ വെൽസ് ഇങ്ങനെ പറഞ്ഞു:"നാം തനിച്ചാണ് പിറന്നത്, തനിച്ചാണ് ജീവിക്കുന്നത്, തനിച്ചാണ് മരിക്കുന്നത്. എന്നാൽ നമ്മുടെ പ്രേമത്തിലൂടെയും സൗഹൃദത്തിലൂടെയുമാണ് നാം തനിച്ചല്ല എന്ന ഒരു മിഥ്യാധാരണ സൃഷ്ടിക്കാനാകുന്നത് '.