വിജയ്

 
Special Story

തമിഴ്നാട്ടിലെ സഖ്യപാഠവും കേരളത്തിലെ നേതൃത്വ ചർച്ചയും

കേവല ഭൂരിപക്ഷത്തിനു 10 സീറ്റുകളുടെ മാത്രം കുറവേ വിജയിന്‍റെ ടിവികെയ്ക്ക് ഉള്ളൂ.

MV Desk

പ്രൊഫ. കെ.വി. തോമസ്

ഇന്ത്യൻ രാഷ്‌ട്രീയത്തിൽ എക്കാലവും നിർണായക സ്വാധീനം ചെലുത്തിയിട്ടുള്ള ഒരു സംസ്ഥാനമാണ് തമിഴ്നാട്. സിനിമക്കാരോടുള്ള അമിതമായ സ്നേഹവും ഭാഷാ ഭ്രാന്തും ബ്രാഹ്മണ്യത്തിനെതിരേയുള്ള എതിർപ്പും ദ്രാവിഡ മണ്ണിൻമക്കൾ വാദവുമൊക്കെ തമിഴ്നാടിനെ മറ്റു സംസ്ഥാനങ്ങളിൽ നിന്നും വ്യത്യസ്തമാക്കുന്നു. ഇന്ത്യയുടെ ആദ്യത്തെ ഗവർണർ ജനറൽ സി. രാജഗോപാലാചാരി, രാഷ്‌ട്രപതിമാരായിരുന്ന ആർ. വെങ്കിട്ടരാമൻ, ഡോ. എ.പി.ജെ. അബ്ദുൾ കലാം, ദേശീയ രാഷ്‌ട്രീയത്തെ കടിഞ്ഞാണിട്ട് നിയന്ത്രിച്ചിരുന്ന കെ. കാമരാജ്, ജി.കെ. മൂപ്പനാർ, തമിഴ് ജനതയുടെ സിനിമാ- രാഷ്‌ട്രീയ ഹരമായിരുന്ന എംജിആർ എന്ന ഡോ. എം.ജി. രാമചന്ദ്രൻ തുടങ്ങി അനേകം അതികായരെ സംഭാവന ചെയ്ത നാട്. ഹിന്ദി അടിച്ചേൽപ്പിക്കുന്നു എന്നാരോപിച്ച് തമിഴ്‌നാട്ടിൽ ദശാബ്ദങ്ങളായി നടന്ന പ്രതിഷേധങ്ങൾ ചരിത്രപരമായി തന്നെ പ്രാധാന്യമുള്ളതാണ്.

അവിടെ ഇന്ത്യൻ നാഷണൽ കോൺഗ്രസും ഡിഎംകെയും തമ്മിലുള്ള സഖ്യത്തിന് അര നൂറ്റാണ്ടിലധികം പഴക്കമുള്ള വിശ്വാസത്തിന്‍റെയും മതേതര രാഷ്‌ട്രീയത്തിന്‍റെയും ചരിത്രമുണ്ട്. രാജ്യത്തെമ്പാടും നിരവധി രാഷ്‌ട്രീയ കൂട്ടുകെട്ടുകൾ രൂപപ്പെട്ടിട്ടുണ്ടെങ്കിലും ഏറ്റവും സ്ഥിരതയാർന്ന മാതൃകയായി മാറിയത് കോൺഗ്രസ്- ഡിഎംകെ ബന്ധമായിരുന്നു. 1969ലെ കോൺഗ്രസ് വിഭജനത്തിനു ശേഷം ഇന്ത്യയുടെ ഉരുക്കു വനിത ഇന്ദിര ഗാന്ധിയും ദ്രാവിഡ മുന്നേറ്റ കഴകത്തിന്‍റെ അനിഷേധ്യനായ നേതാവ് കലൈഞ്ജർ കരുണാനിധിയും തമ്മിൽ രൂപപ്പെട്ട രാഷ്‌ട്രീയ ധാരണയാണ് ഈ ബന്ധത്തിന്‍റെ അടിത്തറ. സംഘടനാ കോൺഗ്രസ് ഇന്ദിര ഗാന്ധിക്കെതിരേ നിലകൊണ്ടപ്പോൾ അവരോടൊപ്പം ഉറച്ചു നിന്നത് ഡിഎംകെയാണ്. 1971ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ആ ബന്ധം കൂടുതൽ ശക്തി പ്രാപിച്ചു. ഫെഡറൽ അവകാശങ്ങളും സാമൂഹ്യനീതിയും മതനിരപേക്ഷതയും ഒരുമിച്ച് മുന്നോട്ടുകൊണ്ടുപോയ രാഷ്‌ട്രീയ ഐക്യമായിരുന്നു അത്.

കാലം മാറി. കേന്ദ്രത്തിലും സംസ്ഥാനങ്ങളിലുമായി പുതിയ നേതാക്കളും പുതിയ രാഷ്‌ട്രീയ പതാകകളും സഖ്യങ്ങളും ഉയർന്നു. എന്നാൽ കോൺഗ്രസ്- ഡിഎംകെ ബന്ധം പല പ്രതിസന്ധികളെയും അതിജീവിച്ചു മുന്നേറുകയായിരുന്നു. കരുണാനിധിയിൽ തുടങ്ങി ഇപ്പോൾ മകൻ എം.കെ. സ്റ്റാലിൻ വരെയും ഇന്ദിര ഗാന്ധി മുതൽ ചെറുമകൻ രാഹുൽ ഗാന്ധി വരെയും രാഷ്‌ട്രീയ പക്വതയോടെയാണു മുന്നോട്ടുനീങ്ങിയത്. ബിജെപിക്കെതിരായി ദേശീയ തലത്തിൽ സഖ്യമുണ്ടാക്കിയപ്പോൾ ഡിഎംകെയായിരുന്നു കോൺഗ്രസിന്‍റെ കരുത്തുള്ള കൂട്ടാളി. പാർലമെന്‍റിൽ കോൺഗ്രസിന് വേണ്ടി മുന്നിൽ നിന്നു പട നയിച്ചത് തമിഴ്നാട് എംപിമാരാണ്. എന്നാൽ, ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഡിഎംകെയോടൊപ്പം ചേർന്നു മത്സരിച്ച കോൺഗ്രസിന് തമിഴ്നാട്ടിൽ ലഭിച്ചത് വെറും 5 സീറ്റുകൾ മാത്രമാണെങ്കിലും, ഇപ്പോൾ നടൻ വിജയിന്‍റെ പാർട്ടിയായ തമിഴക വെട്രി കഴകവുമായി കോൺഗ്രസ് ധാരണയ്ക്കു ശ്രമിക്കുന്നു എന്നാണു സൂചനകൾ. കേവല ഭൂരിപക്ഷത്തിനു 10 സീറ്റുകളുടെ മാത്രം കുറവേ വിജയിന്‍റെ ടിവികെയ്ക്ക് ഉള്ളൂ.

ഏപ്രിൽ അവസാനവാരം കന്യാകുമാരിയിൽ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെ ഡിഎംകെ നേതാവും മന്ത്രിയുമായ മനോ തങ്കരാജ് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ ഷാൾ അണിയിക്കാൻ ശ്രമിക്കുമ്പോൾ അദ്ദേഹം അതു നിരസിച്ച ദൃശ്യങ്ങൾ അന്നു വലിയ ചർച്ചയായിരുന്നു.

സോണിയ ഗാന്ധിയുടെ കാലഘട്ടത്തിൽ കേന്ദ്രത്തിലും സംസ്ഥാനത്തിലും കോൺഗ്രസ് ആത്മാർഥതയുള്ള ഘടക കക്ഷികളോടൊപ്പം ശക്തി പ്രാപിച്ചിരുന്നു. എന്നാൽ, രാഹുൽ ഗാന്ധി നേതൃത്വം ഏറ്റെടുത്ത ശേഷം കൂടെ നിൽക്കുന്ന സംഘടനാ ജനറൽ സെക്രട്ടറിയുടെയും ഉപദേശക സംഘങ്ങളുടെയും സ്വാധീനം പ്രതിഫലിക്കുന്ന രാഷ്‌ട്രീയ ശൈലിയാണ് ആ പാർട്ടി പിന്തുടരുന്നത്. അതിന്‍റെ പ്രതിഫലനം വിവിധ സംസ്ഥാനങ്ങളിലെയും പാർലമെന്‍റിലെയും രാഷ്‌ട്രീയ തീരുമാനങ്ങളിൽ കാണാനാകുന്നു.

അസമിൽ കോൺഗ്രസിന് പ്രതിപക്ഷ നേതാവു പോലും ഇല്ലാതായിരിക്കുന്നു. കേരളത്തിൽ വിസ്മയം സൃഷ്ടിച്ചുകൊണ്ട് യുഡിഎഫ് വലിയ ഭൂരിപക്ഷത്തോടെ അധികാരത്തിലേക്കെത്തുമ്പോൾ, 6 വർഷം പ്രതിപക്ഷത്തെ നയിച്ച ആ ടീമിന്‍റെ നായകൻ തന്നെ അപമാനിതനാകുന്ന ദയനീയ രാഷ്‌ട്രീയ സാഹചര്യം ഇന്ന് ജനങ്ങൾക്കിടയിൽ ചർച്ചയാകുകയാണ്.

ഒരു തെരഞ്ഞെടുപ്പിനു ശേഷം ഭൂരിപക്ഷം നേടിത്തന്ന നേതാവിനെ മുഖ്യമന്ത്രിയാക്കുന്ന രാഷ്‌ട്രീയ പാരമ്പര്യം കോൺഗ്രസിനും യുഡിഎഫിനുമുണ്ട്. കെ. കരുണാകരനും എ.കെ. ആന്‍റണിയും ഉമ്മൻ ചാണ്ടിയും ആ പാരമ്പര്യത്തിന്‍റെ പ്രതിനിധികളാണ്. വിജയിച്ച എംഎൽഎമാരുടെ എണ്ണം മാത്രം നോക്കാതെ ഘടകകക്ഷികളുടെയും പൊതുസമൂഹത്തിന്‍റെയും വികാരങ്ങൾക്കും പ്രാധാന്യം നൽകേണ്ടത് രാഷ്‌ട്രീയ മര്യാദയാണ്. നിഷ്പക്ഷമായി പറഞ്ഞാൽ ആ മുൻഗണന "ടീം യുഡിഎഫിനെ' നയിച്ച വി.ഡി. സതീശനു തന്നെയാണ് എന്നതിൽ സംശയമില്ല.

2021ൽ അധികാരം നഷ്ടപ്പെട്ട ശേഷം കോൺഗ്രസ് സതീശനെ പ്രതിപക്ഷ നേതാവായി ഉയർത്തിക്കൊണ്ടുവന്നത് എംഎൽഎമാരുടെ എണ്ണം മാത്രം കണക്കിലെടുത്തല്ല; വിപുലമായ രാഷ്‌ട്രീയ ധാരണകളുടെയും സാഹചര്യങ്ങളുടെയും അടിസ്ഥാനത്തിലായിരുന്നു. ഇപ്പോൾ ഡൽഹിയിൽ ഹൈക്കമാൻഡും ലോ കമാൻഡും ഒരാൾ തന്നെയായി മാറിയിരിക്കുന്നു. ആ കമാൻഡിന്‍റെ തീരുമാനം എത്രമാത്രം നീതിപൂർവവും രാഷ്‌ട്രീയ പക്വതയുള്ളതുമാകും എന്നു ജനങ്ങൾ ഉറ്റുനോക്കുകയാണ്.

കരുത്തനായ കെ. കരുണാകരനെ പോലും തൃശൂരിൽ തോൽപ്പിച്ച രാഷ്‌ട്രീയ പാരമ്പര്യമുള്ള കേരളത്തിൽ, വികസനത്തിന്‍റെ മുഖമായി മാറിയ പിണറായി വിജയൻ എന്ന കരുത്തനെയും സ്വന്തം തട്ടകമായ ധർമടത്ത് വോട്ടെണ്ണിയപ്പോൾ അൽപ്പനേരത്തേക്കെങ്കിലും ആശങ്കയിലാക്കിയ രാഷ്‌ട്രീയ സാഹചര്യം നമ്മുടെ ജനാധിപത്യത്തിന്‍റെ രാഷ്‌ട്രീയ ബോധത്തെ ഓർമിപ്പിക്കുന്ന അനുഭവമാണ്.

കേരളത്തിൽ യുഡിഎഫിനും കോൺഗ്രസിനും ജനങ്ങൾ നൽകിയ പിന്തുണ വലിയ പ്രതീക്ഷകളാണ് ഉയർത്തുന്നത്. ഇനി 5 വർഷക്കാലം കേരളത്തിന്‍റെ വികസന പാരമ്പര്യം നിലനിർത്തി ഒരു സർക്കാർ ഉണ്ടാകണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നു. അതുകൊണ്ടുതന്നെ മുഖ്യമന്ത്രി ആരാകുമെന്ന ചർച്ചകളിൽ തുടക്കത്തിലേ ഉണ്ടായ അഭിപ്രായ ഭിന്നതകളും "കല്ലുകടികളും' അവസാനിപ്പിച്ച്, കോൺഗ്രസ് ഐക്യത്തോടെയും പക്വതയോടെയും മുന്നോട്ടുപോകേണ്ടത് കാലത്തിന്‍റെ ആവശ്യമാണ്. ജനവിശ്വാസം കാത്തുസൂക്ഷിക്കുന്ന രാഷ്‌ട്രീയ വിവേകമാണ് ഇനി യുഡിഎഫിന്‍റെയും കോൺഗ്രസിന്‍റെയും മുന്നിലുള്ള ഏറ്റവും വലിയ ഉത്തരവാദിത്തം.

സിറ്റിങ് എംഎൽഎ മുഖ്യമന്ത്രിയാകണം; ഘടകകക്ഷികളുടെ പിന്തുണ സതീശന്

വാടകഗർഭധാരണം; ദമ്പതികളുടെ പ്രായം ഉയർത്താനുള്ള ഹർജി തള്ളി ഹൈക്കോടതി

"ഓരോ ആചാരവും ചോദ്യം ചെയ്തുന്നത് മതത്തെ തകർക്കും"; ശബരിലമക്കേസിൽ കോടതി

രാജി നൽകാതെ മമത; ബംഗാൾ നിയമസഭ പിരിച്ചു വിട്ട് ഗവർണർ

"ഇളയ ചെക്കൻ വച്ച വാഴ കുലച്ചു, ഒടുവിൽ തമ്മിൽ തല്ലി തലകീറി"; മുഖ്യമന്ത്രി തർക്കത്തിൽ പി.എഫ്. മാത്യു