ഇവർ ഇന്ത്യ കാണാൻ വന്നവർ
AI image
എൻ. അജിത്കുമാർ
ഭാരതത്തിന്‍റെ പഴയചരിത്രം നമുക്ക് പറഞ്ഞു തന്നത് അക്കാലത്ത് ഇന്ത്യയെ തേടിയെത്തിയ ചില സാഹസിക സഞ്ചാരികളാണ്. പ്രാകൃതമായ യാത്രാസൗകര്യങ്ങളുള്ള അക്കാലത്ത് അപകടകരവും അജ്ഞാതവുമായ ഭൂഭാഗങ്ങള്‍ താണ്ടി അവര്‍ ഇന്ത്യയിലെത്തി.
ഇവിടുത്തെ ഭാഷ, സംസ്‌കാരം, കല, ആചാരാനുഷ്ഠാനങ്ങള്‍, ഭൂപ്രകൃതി, കൃഷി, ജീവിതരീതി തുടങ്ങിയവയെല്ലാം അവര്‍ താളിയോലകളില്‍ പിന്‍തലമുറയ്ക്കായി പകര്‍ത്തിവെച്ചു.
മാർക്കോ പോളോ
എഡി 1271 മുതല്‍ കാല്‍നൂറ്റാണ്ടുകാലം ഇന്ത്യയില്‍ ചെലവഴിച്ച വെനീഷ്യന്‍ സഞ്ചാരിയും വ്യാപാരിയും.തെക്കന്‍ ഇറ്റലിയിലെ വാണിജ്യ നഗരമായ വെനീസില്‍ എഡി 1254 ല്‍ മാര്‍ക്കോ പോളോ ജനിച്ചു. പിതാവായ നിക്കോളോ പോളോ ഒരു വ്യാപാരിയും സഞ്ചാരിയുമായിരുന്നു. അച്ഛനൊപ്പം 17-ാം വയസിലാണ് മാര്‍ക്കോ പോളോ സഞ്ചാരമാരംഭിക്കുന്നത്.
തന്‍റെ ജനങ്ങളെ ക്രിസ്തുമത ആശയങ്ങള്‍ പഠിപ്പിക്കാനയി 100 പണ്ഡിതരെ അയയ്ക്കണമെന്ന കുബ്ലൈഖാന്‍റെ ആവശ്യാര്‍ത്ഥം ചൈനയിലേക്ക് രണ്ടു പാതിരിമാരെ എത്തിക്കാനായിരുന്നു ആ യാത്ര. 1271 ല്‍ അവര്‍ ആയ്‌സിന്‍ നിന്ന് യാത്രപുറപ്പെട്ട് യാസദ്, കെര്‍മന്‍ എന്നീ സ്ഥലങ്ങളിലൂടെ പേര്‍ഷ്യന്‍ ഉള്‍ക്കടല്‍ തീരത്തുള്ള ഹോര്‍മൂസു വഴി പാമീര്‍ ഉന്നതതടം കടന്ന് കുബ്ലൈഖാന്‍റെ കൊട്ടാരത്തിലെത്തി. ഇക്കാലത്താണ് ഇന്ത്യ സന്ദര്‍ശിക്കാനുള്ള അവസരം പോളോയ്ക്കു ലഭിക്കുന്നത്.
17 വര്‍ഷത്തോളം കുബ്ലൈഖാന്‍റെ ഗവര്‍ണറായിക്കഴിഞ്ഞ മാര്‍ക്കോ പോളോ 1292 ല്‍ തിരിച്ചുപോകാനായി സെയ്‌നൂറ്റില്‍ (ഇന്നത്തെ ചിങ്ചിയാങ്) നിന്നു കപ്പല്‍കയറി. ഈ പോക്കിലാണ് സിംഗപ്പൂര്‍, മലാക്ക, നിക്കോബാര്‍, ശ്രീലങ്ക എന്നീ പ്രദേശങ്ങളെ സ്പര്‍ശിച്ചുകൊണ്ട് കേരളത്തിലെത്തിയത്. 25 വര്‍ഷങ്ങള്‍ക്കുശേഷം വെനീസില്‍ തിരിച്ചെത്തിയ മാര്‍ക്കോ പോളോ വെനീസിലെ നാവികസേനയില്‍ ഉദ്യോഗസ്ഥനായി ജോലിനോക്കി. ഇക്കാലത്ത് ജനോവയും തമ്മിലുണ്ടായ ഒരു നാവിക സംഘട്ടനത്തില്‍ പിടിക്കപ്പെട്ട് തടവിലായി.
തടവില്‍ക്കിടക്കുന്ന കാലത്ത് സഹതടവുകാരനായിരുന്ന റസ്റ്റീഷ്യനോയ്ക്ക് തന്‍റെ സഞ്ചാരക്കഥകള്‍ പറഞ്ഞുകൊടുത്തു. ഫ്രഞ്ചുഭാഷയില്‍ റസ്റ്റീഷ്യനോ അതൊരു പുസ്തകമാക്കി. ഈ പുസ്തകത്തിന്‍റെ 140 ഓളം പേജുകള്‍ ദ ബുക്ക് ഒഫ് സേര്‍ മാര്‍ക്കോ പോളോ എന്ന പേരില്‍ സര്‍ ഹെന്‍റി ഇംഗ്ലീഷിലേക്കു വിവര്‍ത്തനം ചെയ്തു. ഈ പുസ്തകത്തിലാണ് കേരളത്തെക്കുറിച്ചും ഇന്ത്യയെക്കുറിച്ചുമുള്ള പരാമര്‍ശമുള്ളത്.
കാശ്മീര്‍, നിക്കോബാര്‍ ദ്വീപ്, അന്‍ഡമാന്‍ ദ്വീപ്, മലബാര്‍, കൊല്ലം, ആന്ധ്ര പ്രദേശിലെ മുത്ഫിലി (മൊത്തുപള്ളി), മുംബൈയിലെ കെയില്‍, ഗുജറാത്ത് (ഗോസുരത്ത്) തുടങ്ങിയ ഇന്ത്യന്‍ പ്രദേശങ്ങളെക്കുറിച്ചെല്ലാം ഈ ഗ്രന്ഥത്തില്‍ പറയുന്നുണ്ട്. ജയില്‍ മോചിതനായശേഷം വെനീസിലേക്കു മടങ്ങിയ മാര്‍ക്കോ പോളോ 1323 ല്‍ 70-ാമത്തെ വയസില്‍ അന്തരിച്ചു.
ഇബ്ൻ ബത്തൂത്ത
പതിനാലാം നൂറ്റാണ്ടില്‍ ഇന്ത്യയിലെത്തിയ മൊറോക്കോക്കാരനായ സഞ്ചാരിയാണ് ഇബ്ന്‍ ബത്തൂത്ത. അബു അബ്ദുള്ള മൊഹമ്മദ് ബത്തൂത്ത എന്നായിരുന്ന ഇബ്ന്‍ ബത്തൂത്തയുടെ പൂര്‍ണനാമം. ഉത്തരാഫ്രിക്കയിലെ മൊറോക്കോയിലെ ടാന്‍ഗീറില്‍ എ.ഡി. 1304ല്‍ ലാണ് ഇബ്ന്‍ ബത്തൂത്ത ജനിച്ചത്. 1325 ല്‍ തന്‍റെ ഇരുപത്തിയൊന്നാം വയസില്‍ യാത്ര തിരിച്ച അദ്ദേഹം ആഫ്രിക്കയിലേയും പശ്ചിമേഷ്യയിലേയും വിവിധ രാജ്യങ്ങള്‍ താണ്ടി 1333ല്‍ സിന്ധുനദി കടന്ന് ഇന്ത്യയിലെത്തി.
ഡല്‍ഹി ഭരിച്ചിരുന്ന മുഹമ്മദ് ബിന്‍ തുഗ്ലക്കിന്‍റെ സദസ്സില്‍ ഖാസി (ന്യായാധിപന്‍) എന്ന സ്ഥാനത്തേക്ക് 1334ല്‍ അദ്ദേഹം നിയമിതനായി. 1342 വരെ ആ ജോലിയില്‍ അദ്ദേഹം തുടര്‍ന്നു.
ഇന്ത്യന്‍ ജീവിതത്തിനുശേഷം മൊറോക്കോയില്‍ മടങ്ങിയെത്തി വര്‍ഷങ്ങള്‍ക്കഴിഞ്ഞാണ് തന്‍റെ സഞ്ചാരസാഹിത്യകൃതി അദ്ദേഹം പറഞ്ഞുകൊടുത്ത എഴുതിക്കുന്നത് .ഇബ്ന്‍ ജുസൈ എന്ന പണ്ഡിതനാണ് ഈ കൃതി കേട്ടെഴുതിയത്. അന്നത്തെ ഇന്ത്യയിലെ തപാല്‍ സമ്പ്രദായത്തെക്കുറിച്ചും ജനങ്ങളുടെ നിത്യജീവിതത്തെക്കുറിച്ചും സുല്‍ത്താന്‍ മുഹമ്മദ് ബിന്‍ തുഗ്ലക്കിന്‍റെ ഭരണരീതിയെക്കുറിച്ചുമെല്ലാം ഈ പുസ്തകത്തില്‍ സവിസ്തരം പറയുന്നുണ്ട്.
മുഹമ്മദ് ബിന്‍ തുഗ്ലക്കിന്‍റെ തുഗ്ലക്ക് പരിഷ്‌കാരങ്ങളിലൊന്നായ തലസ്ഥാനം മാറ്റലിനെക്കുറിച്ച് ഇബ്ന്‍ ബത്തൂത്ത വിവരിക്കുന്നു. ഡല്‍ഹി നിവാസികളോട് സ്ഥലംവിട്ട് പോകാന്‍ സുല്‍ത്താന്‍ കല്‍പിച്ചു. ഡല്‍ഹിയില്‍ നിന്ന് ദൗലത്താബാദില്‍ ചെന്നു പാര്‍ക്കാന്‍ ജനങ്ങള്‍ വിസമ്മതിച്ചപ്പോള്‍ മൂന്നുദിവസത്തിനുശേഷം ആരെയും ഡല്‍ഹിയില്‍ കണ്ടുപോകരുതെന്ന് അദ്ദേഹം വിളംബരം ഇറക്കി. തന്‍റെ കല്പന അനുസരിക്കാത്തവര്‍ക്ക് തക്ക ശിക്ഷ ലഭിക്കുമെന്ന് അദ്ദേഹം ഭീഷണിപ്പെടുത്തുകയും ചെയ്തു.
അതോടെ ഡല്‍ഹി നിവാസികളെല്ലാം തങ്ങളുടെ വസ്തുവകകള്‍ ഉപേക്ഷിച്ച് സ്ഥലംവിട്ടു. ഡല്‍ഹി നഗരം മരുഭൂമിക്കുസമാനമായി.1341 ല്‍ മുഹമ്മദ് ബിന്‍ തുഗ്ലക്ക് ഇബ്ന്‍ ബത്തൂത്തയെ ചൈനയിലെ മംഗോളിയന്‍ കൊട്ടാരത്തില്‍ സ്ഥാനപതിയായി അയച്ചു. മംഗോളിയന്‍ ചക്രവര്‍ത്തിക്കുള്ള വിലപിടിപ്പുള്ള സമ്മാനങ്ങളുമായി പോയ ഇബ്ന്‍ ബത്തുത്തയെ കൊള്ളക്കാര്‍ ആക്രമിച്ചു വസ്തുവകകളെല്ലാം കൊള്ളയടിച്ചു.
ഏല്‍പ്പിച്ച ദൗത്യം നിറവേറ്റാന്‍ പറ്റാത്തതില്‍ മനംനൊന്ത് ജന്മനാട്ടിലേക്കു പോകുംവഴിയാണ് ഇബ്ന്‍ ബത്തൂത്ത കേരളത്തിലെത്തിയത്. മലബാറില്‍ കൃഷിചെയ്യാത്ത ഒരു തുണ്ടു ഭൂമിപോലുമുണ്ടായിരുന്നില്ല. നാളികേരവും അടയ്ക്കയുമായിരുന്നു പ്രധാന കൃഷി. ചൈന, സുമാത്ര, സിലോണ്‍ മാലിദ്വീപ്, യെമന്‍, ഇറാന എന്നിവിടങ്ങളില്‍ നിന്നുള്ള കച്ചവടക്കാര്‍ കോഴിക്കോട് തുറമുഖത്തെത്തിയിരുന്നു എന്നെല്ലാം മലബാറിനെക്കുറിച്ചും ഇബ്ന്‍ ബത്തൂത്ത സഞ്ചാരക്കുറിപ്പില്‍ വിവരിക്കുന്നുണ്ട്.
മൊറോക്കോയില്‍ തിരിച്ചെത്തിയ ഇബ്ന്‍ ബത്തൂത്ത തന്‍റെ യാത്രാവിവരണം പറഞ്ഞുകൊടുത്ത് എഴുതിച്ചതിനുശേഷം വീണ്ടും യാത്രകള്‍ക്കായി തിരിച്ചു. പ്ലേഗ് പടര്‍ന്നുപിടിച്ചിരുന്ന കാലമായിരുന്നു അത്. പിന്നീടുള്ള ഇബ്ന്‍ ബത്തൂത്തയുടെ ജീവിതത്തെക്കുറിച്ച് ആര്‍ക്കും ഒരറിവുമില്ല.
സാമൂതിരിയുടെ നന്മ
ഇബ്ന്‍ ബത്തുത്ത കോഴിക്കോട്ടുനിന്നും യാത്ര തിരിക്കാനായി തയ്യാറാക്കി നിര്‍ത്തിയിരുന്ന കപ്പല്‍ കാറ്റിലും കോളിലും പെട്ട് മുങ്ങി. അതിലെ യാത്രികരെല്ലാം മരിച്ചു. സാമുതിരി ഇബ്ന്‍ ബത്തൂത്തയ്ക്കു നല്‍കിയ വിലപ്പെട്ട സമ്മാനങ്ങളെല്ലാം കടലില്‍ പോയി.
ഇതറിഞ്ഞ് നഗ്‌നപാദനായി ഒറ്റമുണ്ടും തൊപ്പിയും ധരിച്ച് പല്ലക്കില്‍ കടപ്പുറത്തെത്തിയ സാമൂതിരി ഇബ്ന്‍ ബത്തൂത്തയെ ആശ്വസിപ്പിച്ചു. കപ്പല്‍ ഉടമയ്ക്ക് നഷ്ടപ്പെട്ട സാധനങ്ങളെല്ലാം വീണ്ടെടുത്ത് കൊടുത്തയച്ചു. ഇത്തരം കാര്യങ്ങളില്‍ സത്യസന്ധമായി ഇടപെടുന്ന ഓരേ ഒരു തുറമുഖം കോഴിക്കോടാണെന്ന് ഇബ്ന്‍ ബത്തൂത്ത രേഖപ്പെടുത്തിയിട്ടുണ്ട്.
കോഴിക്കോടിനെക്കുറിച്ച് ആദ്യം പരാമര്‍ശിച്ച ക്രൈസ്തവ സഞ്ചാരിയാണ് നിക്കോളോ കോണ്ടി. പതിനഞ്ചാം നൂറ്റാണ്ടിലെ ദക്ഷിണേന്ത്യയെക്കുറിച്ച് ലത്തീന്‍ ഭാഷയിലെഴുതിയ യാത്രാവിവരണം അക്കാലത്തെ ദക്ഷിണേന്ത്യയെക്കുറിച്ച് വിലപ്പെട്ട വിവരങ്ങള്‍ നമുക്കു തരുന്നു.
1857 ല്‍ ഇത് ഇന്ത്യ ഇന്‍ ദ ഫിറ്റിന്‍ സെന്‍ച്വറി എന്ന പേരില്‍ ഇംഗ്ലീഷില്‍ പുറത്തിറങ്ങി.1395 ല്‍ വെനീസിലാണ് നിക്കൊളോ കോണ്ടി ജനിച്ചത്. 1414 ല്‍ ബാഗ്ദാദ് വഴി പേഴ്‌സ്യന്‍ ഉള്‍ക്കടല്‍ തിരഞ്ഞെത്തി ഒരു സംഘം വ്യാപാരികളോടൊപ്പം ഇന്ത്യയിലേക്ക് യാത്ര തിരിച്ചു. ഗുജറാത്തിലാണ് ആദ്യം കപ്പലിറങ്ങിയത്.
വിജയനഗരം (കര്‍ണാടകത്തിലെ ഹംപി), മൈലപ്പൂര്‍, കേരളത്തിലെ ഏഴിമല, കോഴിക്കോട്, കൊടുങ്ങല്ലൂര്‍, കൊച്ചി, കൊല്ലം തുടങ്ങിയ സ്ഥലങ്ങളെല്ലാം സന്ദര്‍ശിച്ചു. കോഴിക്കോടിനെ മഹത്തായ വാണിജ്യകേന്ദ്രമെന്നും കൊല്ലത്തെപ്രധാന തുറമുഖമായും അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്. വിജയനഗരസാമ്രാജ്യത്തെക്കുറിച്ചുള്ള വിലപ്പെട്ട വിവരങ്ങളും നമുക്കു നല്‍കിയത് നിക്കൊളോ കോണ്ടിയാണ്.
കേരളത്തിലെ മാവുകളെക്കുറിച്ച് വിശദമായിത്തന്നെ കോണ്ടി എഴുതുന്നു. നിറയെ കായ്ച്ച കുലകളുമായി നില്‍ക്കുന്ന മാവുകള്‍ കേരളത്തിലെങ്ങും കാണാം. പുളി, കയ്പ്, മധുരം എന്നിങ്ങനെ മൂന്ന് രുചികളുള്ള ഫലമാണ് മാങ്ങ. മൂത്ത പാകമായ മാംസളഫലമായ മാങ്ങ എത്ര കഴിച്ചാലും മതിയാവില്ല എന്നാണ് കോണ്ടി പറയുന്നത്. യാത്രക്കിടയില്‍ ക്രിസ്തുമതം ഉപേക്ഷിച്ച കോണ്ടി മാര്‍പ്പാപ്പയുടെ പ്രായശ്ചിത്തനിര്‍ദ്ദേശപ്രകാരമാണ് യാത്രാവിവരണം എഴുതിയതെന്ന് പറയപ്പെടുന്നു. 1469 ല്‍ നിക്കൊളോ കോണ്ടി അന്തരിച്ചു.
ചാരനെന്ന് സംശയിച്ച് പോര്‍ച്ചുഗീസുകാര്‍ തടവിലാക്കിയ റാല്‍ഫിച്ചിനെ അവരുടെ താവളമായ ഇന്ത്യയിലെ ഗോവയിലെത്തിച്ചു. അങ്ങനെ ഒരു തടവുകാരനായാണ് റാല്‍ഫിച്ച് എന്ന ഇംഗ്ലീഷ് സഞ്ചാരി ആദ്യം ഇന്ത്യയിലെത്തിയത്.
പോര്‍ച്ചുഗീസുകാരും വെനീസുകാരും കൈയടക്കിവെച്ചിരുന്ന ഏഷ്യയിലെ കച്ചവടം എങ്ങനെ കൈവശപ്പെടുത്താം എന്ന് ചിന്തിച്ച ലണ്ടനിലെ ലെവന്‍റ് കമ്പനിയാണ് റാല്‍ഫിച്ച് അടക്കമുള്ള ഒരു സംഘത്തെ 1583 ല്‍ ഇന്ത്യയിലേയ്ക്കയച്ചത്. ലണ്ടനില്‍ നിന്ന് ടൈഗര്‍ എന്ന കപ്പലില്‍ ട്രിപ്പോളിയിലെത്തി സിറിയവഴി ഒട്ടകപ്പുറത്തും വഞ്ചിയിലുമൊക്കെയായി പേര്‍ഷ്യന്‍ കടലിടുക്കിലൂടെ ഹോര്‍മൂസിലെത്തിയപ്പോഴാണ് റാല്‍ഫിച്ച് പിടിയിലായത്. പോര്‍ച്ചുഗീസ് ഗവര്‍ണറായിരുന്ന ആല്‍ബുക്കര്‍ക്കിന്‍റെ ആജ്ഞപ്രകാരം റാല്‍ഫിച്ചിന്‍റെ സാധനസാമഗ്രികള്‍ കണ്ടുകെട്ടി. 1584 ഒക്ടോബര്‍ 11ന് അവരെ ഗോവയിലെത്തിച്ചു.
ഏതാനും മാസങ്ങള്‍ക്കുശേഷം തടവുചാടി റാല്‍ഫിച്ച് രക്ഷപ്പെട്ടു. അക്ബറിന്‍റെ സാമ്രാജ്യത്തില്‍പ്പെട്ട മാന്‍സോവയില്‍ വച്ച് അക്ബറിന്‍റെ സ്ഥാനപതിയുമായി സന്ധിക്കുകയും 1888വരെ ആഗ്രയിലും ഫത്തേപൂര്‍ സിക്രിയിലുമായി ചെലവഴിക്കുകയും ചെയ്തു. പീന്നീട് ബംഗാള്‍ ,പ്രയാഗ്, ബനാറസ്, പാറ്റ്‌ന, ബര്‍മ എന്നീ പ്രദേശങ്ങളെല്ലാം സന്ദര്‍ശിച്ചു. തന്‍റെ യാത്രയില്‍ കണ്ട കാര്യങ്ങളെല്ലാം റാല്‍ഫിച്ച് വിശദമായി എഴുതിയിട്ടുണ്ട്. ഈ യാത്രാവിവരണങ്ങളെല്ലാം റിച്ചാര്‍ഡ് ഹക്‌ളൂട്ടിന്‍റെ പ്രിന്‍സിപ്പല്‍ നാവിഗേഷന്‍സ് (Principal Navigations) എന്ന ഗ്രന്ഥത്തിന്‍റെ രണ്ടാം എഡിഷനില്‍ പ്രസിദ്ധീകരിക്കപ്പെട്ടു.
തന്‍റെ നീണ്ട ഇന്ത്യന്‍ സഞ്ചാരത്തിനുശേഷം 1589 ഫെബ്രുവരി 3ന് റാല്‍ഫിച്ച് കൊച്ചിയിലേക്ക് പുറപ്പെട്ടു. സിലോണ്‍ വഴി മാര്‍ച്ച് 22ന് അദ്ദേഹം കൊച്ചിയിലെത്തിച്ചേര്‍ന്നു. കേരളത്തിലെത്തിയ ആദ്യ ഇംഗ്ലീഷുകാരനാണ് റാല്‍ഫിച്ച്. എട്ടുമാസത്തോളം കൊച്ചിയില്‍ തങ്ങിയതിനുശേഷം തിരിച്ച് ഗോവയിലേക്കും അവിടുന്ന് ഹോര്‍മൂസ് വഴി 1591ല്‍ ഇംഗ്ലണ്ടിലേക്കും തിരിച്ചുപോയി. റാല്‍ഫിച്ച് ഇംഗ്ലണ്ടിലേക്കു മടങ്ങി പത്തുവര്‍ഷം കഴിഞ്ഞാണ് ഇന്ത്യയുമായി കച്ചവടം നടത്തുന്നതിന് ഈസ്റ്റിന്ത്യാ കമ്പനി രൂപികരിക്കപ്പെട്ടത്. ഈസ്റ്റിന്ത്യാ കമ്പനിയുടെ രൂപീകരണത്തിന് റാല്‍ഫിച്ചിന്‍റെ യാത്രാവിവരണങ്ങള്‍ ഏറെ സഹായകമായി. റാല്‍ഫിച്ച് ഇംഗ്ലണ്ടില്‍ മടങ്ങിയെത്തി 9 വര്‍ഷങ്ങള്‍ക്കുശേഷമാണ് യാത്രാവിവരണങ്ങള്‍ പ്രസിദ്ധീകൃതമായത്. 1611 ഒക്ടോബറില്‍ റാല്‍ഫിച്ച് മരണമടഞ്ഞു.
കേരളത്തെക്കുറിച്ച് ആദ്യമായി വിശദമായി രേഖപ്പെടുത്തി അറബ് സഞ്ചാരിയാണ് സുലൈമാന്‍. എ.ഡി. 851ല്‍ സ്ഥാണു രവിവര്‍മയുടെ കാലത്താണ് സുലൈമാന്‍ കേരളത്തിലെത്തിയത്. പേര്‍ഷ്യന്‍ ഉപദ്വീപില്‍ നിന്ന് പായ്ക്കപ്പലില്‍ പലതവണ ഭാരതത്തിലേക്കും ചൈനയിലേക്കും കച്ചവടാവശ്യങ്ങള്‍ക്കായി സുലൈമാന്‍ സാഹസിക സഞ്ചാരം നടത്തി.
ഭാരതത്തിലേക്കും ചൈനയിലേക്കുമുള്ള യാത്രാപാതകളെക്കുറിച്ച് കൃത്യമായി അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്. സുലൈമാന്‍റെ യാത്രാവിവരണം അമൂല്യമായ ഒരു ചരിത്രരേഖയായാണ് ചരിത്രകാരന്മാര്‍ പരിഗണിക്കുന്നത്.
ദ്വാര്‍ത്തെ ബര്‍ബോസ എന്നാണ് മുഴുവന്‍ പേര്. കേരളത്തില്‍ ഒരു പോര്‍ച്ചുഗീസ് ഉദ്യോഗസ്ഥനായി 1502 മുതല്‍ 1508 വരെ ബര്‍ബോസ കേരളത്തിലുണ്ടായിരുന്നു. വാസ്‌കോ ദ ഗാമയെത്തുടര്‍ന്ന് കേരളത്തിലേക്കയയ്ക്കപ്പെട്ട പെദ്രൊ അല്‍വാരിസ് കബ്‌റാള്‍ എന്ന സൈനികനേതാവ് സാമൂതിരിയുടെ നാവികപ്പട കൊച്ചിയില്‍ വിട്ടുപോയ 30 പോര്‍ച്ചുഗീസുകാരില്‍ ഒരാള്‍ ബര്‍ബോസയായിരുന്നു. അല്‍ബുക്കര്‍ക്കിന്‍റെ കീഴില്‍ കണ്ണൂരില്‍ ഗുമസ്തനായും ദ്വിഭാഷിയായും പ്രവര്‍ത്തിച്ച ബര്‍ബോസ മലയാളത്തില്‍ നല്ല പ്രാഗത്ഭ്യം നേടി.
കേരളത്തില്‍ കണ്ടും കേട്ടുമറിഞ്ഞ കാര്യങ്ങളെല്ലാം ബര്‍ബോസ രേഖപ്പെടുത്തിവെച്ചു. ചേരമാന്‍ പെരുമാള്‍ രാജ്യം പങ്കിട്ടു മക്കത്തേയ്ക്കുപോയെന്നും യാത്രയ്ക്കിടയില്‍ മരിക്കുകയാണുണ്ടായതെന്നും രേഖപ്പെടുത്തി വെച്ചത് ബര്‍ബോസയാണ്. 1517 നും 1518 നും ഇടയ്ക്ക് പോര്‍ച്ചുഗീസിലേക്കു മടങ്ങിപ്പോയ ഇദ്ദേഹം തന്‍റെ യാത്രാവിവരണക്കുറിപ്പുകള്‍ അവിടെവച്ച് എഴുതിപ്പൂര്‍ത്തിയാക്കി.
ഭാരതത്തെക്കുറിച്ച് ഒരു പോര്‍ച്ചുഗീസുകാരന്‍ രചിച്ച ആദ്യത്തെ പ്രധാന വിവരണം ബര്‍ബോസയുടെ യാത്രാക്കുറിപ്പുകളാണ്. ഇത് പിന്നീട് A Description of the Costsa Esta Africa nad Malabar എന്ന പേരില്‍ പ്രസിദ്ധീകരിക്കപ്പെട്ടു.
പേര്‍ഷ്യന്‍ ചക്രവര്‍ത്തിയുടെ പ്രതിപുരുഷനായി 1442 ല്‍ സാമൂതിരയുടെ അടുക്കല്‍ എത്തിയ സഞ്ചാരി. സാമൂതിരി പേര്‍ഷ്യയിലേക്കയച്ച പ്രതിപുരുഷനു പകരമായാണ് അബ്ദുറസാക്ക് ഇവിടേയ്ക്കുവന്നത്. അബ്ദുല്‍ റസാക്ക് കമാല്‍അല്‍ദീന്‍ ഇബ്‌നുജലാല്‍ അല്‍ദീന്‍ ഇസ്ഹാക്ക് അല്‍സമര്‍ക്കണ്ടി എന്നാണ് മുഴുവന്‍ പേര്.
അദ്ദേഹം രചിച്ച മത്താല - എ - സദൈന്‍ വ മജ്മാ - എ - ബഹ്‌റേന്‍ എന്ന യാത്രാവിവരണ ഗ്രന്ഥം അന്നത്തെ കേരളത്തെക്കുറിച്ചുള്ള പല വിലപ്പെട്ട അറിവുകളും നല്‍കുന്നു.തന്‍റെ യാത്രാവിവരണത്തില്‍ കോഴിക്കോടിനെക്കുറിച്ച് വിശദമായിത്തന്നെ അബ്ദുറസാക്ക് പറയുന്നുണ്ട്. 1482ല്‍ അദ്ദേഹം നിര്യാതനായി.