അങ്കമാലി കെഎസ്ആർടിസി ബസ് സ്റ്റാൻഡിലെ എസി ഫാമിലി വെയ്റ്റിങ് ഏരിയ 
Special Story

'ആഭാസൻമാർക്ക് സ്വാഗതം...': സ്ത്രീകൾക്ക് സുരക്ഷിതത്വമില്ലാതെ KSRTC എസി വെയ്റ്റിങ് റൂം

അങ്കമാലി കെഎസ്ആർടിസി സ്റ്റാൻഡിൽ വിവോയുടെ സഹകരണത്തോടെ സ്ഥാപിച്ച എസി ഫാമിലി വെയ്റ്റിങ് റൂമിൽ പ്രവേശന ഫീസ് 20 രൂപ; ക്രിമിനലുകൾക്ക് ഫ്രീ എൻട്രി

Special Correspondent

അങ്കമാലി: വിവോയുമായി സഹകരിച്ച് അങ്കമാലി കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ സ്ഥാപിച്ച എസി ഫാമിലി വെയ്റ്റിങ് റൂം സമൂഹവിരുദ്ധരുടെ വിഹാരരംഗമായി മാറി. തിരക്കില്ലാത്ത സമയങ്ങളിൽ സ്ത്രീകൾക്ക് സുരക്ഷിതമായി ഇരിക്കാൻ സാധിക്കാത്ത തരത്തിൽ ആഭാസൻമാരുടെ അഴിഞ്ഞാട്ടം ഇവിടെ പതിവ്.

മണിക്കൂറിന് 20 രൂപ നിരക്കിലാണ് ഇവിടെ സാധാരണ യാത്രക്കാരെ പ്രവേശിപ്പിക്കുന്നത്. എന്നാൽ, സ്ഥലത്തെ പ്രധാന ഗുണ്ടകൾക്കും ക്രിമിനലുകൾക്കുമൊക്കെ പ്രവേശനം തീർത്തും സൗജന്യം.

സ്ത്രീകൾ ഒറ്റയ്ക്ക് ഇരിക്കുന്നതു കണ്ടാൽ ഇക്കൂട്ടർ അകത്തു കയറി കമ്പനി ഓഫർ ചെയ്യും. ചില 'വിശാലമനസ്കർ' കൂടെ പോരാൻ വിളിക്കുകയും ചെയ്യും. വെയ്റ്റിങ് റൂമിന്‍റെ വാതിൽക്കൽ തന്നെ സെക്യൂരിറ്റി ഉദ്യോഗസ്ഥൻ കസേരയിട്ട് ടിക്കറ്റ് മെഷീനുമായി ഇരിക്കുമ്പോഴാണ് ഇതു സംഭവിക്കുന്നത്.

പരാതിപ്പെട്ടാലും ഫലമില്ല

കെഎസ്ആർടിസിക്ക് വാട്ട്സാപ്പിലൂടെ നൽകിയ പരാതിയും മറുപടിയും

കെഎസ്ആർടിസി സ്റ്റാൻഡിന്‍റെ പരിസരത്ത് സന്ധ്യ മയങ്ങിയാൽ ഇത്തരം ക്ഷണങ്ങൾ മുൻപും പതിവാണ്. ഇതു പേടിച്ചാണ് പല സ്ത്രീകളും പണം മുടക്കി എസി വെയ്റ്റിങ് റൂമിൽ തന്നെ ബസ് കാത്തിരിക്കാൻ തുനിയുന്നത്. എന്നാൽ, ഇതിനുള്ളിൽ പട്ടാപ്പകൽ പോലും ക്രിമിനലുകൾക്ക് സർവസ്വാതന്ത്ര്യം കിട്ടുന്ന അവസ്ഥയാണിപ്പോൾ.

ഒരു തരത്തിലുള്ള തിരിച്ചറിയൽ രേഖകളോ ഫോൺ നമ്പറോ വാങ്ങാതെയാണ് എസി വെയ്റ്റിങ് റൂമിലേക്ക് ആളുകളെ പ്രവേശിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ സമൂഹവിരുദ്ധ ശല്യത്തെക്കുറിച്ച് പരാതി പറഞ്ഞാൽ, ചുമതലയിലുള്ള സെക്യൂരിറ്റി ഉദ്യോഗസ്ഥൻ കൈമലർത്തും. ടിക്കറ്റില്ലാത്തവരെ കടത്തി വിടുന്നത് ചോദ്യം ചെയ്താലും വ്യക്തമായ മറുപടിയുമുണ്ടാകില്ല.

കഴിഞ്ഞ ദിവസം ഇത്തരത്തിൽ ദുരനുഭവമുണ്ടായ യുവതി കെഎസ്ആർടിസിയുടെ വാട്ട്സാപ്പ് നമ്പറിൽ പരാതി അയച്ചിരുന്നു. പരിശോധിക്കാൻ കസ്റ്റമർ റിലേഷനെ അറിയിച്ചിട്ടുണ്ടെന്ന ഒഴുക്കൻ മറുപടിയല്ലാതെ, അഞ്ച് ദിവസമായിട്ടും എന്തെങ്കിലും നടപടിയുണ്ടായതായി സ്ഥിരീകരണമില്ല.

അങ്കമാലി ഡയറീസ്: സിനിമയിലെ യാഥാർഥ്യം

അങ്കമാലി കെഎസ്ആർടിസി ബസ് സ്റ്റാൻഡിലെ എസി ഫാമിലി വെയ്റ്റിങ് ഏരിയ. മുന്നിൽ വലതുഭാഗത്തായി കാണുന്നത് സെക്യൂരിറ്റി ഉദ്യോഗസ്ഥന്‍റെ ടേബിൾ.

ഏതാനും ആഴ്ച മുൻപാണ് അങ്കമാലി കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ എസി വെയ്റ്റിങ് റൂമിന്‍റെ പണി പൂർത്തിയായത്. അതിനു മുൻപും സമൂഹവിരുദ്ധരുടെയും ഗൂണ്ടകളുടെയും വിഹാരരംഗമാണ് ഈ ബസ് സ്റ്റാൻഡ്. ഇരുട്ട് വീണാൽ പോർവിളികളും അടിപിടിയുമൊക്കെ ഇവിടെ സാധാരണം. അങ്കമാലി ഡയറീസ് എന്ന സിനിമയിൽ കണ്ട ഗുണ്ടകളുടെ കുടിപ്പകയിലൊന്നും അതിശയോക്തിയില്ലെന്ന് അങ്കമാലിക്കാർക്ക് വ്യക്തമായി അറിയാം.

ബസ് സ്റ്റാൻഡിൽ നിന്ന് ഉറക്കെ വിളിച്ചാൽ കേൾക്കുന്ന ദൂരത്താണ് അങ്കമാലി പൊലീസ് സ്റ്റേഷൻ. എന്നാൽ, ചടങ്ങിന് വല്ലപ്പോഴും ഒരു റോന്ത് ചുറ്റൽ ഉണ്ടാകുമെന്നല്ലാതെ ഫലപ്രദമായി പൊലീസ് നിരീക്ഷണ സംവിധാനവും ഇവിടെയില്ല. വർഷങ്ങൾക്കു മുൻപ് സിസിടിവി ക്യാമറകൾ സ്ഥാപിച്ചിരുന്നെങ്കിലും ഇപ്പോൾ പ്രവർത്തനക്ഷമമല്ലെന്ന് സ്റ്റാൻഡിനുള്ളിൽ പ്രവർത്തിക്കുന്ന കടയുടമകൾ പറ‍യുന്നു.

ഗുണ്ടാ സംഘങ്ങളുടെ പേരിൽ പണ്ടേ കുപ്രസിദ്ധിയാർജിച്ച അങ്കമാലിയിൽ സമീപകാലത്ത് ഗുണ്ടാ ആക്രമണങ്ങൾ വർധിച്ചു വരുകയും ചെയ്യുന്നു. വെട്ടും കുത്തും കൊലപാതകവും വരെ അടുത്തിടെ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.

റോഡ് ഗതാഗതത്തിന്‍റെ ഹബ്

ഇരുട്ട് വീഴുമ്പോഴേക്ക് സർവീസ് അവസാനിപ്പിച്ച് അങ്കമാലി കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ പാർക്ക് ചെയ്തിരിക്കുന്ന ഓർഡിനറി ബസുകൾ

സംസ്ഥാനത്തിന്‍റെ തെക്കുഭാഗത്തുനിന്ന് വരുന്ന എംസി റോഡ് വടക്കോട്ടുള്ള നാഷണൽ ഹൈവേയിൽ ചേരുന്ന ജംക്ഷൻ എന്ന നിലയിൽ സംസ്ഥാനത്തെ റോഡ് ഗതാഗതത്തിന്‍റെ മുഖ്യ ഹബ്ബുകളിൽ ഒന്നാണ് അങ്കമാലി. വടക്കുഭാഗത്തുനിന്ന് വരുന്ന യാത്രക്കാർ എൻഎച്ചിൽനിന്ന് എംസി റോഡ് റൂട്ടുകളിലേക്കു തിരിയുന്നതും ഇവിടെ നിന്നാണ്.

എന്നാൽ, രാത്രി എട്ടരയോടെ അങ്കമാലി സ്റ്റാൻഡിൽ നിന്നുള്ള സർവീസുകളെല്ലാം അവസാനിപ്പിക്കുന്ന അധികൃതർ, ഫലത്തിൽ സമൂഹവിരുദ്ധർക്കു വേണ്ടി സ്റ്റാൻഡ് വിട്ടുകൊടുക്കുകയാണു ചെയ്യുന്നത്. ഓർഡിനറി സർവീസുകൾ മാത്രമാണ് അങ്കമാലി സ്റ്റാൻഡിൽനിന്നുള്ളത്. ഈ ബസുകളെല്ലാം സർവീസ് അവസാനിപ്പിച്ച് സ്റ്റാൻഡിൽ നിരത്തി പാർക്ക് ചെയ്യുന്നതോടെ ഹ്രസ്വദൂര യാത്രക്കാർ കഷ്ടത്തിലാകും. ബസുകളുടെ നീണ്ട നിര നൽകുന്ന മറവും അണ്ടർ ഗ്രൗണ്ട് പാർക്കിങ് ഏരിയയിലെ വിജനതയും ക്രിമിനലുകളുടെ സുരക്ഷ ഉറപ്പാക്കുകയും ചെയ്യും!

ബസുമില്ല, സുരക്ഷയുമില്ല

ആലുവ - എറണാകുളം ഭാഗത്തേക്കുള്ള ബസിൽ കയറാനുള്ള തിരക്ക്. രാത്രി 9 മണിക്കു ശേഷമുള്ള പതിവ് കാഴ്ച

ദീർഘദൂര ബസുകൾ സ്റ്റാൻഡിൽ കയറി പോകുമെങ്കിലും ഇടയ്ക്കുള്ള സ്റ്റോപ്പുകളിൽ ഇറങ്ങാനുള്ളവർ സ്റ്റാൻഡിൽ മണിക്കൂറുകളോളം കുടുങ്ങും. ഇവർക്ക് മതിയായ യാത്രാ സൗകര്യം ലഭിക്കുന്ന രീതിയിൽ ഷെഡ്യൂളുകൾ പുനക്രമീകരിക്കാൻ പോലും സാധിക്കാത്ത കെഎസ്ആർടിസി അധികൃതർ, യാത്രക്കാർക്ക് സുരക്ഷ കൂടി ഉറപ്പാക്കുമെന്ന് എങ്ങനെ കരുതാനാവുമെന്ന് സ്ഥിരം യാത്രക്കാർ ചോദിക്കുന്നു. രാത്രിയെന്നല്ല, നട്ടുച്ചയ്ക്കു പോലും ധൈര്യമായി കയറി ചെല്ലാൻ കഴിയാത്തത്ര അരക്ഷിത മേഖലയായി ബസ് സ്റ്റാൻഡ് മാറിക്കഴിഞ്ഞു.

രാത്രി സമയങ്ങളിൽ എംസി റോഡിൽനിന്ന് എൻഎച്ചിലേക്ക് പ്രവേശിച്ച് വടക്കോട്ട് പോകുന്ന ബസുകളും, എൻഎച്ചിൽനിന്ന് എംസി റോഡിൽ കയറി തെക്കോട്ടു പോകുന്ന ബസുകളും സർവീസ് നടത്തുന്നുണ്ട്.

രാത്രി ഏകദേശം ഒരേ സമയത്ത് അങ്കമാലി കെഎസ്ആർടിസി സ്റ്റാൻഡിലെത്തുന്ന വടക്കു ഭാഗത്തേക്കുള്ള ബസുകൾ ആളൊഴിഞ്ഞ അവസ്ഥയിൽ. കെടുകാര്യസ്ഥതയുടെ മറ്റൊരു മുഖം.

എന്നാൽ, വടക്കുനിന്നു വന്ന് എൻഎച്ച് വഴി യാത്ര തുടർന്ന് ആലുവ - എറണാകുളം വഴി പോകുന്ന ബസുകൾ താരതമ്യേന തീരെ കുറവാണ്. ഈ റൂട്ടിൽ യാത്ര ചെയ്യാനുള്ളവർ അധികമുണ്ടു താനും. ചില രാത്രികളിൽ മണിക്കൂറുകളോളം നീളുന്ന ഈ റൂട്ടിലെ യാത്രക്കാരുടെ കാത്തിരിപ്പ് കൂടിയാണ് കെഎസ്ആർടിസി അധികൃതർ അരക്ഷിതാവസ്ഥയിലാക്കുന്നത്.

കെട്ടിടാവശിഷ്ടങ്ങളുടെ അടിയില്‍ ആരുമില്ലെന്ന് മന്ത്രിമാര്‍ക്ക് വിവരം നല്‍കിയതു ഞാൻ: മെഡിക്കല്‍ കോളെജ് സൂപ്രണ്ട് ജയകുമാര്‍

ഗില്ലിന് ഇരട്ട സെഞ്ചുറി, ഇംഗ്ലണ്ടിന് 3 വിക്കറ്റ് നഷ്ടം; രണ്ടാം ടെസ്റ്റിൽ ഇന്ത്യക്കു പ്രതീക്ഷ

ശാരീരിക അസ്വസ്ഥത: മന്ത്രി വീണാ ജോര്‍ജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ബാങ്ക് ഉദ്യോഗസ്ഥയെ ജോലിക്കിടെ വെട്ടിക്കൊല്ലാൻ ശ്രമം; അക്രമി ആത്മഹത്യക്കു ശ്രമിച്ചു

സുരേഷ് ഗോപിയുടെ നിശബ്ദത ഉണ്ണുന്ന ചോറില്‍ മണ്ണിടുന്നതിന് തുല്യം: വേണുഗോപാല്‍