പ്രത്യേക തരം പദ്ധതികളും ഉദ്യോഗസ്ഥ വൈറസും
AI Image
എം.ബി.സന്തോഷ്
പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ വീട്ടിലെത്തിയ മാമച്ചനോട് പ്രസിഡന്‍റ്: ഹാ... അല്ലാ, ആര് മാമച്ചനോ?എന്നാ ഈ രാവിലെ?
മാമച്ചൻ: പ്രസിഡന്‍റിനെ ഒന്ന് കാണാൻ വന്നതാ... അതെന്നാ പ്രസിഡന്‍റേ, എന്‍റെ പറമ്പിന്‍റെ മുമ്പിലുള്ളത് വഴിയല്ലേ? അതോ, ഞാനീ പഞ്ചായത്തുകാരനല്ലേ? അത്രടംമാത്രം ഒഴിവാക്കീട്ടൊരു ടാറിങ്...
പ്രസിഡന്‍റ്: അത്... മാമച്ചാ... അത് രണ്ട് പദ്ധതിയാ.
മാമച്ചൻ: ആന്നോ... കേക്കട്ട്...
പ്രസിഡന്‍റ്: അതായത് മാമച്ചാ, തുണ്ടിപ്പടീന്ന് മോളിലോട്ടുരു 200 മീറ്റർ. പിന്നെ, ആലുങ്കാതാഴത്തിന്‍റെ വീടിന്‍റവിടുന്ന് താഴോട്ട് ഒരു 600 മീറ്റർ...
മാമച്ചൻ: ഹഹഹ... അതൊരു പ്രത്യക തരം പദ്ധതിയാണല്ലോ. അതിനിടയിൽ എന്‍റെ സ്ഥലം മാത്രമല്ലേയുള്ളൂ.. അതും 100 മീറ്റർ. തൽക്കാലം രണ്ടുംകൂടി ലയിപ്പിച്ച് ഒറ്റ പദ്ധതിയായങ്ങ് ചെയ്യ്...
പ്രസിഡന്‍റ്: അത് നടക്കുകേല മാമച്ചാ... മാമച്ചനറിയാത്ത കുറേ പ്രോബ്ലംസ് വേറെയുണ്ട്...
"വെള്ളിമൂങ്ങ' എന്ന സൂപ്പർ ഹിറ്റ് സിനിമയിലെ ഈ രംഗം കണ്ടപ്പോൾ ഇങ്ങനെയൊക്കെ സംഭവിക്കുമോ എന്ന് ചിലരെങ്കിലും സംശയിച്ചിരുന്നു. ക്ഷീരവികസന വകുപ്പിന്‍റെ ചില നടപടികൾ കാണുമ്പോൾ സിനിമയിൽ യാഥാർഥ്യത്തിന്‍റെ തീരെക്കുറച്ചേ വന്നിട്ടുള്ളൂ എന്ന് വിശ്വസിക്കേണ്ടി വരുന്ന അവസ്ഥയാണ്...!
നെയ്യാറ്റിൻകര കൊല്ലയിൽ നടൂർകൊല്ല മഞ്ചവിളാകം രാഗത്തിൽ താമസിക്കുന്ന കെ. ഭാസ്കരൻ നായർക്ക് വരുന്ന 23ന് 77 വയസാകും. ക്ഷീര കർഷകനായ അദ്ദേഹത്തിന് ഒരു ജഴ്സി പശുവുണ്ടായിരുന്നു. ക്ഷീര കർഷക ക്ഷേമനിധിയിൽ നിന്ന് കിട്ടുന്ന 1,600 രൂപ പെൻഷനും സാമൂഹികക്ഷേമ വകുപ്പിൽനിന്ന് ലഭിക്കുന്ന 600 രൂപയും ഇപിഎഫ് പെൻഷനായ 925 രൂപയും ചേർത്ത് 3,125 രൂപയാണ് ആകെ മാസവരുമാനം. കൂടുതൽ വരുമാനം പ്രതീക്ഷിച്ചാണ് പശുവിനെ വാങ്ങിയത്. പക്ഷേ, പശു ന്യുമോണിയ ബാധിച്ച് ചത്തു. അതിന് ഇൻഷ്വറൻസ് ഇല്ലായിരുന്നു. അതുകൊണ്ടുതന്നെ ആ ഇനത്തിൽ ഒരു ആശ്വാസവും ഒരിടത്തുനിന്നും കിട്ടിയില്ല. നാലുകൊല്ലം മുമ്പായിരുന്നു ഇത്.
അപ്പോൾ, ഭാസ്കരൻ നായർക്ക് ഒരു വിവരം കിട്ടി- ഇൻഷ്വറൻസ് ഇല്ലാത്ത പശു ചത്താൽ ക്ഷീര വികസന വകുപ്പ് 15,000 രൂപ സഹായം നൽകും. അങ്ങനെ, 2021 ഡിസംബർ 15ന് അദ്ദേഹം പെരുങ്കടവിള മൃഗസംരക്ഷണ ഓഫീസർക്ക് അപേക്ഷ സമർപ്പിച്ചു. മരിച്ചു കിടക്കുന്ന പശുവിന്‍റെ ഫോട്ടൊ, മൃഗ ഡോക്റ്ററുടെ മരണ സർട്ടിഫിക്കറ്റ് എന്നിവ സഹിതം തന്നെയായിരുന്നു അപേക്ഷ. ഇതൊക്കെ സംഘടിപ്പിക്കാനായി സാധാരണ ക്ഷീര കർഷകർ പലേടത്തും അനുഭവിക്കുന്ന കഷ്ടപ്പാടുകൾ വിവരണാതീതമാണ്.
മുമ്പ്, കഴക്കൂട്ടത്തിനടുത്ത് ഒരു "മൃഗ' ഡോക്റ്റർ ഉണ്ടായിരുന്നത് ഓർമ വരുന്നു. ഇത്തരം ആനുകൂല്യം നൽകുന്നതിനാവശ്യമായ രേഖകൾ തരാൻ ഡോക്റ്റർ തയ്യാറാണ്. കിട്ടേണ്ട ആനുകൂല്യത്തിന്‍റെ ഒരു വിഹിതം അവർക്ക് മുൻകൂറായി നൽകണമെന്നു മാത്രം. പശുവിനെ ഉൾപ്പെടെ വളർത്തുമൃഗങ്ങളെ നോക്കാൻ വീട്ടിൽ വരണമെങ്കിൽ കാറും കൊണ്ട് ക്ഷീര കർഷകർ ചെല്ലണം. വലിയ പരാതിക്കൊടുവിൽ അവർ സസ്പെൻഷനിലായി. ഇങ്ങനെ ക്ഷീര കർഷരെ ചൂഷണം ചെയ്യുന്ന മൃഗസംരക്ഷണ ഉദ്യോഗസ്ഥർ കുറവല്ല. ക്ഷീരവകുപ്പ് ഉദ്യോഗസ്ഥരിൽനിന്ന് ക്ഷീര കർഷകർക്ക് സഹായം കിട്ടുന്നില്ലെന്ന് മാത്രമല്ല, ഉപദ്രവം വേണ്ടുവോളമുണ്ടെന്ന് പരാതിപ്പെട്ടത് പോത്തൻകോട് പഞ്ചായത്തിലെ സുഹൃത്തായ സംരംഭകയാണ്.
അസുഖം ബാധിച്ച പശുവിന് ചികിത്സ നൽകിയതിന് മാത്രം ഭാസ്കരൻ നായർക്ക് പന്തീരായിരത്തിലേറെ രൂപ ചെലവായി. പശുവിന്‍റെ ജഡം മറവ് ചെയ്യാൻമാത്രം 4,000 രൂപയിലേറെ വേണ്ടിവന്നു. സർക്കാർ സഹായമായി പതിനയ്യായിരം കിട്ടുമെങ്കിൽ അദ്ദേഹത്തിനത് വലിയ ആശ്വാസമാവുമായിരുന്നു,
ഒരു വർഷം കഴിഞ്ഞിട്ടും അപേക്ഷയിൽ തീരുമാനമൊന്നും ആവാത്തതിനെ തുടർന്ന് വീണ്ടും ഈ വൃദ്ധ കർഷകൻ ക്ഷീര വികസന ഇൻസ്പെക്റ്ററെ ബന്ധപ്പെട്ടു. "അടുത്ത മുൻഗണന താങ്കൾക്കു തന്നെ' എന്നായിരുന്നു ആശ്വാസം. ഇത് 2023ലായിരുന്നു.
വീണ്ടും ഒരു കൊല്ലം കടന്നുപോയി. പണത്തിന്‍റെ ബുദ്ധിമുട്ടുണ്ടാവുമ്പോഴൊക്കെ ഈ പണം കിട്ടിയിരുന്നെങ്കിൽ എന്ന് വിചാരിക്കുമായിരുന്നു. 2024 ജൂലായ് 29ന് ക്ഷീരവികസന ഇൻസ്പെക്റ്ററെ വിളിച്ചപ്പോൾ 2022നു ശേഷമുള്ളവർക്കുള്ള ധനസഹായത്തിനാണ് പണം അനുവദിച്ചതെന്നായിരുന്നു മറുപടി. സാധാരണ ഗതിയിൽ ആദ്യം അപേക്ഷ സമർപ്പിച്ചവർക്കാണല്ലോ ആദ്യം സഹായം കിട്ടേണ്ടത്. അന്നുതന്നെ ഭാസ്കരൻനായർ ക്ഷീര വികസന വകുപ്പ് ഡെപ്യുട്ടി ഡയറക്റ്ററെ ഫോണിൽ വിളിച്ച് പരാതി പറഞ്ഞു.' "ഫണ്ട് സർക്കാരിൽ നിന്ന് കിട്ടുകയാണെങ്കിൽ നോക്കാ'മെന്നായിരുന്നു "അങ്ങത്ത' മൊഴിഞ്ഞത്.
അപ്പോഴാണ് ഈ പ്രായത്തിലും പശുവിനെ വളർത്തിയ കർഷകനെ തളർത്തുന്ന വിവരം അറിഞ്ഞത്: "2023ൽ സർക്കാർ ഫണ്ട് ഉണ്ടായിട്ടും ഭാസ്കരൻ നായർ ഉൾപ്പെടെയുള്ള കർഷകർക്ക് നൽകാതെ ഉദ്യോഗസ്ഥർ തുക സർക്കാരിലേക്ക് തിരിച്ചടച്ചു!'
നോക്കൂ, എന്തുമാത്രം കർഷക വിരുദ്ധരാണ് ഈ ഉദ്യോഗസ്ഥർ... ആരോഗ്യം പോലും പോലുമില്ലെങ്കിലും ജീവിതം മെച്ചപ്പെടുത്താമെന്ന പ്രതീക്ഷയോടെ ഒരു പശുവിനെ വളർത്തുന്നു. അയാളുടെ കഷ്ടകാലത്തിന് ആ പശു രോഗം വന്ന് ചത്തുപോയി. അത്തരക്കാരെ സഹായിക്കാൻ സർക്കാർ പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്. എന്നാൽ, അത് അർഹരായവർക്ക് കൊടുക്കാതെ ഉദ്യോഗസ്ഥർ പാഴാക്കുന്നു. ക്ഷീര കർഷകരെ സഹായിക്കാനുള്ള ഒരു വകുപ്പിലാണിതെന്നോർക്കണം. എന്തുകൊണ്ട് കേരളത്തിൽ കർഷിക മേഖല പിന്നോട്ടുപോവുന്നു എന്നതിന് ഈ ഉദാഹരണം മാത്രം മതി. കർഷകരെ സഹായിക്കുന്ന ഉദ്യോഗസ്ഥരുണ്ട്. പക്ഷെ, ഇത്തരം കർഷക വിരുദ്ധരായ ഉദ്യോഗസ്ഥർ കൃഷി, മൃഗസംരക്ഷണ, ക്ഷീര വികസന വകുപ്പുകളിൽ ധാരാളമുള്ളതിനാൽ സർക്കാരിന്‍റെ ആനുകൂല്യം നമ്മെ ഊട്ടുന്ന കർഷകർക്ക് കിട്ടാതെ പോവുന്നു.
ഇവിടെയാണ് "വെള്ളിമൂങ്ങ'യിലെ രംഗം പ്രസക്തമാവുന്നത്. അവിടെ മാമച്ചന്‍റെ വീട്ടിലേക്കുള്ള വഴി മാത്രം ടാറിടാതെ പോവുന്നു. ഇവിടെ ഭാസ്കരൻ നായരുടെ അപേക്ഷ മാത്രം പരിഗണിക്കുന്നില്ല. അതിന് മുമ്പും പിമ്പും അപേക്ഷിച്ചവർക്ക് പണം കിട്ടുന്നു. ഇങ്ങനെയുള്ള "പ്രത്യേക തരം പദ്ധതി'കൾ മിക്കവകുപ്പിലും ഉണ്ട്. അഴിമതിമാത്രം നടത്തി ശീലിച്ച ഉദ്യേഗസ്ഥർക്ക് കൈമടക്ക് കിട്ടാതെ ന്യായമായ കാര്യങ്ങൾ ചെയ്യാൻ വലിയ ബുദ്ധിമുട്ടാണ്.
ക്ഷീര വികസന വകുപ്പ് ഉദ്യോഗസ്ഥരുടെ അനീതിയെ വെറുതെ വിടാൻ ഭാസ്കരൻ നായരിലെ ഊർജസ്വലനായ പോരാളി തയ്യാറായില്ല. അദ്ദേഹം മനുഷ്യാവകാശ കമ്മിഷനിൽ പരാതി സമർപ്പിച്ചു. കമ്മിഷൻ നടപടി ആരംഭിച്ചതോടെ ഉദ്യോഗസ്ഥർ ഓട്ടം തുടങ്ങി. ഇത് അന്വേഷിച്ചുപോയാൽ താഴേത്തട്ടുമുതൽ മുകളിലോട്ടുള്ളതു വരെ ഒരുപാട് ഉദ്യോഗസ്ഥർ കുടുങ്ങും. 2025 മാർച്ച് 11ന് ഇതിന്‍റെ വിചാരണ കമ്മിഷനിൽ നടന്നപ്പോൾ പരാതിക്കാരൻ ഹാജരായി പണം തനിക്ക് അനുവദിക്കാതെ തിരിച്ചടിച്ചതുൾപ്പെടെ ശ്രദ്ധയിൽപ്പെടുത്തി. അതുകൊണ്ട് ഫലമുണ്ടായി. നാലുകൊല്ലമായി തീരുമാനമാകാതിരുന്ന ഭാസ്കരൻ നായരുടെ 15,000 രൂപ ആ മാസം 26ന് അദ്ദേഹത്തിന്‍റെ അക്കൗണ്ടിലിട്ടു കൊടുത്ത് ആ വിവരം ക്ഷീരവികസന ഡയറക്റ്റർ മനുഷ്യാവകാശ കമ്മിഷനെ അറിയിച്ചു! കൊടിയേറ്റം സിനിമയിൽ ഭരത് ഗോപിയുടെ കഥാപാത്രം പറയുന്ന പോലെ, തീരുമാനത്തിന് "എന്തൊരു ഫീഡ്...!'
പണം യഥാസമയം ചെലവഴിക്കാതെ സറണ്ടർ ചെയ്തത് ഉദ്യേഗസ്ഥരുടെ വീഴ്ച കാരണമാണെന്ന ആരോപണം പരിശോധിക്കണമെന്ന മനുഷ്യാവകാശ കമ്മിഷൻ ചെയർമാൻ ജസ്റ്റിസ് അലക്സാണ്ടർ തോമസിന്‍റെ ഉത്തരവിലെ പരാമർശം ആശ്വാസമാണ്. പക്ഷെ, ഇതിന് മറുപടി ഇങ്ങനെയായിരിക്കുമെന്ന് മുൻകൂട്ടി പറയാം: "ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഒരു വീഴ്ചയും ഉണ്ടായിട്ടില്ല.'
അപ്പോൾ, "വീഴ്ച' ആരുടെ ഭാഗത്താണ് ? ഉറപ്പല്ലേ, പാവം ക്ഷീര കർഷകന്‍റെ ഭാഗത്ത്. അയാൾ പശുവിനെ വളർത്തിയതുകൊണ്ടല്ലേ, അത് ചത്തത്!
"പ്രത്യേക തരം പദ്ധതികൾ' ഇനിയും ക്ഷീരവികസന വകുപ്പുകളിൽ തുടരും. അതിനെ നേരിടണമെങ്കിൽ ഭാസ്കരൻ നായർമാർ പെരുകണം. നാലുകൊല്ലം ക്ഷീരവികസന വകുപ്പ് ഓഫീസുകളിൽ കയറിയിറങ്ങിയിട്ടും പരാതിയുമായി കയറിയിറങ്ങിയില്ലായിരുന്നെങ്കിൽ അദ്ദേഹത്തിന് പണം നിഷേധിച്ച ഉദ്യോഗസ്ഥരുടേതാകുമായിരുന്നു അന്തിമ ചിരി. പശുവിനു വരുന്ന ന്യുമോണിയയേക്കാൾ മാരകമായ ഇത്തരം ഉദ്യോഗസ്ഥ വൈറസുകളെ ചെറുക്കാൻ കർഷകർ സജ്ജമാകേണ്ടിയിരിക്കുന്നു.