ആയുർവേദം: വർധിക്കുന്ന പ്രസക്തി
അംഗരാജ്യങ്ങളില്‍ 88%, അഥവാ 194 രാജ്യങ്ങളില്‍ 170 ഇടത്തും പരമ്പരാഗത വൈദ്യശാസ്ത്രരീതികള്‍ അനുവര്‍ത്തിക്കപ്പെടുന്നതായി ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രത്യേകിച്ച് താഴ്ന്ന, ഇടത്തരം വരുമാനമുള്ള രാജ്യങ്ങളില്‍ ശതകോടിക്കണക്കിന് പേര്‍ക്ക് താങ്ങാനാവുന്ന ചെലവും, ലഭ്യതയും കാരണം ഇത് ആരോഗ്യ സംരക്ഷണത്തിന്‍റെ പ്രാഥമിക രൂപമായി തുടരുന്നു. എന്നാല്‍, ചികിത്സയ്ക്കുപരിയായി ജൈവവൈവിധ്യ സംരക്ഷണം, പോഷകാഹാര സുരക്ഷ, സുസ്ഥിര ഉപജീവനമാർഗങ്ങള്‍ എന്നിവയെ പിന്തുണയ്ക്കുന്നതിലേക്കും അതിന്‍റെ പ്രാധാന്യം ഇന്നു വ്യാപിച്ചിരിക്കുന്നു.
വിപണി പ്രവണതകളും ഈ വർധിച്ചുവരുന്ന സ്വീകാര്യതയെ പ്രതിഫലിപ്പിക്കുന്നു. 2025 കഴിയുമ്പോഴേക്കും ആഗോള പരമ്പരാഗത വൈദ്യശാസ്ത്ര വിപണി 10%-20% വാര്‍ഷിക വളര്‍ച്ചനിരക്കുമായി 583 ശതകോടി ഡോളറിലെത്തുമെന്നണു വിദഗ്ധരുടെ കണക്കുകൂട്ടൽ. പരമ്പരാഗത ചൈനീസ് വൈദ്യശാസ്ത്ര മേഖലയ്ക്ക് 122.4 ശതകോടി ഡോളറും, ഓസ്ട്രേലിയയുടെ ഹെര്‍ബല്‍ മെഡിസിന്‍ വ്യവസായത്തിന് 3.97 ശതകോടി ഡോളറും, ഇന്ത്യയുടെ ആയുര്‍വേദം, യോഗ, പ്രകൃതിചികിത്സ, യുനാനി, സിദ്ധ, ഹോമിയോപ്പതി (ആയുഷ്) മേഖലയ്ക്ക് 43.4 ശതകോടി ഡോളറുമാണ് മൂല്യം കണക്കാക്കുന്നത്.
ആരോഗ്യ സംരക്ഷണ തത്വശാസ്ത്രത്തിലെ അടിസ്ഥാനപരമായ മാറ്റത്തെ ഈ വികാസം പ്രതിഫലിപ്പിക്കുന്നു. രോഗലക്ഷണങ്ങളെ മാത്രം അഭിസംബോധന ചെയ്യുന്നതിനേക്കാള്‍ മൂലകാരണങ്ങളെ കണ്ടെത്തി ചികില്‍സിക്കുന്ന- മുന്‍കരുതലോടെയുള്ള, പ്രതിരോധപരമായ സമീപനങ്ങളിലേക്കുള്ള മാറ്റം ഇതില്‍ കാണാം.
ഇന്ത്യയുടെ ആയുര്‍വേദ പരിവര്‍ത്തനം
ഇന്ത്യയുടെ പരമ്പരാഗത വൈദ്യശാസ്ത്ര മേഖല ശ്രദ്ധേയമായ പരിവര്‍ത്തനത്തിന് സാക്ഷ്യം വഹിച്ചു. 92,000ലധികം സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ ഉള്‍പ്പെടുന്ന ആയുഷ് വ്യവസായം ഒരു ദശാബ്ദത്തിനുള്ളില്‍ ഏകദേശം എട്ട് മടങ്ങ് വികസിച്ചു. ഉത്പാദനമേഖലയുടെ വരുമാനം 2014-15 ലെ 21,697 കോടിയില്‍ നിന്ന് നിലവില്‍ 1.37 ലക്ഷം കോടിയിലധികമായി വര്‍ധിച്ചു. അതേസമയം സേവനമേഖല 1.67 ലക്ഷം കോടി വരുമാനം നേടി.
1.54 ശതകോടി ഡോളര്‍ മൂല്യമുള്ള ആയുഷ്- ഔഷധ ഉത്പന്നങ്ങള്‍ ഇന്ത്യ ഇപ്പോള്‍ 150ലധികം രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നു. നിരവധി രാജ്യങ്ങളില്‍ ആയുര്‍വേദം ഒരു മെഡിക്കല്‍ ചികിത്സാ സംവിധാനമായി ഇന്ന് ഔപചാരിക അംഗീകാരം നേടുന്നു. ഇത് ആഗോളതലത്തില്‍ ഗണ്യമായ സാമ്പത്തിക അവസരത്തെയും സോഫ്റ്റ് പവര്‍ സാധ്യതയെയും പ്രതിനിധാനം ചെയ്യുന്നു.
ആയുഷിനെക്കുറിച്ച് നാഷണല്‍ സാംപ്‌ൾ സര്‍വെ ഓഫിസ് (2022-23) നടത്തിയ പ്രഥമ സമഗ്ര സര്‍വെ ഇതിന്‍റെ സാര്‍വത്രിക അവബോധം ചൂണ്ടിക്കാട്ടുന്നു. 95% ഗ്രാമപ്രദേശങ്ങളിലും 96% നഗരകേന്ദ്രങ്ങളിലും ഇതേക്കുറിച്ച് അറിവുണ്ട്. ജനസംഖ്യയുടെ പകുതിയിലധികം പേരും ആയുഷ് സംവിധാനങ്ങള്‍ ഉപയോഗിക്കുന്നതായാണു കഴിഞ്ഞ വര്‍ഷത്തെ റിപ്പോർട്ട്. പുനരുജ്ജീവനത്തിനും രോഗപ്രതിരോധ പരിചരണത്തിനും ആയുര്‍വേദത്തിന് ജനങ്ങള്‍ മുന്‍ഗണന നല്‍കുന്നതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ശാസ്ത്രീയ മൂല്യനിര്‍ണയവും ആഗോള വളര്‍ച്ചയും
ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ആയുര്‍വേദ, ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ടീച്ചിങ് ആന്‍ഡ് റിസര്‍ച്ച് ഇന്‍ ആയുര്‍വേദ, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആയുര്‍വേദ, സെന്‍ട്രല്‍ കൗണ്‍സില്‍ ഫൊര്‍ റിസര്‍ച്ച് ഇന്‍ ആയുര്‍വേദ സയന്‍സസ് എന്നിവയുള്‍പ്പെടെ സ്ഥാപനങ്ങളിലൂടെ ഇന്ത്യ ഗവേഷണപ്രവര്‍ത്തനങ്ങളില്‍ ഗണ്യമായ നിക്ഷേപം നടത്തിയിട്ടുണ്ട്.
ഈ സ്ഥാപനങ്ങള്‍ പ്രധാനമായും ക്ലിനിക്കല്‍ പരിശോധനാമൂല്യനിര്‍ണയം, മരുന്നുകളുടെ മാനദണ്ഡ ഏകീകരണം, പരമ്പരാഗത അറിവിനെ ആധുനിക വൈദ്യശാസ്ത്ര രീതികളുമായി കോര്‍ത്തിണക്കുന്ന സംയോജിത പരിചരണ മാതൃകകള്‍ വികസിപ്പിക്കല്‍ എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
ആയുഷ് മന്ത്രാലയത്തിന്‍റെ അന്താരാഷ്‌ട്ര സഹകരണ പദ്ധതിയിലൂടെ ഇന്ത്യയുടെ ആയുര്‍വേദ സംവിധാനം ആഗോളതലത്തില്‍ അഭൂതപൂര്‍വമായ തോതില്‍ വ്യാപനം കൈവരിച്ചു. ഇന്ത്യ 25 ഉഭയകക്ഷി കരാറുകളിലും 52 സ്ഥാപന പങ്കാളിത്തങ്ങളിലും ഒപ്പുവച്ചു. 39 രാജ്യങ്ങളിലായി 43 ആയുഷ് ഇന്‍ഫൊര്‍മേഷന്‍ സെല്ലുകള്‍ സ്ഥാപിച്ചു. വിദേശ സര്‍വകലാശാലകളില്‍ 15 അക്കാഡമിക് ചെയറുകളും സ്ഥാപിച്ചിട്ടുണ്ട്.
ലോകാരോഗ്യ സംഘടനയുടെ ആഗോള പരമ്പരാഗത വൈദ്യശാസ്ത്ര കേന്ദ്രം ഇന്ത്യയില്‍ സ്ഥാപിക്കുന്നത് രാജ്യത്തെ സംബന്ധിച്ചിടത്തോളം സുപ്രധാന നാഴികക്കല്ലാണ്. കേന്ദ്ര ഗവണ്‍മെന്‍റിന്‍റെ പിന്തുണയോടെ, ആധുനിക ശാസ്ത്രം, ഡിജിറ്റല്‍ ആരോഗ്യം, നിര്‍മിത ബുദ്ധി എന്നിവയുള്‍പ്പെടെ നൂതന സാങ്കേതികവിദ്യകളിലൂടെ പരമ്പരാഗത വൈദ്യശാസ്ത്രത്തിന്‍റെ സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ ഈ കേന്ദ്രം ലക്ഷ്യമിടുന്നു.
പരമ്പരാഗത വൈദ്യശാസ്ത്രത്തില്‍ എ ഐയുടെ സംയോജനത്തെക്കുറിച്ചുള്ള ണഒഛയുടെ സമീപകാല പ്രസിദ്ധീകരണം, നൂതന സാങ്കേതികവിദ്യകള്‍ക്ക് ക്ലിനിക്കല്‍ പരിശോധന മൂല്യനിര്‍ണ്ണയം ശക്തിപ്പെടുത്താനും, ബിഗ്-ഡാറ്റ അനലിറ്റിക്സ് പ്രാപ്തമാക്കാനും, ആയുര്‍വേദത്തിലും അനുബന്ധ സംവിധാനങ്ങളിലും പ്രവചനാത്മകമായ പരിചരണം മെച്ചപ്പെടുത്താനും കഴിയുന്നതെങ്ങനെ എന്ന് എടുത്തുകാട്ടുന്നു.
ഈ വര്‍ഷത്തെ പ്രമേയം
ശരീരവും മനസും തമ്മിലും മനുഷ്യനും പ്രകൃതിയും തമ്മിലും ഉപഭോഗവും സംരക്ഷണവും തമ്മിലുമുള്ള പരസ്പര സന്തുലിതാവസ്ഥ എന്ന ആയുര്‍വേദത്തിന്‍റെ കാതലായ തത്ത്വചിന്ത, സമകാലിക വെല്ലുവിളികള്‍ക്ക് നിര്‍ണായക പരിഹാരങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. ലോകമിന്ന് ജീവിതശൈലി രോഗങ്ങളും കാലാവസ്ഥ വ്യതിയാനവും നേരിടുമ്പോള്‍, ആയുര്‍വേദം വ്യക്തിപരവും പ്രകൃതിപരവുമായ ആരോഗ്യത്തിനായുള്ള ചട്ടക്കൂട് നല്‍കുന്നു.
ആഗോളതലത്തില്‍ പരമ്പരാഗത വൈദ്യശാസ്ത്രത്തെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ക്ക് ഇന്ത്യ നേതൃത്വം നല്‍കുകയാണ്. പ്രതിരോധപരവും താങ്ങാനാവുന്ന ചെലവിലും ഏവരെയും ഉള്‍ക്കൊള്ളുന്നതും സുസ്ഥിരവുമായ ആരോഗ്യ സംരക്ഷണമെന്ന സമീപനത്തിനാണ് ഈ പശ്ചാത്തലത്തില്‍ ഇന്ത്യ ഊന്നല്‍ നല്‍കുന്നത്. ആയുര്‍വേദം കേവലം ആരോഗ്യ ചികിത്സാസംവിധാനത്തെയല്ല; മറിച്ച് പരമ്പരാഗത അറിവിനെ സമകാലിക ആവശ്യകതകളുമായി ബന്ധിപ്പിക്കുന്ന ആരോഗ്യക്ഷേമ പ്രസ്ഥാനത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്.
പൗരാണിക വിജ്ഞാനവും ആധുനിക ശാസ്ത്ര സാങ്കേതികവിദ്യയുമായുള്ള കൂട്ടിച്ചേര്‍ക്കല്‍, ആഗോള ആരോഗ്യ സംവിധാനങ്ങളില്‍ പരമ്പരാഗത വൈദ്യശാസ്ത്ര രീതികളുടെ നിര്‍ണായക പങ്കിന് സഹായിക്കുന്നു. പരമ്പരാഗത വൈജ്ഞാനിക സംവിധാനങ്ങള്‍ ജനങ്ങള്‍ക്കും ഭൂമിക്കും അനുയോജ്യമായതും കൂടുതല്‍ സന്തുലിതവും സുസ്ഥിരമായതുമായ ഭാവിക്കായി സംഭാവന ചെയ്യാനുള്ള സാധ്യതയെക്കുറിച്ച് നമ്മെ ഓര്‍മപ്പെടുത്തുന്നതാണ് ഈ വര്‍ഷത്തെ ആയുര്‍വേദ ദിനം.