Special Story

കേരളനടനം ജനങ്ങളിലെത്തിച്ച പ്രശസ്ത നർത്തകി ഭവാനി ചെല്ലപ്പൻ ഓർമയായി

ബാലെ എന്ന നൃത്ത കലാരൂപവും കേരള നടനവും കലാലോകത്തിന് മനസിലാക്കി കൊടുത്തത് ചെല്ലപ്പൻ - ഭവാനി ദേവി ദമ്പതികളാണ്.

##ബിനീഷ് മള്ളൂശേരി

പുരാണ കഥകളടക്കം നാട്യരൂപത്തിൽ അവതരിപ്പിച്ച് മലയാളക്കരയിലെ വേദികളിൽ ഒരു കാലത്ത് നിറ സാന്നിധ്യമായിരുന്ന ചെല്ലപ്പൻ - ഭവാനി ദേവീ ദമ്പതികളിൽ തിരുനക്കര ആസാദ്‌ ലെയ്നിൽ ശങ്കരമംഗലം വീട്ടിൽ നൃത്താദ്ധ്യാപികയും പ്രശസ്ത നർത്തകിയുമായ ഭവാനിയും ഓർമയായി. 98 വയസായിരുന്നു. കുമാരനല്ലൂരിലുള്ള മകന്‍റെ വസതിയിലായിരുന്നു അന്ത്യം. ശാരീരിക അവശതകൾ അലട്ടിയിരുന്നെങ്കിലും നൃത്ത മേഖലയിൽ ഈ പ്രായത്തിലും കോട്ടയം തിരുനക്കരയിലുള്ള ഭാരതീയ നൃത്ത കലാലയത്തിന്‍റെ ഡയറക്റ്ററായി ഭവാനി സജീവമായിരുന്നു.

ഭവാനി ദേവീ

ഈ പ്രായത്തിലും നൃത്തച്ചുവടുകളിൽ യുവത്വം ഒളിപ്പിച്ചുവെച്ച നർത്തകി. ചടുലമായ ചുവടുകൾക്കൊപ്പം പത്മദളങ്ങളിൽ എന്നപോലെ കൈകളില്‍ വിടരുന്ന മുദ്രകളും, ഏവരെയും ആകർഷിക്കുന്ന മുഖത്ത് മിന്നി മറയുന്ന നവരസങ്ങളും. അതായിരുന്നു ഭവാനി ചെല്ലപ്പൻ. ബാലെ എന്ന നൃത്ത കലാരൂപവും കേരള നടനവും കലാലോകത്തിന് മനസിലാക്കി കൊടുത്തത് ചെല്ലപ്പൻ - ഭവാനി ദേവി ദമ്പതികളാണ്.

ഭവാനി ദേവീ

1952ല്‍ ഇവർ ആരംഭിച്ച ഭാരതീയ നൃത്ത കലാലയത്തിൽ നിന്നും സിനിമാ-സീരിയല്‍ താരങ്ങളടക്കം നിരവധിയാളുകളാണ് നൃത്തം അഭ്യസിച്ചിറങ്ങിയത്. ഭവാനിയും അന്തരിച്ച ഭർത്താവ് ചെല്ലപ്പനും നൃത്തകുലപതി എന്ന് ഖ്യാതി കേട്ട ഗുരു ഗോപിനാഥിന്‍റെ ശിഷ്യരാണ്. ചെല്ലപ്പൻ - ഭവാനിയുടെ 'ബാലെ' എന്ന നൃത്ത കലാരൂപം ഉണ്ടെന്നറിഞ്ഞാൽ ഏത് പാതിരാത്രിക്കും അത് കാണുവാൻ അമ്പലപ്പറമ്പിൽ കാത്തിരിക്കുന്ന ഒരു ജനസമൂഹം ഉണ്ടായിരുന്നു ഒരുകാലത്ത്.

ചെല്ലപ്പൻ - ഭവാനിയുടെ 'ബാലെ' വേഷത്തിൽ

ഗുരു ഗോപിനാഥ് പുരസ്കാരമടക്കം കേരള കലാമണ്ഡലം പുരസ്കാരം, സംഗീത നാടക അക്കാദമി പുരസ്കാരം, കലാരംഗത്തെ അമൂല്യ നേട്ടങ്ങള്‍ക്ക് തിരുവിതാംകൂർ മഹാരാജാവില്‍ നിന്ന് ബഹുമതികള്‍ ഉള്‍പ്പടെ നിരവധി പുരസ്കാരങ്ങൾ ഇവർക്ക് ലഭിച്ചിട്ടുണ്ട്.

'ബാലെ' കലാരൂപം അക്കാലത്തെ പത്രത്തിൽ

ഭൗതിക ശരീരം നാളെ വൈകിട്ട് 5 മണിക്ക് വസതിയിൽ കൊണ്ടുവരും. സംസ്കാരം ഞായറാഴ്ച വൈകിട്ട് 3 മണിക്ക് മുട്ടമ്പലം എൻ.എസ്‌.എസ്‌ ശ്മശാനത്തിൽ.

"ഏഷ്യാ കപ്പിൽ പങ്കെടുക്കാം"; പാക് ഹോക്കി ടീമിനെ തടയില്ലെന്ന് കായികമന്ത്രാലയം

തെരുവുനായ ആക്രമണം; തിരുവനന്തപുരത്ത് ഇരുപതോളം പേർക്ക് പരുക്ക്

ജൂ‌ലൈ 8ന് സ്വകാര്യ ബസ് പണിമുടക്ക്; 22 മുതൽ അനിശ്ചിതകാല സമരം

വെള്ളിയാഴ്ച കെഎസ്‌യു സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദ്

മെഡിക്കൽ കോളെജ് അപകടം ആരോഗ‍്യമന്ത്രി നിസാരവത്കരിച്ചു: തിരുവഞ്ചൂർ