.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }

രാഹുൽ ഗാന്ധി, രാജീവ് ഗാന്ധി, പ്രിയങ്ക ഗാന്ധി, സോണിയ ഗാന്ധി

 
Special Story

തലമുറകളെ വേട്ടയാടുന്ന പീരങ്കിപ്രേതം | ബൊഫോഴ്സ് പരമ്പര: ഭാഗം-4

ഇന്ത്യൻ രാഷ്ട്രീയത്തിലെ ആദ്യ ഹൈ പ്രൊഫൈൽ അഴിമതി കേസ് 38 വർഷത്തിനിപ്പുറം വീണ്ടും പൊടിതട്ടിയെടുക്കുകയാണ് സിബിഐ; പണ്ട് വി.പി. സിങ് ഉപയോഗിച്ച അതേ സ്വകാര്യ അന്വേഷകനുമുണ്ട് സഹായിക്കാൻ....

VK SANJU

ബൊഫോഴ്സ്: പുകയടങ്ങാത്ത പീരങ്കി - പരമ്പര 2

വി.കെ. സഞ്ജു

ഒട്ടാവിയോ ക്വത്റോക്കി അര്‍ജന്‍റീനയില്‍ അറസ്റ്റിലായ സമയത്ത് മകന്‍ മാസ്സിമോ ഇന്ത്യയിലുണ്ടായിരുന്നു. 2006 ജൂലൈ 21നു ലുഫ്താന്‍സ ഫ്ളൈറ്റ് 760ല്‍ ന്യൂഡല്‍ഹിയിലെത്തിയ മാസ്സിമോ മടങ്ങിയത് 2007 ഫെബ്രുവരി 22ന് ലുഫ്താന്‍സ ഫ്ളൈറ്റ് 761ല്‍. ഫെബ്രുവരി എട്ടിന് അറിഞ്ഞ സീനിയര്‍ ക്വത്റോക്കിയുടെ അറസ്റ്റ് വിവരം സിബിഐ പുറത്തുവിടുന്നതു ഫെബ്രുവരി 23നും!

ഫെബ്രുവരി 17ന് ബിജു ജനതാദളിന്‍റെ രാജ്യസഭാ എംപി ബൈജയന്ത് ജയ് പാണ്ഡെയുടെ സഹോദരന്‍ ഒരു സത്കാരം സംഘടിപ്പിച്ചിരുന്നു. അതില്‍ രാജീവ് ഗാന്ധിയുടെയും സോണിയയുടെയും മകള്‍ പ്രിയങ്കയും, ഒട്ടാവിയൊ ക്വത്റോക്കിയുടെ മകൻ മാസ്സിമോ ക്വത്റോക്കിയും പങ്കെടുത്തെന്ന് ആരോപണ‌മുയർന്നു. അന്നത്തെ കോണ്‍ഗ്രസ് വക്താവ് ദിഗ്വിജയ് സിങ് ആരോപണം നിഷേധിച്ചു. പക്ഷേ, പ്രിയങ്കയെയും രാഹുലിനെയും മാസ്സിമോ സ്വാധീനിച്ചെന്ന പ്രതിപക്ഷത്തിന്‍റെ ആരോപണം യുക്തിഭദ്രമായി പൊളിക്കാന്‍ പാര്‍ട്ടിക്കു കഴിഞ്ഞില്ല.

ബൊഫോഴ്സ് വിവാദം ആദ്യം വേട്ടയാടിയതു രാജീവിനെ. പിന്നെ സോണിയയെ, അതും കഴിഞ്ഞ് രാഹുലിനെയും പ്രിയങ്കയെയും. തലമുറകള്‍ രണ്ടായി. ഈ വിവാദം ഇനിയും സജീവമായി നില്‍ക്കും, നെഹ്റു-ഗാന്ധി കുടുംബത്തിലെ ഒരാളെങ്കിലും ഇന്ത്യൻ രാഷ്ട്രീയത്തിൽ സജീവമായി തുടരുന്ന കാലം വരെ. കാരണം, ആരോപണങ്ങള്‍ നിഷേധിക്കാനോ പുച്ഛിച്ചു തള്ളാനോ അല്ലാതെ, തെറ്റാണെന്നു തെളിയിക്കാന്‍ ഇവരിലാർക്കും ഇതുവരെ സാധിച്ചിട്ടില്ല.

രാജീവ് ഉള്‍പ്പെട്ടിട്ടില്ലെങ്കില്‍, ഉള്‍പ്പെട്ടതാരെന്നു കണ്ടെത്താന്‍ അദ്ദേഹം ശ്രമിച്ചില്ല; അഥവാ ശ്രമിച്ചിട്ടുണ്ടെങ്കിൽ അതിൽ വിജയിച്ചില്ല. ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം ആവശ്യമില്ലെന്ന് അദ്ദേഹം ഒരു ഘട്ടത്തില്‍ സ്വീഡിഷ് ഗവണ്‍മെന്‍റിനു കത്തെഴുതുക വരെ ചെയ്തു. തന്നെ ബൊഫോഴ്സ് കേസില്‍ കുടുക്കാന്‍ കൂട്ടുനിന്ന 'സര്‍ക്കാരി സാധു' ചന്ദ്രസ്വാമിയെത്തന്നെയാണ് പിന്നീട് അതില്‍നിന്നു രക്ഷപെടാനും രാജീവ് കൂട്ടുപിടിച്ചത്. വി.പി. സിങ്ങിന്‍റെ പ്രതിച്ഛായ തകര്‍ക്കാന്‍ സെന്‍റ് കിറ്റ്സ് വ്യാജരേഖ ചമച്ച കേസില്‍ കുറ്റവിമുക്തനായെങ്കിലും, രാജീവും നരസിംഹറാവുവുമായി ചന്ദ്രസ്വാമിക്കുണ്ടായിരുന്ന ബന്ധത്തിന് ഒരിക്കലും വിശുദ്ധിയുടെ പരിവേഷമായിരുന്നില്ല.

ക്വത്റോക്കിയെ പരസ്യമായി ന്യായീകരിക്കാനാണു സോണിയയും ശ്രമിച്ചിട്ടുള്ളത്. ബൊഫോഴ്സിനെ രാഹുല്‍ അടഞ്ഞ അധ്യായമെന്നു പുച്ഛിച്ചപ്പോള്‍, ക്വത്റോക്കിക്കെതിരായ റെഡ് കോര്‍ണര്‍ നോട്ടീസ് പിന്‍വലിച്ചില്ലെങ്കില്‍ ഇന്ത്യ ലോകരാജ്യങ്ങള്‍ക്കു മുന്നില്‍ പരിഹസിക്കപ്പെടുമെന്നു പറഞ്ഞ് അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് അതിനെ പിന്തുണച്ചു.

വി.പി. സിങ്ങും രാജീവ് ഗാന്ധിയും

വി.പി. സിങ് തുറന്നുവിട്ട അഴിമതി ഭൂതം

ചമ്പല്‍ കൊള്ളക്കാരെ കീഴടക്കിയ കരുത്തുമായാണ് വിശ്വനാഥ് പ്രതാപ് സിങ് യുപിയിലെ തട്ടകത്തില്‍നിന്നു കേന്ദ്രത്തിലെ കോണ്‍ഗ്രസ് മന്ത്രിസഭയിലെത്തുന്നത്. സ്വര്‍ണത്തിനു നികുതി കുറച്ച് കള്ളക്കടത്ത് പൊളിച്ചും, റെയ്ഡ് ചെയ്തു പിടിക്കുന്ന കള്ളക്കടത്തു സ്വര്‍ണത്തിന്‍റെ നിശ്ചിത ശതമാനം പൊലീസുകാര്‍ക്കു കൊടുത്തും, നികുതി വെട്ടിപ്പു തടയാന്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റിനു വിശാലമായ അധികാരങ്ങള്‍ നല്‍കി ധിരുഭായ് അംബാനിയെയും അമിതാഭ് ബച്ചനെയും വിരട്ടിയും അദ്ദേഹം അതിവേഗം പാര്‍ട്ടിയുടെ അപ്രീതി സമ്പാദിച്ചു.

അങ്ങനെയാണു ധനമന്ത്രിപ്പണി തിരികെ വാങ്ങി, രാജീവ് നേരിട്ടു കൈകാര്യം ചെയ്തിരുന്ന പ്രതിരോധ വകുപ്പ് വി.പി. സിങ്ങിനെ ഏല്‍പ്പിക്കുന്നത്. ബൊഫോഴ്സ് വെടി പൊട്ടിച്ചു തുടങ്ങിയതോടെ, സിങ് അന്വേഷണത്തിനു തുനിഞ്ഞു. വിരലനക്കാന്‍ പോലും കഴിയും മുമ്പേ മന്ത്രിസ്ഥാനം പോയി. അങ്ങനെ പാര്‍ട്ടി വിട്ട് അരുണ്‍ നെഹ്റുവും ആരിഫ് മുഹമ്മദ് ഖാനുമൊത്തു ജനമോര്‍ച്ച രൂപീകരിച്ച സിങ് പ്രതിപക്ഷത്തായി. ജനമോര്‍ച്ചയും ജനതാ പാര്‍ട്ടിയും ലോക്ദളും കോണ്‍ഗ്രസ്-എസും ലയിപ്പിച്ച് ജനതാദള്‍ രൂപീകരിച്ച് 1989ലെ പൊതുതെരഞ്ഞെടുപ്പിനെ നേരിടുമ്പോള്‍ സിങ് ഒരു പ്രഖ്യാപനം നടത്തി- ''പ്രധാനമന്ത്രിയായാല്‍ 30 ദിവസത്തിനുള്ളില്‍ ബൊഫോഴ്സ് കേസ് തെളിയിക്കും.''

മുത്തുവേൽ കരുണാനിധിയുടെയും എന്‍.ടി. രാമറാവുവിന്‍റെയും എല്‍.കെ. അഡ്വാനിയുടെയും പിന്തുണയോടെ വി.പി. സിങ് പ്രധാനമന്ത്രിയായി. 1989 ഡിസംബര്‍ രണ്ടു മുതല്‍ 1990 നവംബര്‍ 10 വരെ - ഏകദേശം ഒരു വര്‍ഷം മാത്രം - അദ്ദേഹം ആ കസേരയിലിരുന്നു. ഒടുവില്‍ അഡ്വാനിയുടെ അയോധ്യാ രഥയാത്രയില്‍ തട്ടിവീണ് സ്ഥാനമൊഴിയുമ്പോഴും ബൊഫോഴ്സ് കേസിനോ അതില്‍ ആരോപണ വിധേയരായവര്‍ക്കോ പ്രത്യേകിച്ച് ഒന്നും സംഭവച്ചിരുന്നില്ല.

കോണ്‍ഗ്രസും കോണ്‍ഗ്രസ് വിരുദ്ധരും പിന്നെയും രാജ്യം ഭരിച്ചു. സിബിഐ പിന്നെയും ബൊഫോഴ്സ് കേസന്വേഷിക്കാൻ കോടികള്‍ പാഴാക്കി. ആരോപണവിധേയര്‍ ഓരോരുത്തരായി മരണത്തിലൂടെയോ നിയമത്തിന്‍റെ പഴുതുകളിലൂടെയോ രക്ഷപെട്ടു.

64 കോടിയുടെ കോഴക്കേസന്വേഷിക്കാന്‍ സിബിഐ 250 കോടിയിലേറെ ചെലവാക്കി; ഹിന്ദുജ സഹോദരന്‍മാര്‍ കുറ്റവിക്തരാക്കപ്പെട്ടു; സിബിഐ റെഡ് കോര്‍ണര്‍ നോട്ടീസ് പിന്‍വലിച്ചതോടെ ഒട്ടാവിയോ ക്വത്റോക്കി സുരക്ഷിതനായി; ബൊഫോഴ്സിന്‍റെ പഴയ എംഡി മാര്‍ട്ടിന്‍ ആര്‍ഡ്ബോയെ സിബിഐക്കു തൊടാനായില്ല.

പക്ഷേ, ഇന്ത്യന്‍ അഴിമതിക്കഥകളില്‍ ബൊഫോഴ്സ് ഇന്നും വേറിട്ടു നില്‍ക്കുന്നു. അതു സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി ഒരു പ്രധാനമന്ത്രിയുടെ പതനത്തിനു കാരണമായ അഴിമതി കേസ് എന്ന നിലയില്‍ മാത്രമല്ല; രാജ്യം മുഴുവന്‍ പ്രതീക്ഷയര്‍പ്പിച്ച യുവനേതാവ്, മിസ്റ്റര്‍ ക്ലീന്‍ എന്നവകാശപ്പെട്ട രാജീവ് ഗാന്ധി അവശേഷിപ്പിച്ചു പോയ നിരാശ കൂടിയാണു ബൊഫോഴ്സ്. കെട്ടിയടയ്ക്കപ്പെട്ട ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ കിളിവാതിലുകള്‍ മന്‍മോഹന്‍ സിങ്ങിനൊക്കെ മുന്‍പേ തുറന്നിടാന്‍ ധൈര്യം കാണിച്ച ഭരണകര്‍ത്താവായിരുന്നു രാജീവ്. പക്ഷേ, സിനിമാ താരങ്ങളെക്കാള്‍ താരമൂല്യമുണ്ടായിരുന്ന പ്രധാനമന്ത്രിയുടെ പ്രതിച്ഛായ പീരങ്കിപ്പുകയില്‍ കരുവാളിച്ചു പോയി. മരണ ശേഷവും അദ്ദേഹത്തിന്‍റെ കുടുംബത്തെയും പാർട്ടിയെയും ബൊഫോഴ്സ് വിവാദം വിടാതെ പിന്തുടർന്നു. അപ്പോഴും രാഷ്ട്രം അറിയാനാഗ്രഹിച്ച, അറിയാന്‍ അവകാശമുള്ള ആ വലിയ സത്യം മറഞ്ഞു തന്നെ കിടക്കുന്നു....

(അവസാനിച്ചു)

ആശങ്കയുടെ മുൾമുനയിൽ; കരിങ്കടലിൽ തുർക്കി കമ്പനിയുടെ എണ്ണക്കപ്പലിന് നേരേ ആക്രമണം

''യുവരാജിനൊപ്പമെത്താൻ അഭിഷേകിന് അടുത്ത ജന്മം വേണ്ടി വരും, എല്ലാ പന്തും സിക്സ് അടിക്കാൻ പറ്റില്ല'': യോഗ്‌രാജ് സിങ്

"പരമോന്നത നേതാവാകാൻ ഇറാൻ ക്ഷണിച്ചു, പക്ഷേ ഞാൻ വേണ്ടെന്നു പറഞ്ഞു"; ട്രംപിന്‍റെ പുതിയ അവകാശവാദം

ധുരന്ധറും ക്രിക്കറ്റ് താരം സ്റ്റുവർട്ട് ബിന്നിയും തമ്മിൽ എന്താണ് ബന്ധം?

ഡീസലിനും പെട്രോളിനും വില വർധിപ്പിച്ച് നയാര