ക്യാൻസർ മാൻ ടു അയേൺ മാൻ

 
Special Story

ക്യാൻസർ മാൻ ടു അയൺ മാൻ

ഗോവ പൊലീസിൽ സേവനം ചെയ്യുന്ന കാലത്താണ് നിധിന് ക്യാൻസർ എന്ന മഹാരോഗം തിരിച്ചറിയുന്നത്

തലശേരിയിലെ പ്രശസ്തമായ സെന്‍റ് ജോസഫ്സ് സ്കൂളിൽ ഏറ്റവും നന്നായി പഠിക്കുന്ന ഒരു കുട്ടിയായിരുന്നു നിധിൻ വത്സൻ. പഠന സമയത്ത് കായിക ഇനങ്ങളിലും നിധിൻ മികവു പുലർത്തി. അതുകൊണ്ടുതന്നെ അധ്യാപകർക്കെല്ലാം പ്രിയങ്കരൻ. കുട്ടികൾക്കെല്ലാം മാതൃക. എസ്എസ്എൽസി പരീക്ഷാഫലം വന്നപ്പോൾ നിതിന് സംസ്ഥാനത്തെ ആറാം റാങ്ക് ലഭിച്ചു. അതോടെ തലശേരിയുടെ ഒരു ഹീറോയായി അദ്ദേഹം മാറി. സിവിൽ സർവീസ് ആയിരുന്നു സ്വപ്നം. പക്ഷേ ലഭിച്ചത് ഐപിഎസ്. അതിൽ നിരാശനായില്ല. ഐപിഎസ് പരിശീലന സമയത്ത് എല്ലാവരും ശ്രദ്ധിക്കുന്ന വ്യക്തിത്വമായിരുന്നു എന്ന് സഹപരിശീലകർ പറയുന്നു.

മസൂറിയിലെ കഠിന പരിശീലനത്തിനു ശേഷം ഔദ്യോഗിക ജീവിതം ഡൽഹി പൊലീസിൽ ആരംഭിച്ചു. അവിടെ നിന്ന് ലക്ഷദ്വീപ് പൊലീസിലും പിന്നീട് ഗോവ പൊലീസിലും എത്തി. 2012 ബാച്ച് ഐപിഎസ് ഓഫീസറായ നിധിൻ വടക്കൻ ഗോവയിൽ എസ്പിയായി. വീണ്ടും ഡൽഹി പൊലീസിൽ തിരിച്ചെത്തി. ഇപ്പോൾ സെൻട്രൽ ഡൽഹി ഡെപ്യൂട്ടി കമ്മിഷണറാണ്.

ഗോവ പൊലീസിൽ സേവനം ചെയ്യുന്ന കാലത്താണ് നിധിന് ക്യാൻസർ എന്ന മഹാരോഗം തിരിച്ചറിയുന്നത്. ലോകം കൊവിഡിനെതിരേ പോരാടുന്ന സമയത്ത് തന്നെയാണ് നിധിൻ ക്യാൻസർ എന്ന മഹാരോഗത്തിനെതിരെ പടവെട്ടാൻ തുടങ്ങിയത്.

കഠിനമായ ശരീര വേദനയായിരുന്നു ലക്ഷണങ്ങളുടെ തുടക്കം. പല ഡോക്റ്റർമാരെയും ഗോവയിൽ മാറി മാറി കണ്ടു. ഒട്ടേറെ ടെസ്റ്റുകൾ നടത്തി. ക്യാൻസറാണ് എന്ന് ഗോവയിൽ കണ്ടെത്താൻ സാധിച്ചില്ല. ശരീര വേദന അസഹ്യമായി തുടരുകയും ചെയ്തു. വേദനാ സംഹാരി ഗുളികകൾ ധാരാളമായി ഉപയോഗിക്കാൻ തുടങ്ങി. ശരീരഭാരം ക്രമാതീതമായി കുറയുന്നത് ശ്രദ്ധയിലെത്തി. സുഹൃത്തായ ഡോ. ആഷിഷ് ബെൻസിന്‍റെ നിർദേശപ്രകാരമാണ് നിധിൻ കേരളത്തിലേക്ക് പരിശോധനയ്ക്കായി എത്തുന്നത്. ആത്മധൈര്യം കൊടുത്തത് സുഹൃത്തുക്കളായ ഡോ. ആഷിഷ് ബെൻസ്, സഹപാഠിയും ന്യൂറോളജി ഡോക്റ്ററുമായ ആനന്ദ് ആർ. വാര്യർ, സഹപാഠികളായ രണ്ട് പീഡിയാട്രീഷൻസ് ഡോ. വി. അജയ്, ഡോ. ആദർശ് ഉദയൻ എന്നിവരാണ്. നിധിന്‍റെ ഭാര്യ രമ്യ വേണുഗോപാൽ ഐസിഒആറിൽ എൻജിനീയറായിരുന്നു. വിവാഹശേഷം ജോലി രാജിവച്ച രമ്യയും മക്കളായ ഇശാനും നിയയും, ബിഎസ്എൻഎൽ മുൻ ഉദ്യോഗസ്ഥനായ പിതാവ് സി.പി. വത്സനും കേരള റവന്യൂ വകുപ്പ് മുൻ ഉദ്യോഗസ്ഥയായ അമ്മ ചാന്ദിനിയും ഏക സഹോദരൻ നവീനും നൽകിയ ധൈര്യവും മാനസിക പിന്തുണയും അഭിനന്ദനാർഹമാണ്.

കണ്ണൂർ എകെജി മെമോറിയൽ ആശുപത്രിയിലെ റുമറ്റോളജിസ്റ്റായ ഡോ. മനീഷ് മനോജ് നിർദേശിച്ച പ്രകാരം, സുഹൃത്തുക്കൾ നിധിന്‍റെ എംആർഐ സ്കാൻ എടുപ്പിച്ചു. അവർ തന്നെ അതിന്‍റെ ഫലം വിശകലനം ചെയതപ്പോഴാണ് ക്യാൻസറിന്‍റെ ലക്ഷണമായ ചില സൂചനകൾ കണ്ടെത്തുന്നത്. കണ്ണൂരിലെ പ്രശസ്തമായ മിംസ് ആശുപത്രിയിൽ നടത്തിയ ബയോസ്പിയിൽ ക്യാൻസർ എന്ന മഹാരോഗം ഡോ. ദേവരാജ് സ്ഥിരീകരിച്ചു. ബയോസ്പി വീണ്ടും നടത്തിയാണ് സുഹൃത്തുക്കളായ ഡോക്റ്റർമാർ ക്യാൻസർ ഉറപ്പിച്ചത്. ക്യാൻസറിന്‍റെ നാലാം സ്റ്റേജിൽ എത്തിയിരിക്കുന്നു എന്നത് ആശങ്ക ഉണ്ടാക്കിയ അറിവായിരുന്നു. നോൺ- ഹോഡ്ജ്കിൻ ലിംഫോമ എന്ന ക്യാൻസറാണ് നിധിനെ പിടികൂടിയത്. തുടർന്നുള്ള എല്ലാ ചികിത്സകളും കണ്ണൂരിലെ വീടിനോട് ചേർന്നുള്ള മലബാർ ക്യാൻസർ സെൻറ്റിൽ തന്നെയാണ് നടത്തിയത്. ചികിത്സയ്ക്ക് നേതൃത്വം കൊടുത്തത് മലബാർ കാൻസർ സെന്‍ററിലെ ഹെമറ്റോളജി വിഭാഗം തലവൻ ഡോ. ചന്ദ്രൻ കെ. നായരും, അവിടുത്തെ ന്യൂക്ലിയർ മെഡിസിനിലെ ഡോ. നിഖിൽ എന്നിവർ.

നോൺ-ഹോഡ്ജ്കിൻ ലിംഫോമ എന്നത് ലിംഫറ്റിക് സിസ്റ്റത്തെ ബാധിക്കുന്ന ഒരു തരം ക്യാൻസറാണ്. ഹോഡ്ജ്കിൻ ലിംഫോമകൾ ഒഴികെയുള്ള എല്ലാത്തരം ലിംഫോമകളും ഉൾപ്പെടുന്ന ഒരു കൂട്ടം രക്ത ക്യാൻസറാണ് നോൺ-ഹോഡ്ജ്കിൻ ലിംഫോമ. ശരീരത്തിന്‍റെ രോഗപ്രതിരോധ സംവിധാനത്തിലെ ഒരു പ്രധാന ഘടകമായ ലിംഫറ്റിക് സിസ്റ്റത്തിൽ ഉത്ഭവിക്കുന്ന ഒരു തരം ക്യാൻസറാണിത്. ഹോഡ്ജ്കിൻസ് ലിംഫോമയിൽ നിന്ന് വ്യത്യസ്തമായി, നോൺ-ഹോഡ്ജ്കിൻസ് ലിംഫോമ ഏത് പ്രായത്തിലും ഉണ്ടാകാം, ശരീരത്തിലുടനീളമുള്ള ലിംഫ് നോഡുകളും ഇതിൽ ഉൾപ്പെട്ടേക്കാം. കീമോ തെറാപ്പി, റേഡിയേഷൻ എന്നിവ മുതൽ ഇമ്മ്യൂണോ തെറാപ്പി വരെയുള്ള ചികിത്സാ തന്ത്രങ്ങൾ രോഗത്തിന്‍റെ പ്രത്യേക ഉപവിഭാഗത്തെയും ഘട്ടത്തെയും അടിസ്ഥാനമാക്കി തയാറാക്കിയതാണ്. ചുരുക്കിപ്പറഞ്ഞാൽ മനുഷ്യന്‍റെ രോഗപ്രതിരോധ സംവിധാനത്തിന്‍റെ ശക്തി ക്ഷയിപ്പിക്കുന്നതാണ് ഈ രോഗം.

ക്യാൻസറിനെ അതിജീവിക്കാൻ പോരാടുന്നവർക്കു മുന്നിൽ വലിയ പ്രതീക്ഷയാവുകയാണ് ഈ യുവ ഐപിഎസ് ഉദ്യോഗസ്ഥൻ. നിധിന്‍റെ രോഗപ്രതിരോധ ശക്തിയെ ക്ഷയിപ്പിച്ച ക്യാൻസറാണ് പിടികൂടിയത് എന്ന് പറഞ്ഞല്ലോ. ലോകത്തെ വിറപ്പിക്കുകയും മനുഷ്യന്‍റെ പ്രതിരോധ ശക്തിയെ ക്ഷയിപ്പിക്കുകയും ചെയ്ത മഹാമാരിയായ കൊവിഡ് കാലത്താണ് നിധിന് രോഗപ്രതിരോധ ശക്തി ക്ഷയിപ്പിക്കുന്ന ക്യാൻസർ പിടിപെടുന്നത്. പിന്തുണയും ആത്മധൈര്യവും നൽകി കുടുംബവും സുഹൃത്തുക്കളും ഉണ്ടായിരുന്നതോടെ ഒന്നര വർഷം കൊണ്ടു തന്നെ ക്യാൻസർ പൂർണമായി ഭേദമായി.

2021 ഫെബ്രുവരിയിലാണ് ക്യാൻസർ സ്ഥിരീകരിക്കുന്നത്. 2021 ഒക്റ്റോബറിലും, 2022 ജനുവരിയിലും നിധിന് കൊവിഡും പിടിപെട്ടു. ഫോക്കസ്, കമിറ്റ്മെന്‍റ്, ഷിയർവിൽ ഡോൺഡ് എന്ന റോക്കി ബാൽബോവയും, എവർ ഗിവപ്പ് എന്ന ജോൺ വിക്ക് സിനിമയിലെ കഥാപാത്രങ്ങൾ പറയുന്ന ഡയലോഗുകളും നിധിനെ സ്വാധീനിച്ചു. വ്യായാമത്തിന്‍റെ ഭാഗമായി തുടർച്ചയായ നീന്തൽ, സൈക്കിളിങ്ങ്, നടത്തം, ഓട്ടം എന്നിവ നിധിനെ പുതിയൊരാളാക്കി. ക്യാൻസർ തോറ്റു. നിധിൻ ജയിച്ച് ജീവിതത്തിലെ വിജയപടവുകൾ കയറിത്തുടങ്ങി. 2022 നവംബർ 13ന് ഗോവയിൽ നടന്ന അയേൺ മാൻ മത്സരം പൂർത്തിയാക്കി. രണ്ടു കിലോമീറ്ററോളം കടലിൽ നീന്തണം, പിന്നീട് ഒരു കിലോമീറ്ററോളം ഓടണം. ഓടിത്തന്നെ തന്നെ സൈക്കിളെടുത്ത് 19 കിലോമീറ്റർ ചവിട്ടണം, അവിടെ നിന്ന് ഇറങ്ങി 21 കിലോമീറ്റർ ഹാഫ് മാരത്തൺ. ഇത്രയും ഒന്നിനു പുറകെ ഒന്നായി ചെയ്തുതീർക്കാൻ പോരാളികൾക്കെ കഴിയൂ. കോടിയേരി സ്വദേശി നിധിൻ അത് ചെയ്തു, അയേൺ മാൻ എന്ന കടമ്പ വിജയിച്ചു.

ക്യാൻസറിൽ നിന്ന് മോചിതനായ ശേഷം തന്‍റെ അനുഭവം അദ്ദേഹം ""ക്യാൻസർ മാൻ ടു അയേൺ മാൻ'' എന്ന പുസ്തകമായി എഴുതി. ക്യാൻസറിനോട് പടവെട്ടിയതും, പിന്നീട് പ്രശസ്തമായ അയേൺ മാൻ ആയതുമായ കഥയാണ് അദ്ദേഹം പുസ്തകത്തിൽ വിവരിക്കുന്നത്. ക്യാൻസറിനെതിരേ ആത്മധൈര്യത്തോടെ നടത്തിയ പോരാട്ടം മാതൃകാപരമാണ്. ക്യാൻസർ ചികിത്സിച്ചു ഭേദമാക്കുന്നതിൽ രോഗിയുടെ ഇഛാശക്തിയും പ്രധാനമാണെന്ന് ഇദ്ദേഹം പറയുന്നു. മനസിന് കരുത്തേകിയാൽ ജീവിതത്തിൽ ഇനിയും നേടാൻ ഏറെയുണ്ടെന്ന ഓർപ്പെടുത്തലാണ് നിധിൻ നൽകുന്നത്.

ക്യാൻസർ പിടിപെട്ട നാൾ മുതൽ അതിൽ നിന്നും മോചിതനായി ഗോവയിലെ പ്രശസ്തമായ അയേൺ മാൻ മത്സരത്തിൽ പങ്കെടുക്കാനുള്ള ഒരുക്കങ്ങളിലേക്കു പോകുന്നതൊക്കെ അക്ഷരങ്ങളിലാക്കിയതാണ് നിധിന്‍റെ പുസ്തകം. രാജ്യത്താകമാനം ഇതൊരു ചർച്ചാ വിഷയമായി. ഹിന്ദിയിലിറങ്ങിയ പുസ്തകവും ഇപ്പോൾ ചർച്ചയാണ്. ഇതു മറ്റു ഭാഷകളിലേക്കും തർജമ ചെയ്തുകൊണ്ടിരിക്കുകയാണ്. മലയാളത്തിലും ഏറെ താമസിയാതെ പുറത്തിറങ്ങുമെന്നു നിധിൻ പറയുന്നു.

ക്യാൻസർ വാർഡിൽ പ്രവേശിക്കുന്നതിന്‍റെ അനുഭവങ്ങൾ ഒരു മറയും കൂടാതെ അദ്ദേഹം പുസ്തകത്തിൽ വിവരിക്കുന്നു. എംആർഐയും സിടി സ്കാനും, പെറ്റ് സ്കാനും, ബയോസ്പിയുമെല്ലാം എടുക്കുന്ന സമയത്ത് അദ്ദേഹത്തിനുണ്ടായ അനുഭവങ്ങൾ പുസ്തകത്തിൽ വിവരിക്കുന്നു. അന്നു മനസിലൂടെ ഓടിപ്പോയ പല ചിന്തകളും അദ്ദേഹം വായനക്കാരോട് പങ്കുവയ്ക്കുന്നു. ക്യാൻസറിന്‍റെ ചികിത്സയായ കീമോ തെറാപ്പിക്കായി പ്രവേശിച്ചപ്പോൾ ഉണ്ടായ അനുഭവം ഒരു ചലച്ചിത്രത്തിലെന്ന പോലെ നമ്മളിലേക്ക് പകർന്നു തരുന്ന അക്ഷരങ്ങളിലൂടെയുള്ള അനുഭവങ്ങൾ ശക്തമാണ്. വാക്കുകളിലൂടെ അദ്ദേഹത്തിന്‍റെ അനുഭവം വായനക്കാരിൽ അനുഭവിപ്പിക്കുന്നു എന്നത് എടുത്തുപറയണം. ക്യാൻസർ രോഗികൾക്ക് കീമോ തെറാപ്പി ചികിത്സയുടെ പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം വിവരിക്കുന്നു. ഒരു ക്യാൻസർ രോഗിയുടെ ചികിത്സാ യാത്ര തിരിച്ചറിയാൻ ഈ പുസ്തകം വഴിയൊരുക്കുന്നു.

ക്യാൻസർ പിടിപെട്ടു എന്നറിഞ്ഞപ്പോൾ ഒട്ടേറെപ്പേർ തന്‍റെ ചുറ്റിനും വന്ന് ഉപദേശങ്ങൾ നൽകിയ കാര്യവും നിധിൻ പുസ്തകത്തിൽ വിവരിക്കുന്നുണ്ട്. വൈദ്യശാസ്ത്ര ലോകത്തെ അവഗണിച്ച് സമാന്തര ചികിത്സയും മറ്റും ചിലർ ഉപദേശിച്ചു. ക്യാൻസർ മാറിയ പല കഥകളും അവർ പറഞ്ഞു. പക്ഷേ, അവർ കാണിച്ച വഴികൾ അപകടം വിളിച്ചുവരുത്തുമെന്ന് നിധിൻ തിരിച്ചറിഞ്ഞു. പലരും നൽകിയ ഉപദേശങ്ങൾ താൻ സ്വീകരിച്ചില്ല എന്ന് പറയുന്ന അദ്ദേഹം, വൈദ്യശാസ്ത്രത്തിന്‍റെ പാതയിലൂടെത്തന്നെ സഞ്ചരിക്കണമെന്ന് വായനക്കാരെ ഉപദേശിക്കുന്നു. ആത്മധൈര്യം ഒരിക്കലും കൈവിടരുതെന്നും പ്രതീക്ഷകൾ മാത്രം വച്ചുപുലർത്തണമെന്നും അദ്ദേഹം പറയുമ്പോൾ അത് വായനക്കാർക്ക് ശക്തി പകരുന്നു.

നിധിന്‍റെ പുസ്തകം ക്യാൻസർ പിടിപെട്ടവർക്ക് മാത്രമല്ല ക്യാൻസറിനെ ഭയക്കുന്നവർക്ക് കൂടി ഉത്തേജക മരുന്നാണ്. ക്യാൻസർ മോചിതനായ പ്രശസ്ത ക്രിക്കറ്റർ യുവരാജ് സിങ്ങാണ് ഇതിന്‍റെ അവതാരിക എഴുതിയത്. നിധിന്‍റെ പുസ്തകത്തിലൂടെ സമൂഹത്തിന് വലിയ സന്ദേശമാണ് നൽകുന്നതെന്ന് അവതാരികയിൽ യുവരാജ് പറയുന്നു. ക്യാൻസർ എന്നത് മാരകമായ രോഗമാണെങ്കിലും കൃത്യസമയത്ത് കണ്ടെത്തി ചികിത്സിച്ചാൽ ഭേദമാകുമെന്ന സത്യം നിധിൻ വെളിവാക്കുന്നു. ക്യാൻസർ മോചിതനായ നിധിൻ അയേൺ മാൻ എന്ന പദവിക്കു വേണ്ടി നടത്തിയ പോരാട്ടം പുസ്തകത്തിൽ വിവരിക്കുന്നു. അയൺ മാൻ എന്ന പദവി ലഭിക്കുക എന്നതല്ല നിധിൻ വത്സൻ ലക്ഷ്യം വച്ചത് എന്ന് വായനയിലൂടെ മനസിലാക്കാം. സമൂഹത്തിന് ഒരു സന്ദേശം കൂടി ക്യാൻസറിൽ നിന്നും മുക്തനായ നിധിൻ നൽകുന്നു എന്നതിൽ അഭിനന്ദനമർഹിക്കുന്നുവെന്ന് യുവരാജ് പറയുന്നു.

നിധിൻ വത്സൻ ക്യാൻസർ മോചിതനായി അയേൺ മാൻ പദവിയും സ്വന്തമാക്കി. ക്യാൻസർ മാൻ ടു അയേൺ മാൻ പ്രകാശിതമായതിനു ശേഷമാണ് ഡൽഹി പൊലീസിലേക്ക് സ്ഥലം മാറ്റം ലഭിച്ചത്. നിർഭാഗ്യമെന്ന് പറയട്ടെ, ഗോവയിൽ നിന്ന് ഡൽഹിയിലേക്ക് മാറുന്നതിനു മുമ്പ് നിധിന് വീണ്ടും ക്യാൻസർ സ്ഥിരീകരിക്കപ്പെട്ടു. ഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസിലായിരുന്നു പിന്നീടുള്ള ചികിത്സ. മാനസികമായി തകരുന്ന അവസ്ഥയാണ് ക്യാൻസർ രണ്ടാമതും വരിക എന്നത്. സുഹൃത്തുക്കളായ ഡോക്റ്റർമാർ, കുടുംബം എന്നിവർ വീണ്ടും ആത്മധൈര്യം നൽകാൻ ഒപ്പമുണ്ടായി. ഇത്തവണ ശക്തമായ കീമോ തെറാപ്പിയും മറ്റ് ആധുനിക ചികിത്സകളും നിധിനെ തിരികെ ജീവിതത്തിലേക്ക് കൊണ്ടുവന്നു. തുടർന്ന് ഡൽഹി സെൻട്രൽ ഡെപ്യൂട്ടി പൊലീസ് കമ്മിഷണറായി ആയി നിയോഗിക്കപ്പെട്ട അദ്ദേഹം മറ്റ് ഉദ്യോഗസ്ഥരെപ്പോലെ സാധാരണ ദൈനംദിന പ്രവൃത്തികളിൽ ഏർപ്പെടുന്നു, ജോലിയിൽ സജീവമായിരിക്കുന്നു. ചിട്ടയായ ജീവിതക്രമം കർശനമാക്കിയ നിധിനും കുടുംബവും ഹാപ്പിയാണ്.

ട്രാക്റ്റർ യാത്രയിൽ അജിത് കുമാറിന് വീഴ്ച പറ്റിയെന്ന് ഡിജിപിയുടെ റിപ്പോർട്ട്

ഷാരൂഖിന് ചിത്രീകരണത്തിനിടെ പരുക്ക്

നിയമസഭ ബില്ലുകളിൽ തീരുമാനം എടുക്കാൻ സമയ പരിധി; രാഷ്ട്രപതിയുടെ റഫറൻസ് സുപ്രീം കോടതി ചൊവ്വാഴ്ച പരിഗണിക്കും

കരുണാനിധിയുടെ മൂത്ത മകൻ മുത്തു അന്തരിച്ചു

യുവാവിനെ ഭീഷണിപ്പെടുത്തി നഗ്നചിത്രങ്ങൾ പകർത്തി; രണ്ടുപേർ പിടിയിൽ