ജാതി സെന്‍സസ് പ്രഖ്യാപനവും പ്രത്യാഘാതങ്ങളും
അഡ്വ. ജി. സുഗുണന്
സംവരണം ദേശീയ രാഷ്ട്രീയത്തില്‍ വലിയ പ്രത്യാഘാതങ്ങളും മാറ്റങ്ങളും ഉണ്ടാക്കാന്‍ പര്യാപ്തമാണ്. ഭരണഘടനാ നിര്‍മാണസഭയില്‍ തന്നെ സാമുദായിക സംവരണം സംബന്ധിച്ച വിപുലമായ ചര്‍ച്ചകള്‍ നടന്നിരുന്നു. ഭരണഘടനാ നിര്‍മാണ സഭ പിന്നാക്ക സമുദായങ്ങളുടെ സംവരണം അംഗീകരിച്ചില്ലെങ്കിലും പട്ടികജാതി- പട്ടികവര്‍ഗ സംവരണം അംഗീകരിച്ചത് ചരിത്ര സംഭവമായിരുന്നു.
സംവരണാവശ്യം ഉന്നയിച്ചുള്ള പ്രക്ഷോഭങ്ങള്‍ ബ്രിട്ടീഷ് ഭരണകാലത്തും, രാജ്യം റിപ്പബ്ലിക്കായതിനു ശേഷവും നിരന്തരമായി ഇവിടെ നടക്കുകയാണ്. 90കളിലെ മണ്ഡല് കമ്മിഷന് റിപ്പോര്‍ട്ടും അത് നടപ്പിലാക്കലുമെല്ലാം ദേശീയ രാഷ്ട്രീയരംഗത്ത് വലിയ പ്രത്യാഘാതങ്ങളാണ് സൃഷ്ടിക്കപ്പെട്ടത്. പിന്നാക്ക സംവരണത്തിനായി ശക്തമായി വാദിച്ച ലാലു പ്രസാദിന്റെ പാര്‍ട്ടിയും, മുലായം സിങ്ങിന്റെ പാര്‍ട്ടിയുമെല്ലാം വളരെ ശക്തിപ്പെടുന്നതിന് ഇത് ഇടയാക്കി. മണ്ഡൽ കമ്മിഷന് റിപ്പോര്‍ട്ടും അതിന്റെ അടിസ്ഥാനത്തിലുള്ള പിന്നാക്ക സംവരണവും സിപിഎം, സിപിഐ തുടങ്ങിയ ഇടതുപാര്‍ട്ടികള്‍ ഒടുവില്‍ അംഗീകരിച്ചെങ്കിലും ഈ വിഷയത്തിലെ ഇക്കൂട്ടരുടെ ആദ്യകാലത്തെ ചാഞ്ചാട്ട നിലപാടുകള്‍ ഇടതുപാര്‍ട്ടികള്‍ക്ക് പോലും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പ്രതികൂലമായ സാഹചര്യമാണ് ഉണ്ടാക്കിയത്. മണ്ഡൽ കമ്മിഷന് റിപ്പോര്‍ട്ടും തുടര്‍ന്നുള്ള നടപടികളുമെല്ലാം കോണ്‍ഗ്രസ് അടക്കമുള്ള മറ്റു പാര്‍ട്ടികള്‍ക്കും തങ്ങളുടെ നിലപാടുകളുടെ ഭാഗമായി വളരെ പ്രതികൂലമായ സാഹചര്യം ഉണ്ടാക്കിയിട്ടുണ്ട്. കോണ്‍ഗ്രസും മണ്ഡല് കമ്മിഷന് റിപ്പോര്‍ട്ട് പുറത്തുവന്നപ്പോള്‍ ഒരു ചാഞ്ചാട്ട നിലപാടാണ് സ്വീകരിച്ചിരുന്നത്. പിന്നീട് അതില്‍ അവര്‍ ഈ സമീപനത്തില്‍ മാറ്റം വരുത്തി.
ജാതി സംവരണം ഒമ്പതര പതിറ്റാണ്ട് മുമ്പ് ബ്രിട്ടീഷ് ഭരണകാലത്ത് നടത്തിയ ജാതി സെന്‍സസിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്നത്. അതുകൊണ്ടു തന്നെ ജാതി സെന്‍സസ് നടത്തണമെന്ന ആവശ്യം പല പാര്‍ട്ടികളും ദശാബ്ദങ്ങളായി ഉയര്‍ത്തിക്കൊണ്ടിരിക്കുന്നു. 2010ലെ സെന്‍സസില്‍ ജാതി സര്‍വെ കൂടി നടത്തുമെന്നും അതനുസരിച്ചുള്ള നടപടികള്‍ കൈക്കൊള്ളുമെന്നും അന്നത്തെ മന്മോഹന് സര്‍ക്കാര്‍ പ്രഖ്യാപിച്ചെങ്കിലും തയ്യാറാക്കിയ ജാതി സർവെ റിപ്പോര്‍ട്ട് നാളിതുവരെ പുറത്തുവിട്ടിട്ടില്ല. ഫലത്തില്‍ കോണ്‍ഗ്രസ് ജാതി സെന്സസിനെതിരാണെന്ന് വിളിച്ചറിയിക്കുന്ന ഒന്നായിരുന്നു ആ സംഭവം.
രണ്ടാം മോദി സര്‍ക്കാരിന്റെ കാലത്താണ് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ്കുമാറിന്റെ നേതൃത്വത്തില്‍ ജാതി സെന്‍സസ് നടപ്പിലാക്കാനുള്ള ശക്തമായ നടപടി ആരംഭിച്ചത്. കോണ്‍ഗ്രസ്, ബിജെപി അടക്കമുള്ള മറ്റു പാര്‍ട്ടികളെയും ഇക്കാര്യത്തില്‍ തങ്ങളോടൊപ്പം ചേര്‍ക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞത് വലിയൊരു രാഷ്ട്രീയ നേട്ടമായി. തുടര്‍ന്ന് അരഡസനോളം സംസ്ഥാനങ്ങള്‍ ജാതി സെന്‍സസ് നടത്താനും അതിന്റെ അടിസ്ഥാനത്തിലുള്ള നടപടികള്‍ കൈക്കൊള്ളാനും തുടങ്ങിയപ്പോഴാണ് എക്കാലവും ജാതി സെന്‍സസിന് എതിരായ നിലപാട് കൈക്കൊണ്ടിരുന്ന ബിജെപിക്കും ജാതി സെന്‍സസില്‍ നിന്നും ഒളിച്ചോടാന്‍ കഴിയുകയില്ലെന്ന് ബോധ്യമായത്. അതിന്റെ അടിസ്ഥാനത്തില്‍ തന്നെയാണ് ഏറ്റവും ഒടുവില്‍ ജാതി സെന്‍സസ് നടത്താനുള്ള ബിജെപി സര്‍ക്കാരിന്റെ തീരുമാനമുണ്ടായത്.
അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ദേശീയ ജനസംഖ്യാ കണക്കെടുപ്പിനോടൊപ്പം രാജ്യത്ത് ജാതി സെന്‍സസും നടപ്പാക്കാന്‍ കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചിരിക്കുന്നു. കോണ്‍ഗ്രസ് ഉള്‍പ്പെടെ പ്രതിപക്ഷ കക്ഷികള്‍ നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരുന്നതും ബിജെപി ഇതുവരെ മുഖംതിരിച്ചു നിന്നതുമായ ആവശ്യത്തിലാണ് മോദി സര്‍ക്കാര്‍ തുറുപ്പു ചീട്ട് ഇറക്കിയത്. ജാതി രാഷ്ട്രീയം നിര്‍ണായകമായ ബീഹാറിലും ഉത്തര്‍പ്രദേശിലും നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പ് ബിജെപിയുടെ നിലപാട് മാറ്റത്തിന് കാണമായെന്നാണ് സൂചന.
ബ്രിട്ടീഷ് ഭരണത്തിന് കീഴില്‍ 1931ലാണ് രാജ്യത്ത് ഏറ്റവും ഒടുവില്‍ ജാതി സെന്‍സസ് നടത്തിയത്. അതുകൊണ്ട് തന്നെ ദശാബ്ദങ്ങളായി ദേശീയ തലത്തില്‍ സജീവ രാഷ്ട്രീയ വിവാദമായി നില നില്ക്കുന്ന വിഷയത്തിലാണ് ഇപ്പോഴത്തെ ചരിത്രപരമായ തീരുമാനം. രാജ്യത്ത് നിലവിലുള്ള ജാതികള്‍, ഉപജാതികള്‍ ഇവ ഓരോന്നിലുമുള്ള ജനസംഖ്യ എന്നിവയെ സംബന്ധിച്ച സെന്‍സസ് കണക്കെടുപ്പ് ഏറെ സങ്കീര്‍ണമാണ്. അത് അടുത്ത ദേശീയ കനേഷുമാരി കണക്കിനോടൊപ്പം നടക്കുമെന്നും കേന്ദ്ര മന്ത്രിസഭ തീരുമാനങ്ങള്‍ വിശദീകരിച്ച മന്ത്രി അശ്വനി വൈഷ്ണവ് വ്യക്തമാക്കി.
രാജ്യത്തെ ഞെട്ടിച്ച പഹല്‍ഗാം ഭീകരാക്രമണത്തിന് തിരിച്ചടി നല്‍കുന്നത് സംബന്ധിച്ച് രാജ്യ തലസ്ഥാനത്ത് ചടുലമായ നീക്കങ്ങള്‍ നടക്കുന്നതിനിടയാണ് ജാതി സെന്‍സസ് സംബന്ധിച്ച സുപ്രധാന പ്രഖ്യാപനമെന്നത് ശ്രദ്ധേയമാണ്. പ്രഖ്യാപനത്തെ കോണ്‍ഗ്രസും സമാജ് വാദി പാര്‍ട്ടിയും ഇടത് പാര്‍ട്ടികളും ഉള്‍പ്പെടെ പ്രതിപക്ഷത്തെ പ്രധാന പാര്‍ട്ടികളാകെ സ്വാഗതംചെയ്തു.
സെന്‍സസ് സുതാര്യമായി നടപ്പാക്കുമെന്ന് വ്യക്തമാക്കിയ മന്ത്രി അശ്വനി വൈഷ്ണവ് ഇക്കാര്യത്തില്‍ കോണ്ഗ്രത്തിന്റെ ഇരട്ടത്താപ്പിനെ നിശിതമായി വിമര്‍ശിച്ചു. സ്വാതന്ത്ര്യ ലബ്ധിക്കു ശേഷം ദീര്‍ഘകാലം രാജ്യം ഭരിച്ച കോണ്‍ഗ്രസ് ജാതി സെന്‍സസ് നടപ്പാക്കാന്‍ ചെറുവിരലനക്കിയില്ലെന്ന് മന്ത്രി കുറ്റപ്പെടുത്തി. കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ എക്കാലവും ജാതി സെന്‍സസിന് എതിരായിരുന്നു. ജാതി സെന്‍സസ് പരിഗണിക്കാമെന്ന് 2010 ല്‍ സമ്മതിച്ച മന്മോഹന് സര്‍ക്കാര്‍ അതിനായി മന്ത്രിതല സമിതി രൂപീകരിച്ചു. മിക്ക രാഷ്ട്രീയ കക്ഷികളും ജാതി സെന്‍സസ് ശുപാര്‍ശ ചെയ്തു. എന്നാല്‍ ഒരു സർവെ നടത്താനായിരുന്നു കോണ്‍ഗ്രസ് തീരുമാനം. കോണ്‍ഗ്രസും സഖ്യകക്ഷികളും ജാതി സെന്‍സസിനെ രാഷ്ട്രീയായുധമായാണ് കണക്കാക്കുന്നതെന്ന് വൈഷ്ണവ് കുറ്റപ്പെടുത്തി.
ഭരണഘടന പ്രകാരം ജനസംഖ്യാ കണക്കെടുപ്പ് നടത്താനുള്ള അധികാരം കേന്ദ്ര സര്‍ക്കാരിനാണെന്നും ചില സംസ്ഥാന സര്‍ക്കാരുകള്‍ നടത്തിയത് ജാതി സെന്‍സസ് അല്ല, സര്‍വെ മാത്രമാണെന്നും മന്ത്രി വൈഷ്ണവ് പറഞ്ഞു. ദേശീയ മൂല്യങ്ങളും പുതുതാല്പര്യവും സംരക്ഷിക്കുന്നതിനായാണ് ജാതി സെന്‍സസ് നടപ്പാക്കുന്നത്. ജാതി കണക്കെടുപ്പ് ജനസംഖ്യാ കണക്കെടുപ്പിന്റെ ഭാഗമാക്കുന്നതിനു പകരം സാമൂഹിക- സാമ്പത്തിക- ജാതി സെന്‍സസ് സർവെ നടത്തിയാല്‍ മതിയെന്നായിരുന്നു യുപിഎ സര്‍ക്കാര്‍ 2010ല്‍ രൂപീകരിച്ച മന്ത്രിതല സമിതിയുടെ ശുപാര്‍ശയെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
ഭാവിയിലെ ക്ഷേമപദ്ധതികളും സംവരണ നയങ്ങളും തീരുമാനിക്കപ്പെടുന്നതില്‍ ജാതി സെന്‍സസ് വളരെ നിര്‍ണായകമാവും. മാസങ്ങള്‍ക്കകം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബിഹാറില്‍ ജനസംഖ്യയുടെ 65 ശതമാനത്തോളം പിന്നാക്ക, അതിപിന്നാക്ക വിഭാഗങ്ങളില്‍പ്പെട്ടവരാണ്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഉള്‍പ്പെട്ട ഇന്ത്യ മുന്നണിയുടെ പ്രധാന വാഗ്ദാനങ്ങളിലൊന്നായ പ്രചാരണ വിഷയവും ജാതി സെന്‍സസ് തന്നെയായിരുന്നു. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ജാതി സെന്‍സസ് നടപ്പാക്കുമെന്ന് രാഹുല്‍ ഗാന്ധി പ്രഖ്യാപിക്കുകയും ചെയ്തു. പാര്‍ട്ടി ഭരിക്കുന്ന കര്‍ണാടക, തെലുങ്കാന സംസ്ഥാനങ്ങള്‍ ജാതി സർവെ നടത്തുകയും ചെയ്തു.
ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ വോട്ട് ബാങ്ക് ലക്ഷ്യം വച്ചുകൊണ്ടുള്ള ബിജെപിയുടെ പ്രഖ്യാപനമാണ് ജാതി സെന്‍സസ് എന്ന ചില പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപണം ഉന്നയിച്ചിട്ടുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കണ്ണില്‍ പൊടിയിടുന്നതിന് പാസാക്കിയ വനിതാ സംവരണ നിയമത്തിന്റെ അതേ സ്ഥിതി തന്നെയായിരിക്കും ഇതിനുമെന്ന് ഇവര്‍ ആരോപിച്ചിട്ടുണ്ട്.
സംവരണത്തിനെതിരേ പൊതുവെയും, ജാതി സെന്‍സസിനെതിരായി ഏറ്റവും ശക്തമായും ഉള്ള നിലപാട് എക്കാലവും സ്വീകരിച്ചിട്ടുള്ള പാര്‍ട്ടിയാണ് ബിജെപി. ജാതി സംവരണത്തിന് പകരം സാമ്പത്തിക സംവരണമാണ് ഇക്കൂട്ടര്‍ ഉയര്‍ത്തിയിട്ടുള്ളത്. എന്നാല്‍ രാജ്യത്ത് പിന്നാക്ക ജനവിഭാഗമാണ് മഹാഭൂരിപക്ഷമെന്നുള്ള യാഥാര്‍ഥ്യവും, കോണ്‍ഗ്രസ് ജാതി സെന്‍സസിനായി ശക്തമായി രംഗത്ത് വന്നതുമാണ് ബിജെപിയെ തങ്ങളുടെ മുന്‍ തീരുമാനം തിരുത്തിക്കുറിക്കാന്‍ ഇടയാക്കിയിട്ടുള്ളത്. സവര്‍ണ വിഭാഗം വെറും 10 ശതമാനത്തിനും താഴെയാണ്. പിന്നാക്ക വിഭാഗങ്ങളും, പട്ടികജാതി- പട്ടികവര്‍ഗവും, ന്യൂനപക്ഷങ്ങളിലെ പിന്നാക്ക വിഭാഗങ്ങളും കൂടിച്ചേര്‍ന്നാല്‍ പല സംസ്ഥാനങ്ങളിലും പിന്നാക്ക ജനവിഭാഗം 90 ശതമാനത്തോളം വരും. ശക്തമായ എതിര്‍പ്പ് പിന്നാക്ക ജനവിഭാഗങ്ങളില്‍ നിന്നും ഉണ്ടായാല്‍ തങ്ങളുടെ പാര്‍ട്ടിക്ക് പിടിച്ച് നില്ക്കാന് കഴിയില്ലെന്നുള്ള യാഥാര്‍ഥ്യം ഈ വൈകിയ വേളയില്‍ ബിജെപിക്ക് ബോധ്യം വന്നിരിക്കുകയാണ്. ആര്‍എസ്എസ് പോലും ജാതി സെന്‍സസിന് അനുകൂലമായ നിലപാടാണ് ഒടുവില്‍ കൈക്കൊണ്ടിരിക്കുന്നത്.
കോണ്‍ഗ്രസ് പൊതുവെ സംവരണ വിരുദ്ധ നിലപാടും, ജാതി സെന്‍സസിനെതിരായ സമീപനവും കൈക്കൊണ്ടിരുന്ന പാര്‍ട്ടി തന്നെയാണ്. എന്നാല്‍ തങ്ങളോടൊപ്പം നിന്നവരടക്കമുള്ള സവര്‍ണ വോട്ടുകളാകെയും ബിജെപിയില്‍ കേന്ദ്രീകരിക്കുകയും, പിന്നാക്ക വോട്ടുകള്‍ ലഭിച്ചില്ലെങ്കില്‍ പാര്‍ട്ടിക്ക് പിടിച്ചു നില്ക്കാന് കഴിയുകയില്ലെന്നും ബോധ്യം വന്നതുകൊണ്ട് തന്നെയാണ് കോണ്‍ഗ്രസ് ജാതി സെന്‍സസിന് അനുകൂലമായ നിലപാട് ഇപ്പോള്‍ കൈക്കൊണ്ടിരിക്കുന്നത്. അര ഡസനോളം സംസ്ഥാനങ്ങള്‍ ജാതി സെന്‍സസ് നടപടികള്‍ തുടങ്ങിയിട്ടും ഇക്കാര്യത്തില്‍ ഒരു അനങ്ങാപ്പാറ സമീപനമാണ് ഇടതുപാര്‍ട്ടികള്‍, പ്രത്യേകിച്ച് സിപിഎം സ്വീകരിച്ചത്. കേരളത്തില്‍ സംസ്ഥാനത്തെ ദേവസ്വം ബോര്‍ഡുകളില്‍ മുന്നാക്ക സാമ്പത്തിക സംവരണം നടപ്പിലാക്കിയതോടു കൂടി ഇന്ത്യ മഹാരാജ്യത്ത് ആദ്യമായി സാമ്പത്തിക സംവരണം നടപ്പിലാക്കിയ സംസ്ഥാനമായി കേരളം മാറി. 97 ശതമാനം ജീവനക്കാരും മുന്നാക്കക്കാരായിരുന്ന ദേവസ്വം ബോര്‍ഡിലാണ് ഇടതു സര്‍ക്കാര്‍ 10 ശതമാനം മുന്നാക്ക സാമ്പത്തി സംവരണം രാജ്യത്ത് ആദ്യമായി നടപ്പിലാക്കിയത്. തുടര്‍ന്ന് കേന്ദ്രം 10 ശതമാനം സാമ്പത്തിക സംവരണം പ്രഖ്യാപിച്ചപ്പോള്‍ ആദ്യമായി അത് നടപ്പാക്കിയ സംസ്ഥാനങ്ങളുടെ കൂട്ടത്തിലാണ് പിണറായി സര്‍ക്കാര്‍. 10 ശതമാനം സാമ്പത്തിക സംവരണത്തില്‍ എല്ലാ വിഭാഗക്കാരെയും ഉള്‍പ്പെടുത്തണമെന്ന സാമൂഹിക നീതിക്കു വേണ്ടി വാദിക്കാന്‍ ഇടതു പാര്‍ട്ടികളടക്കം മിക്ക പാര്‍ട്ടികളും ഇതുവരെ തയാറായിട്ടില്ല.
കേന്ദ്രം ജാതി സെന്‍സസ് പ്രഖ്യാപിച്ചെങ്കിലും ഇത് പെട്ടെന്ന് നടപ്പിലാക്കുമെന്ന് തോന്നുന്നില്ല. തീരുമാനം നടപ്പാക്കുന്നത് നീട്ടിക്കൊണ്ടു പോകലായിരിക്കും ബിജെപി സര്‍ക്കാര്‍ സ്വാഭാവികമായും ചെയ്യുക. അതുകൊണ്ട് തന്നെ സംസ്ഥാനത്തെ പിന്നാക്ക ജനവിഭാഗങ്ങളെ കൂടെ നിര്‍ത്താനും, സാമൂഹ്യനീതി നടപ്പിലാക്കാനും, ഇടതുപക്ഷത്തിന്റെ കടമകള്‍ നിര്‍വ്വഹിക്കാനും സംസ്ഥാനത്തെ ഇടതു സര്‍ക്കാര്‍ അടിയന്തിരമായി ജാതി സെന്‍സസ് നടത്താന്‍ തയ്യാറാവുകയാണ് വേണ്ടത്. ഇതിനകം ജാതി സെന്‍സസ് പ്രഖ്യാപിച്ച പിന്നാക്ക ജനവിഭാഗങ്ങളോട് പ്രതിബദ്ധതയുളള സംസ്ഥാനങ്ങളുടെ പട്ടികയിലേക്ക് ഇടതുപക്ഷത്തിന് മുന്‍തൂക്കമുള്ള ഈ സര്‍ക്കാര്‍ കടക്കുകയാണ് ഏറ്റവും ഉചിതമായിട്ടുള്ളത്. അതിന് സര്‍ക്കാര്‍ തയാറാവാതിരുന്നാല്‍ സംസ്ഥാനത്തെ 87 ശതമാനത്തോളം വരുന്ന പിന്നാക്ക ജനവിഭാഗങ്ങളുടെ വെറുപ്പിനും അതൃപ്തിക്കും ഈ സര്‍ക്കാര്‍ പാത്രമാകുമെന്നുള്ളതില് സംശയവുമില്ല.
(ലേഖകന്‍ ശ്രീ നാരായണഗുരു സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗമാണ്. ഫോണ്‍: 9847132428)