ഗുരുദേവന്‍: ഉപനിഷദ് ദര്‍ശനത്തിന്‍റെ പ്രായോഗിക രൂപം

 
Special Story

ഗുരുദേവന്‍: ഉപനിഷദ് ദര്‍ശനത്തിന്‍റെ പ്രായോഗിക രൂപം

ശ്രീനാരായണ ഗുരുദേവന്‍ ഒരു ഉപനിഷദ് ഋഷിയാണ്

MV Desk

സച്ചിദാനന്ദ സ്വാമി

പ്രസിഡന്‍റ്, ശ്രീനാരായണ ധർമസംഘം ട്രസ്റ്റ്,

ശിവഗിരി മഠം

ശ്രീനാരായണ ഗുരുദേവന്‍ ഒരു ഉപനിഷദ് ഋഷിയാണ്. "ഉപനിഷദുക്തി രഹസ്യം ഓര്‍ത്തിടേണം' എന്ന് ഗുരുദേവന്‍ ആത്മോപദേശ ശതകത്തില്‍ ഉപദേശിക്കുന്നുണ്ട്. ഗുരുവിന്‍റെ കൃതികളിലുടനീളം ഉപനിഷod ദര്‍ശനം കാണാം. ഗുരുദേവന്‍ ശാസ്ത്ര യുഗത്തിന്‍റെ ഋഷി കൂടിയാണ്. ആധുനിക ശാസ്ത്രത്തെ വേദാന്ത ദര്‍ശനവുമായി സമന്വയിപ്പിച്ച് അവതരിപ്പിക്കാന്‍ ഗുരുവിന് സാധിച്ചിട്ടുണ്ട്. ഗുരുദര്‍ശനം നിത്യശുദ്ധമായ സനാതന ധർമമാണ്. ഗുരുദേവന്‍റെ ദിവ്യമായ ദര്‍ശനവും സനാതന ധർമവും തമ്മിലുള്ള സാജാത്യ വൈജാത്യങ്ങളെക്കുറിച്ച് ശ്രദ്ധേയമായ ചര്‍ച്ചകള്‍ നടന്നു കാണുന്നു. ഒരു രാഷ്‌ട്രീയ നേതാവ് സനാതന ധർമത്തെ ഉന്മൂലനം ചെയ്യണം എന്ന് പ്രഖ്യാപിച്ചതോടെയാണ് അനുലോമമായും പ്രതിലോമമായും ഉള്ള ചര്‍ച്ചകള്‍ ആരംഭിച്ചത്. സനാതന ധർമം ഹിന്ദുമതമെന്നും, ഹിന്ദുമതം ജാതി വ്യവസ്ഥയെയും ചാതുര്‍വര്‍ണ്യത്തേയും ഉറപ്പിച്ച് അധഃസ്ഥിത ജനതയെ അടിച്ചമര്‍ത്തുന്നുവെന്നുമാണ് വിമര്‍ശകരുടെ അഭിമതം. 172ാമത് ഗുരുദേവ ജയന്തി ഇന്നേദിവസം ലോകമൊട്ടാകെ ആഘോഷിക്കുകയാണ്. ഈ അവസരത്തില്‍ ഗുരുവിന്‍റെ സനാതന ധർമത്തിലധിഷ്ഠിതമായ അദ്വൈത വേദാന്ത ചിന്തയെ പരിചിന്തനം ചെയ്യേണ്ടതാണ്. വേദാന്ത ദര്‍ശനത്തിന്‍റെ വെളിച്ചത്തില്‍ മനുഷ്യരെല്ലാമൊന്ന് എന്ന് ഗുരുദേവന്‍ സിദ്ധാന്തിച്ചു. അവിടെ ജാതി വ്യവസ്ഥയ്ക്കോ ചാതുര്‍ വര്‍ണ്യാദിഭേദ ചിന്തയ്ക്കോ യാതൊരു സ്ഥാനവുമില്ല.

ആയിരത്താണ്ടുകളായി ബഹുഭൂരിപക്ഷം വരുന്ന അധഃസ്ഥിത പിന്നോക്ക വിഭാഗങ്ങളുടെ ഇടയില്‍ വേലിക്കെട്ടുകള്‍ തീര്‍ത്ത് അവര്‍ എല്ലാവിധമായ അസ്വാതന്ത്ര്യവും പേറി ജീവിക്കേണ്ടിവന്നത് ക്രൂരമായ ജാതി വ്യവസ്ഥ കൊണ്ടുതന്നെയാണ്. സനാതനികള്‍ എന്ന് അഭിമാനിക്കുന്ന ഒരുപറ്റം ജനത ഇന്നും ജാതി വ്യവസ്ഥയും ചാതുര്‍വര്‍ണ്യവും അവശ്യമെന്ന് സിദ്ധാന്തിക്കുന്നുമുണ്ട്. ഈ ചിന്തയ്ക്ക് മാറ്റം വരണം. ജാതി വ്യവസ്ഥയും ഉച്ചനീചത്വ ഭേദങ്ങളും രാജ്യത്തിനും മതത്തിനും ഒരിക്കലും ചേര്‍ന്നതല്ല. ആരെങ്കിലും അതിനെ മുറുകെ പിടിക്കാന്‍ ശ്രമിക്കുന്നെങ്കില്‍ അവര്‍ തീര്‍ച്ചയായും രാജ്യത്തിന്‍റെ പൊതു ശത്രുക്കളാണ്. മഹാകവി കുമാരനാശാന്‍

""വൈദീകമാനികള്‍ മര്‍ത്ത്യരില്‍ ഭേദവും

ഭേദത്തില്‍ ഭേദവും ജല്‍പ്പിക്കുന്നു

എന്തൊരു വൈകൃതം ബ്രഹ്മവിദ്യേ നിന്നി-

ലെന്താണിക്കാണുന്ന വൈപരീത്യം

നിര്‍ണ്ണയം നിന്നെപ്പോല്‍ പാരിലധോഗതി

വിണ്ണവര്‍ഗംഗയ്ക്കുമുണ്ടായില്ല''

എന്ന് പരിതപിച്ച് പാടിയിട്ടുണ്ട്. ഭേദങ്ങളറ്റ പൊരുളിനെയാണ് നാലു വേദങ്ങളും അനുശാസിക്കുന്നതെങ്കിലും ആ വേദത്തെ തന്നെ ഉപാധിയാക്കി മനുഷ്യരെ കൂച്ചുവിലങ്ങിട്ട് താഴോട്ട് തള്ളിയത് കണ്ടുകൊണ്ടാണ് സ്വര്‍ലോക ഗംഗ ഭൂമിയിലേക്ക് പതിച്ചതു പോലെയാണ് ബ്രഹ്മവിദ്യയുടെ അധഃപതനമെന്ന് മഹാകവി പാടിയത്. ഉപനിഷദ് ദര്‍ശനം ലോകത്തിന് ലഭിച്ച അക്ഷയ ഖനിയാണ്. വ്യാസനും വസിഷ്ഠനും വാല്‍മീകിയും ശങ്കരാചാര്യരും ശ്രീരാമകൃഷ്ണ പരമഹംസനും ശ്രീനാരായണ ഗുരുദേവനും ഉപനിഷദ് ദര്‍ശനത്തിന്‍റെ പ്രത്യക്ഷ സ്വരൂപങ്ങളാണ്. ഭാരതത്തെ ആര്‍ഷഭൂവെന്ന് വിളിക്കാന്‍ കാരണം ഋഷിവര്യരുടെ ആത്മനിശ്വാസം നിറഞ്ഞു നില്‍ക്കുന്ന ദേശം എന്ന അർഥത്തിലൂടെയാണ്.

ശുദ്ധമായ സനാതന ധർമം യാതൊരു ഭേദചിന്തകളെയും അംഗീകരിക്കുന്നില്ല. തുമാത്രമല്ല സനാതനം എന്നാല്‍ എന്നും പുതുമയാര്‍ന്നത് എന്നാണ് താല്‍പര്യം. എന്നും പുത്തന്‍ ആയിരിക്കുന്നത് ബ്രഹ്മമാണ് - ഈശ്വരനാണ് എന്ന് ശ്രീരാമകൃഷ്ണ പരമഹംസര്‍ പറയുന്നു. ശ്രീനാരായണ ഗുരുദേവന്‍ ശ്രീനാരായണ സ്മൃതിയിലൂടെ ഉപദേശിക്കുന്നു-

""സതി സാധു ഭവേത് സത്യം

സത്യം ബ്രഹ്മസനാതനം

സത്യേ തിഷ്ഠതി ലോകോളയം

വദേത് സത്യം ന ചാനൃതം''

(ശ്രീനാരായണ ധർമം -72)

ഇവിടെ ഗുരുദേവന്‍ ഉപദേശിക്കുന്നത് പ്രത്യേകം ശ്രദ്ധിക്കുക. സത്യം എന്നത് മൂന്നുകാലത്തും മാറ്റമില്ലാത്ത ഒന്നാണ്. അത് സനാതനമായ ബ്രഹ്മസത്യം തന്നെ. ഈ ലോകം തന്നെ നിലകൊള്ളുന്നത് സനാതനമായ സത്യത്തിലാണ്. ഇവിടെ ഗുരുദേവന്‍ സത്യം, സനാതനം, ബ്രഹ്മം എന്നീ മൂന്നും ഒന്നുതന്നെ എന്നാണ് ഉപദേശിക്കുന്നത്. സനാതനം എന്നാല്‍ പുതുമ നശിക്കാതെ എന്നും നിലകൊള്ളുന്നത് എന്നാണല്ലോ അർഥം. മാറ്റമില്ലാതെ നിലകൊള്ളുന്നത് പരമാത്മാവ്- ദൈവം ഒന്നുമാത്രമാണ്. അതാണ് സനാതന സത്യം. വാസ്തവത്തില്‍ സനാതന ധർമത്തിനും ജാതി വ്യവസ്ഥയ്ക്കും ചാതുര്‍വർണ്യത്തിനും തമ്മില്‍ ബന്ധമൊന്നുമില്ല. യഥാർഥ ശുദ്ധമായ സനാതന ധർമം എല്ലാ വിധമായ ഭേദചിന്തകള്‍ക്കും അതീതം എന്ന് മഹാകവി കുമാരനാശാനും അഭിപ്രായപ്പെടുന്നു.

എന്നാല്‍ സനാതന ധർമത്തിന്‍റെ മറവില്‍ മനുഷ്യസഞ്ചയത്തെ

""തൊട്ടുകൂടാത്തവര്‍

തീണ്ടിക്കൂടാത്തവര്‍

ദൃഷ്ടിയില്‍ പെട്ടാലും

ദോഷമുള്ളോര്‍

കെട്ടില്ലാത്തോര്‍

തമ്മിലുണ്ണാത്തോരിങ്ങനെ

ഒട്ടല്ലഹോ ജാതിക്കോമരങ്ങൾ''

എന്നു കല്‍പ്പിക്കപ്പെട്ട ദുരവസ്ഥയുണ്ടായിരുന്നു. ഗുരുദേവന്‍റെ നേതൃത്വത്തില്‍ നടന്ന അധ്യാത്മ വിപ്ലവം - ശുദ്ധ മനുഷ്യത്വമായ സനാതന ധർമം എല്ലാവരും ഒരേ ഒരു പരംപൊരുളിന്‍റെ അംശങ്ങള്‍ എന്ന നിലയില്‍ ആത്മസാഹോ ദര്യ ധർമമാണ്. അവിടെ ജാതിക്കോ മതത്തിനോ വിഭാഗീയമായ ചിന്തകള്‍ക്കോ യാതൊരുവിധമായ ഭേദങ്ങളുമില്ലാത്തതാണ്. അതുകൊണ്ടാണ് മഹാഗുരു പള്ളാത്തുരുത്ത് എസ്എന്‍ഡിപി യോഗ വാര്‍ഷികത്തില്‍ സനാതന ധർമം എന്ന മതത്തെക്കുറിച്ച് സന്ദേശം നല്‍കിയത് (1927).

"നമ്മുടെ സമുദായ സംഘടന എല്ലാ മനുഷ്യരെയും ഒന്നായി ചേര്‍ക്കുന്നതായിരിക്കണം. മതം വിശ്വാസ സ്വാതന്ത്ര്യത്തെ അനുവദിക്കുന്നതും സംസ്കൃത ബുദ്ധികള്‍ക്കെല്ലാം സ്വീകാര്യവും മനുഷ്യരെ ഉത്തമമായ ആദര്‍ശത്തിലേക്ക് ഉയര്‍ത്തുന്നതുമായിരിക്കണം. "ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്' എന്ന സനാതന ധർമം അങ്ങനെയുള്ള ഒരു മതമാകുന്നു. ഈ സനാതന ധർമത്തില്‍ വിശ്വസിക്കുന്നവരെല്ലാം ഒന്നായി ചേരുന്നത് സംഘടനയ്ക്ക് ഏറ്റവും ഉത്തമമായ രീതിയായിരിക്കും എന്ന് തോന്നുന്നു. മതപരിവര്‍ത്തനം കൂടാതെ അസമത്വങ്ങളും ബുദ്ധിമുട്ടുകളും തീരുകയില്ലെന്ന് വിശ്വസിക്കുന്നവര്‍ക്ക് സനാതന ധർമം മതമായി സ്വീകരിക്കുന്നത് അവരുടെ മതപരിവര്‍ത്തനവും സ്വാതന്ത്ര്യ പ്രഖ്യാപനവും ആയിരിക്കുന്നതാണ്'.

"ഒരു ജാതി, ഒരു മതം ഒരു ദൈവം മനുഷ്യന്' എന്നത് സനാതന ധർമം എന്ന മതമാകുന്നു എന്ന ഗുരുവിന്‍റെ പ്രഖ്യാപനവും മതപരിവര്‍ത്തനം വേണമെന്ന് ആഗ്രഹിക്കുന്നവര്‍ സനാതന ധർമത്തെ മതമായി സ്വീകരിക്കണമെന്ന ഉപദേശവും നാം ആഴത്തില്‍ പഠിച്ച് അറിയേണ്ടത് തന്നെയാണ്. ഗുരു 1920ല്‍ മേല്‍പ്പറഞ്ഞ സന്ദേശം നല്‍കിയപ്പോള്‍ ഗുരുദേവ ശിഷ്യനായ ശിവപ്രസാദ് സ്വാമികള്‍ ശ്രീനാരായണ മതം എന്ത് എന്ന് വിശദീകരണം നല്‍കിയിട്ടുണ്ട്. മഹാകവി കുമാരനാശാനാകട്ടെ മതപരിവര്‍ത്തന രസവാദത്തിലൂടെ ഉദ്ബോധിപ്പിക്കുന്നു-

"ശ്രീനാരായണ ധർമ പരിപാലനയോഗം ഒരു വ്യവസ്ഥിതമായ കാര്യപരിപാടിയെ മുന്‍നിര്‍ത്തി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന സംഘമാണ്. അതിന്‍റെ ഉദ്ദേശങ്ങളില്‍ പ്രധാനമായ ഒന്ന് മത പരിഷ്കരണമാകുന്നു. ശ്രീനാരായണ ധർമം എന്ന പദം തന്നെ ശ്രീനാരായണ ഗുരുവിന്‍റെ മതം എന്ന അർഥത്തെയാണ് വിവക്ഷിക്കുന്നത്. "ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്' എന്നുള്ളതാണ് ആ മതം. തൃപ്പാദങ്ങളുടെ ഈ ആദര്‍ശത്തെ ലാക്കാക്കിയുള്ള മതപരിഷ്കരണമാണ് എസ്. എന്‍. ഡി. പി.യോഗത്തിന്‍റെ കാര്യപരിപാടിയില്‍ ഉള്ളത് എന്ന് വ്യാഖ്യാനിക്കേണ്ടതില്ലല്ലോ'.

ചുരുക്കത്തില്‍ സനാതന ധർമം എന്നത് "ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്' എന്ന മത ദര്‍ശനത്തിന്‍റെ പൊതുനാമം എന്നാണ് ഗുരുദേവനും ശിഷ്യന്മാരും വ്യാഖ്യാനിച്ചിട്ടുള്ളത്. അത് ശ്രീനാരായണ ഭക്തന്മാര്‍ അവരുടെ മതസിദ്ധാന്തമായി കണക്കാക്കി ജീവിക്കുകയും വേണം. അതിനാല്‍ സനാതന ധർമം എന്ന് കേട്ടാല്‍ കാള പെറ്റു എന്ന് കേട്ട് കയറെടുക്കേണ്ട കാര്യമില്ല. സനാതന ധർമം എന്നതിന് ശ്രീനാരായണ ഗുരുദേവന്‍ നല്‍കുന്ന വിശദീകരണം ഗുരുദേവ ഭക്തര്‍ അവരുടെ മതവിശ്വാസമായി സ്വീകരിക്കേണ്ടതാണ്. അത് "എല്ലാവരും ആത്മ സഹോദരര്‍' എന്ന അദ്വൈതതത്ത്വത്തിന്‍റെ പൊരുളു തന്നെയാണ്.

എന്നാല്‍ സനാതന ധർമത്തിന്‍റെ വക്താക്കളായ ചിലര്‍ ഇപ്പോഴും ജാതി വ്യത്യാസത്തെയും അയിത്താചാരത്തെയും വിടാതെ സൂക്ഷിച്ച് മതത്തിനും രാജ്യത്തിനും അപമാനം വരുത്തിക്കൊണ്ടിരിക്കുന്നുവെന്ന് സമീപകാല സംഭവങ്ങള്‍ ഉദാഹരിക്കുന്നു. അന്നത്തെ ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന് പയ്യന്നൂരിലെ ഒരു ദേവാലയത്തില്‍ അയിത്താചാരത്താല്‍ അപമാനം ഏല്‍ക്കേണ്ടതായി വന്നെന്ന് പറയപ്പെടുന്നു. ഈ ദുരവസ്ഥ മറ്റ് പല സങ്കേതങ്ങളിലും നിറഞ്ഞു നില്‍പ്പുണ്ട്. ഇതെഴുതുന്ന ആളിന് പോലും ചില കേന്ദ്രങ്ങളില്‍ നിന്ന് ജാതിഭേദത്തിന്‍റേതായ പല അനുഭവങ്ങളും വന്നിട്ടുണ്ടെന്ന് തുറന്നു പറയട്ടെ. അതൊക്കെ ഇവിടെ പറയുവാന്‍ ഉദ്ദേശിക്കുന്നില്ല. ഹിന്ദുമതത്തിലും സനാതന ധർമത്തിലും ഭേദചിന്തകൾ കല്‍പ്പിക്കാന്‍ ആരെങ്കിലും തുനിഞ്ഞാല്‍ അത് ഹിന്ദുമതത്തിന്‍റെ യശസിന് കളങ്കം വരുത്തും.

അതുപോലെ ദേവസ്വം ബോര്‍ഡിന്‍റെ മിക്കവാറും ക്ഷേത്രങ്ങളില്‍ ഗുരുദേവനും ഗുരുദേവ ദര്‍ശനത്തിനും അയിത്തമുണ്ട്. ഗുരു രചിച്ച ദൈവദശകം തുടങ്ങിയ വിശ്വപ്രാർഥനകള്‍ പോലും ആ ക്ഷേത്രങ്ങളില്‍ ആലാപനം ചെയ്യാന്‍ പാടില്ല. ജാതിഭേദ ബുദ്ധി വച്ച് പുലര്‍ത്തുന്നവര്‍ അവിടെ സനാതന ധർമസംരക്ഷകരായി രംഗത്തിറങ്ങും. ഇങ്ങനെ നിരവധി അനുഭവങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നു. ഈ അവസ്ഥയ്ക്കു മാറ്റം ഉണ്ടാകണം. ഗുരുദേവനെപ്പോലും ജാതിക്കണ്ണു കൊണ്ട് നോക്കിക്കാണുന്നത് മഞ്ഞപ്പിത്തം ബാധിച്ചവരുടെ ദൃഷ്ടിയാണ്. ഈ ദൃഷ്ടി തെളിഞ്ഞേ തീരൂ.

ഈ ദുര്യോഗത്തില്‍ നിന്നും മോചനമുണ്ടാകാന്‍ യഥാർഥ മതസിദ്ധാന്തങ്ങള്‍ അറിയുകയും അത് അനുസരിച്ച് ജീവിക്കുകയും വേണം. ശുദ്ധ ഹിന്ദുമത സിദ്ധാന്തങ്ങള്‍ പ്രചരിപ്പിക്കണമെന്ന ഗുരുദേവന്‍റെ ഉദ്ബോധനം പ്രാവര്‍ത്തികമാക്കണം. ശുദ്ധ ഹിന്ദുമത സിദ്ധാന്തങ്ങള്‍ എന്നു പറയുമ്പോള്‍ അശുദ്ധ ഹിന്ദുമത സിദ്ധാന്തങ്ങളും ഉണ്ടായിരിക്കുമല്ലോ. ചാതുര്‍വര്‍ണ്യ- ജാതി സിദ്ധാന്തങ്ങള്‍ അതിന്‍റെ ഭാഗമാണ്. എല്ലാവരും ഒരേയൊരു ഈശ്വര സത്യത്തിന്‍റെ അടിസ്ഥാനത്തില്‍ "മാനവരൊക്കെയും ഒന്ന് അതാണ് നമ്മുടെ മതം' എന്ന ഗുരുദര്‍ശനമാകുന്ന സനാതന ധർമം നമ്മുടെ ജീവിത ദര്‍ശനമാകട്ടെ.

ഗുരുദേവന്‍ ഉപദേശിച്ച അദ്വൈത വേദാന്തവും ജീവിതദര്‍ശനവും ജനതയെ ഐക്യതയിലേക്ക് നടക്കാവാന്‍ പര്യാപ്തമാണ്. ജാതിമതാതി ഭേദചിന്തകള്‍ക്കതീതമായി ഏവരും ശുദ്ധ മനുഷ്യത്വത്തിന്‍റെ വക്താക്കളാകണം. അതാണ് അദ്വൈത ചിന്തയുടെ പ്രായോഗികത. 172ാമത് ജയന്തി ആഘോഷിക്കുന്ന ഈ വേളയില്‍ നാമെല്ലാം ഒരേ ഒരു ഈശ്വര സത്യത്തിന്‍റെ സ്ഫുരണങ്ങളാണ് എന്ന അദ്വൈത ചിന്ത നമ്മെ നയിക്കട്ടെ. ഗുരു വിഭാവനം ചെയ്യുന്ന എകതയുടെ ആ മഹാദര്‍ശനം നമ്മുടെ ജീവിത ദര്‍ശനമായിത്തീരട്ടെ. ഗുരുദേവ ജയന്തി ചിന്തകള്‍ ഏവരിലും ശാന്തിയും സമാധാനവും ഐക്യതയും ഈശ്വരീയതയും പരിപോഷിപ്പിക്കുവാന്‍ പര്യാപ്തമാകട്ടെ.

മാടക്കര പള്ളിയിൽ പൊലീസ് കയറിയ സംഭവം, എസ്ഐ ഉൾപ്പടെ അഞ്ച് ഉദ്യോഗസ്ഥർക്കെതിരേ നടപടി

'ശബരിമല അയ്യപ്പനെ അധിക്ഷേപിച്ചു'; സണ്ണി എം. കപിക്കാടിനെതിരേ പൊലീസിൽ പരാതി

രണ്ടാമത് മന്തി റൈസ് ചോദിച്ചതിന് വിദ്യാർഥികൾക്ക് മർദനം, കടയുടമയും ജീവനക്കാരും കസ്റ്റഡിയിൽ

ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകാതിരുന്നത് ഓട്ടോറിക്ഷ രൂപമാറ്റം വരുത്തിയതിനാൽ: പ്രാഥമിക അന്വേഷണ റിപ്പോർട്ട്

സുകുമാരക്കുറുപ്പ് ജീവനോടെയുണ്ട്‍? ബ്രൂണെയിലെന്ന് വാർത്ത, അന്വേഷിക്കാൻ പൊലീസ്