2025 ഒക്‌ടോബർ 11-ന് പാരീസിൽ റെസ്റ്റോറൻ്റ് തുറക്കുന്ന വേളയിൽ "സബാബ, ലെ ഗോട്ട് ഡി ലാ പൈക്‌സ്" (സബാബ, ദ ടേസ്റ്റ് ഓഫ് പീസ്) എന്ന റെസ്റ്റോറൻ്റിൻ്റെ സ്ഥാപകരായ എഡ്ഗർ ലാലൂമും റഡ്‌ജ അബൗദഗ്ഗയും ഒരു ചിത്രത്തിനായി പോസ് ചെയ്യുന്നു.
Antoine BOYER / AFP
പാരീസ്: ഗാസയിൽ നിന്നുള്ള ഒരു പലസ്തീനിയും ഫ്രഞ്ച്-ഇസ്രയേലിയും ചേർന്ന് പാരീസിൽ ഒരു പുതിയ റെസ്റ്റോറന്‍റ് തുറന്നിരിക്കുകയാണ്! ഞെട്ടണ്ട, പലസ്തീനിയും ഇസ്രയേലിയും തന്നെ. ഭക്ഷണത്തിലൂടെ അനുരജ്ഞനം പ്രോത്സാഹിപ്പിക്കുക എന്നതാണ് ഇവർ ഇതിലൂടെ ലക്ഷ്യമിടുന്നത്. സമാധാനത്തിന്‍റെ രുചി എന്നാണ് റെസ്റ്റോറന്‍റിനു പേര്.
പുതുമയാർന്ന ഈ റെസ്റ്റോറന്‍റിനു പിന്നിലെ പ്രതിഭകൾ 78കാരനായ ഫ്രഞ്ച്-ഇസ്രയേലി എഡ്ഗർ ലോലും, 58കാരനായ പലസ്തീൻ സ്വദേശി റാഡ്ജ് അബൗദാഗയുമാണ്. ഒരു വർഷം മുമ്പാണ് ഇരുവരും പരിചയപ്പെട്ടത്. യുദ്ധത്തിനെതിരെ എന്തു ചെയ്യാനാവുമെന്ന ചിന്തയിൽ അവർ ഒരു മനസായി. അങ്ങനെ ഇക്കഴിഞ്ഞ ഒക്റ്റോബർ 11ന് "സബാബ, സമാധാനത്തിന്റെ രുചി' എന്ന ആ റെസ്റ്റോറന്‍റിന്‍റെ മേൽക്കൂരയിൽ നിന്ന് പലസ്തീൻ,ഫ്രഞ്ച്, ഇസ്രയേലി പതാകകൾ പറന്നുയർന്നു. ഉദ്ഘാടനത്തിനായി അവിടെയെത്തിയ ഉപഭോക്താക്കൾ അപ്പോഴവിടെ തിങ്ങി നിറഞ്ഞിരുന്നു. ഇസ്രയേലികളും പലസ്തീനികളും ഒരു പോലെ ആസ്വദിച്ചു കഴിക്കുന്ന ഹമ്മസ്,ഫലാഫെൽ അഥവാ ഗസാൻ സലാഡ് എന്നിവയൊക്കെ ആസ്വദിച്ചു കഴിക്കാൻ ആദ്യമായെത്തിയവർ തന്നെ നൂറോളം പേരുണ്ടായിരുന്നു. പേപ്പർ പ്രാവുകളാൽ അതിനകം അലങ്കരിച്ചിരുന്നു.
കോൺസുലാറ്റ് വോൾട്ടയറിൽ ഇസ്രായേൽ-പാലസ്തീൻ റെസ്റ്റോറന്റിന്റെ ഉദ്ഘാടനത്തിനായി, പാരീസിലെ 11-ാമത് അരോണ്ടിസ്‌മെന്റിലെ സാംസ്കാരിക കേന്ദ്രം പേപ്പർ പ്രാവുകൾ കൊണ്ട് അലങ്കരിച്ച നിലയിൽ
ജൂത- മുസ്ലിം പാരമ്പര്യങ്ങളിൽ അത്താഴ മേശ ഒരു പുണ്യസ്ഥലമാണ്. അത് കൈമാറ്റത്തിനുള്ള ഇടമാണ്...ലാലൂം പറയുന്നു. വടക്കൻ പാരീസിൽ നിന്നുള്ളവർക്ക് അരി, മാംസം, വറുത്ത പച്ചക്കറികൾ എന്നിവ ഉപയോഗിച്ച് ഉണ്ടാക്കുന്ന മഖ് ലൂബ അല്ലെങ്കിൽ ചിക്കൻ ഷവർമ എന്നിവയെല്ലാം ഇവിടെ ലഭിക്കും. ടെൽ അവീവിലെ ഇസ്രയേലികൾക്കും ഗാസയിലെ പലസ്തീനികൾക്കും ഏറ്റവും പ്രിയങ്കരമായ വിഭവങ്ങളാണിവ.