കൃഷാന്ദ് ഷൂട്ടിങ്ങിനിടെ.

 
Special Story

നാലരക്കൂട്ടത്തിന്‍റെ അണിയറക്കഥകളുമായി കൃഷാന്ദ്

'ദി ക്രോണിക്കിൾസ് ഓഫ് ദി 4.5 ഗാംഗ്' എന്ന വെബ് സീരീസിന്‍റെ പശ്ചാത്തലത്തിൽ സംവിധായകൻ കൃഷാന്ദുമായി ദർശന സുഗതൻ നടത്തി‍യ അഭിമുഖം

MV Desk

ദി ക്രോണിക്കിൾസ് ഓഫ് ദി 4.5 ഗാംഗ് എന്ന സീരീരുമായി സംവിധായകൻ കൃഷാന്ദ് വീണ്ടും പ്രേക്ഷക ശ്രദ്ധയാകർഷിക്കുകയാണ്. ഈ അഭിമുഖത്തിൽ, തന്‍റെ സിനിമാ ശൈലിയെക്കുറിച്ചും, കഥാപാത്രങ്ങളെ രൂപപ്പെടുത്തുന്നതിനെക്കുറിച്ചും, സിനിമയിൽ അക്രമം കൈകാര്യം ചെയ്യുന്നതിലെ നിലപാടുകളെക്കുറിച്ചും അദ്ദേഹം സംസാരിക്കുന്നു. കൂടാതെ, പുതിയ സിനിമയുടെ വിശേഷങ്ങളും, മോഹൻലാലുമായി ഒരുമിച്ചുള്ള പ്രോജക്റ്റിനെക്കുറിച്ചുള്ള പ്രതീക്ഷകളും അദ്ദേഹം പങ്കുവയ്ക്കുന്നു.

അഭിമുഖം: കൃഷാന്ദ് | ദർശന സുഗതൻ

ആവാസവ്യൂഹം, പുരുഷ പ്രേതം തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാള സിനിമയിൽ സ്വന്തമായ ഇടം നേടിയ സംവിധായകൻ കൃഷാന്ദ്, തന്‍റെ 'ദി ക്രോണിക്കിൾസ് ഓഫ് ദി 4.5 ഗാംഗ്' എന്ന വെബ് സീരീസിനെക്കുറിച്ചും സിനിമയുടെയും കഥപറച്ചിലിന്‍റെയും രീതികളെക്കുറിച്ചും സംസാരിക്കുന്നു.

താങ്കൾ വളരെ കൂളാണ്, ശാന്തനായ മനുഷ്യൻ. 'കണിശക്കാരനായ സംവിധായകൻ' എന്ന ഭാവമൊന്നും കാണുന്നില്ല. ഷൂട്ടിങ് സെറ്റിലും ഇങ്ങനെതന്നെയാണോ?

ഞാൻ അടിസ്ഥാനപരമായി ശാന്തനായൊരു വ്യക്തിയാണ്. വളരെക്കാലമായി ഇങ്ങനെ തന്നെ. ഷൂട്ടിങ് സെറ്റിൽ ദേഷ്യപ്പെടാറില്ല. എന്നാൽ, ചില കാര്യങ്ങൾ കൃത്യ സമയത്ത് ആവശ്യമായി വരുമ്പോൾ നിലപാട് കർശനമായിരിക്കും. ആ വ്യക്തിയുമായി സംസാരിച്ച് ബോധ്യപ്പെടുത്തും. ആരെങ്കിലും ഒരു കാര്യം ചെയ്യാൻ മറന്നാലും ഞാൻ ഷൗട്ട് ചെയ്യാറൊന്നുമില്ല, മറിച്ച്, എന്‍റെ മനസിലുള്ളത് അവർക്കു മനസിലാക്കിക്കൊടുക്കാൻ ശ്രമിക്കും. ''ഇത് താങ്കൾ ചെയ്യാത്തതുകൊണ്ടാണ് ഈ പ്രശ്നമുണ്ടായത്. അതുകൊണ്ട് ദയവായി ശ്രദ്ധിക്കുക. ജോലി ചെയ്യുമ്പോൾ താങ്കൾക്ക് എല്ലാ സന്തോഷങ്ങളും ആസ്വദിക്കാം, പക്ഷേ, അതു മാത്രമായാൽ കാര്യങ്ങൾ നടക്കില്ല.''

സംവിധായകനും ഛായാഗ്രാഹകനും (DOP) മറ്റുള്ളവരുമായി എങ്ങനെ ആശയവിനിമയം നടത്തുന്നു എന്നതിന്‍റെ പ്രതിഫലനമായിരിക്കും സെറ്റിലെ ധാർമികത. അതുകൊണ്ട് ഞാൻ ശാന്തനായിരിക്കാൻ ശ്രമിക്കാറുണ്ട്. മുഴുവൻ ക്രൂവും എങ്ങനെ കാര്യങ്ങൾ ചെയ്യണം എന്നതിനെക്കുറിച്ച് ആദ്യ ദിവസങ്ങളിൽ തന്നെ ഒരു ധാരണ നൽകാറുണ്ട്, അവർ അടുത്ത 60 ദിവസത്തേക്ക് അത് പിന്തുടരുകയും ചെയ്യും.

രണ്ട് ദിവസം കൊണ്ട് ഞാനീ സീരീസ് മുഴുവൻ കണ്ടു തീർത്തു. 'ഗാംഗ്സ് ഓഫ് വാസ്സേപ്പൂർ', 'മിർസാപൂർ' ഒക്കെ ഓർമയിൽ വന്നു. താങ്കൾക്ക് ആദ്യമായി ഈ ആശയം ലഭിച്ചത് 10 വർഷം മുൻപാണെന്നു കേട്ടിട്ടുണ്ട്, അന്നിതു ചെയ്തിരുന്നെങ്കിൽ മലയാള പ്രേക്ഷകർ സ്വീകരിക്കുമായിരുന്നു എന്ന് തോന്നുന്നുണ്ടോ?

സ്വീകരിക്കില്ലായിരുന്നു എന്നാണു തോന്നുന്നത്. എല്ലാ പ്ലാറ്റ്‌ഫോമുകളും എന്നോട് പറഞ്ഞത് അതാണ്. മലയാളത്തിൽ ഇത്തരം കാര്യങ്ങളില്ലെന്നും പ്രേക്ഷകർക്ക് ഇഷ്ടപ്പെടില്ലെന്നും അവർ പറഞ്ഞു. അതുകൊണ്ടു തന്നെ 10 വർഷം മുൻപ് ഇത് സ്വീകരിക്കപ്പെടുമായിരുന്നില്ല എന്നാണ് തോന്നുന്നത്. ഞാൻ 2015 മുതൽ ഇത് പലരുമായി ചർച്ച ചെയ്തു തുടങ്ങിയതാണ്. എന്‍റെ അഭിപ്രായത്തിൽ, നമ്മളൊരു സാധനമുണ്ടാക്കി ജനങ്ങളിലെത്തിച്ചാൽ മാത്രമേ അതിനു മാർക്കറ്റുണ്ടോ എന്നു മനസിലാക്കാൻ സാധിക്കൂ. അതാണ് ഞാൻ ഓരോ പ്ലാറ്റ്ഫോമിന്‍റെയും ആളുകളോടു പറഞ്ഞത്. അവരെ സംബന്ധിച്ച്, വ്യൂവർഷിപ്പും മാർക്കറ്റ് റിസർച്ചുമൊക്കെയാണ് തീരുമാനങ്ങളെടുക്കുന്നതിനുള്ള മാനദണ്ഡം. എന്നാൽ, എന്നെ സംബന്ധിച്ചിടത്തോളം, പുതിയ കാര്യങ്ങൾ പരീക്ഷിക്കാനാണു താത്പര്യം.

സഭ്യമല്ലാത്ത വാക്കുകൾ ഉപയോഗിക്കരുതെന്ന് എനിക്കു നിർബന്ധമുണ്ടായിരുന്നു.

കഥാപാത്രങ്ങളുടെ സംഭാഷണങ്ങളിൽനിന്ന് 'തെറി വാക്കുകൾ' ഒഴിവാക്കിയിട്ടുണ്ട്. ലൈംഗികത സൂചിപ്പിക്കുന്ന രംഗവും കരുതലോടെയാണ് അവതരിപ്പിച്ചിരിക്കുന്നത്. ആ സമയത്ത് സെൻസറിങ്ങിനെക്കുറിച്ചാണോ ചിന്തിച്ചിരുന്നത്? പൊതുവേ സിനിമകളെ പോലെ വെബ് സീരീസുകൾക്ക് സെൻസർഷിപ്പ് നേരിടേണ്ടി വരാറുണ്ടോ?

സഭ്യമല്ലാത്ത വാക്കുകൾ ഉപയോഗിക്കരുതെന്ന് എനിക്കു നിർബന്ധമുണ്ടായിരുന്നു. മാസ്ക് ചെയ്തിരിക്കുന്ന ഭാഗം തെറി പോലെ തോന്നിയേക്കാമെങ്കിലും അത് യഥാർഥത്തിൽ അങ്ങനെയല്ല. രണ്ടോ മൂന്നോ സീനുകളിൽ ഒരു കഥാപാത്രം 'തെറി വാക്കുകൾ' ഉപയോഗിച്ചിട്ടുണ്ട്. അത് ഒഴിവാക്കാൻ ഞാൻ എന്‍റെ ടീമിനോട് ആവശ്യപ്പെട്ടിരുന്നു. പക്ഷേ, എന്‍റെ ഭാഗത്ത് നിന്നുള്ള ഒരു ആശയക്കുഴപ്പം കാരണം അതു നടന്നില്ല. അതിൽ ഖേദമുണ്ട്. രണ്ടു വയസുള്ള എന്‍റെ മകൾ ഒരു തെറി വാക്ക് കേട്ട് അതെവിടെയെങ്കിലും ഉപയോഗിച്ചാലോ എന്നാണ് ഞാൻ ചിന്തിക്കുന്നത്. അതുകൊണ്ട് അത്തരം കാര്യങ്ങൾ ഒഴിവാക്കാൻ പരമാവധി ശ്രദ്ധിക്കാറുണ്ട്.

പൊതുവേ, വെബ് സീരീസുകളുടെ സെൻസർഷിപ്പ് നിയന്ത്രിക്കുന്നത് പ്ലാറ്റ്‌ഫോമുകളുടെ ഭാഗത്തുനിന്നുള്ള ഒരു സർവീസ് ആൻഡ് പ്രാക്റ്റിസ് പ്രോട്ടോക്കോളാണ്. മിക്ക പ്ലാറ്റ്‌ഫോമുകളുടേയും S&P ടീമാണ് ഇത് കൈകാര്യം ചെയ്യുന്നത്.

ഞാൻ അഞ്ചാമത്തെ എപ്പിസോഡ് വരെ നിർത്താതെ കാണുകയായിരുന്നു. പക്ഷേ, ആറാമത്തെ എപ്പിസോഡിന്‍റെ ഒരു ഘട്ടത്തിൽ, താങ്കൾ അത് വേഗത്തിൽ അവസാനിപ്പിക്കാൻ ശ്രമിക്കുകയാണോ, അല്ലെങ്കിൽ വരാനിരിക്കുന്ന അടുത്ത സീസണിനുള്ള ഒരുക്കമാണോ എന്നൊക്കെ തോന്നി. അത് ശരിയാണോ?

എന്‍റെ അഭിപ്രായത്തിൽ, ഇത്രയും ഒറ്റയടിക്ക് കാണാൻ പാടില്ല. ആദ്യം രണ്ട് എപ്പിസോഡുകൾ കാണുക. ഒരു ബ്രേക്ക് എടുത്ത ശേഷം അടുത്ത രണ്ടെണ്ണം, പിന്നെയും ഒരു ബ്രേക്കിനു ശേഷം അവസാന രണ്ടെണ്ണം. തുടർച്ചയായി കാണുകയാണെങ്കിൽ, അഞ്ചാമത്തെ എപ്പിസോഡാകുമ്പോഴേക്കും ഈ പറഞ്ഞ തോന്നലുണ്ടാകും. അതുകൊണ്ട് തുടർച്ചയായി കാണുന്നതിന് പകരം ബ്രേക്കുകൾ എടുത്ത് കാണുന്നതാണ് ഏറ്റവും നല്ലത്.

കൂടാതെ, ചെലവ് കൂടുന്നതു കാരണം വലിയ സംഘട്ടന രംഗങ്ങളിൽ ജനക്കൂട്ടമുള്ള രംഗങ്ങൾ പല ഘട്ടങ്ങളിലായാണ് ചിത്രീകരിച്ചത്. അതുകൊണ്ട് താങ്കൾ ശ്രദ്ധിച്ചിട്ടുണ്ടെങ്കിൽ അതിൽ ചില പൊരുത്തക്കേടുകൾ കണ്ടേക്കാം. എന്നാൽ, അവസാനത്തെ വൈകാരികമായ രംഗം ആളുകളെ പിടിച്ചിരുത്തുമെന്ന് എനിക്കുറപ്പുണ്ടായിരുന്നു. അഞ്ചാമത്തെ എപ്പിസോഡിന്‍റെ ആദ്യത്തെ 15 മിനിറ്റ് 40 മിനിറ്റ് പോലെ തോന്നും. അതിൽ അരിക്കുട്ടന്‍റെ പ്രശ്നങ്ങളും മറ്റും കാണിക്കുന്നുണ്ട്. പക്ഷേ 15ാം മിനിറ്റ് മുതൽ 55ാം മിനിറ്റ് വരെ, പൂക്കട വത്സനെ അവതരിപ്പിക്കുന്ന നിമിഷം മുതൽ വേഗം കൂടുന്നു. ഒരേ സീരീസിലെ പല എപ്പിസോഡുകൾ പല വേഗമാണ് നൽകിയിരിക്കുന്നത്. ഒരു സ്ലോ ബേണും പിന്നീട് ഒരു അതിവേഗത്തിലേക്കെത്തുന്നുമായി മാറ്റങ്ങളുണ്ട്.

ഒരു പ്ലാറ്റ്‌ഫോം ഈ സീരീസ് ഏറ്റെടുത്തിട്ടുണ്ടെങ്കിൽ, അത് എല്ലാ സബ്‌സ്‌ക്രൈബർമാരെയും ആകർഷിക്കുമോ എന്നൊന്നും ഞാൻ ആശങ്കപ്പെടുന്നില്ല.

തിരുവനന്തപുരത്തെ ഗുണ്ടകളെക്കുറിച്ച് ധാരണയില്ലാത്ത പ്രേക്ഷകർക്കു പോലും ഈ സീരീസ് ഉൾക്കൊള്ളാൻ കഴിയുന്നുണ്ട്. ഇങ്ങനെയൊരു വിഷയം തെരഞ്ഞെടുക്കുമ്പോൾ, ഇത് എല്ലാത്തരം പ്രേക്ഷകരുമായി സംവദിക്കാതെ പോകുമോ എന്ന് ആശങ്കയുണ്ടായിരുന്നോ?

എല്ലാ മീഡിയയിലും എല്ലാത്തരം ഉപയോക്താക്കളുമുണ്ടെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഇപ്പോൾ ധാരാളം ഗുണ്ടാ വിഷയങ്ങൾ ഓൺലൈനിലുണ്ട്. പ്രത്യേകിച്ച് ഗൈ റിച്ചി, അനുരാഗ് കശ്യപ് എന്നിവരുടെയും, 'ലേയർ കേക്ക്' പോലുള്ള ബ്രിട്ടീഷ് ഗുണ്ടാ സീരീസുകളുമൊക്കെ. ഞാനത് ഒരുപാട് ആസ്വദിക്കാറുണ്ട്, കൂടാതെ അത് ചെയ്യുന്ന ഒരുപാട് ആളുകളെയും എനിക്കറിയാം. ഒരു ക്രിയേറ്റർ എന്ന നിലയിൽ, മിനിമം ഒരു വർഷമെങ്കിലും ഒരു വിഷയത്തിൽ വർക്ക് ചെയ്യണം. അതുകൊണ്ടു തന്നെ, എനിക്കിഷ്ടമുള്ള ഒന്ന് തെരഞ്ഞെടുക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്. കൂടാതെ, OTT പ്ലാറ്റ്‌ഫോമുകൾ നോക്കുമ്പോൾ, പെയ്ഡ് സബ്‌സ്‌ക്രിപ്‌ഷനെക്കുറിച്ച് ചിന്തിക്കണം. അതിനാൽ ഒരു പ്ലാറ്റ്‌ഫോം ഈ സീരീസ് ഏറ്റെടുത്തിട്ടുണ്ടെങ്കിൽ, അത് എല്ലാ സബ്‌സ്‌ക്രൈബർമാരെയും ആകർഷിക്കുമോ എന്നൊന്നും ഞാൻ ആശങ്കപ്പെടുന്നില്ല. കുറച്ചു പേരെ മാത്രം തൃപ്തിപ്പെടുത്തിയാലും എനിക്ക് ഓക്കെയാണ്.

അക്രമവും രക്തച്ചൊരിച്ചിലും കൂടുതലായി ചിത്രീകരിക്കാതിരുന്നത് എന്തുകൊണ്ടാണ്? ഉദാഹരണത്തിന്, വത്സനെ കഞ്ഞി കൊല്ലുന്ന രംഗത്തിലൊക്കെ കൂടുതൽ ചോര ചിന്തലും ക്രൂരതയുമൊക്കെ കാണിക്കാനുള്ള സാധ്യതകളുണ്ടായിരുന്നല്ലോ.

സിനിമ പോലുള്ള ഒരു മാധ്യമത്തിൽ, നേരിട്ടു കാണിക്കാതെ തന്നെ ധാരാളം കാര്യങ്ങൾ പറയാൻ കഴിയും. ആ വെല്ലുവിളി എനിക്കിഷ്ടമാണ്. കിങ്ങിണിയെ സെന്തിൽ ആക്രമിക്കുന്ന രംഗത്തിൽ, അതെനിക്കു വേണമെങ്കിൽ വ്യക്തമായി കാണിക്കാമായിരുന്നു. അതിനു പകരം, ആ പ്രവൃത്തി പ്രേക്ഷകർക്കു മനസിലാക്കാവുന്ന രീതിയിൽ മാത്രമാണ് ഞാനത് ചെയ്തിട്ടുള്ളത്. കാര്യങ്ങൾ ഉത്തരവാദിത്വത്തോടെ സംവദിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്. എങ്കിലും നമ്മൾ അക്രമം കാണിക്കുന്നുണ്ട്. അക്രമവും രക്തച്ചൊരിച്ചിലും ആഘോഷമാക്കുന്നത് മറ്റൊരു ഴോണറാണ്. അത് ശരിയോ തെറ്റോ എന്നൊന്നും ഞാൻ പറയുന്നില്ല. പക്ഷേ, ഈ സീരീസിൽ അതു വേണ്ടെന്നായിരുന്നു എന്‍റെ തീരുമാനം. അതു ചിലർക്കൊക്കെ അസ്വസ്ഥതയുണ്ടാക്കുമെന്നു ഞാൻ മനസിലാക്കുന്നു. അസ്വാസ്ഥ്യജനകമായ രംഗങ്ങൾ ചിത്രീകരിക്കാൻ എനിക്കു താത്പര്യമില്ല എന്നല്ല, മറിച്ച് അത് അസ്വസ്ഥതയുണ്ടാക്കാത്ത രീതിയിൽ ചെയ്യാനാണ് ഞാൻ ആഗ്രഹിക്കുന്നത് (ചിരി).

അക്രമവും രക്തച്ചൊരിച്ചിലും ആഘോഷമാക്കുന്നത് മറ്റൊരു ഴോണറാണ്. അത് ശരിയോ തെറ്റോ എന്നൊന്നും ഞാൻ പറയുന്നില്ല. പക്ഷേ, ഈ സീരീസിൽ അതു വേണ്ടെന്നായിരുന്നു എന്‍റെ തീരുമാനം.

ഒരു കഥാപാത്രത്തിന്‍റെ ഇൻട്രൊ എങ്ങനെയാണ് എഴുതുന്നത്? അതിൽ ധാരാളം കാര്യങ്ങൾ ഉൾപ്പെടുത്താറുണ്ടോ, അതോ ഒറ്റ വരിയിൽ അവതരിപ്പിക്കാനാണോ ഇഷ്ടം?

സാധാരണയായി ഒറ്റ വരിയിലുള്ള അവതരണമാണ് ഞാൻ ഇഷ്ടപ്പെടുന്നത്. അതിന്‍റെ വിശദാംശങ്ങൾ തിരക്കഥയിൽ ഉൾപ്പെടുത്താറില്ല. പക്ഷേ, എനിക്കൊരു ഡയറിയുണ്ട്. കൗതുകകരമായ കാര്യങ്ങൾ ഞാനതിൽ എഴുതി വയ്ക്കും, അഭിനേതാവിനെ വായിച്ചു കേൾപ്പിക്കും. ഉദാഹരണത്തിന്, 'പേലക്കുട്ടൻ' എന്ന കഥാപാത്രത്തെ എടുക്കാം. ചില കവലകളിൽ ഉച്ചകഴിഞ്ഞ് കൂട്ടുകൂടി മദ്യപിക്കുന്ന ചേട്ടൻമാരുണ്ടാകും. ശാരീരികമായ ഒരു വൈകല്യം കാണിക്കാമെന്നു ഞാൻ അദ്ദേഹത്തോടു പറഞ്ഞു - അതു ഞാൻ കടമെടുത്ത ഒരു 'കുറസോവ' ആശയമാണ്. ദൂരെ നിന്ന് നോക്കിയാൽ പോലും ആ കഥാപാത്രത്തെ വൈകല്യംകൊണ്ട് മനസിലാക്കാൻ കഴിയും. ഒരു രംഗത്തിൽ അദ്ദേഹം 'ചേട്ടാ കുമ്മള' എന്ന് പറയുന്നു. അത് പിന്നീട് ഹാസ്യത്തിന് വേണ്ടി കൂട്ടിച്ചേർത്തതാണ്. അങ്ങനെ കഥാഗതിക്കനുസരിച്ച് വികസിച്ചുവരുന്നതാണ് കഥാപാത്രം.

സൂപ്പർസ്റ്റാർ വിക്രമിന്‍റെ വേഷത്തിലേക്ക് താങ്കൾക്ക് ആരെ വേണമെങ്കിലും കാസ്റ്റ് ചെയ്യമായിരുന്നു. എന്നിട്ടും എന്തുകൊണ്ടാണ് സ്വയം ആ കഥാപാത്രത്തെ അവതരിപ്പിക്കാൻ തീരുമാനിച്ചത്?

വിജയ് സിനിമകളിലെ ക്ലിപ്പുകൾ എടുത്ത് സൂപ്പർസ്റ്റാർ വിക്രമായി കാണിക്കാനായിരുന്നു ഞങ്ങളുടെ പരിപാടി. പിന്നീട് വിജയിയെപ്പോലുള്ള ഒരാളെ തിരുവനന്തപുരത്തു നിന്ന് കാസ്റ്റ് ചെയ്യാൻ തീരുമാനിച്ചു. ഒരു നല്ല കലാകാരൻ ചെയ്യേണ്ടതായിരുന്നു അത്.പക്ഷേ, നടന്നില്ല. ഞങ്ങൾക്ക് വിജയ് സിനിമയിലെ ക്ലിപ്പുകൾ ഉപയോഗിക്കാനുള്ള പകർപ്പവകാശവും കിട്ടിയില്ല. അങ്ങനെയിരിക്കുമ്പോഴാണ്, ഞാൻ തന്നെ ട്രൈ ചെയ്തു നോക്കാൻ എന്‍റെ ചീഫ് അസോസിയേറ്റ് പറയുന്നത്. ഞാൻ എപ്പോഴും സെറ്റിലുണ്ടല്ലോ എന്നതായിരുന്നു ആ നിർദേശത്തിനു പിന്നിലുള്ള കാരണം (ചിരി). സോണി ലിവുമായി സംസാരിച്ചപ്പോൾ അവർക്കും അതിൽ സന്തോഷം. ഏതായാലും രണ്ടാം സീസണിലും ഈ കഥാപാത്രമുണ്ടാകും.

ഒരു അഭിനേതാവിനൊപ്പം കൂടുതൽ പ്രവർത്തിക്കുമ്പോൾ, അവർക്ക് ഇതിലും കൂടുതൽ ചെയ്യാൻ കഴിയുമെന്ന് മനസിലാക്കാൻ കഴിയും.

ഇതിലെ കാസ്റ്റിങ് വളരെ കൃത്യമായി തോന്നി. അഭിനേതാക്കളെ തെരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡം എന്തായിരുന്നു?

അങ്ങനെ ചോദിക്കുമ്പോൾ, ഉദാഹരണത്തിന്, 'പേലക്കുട്ടൻ' എന്ന കഥാപാത്രത്തിനു ഞാൻ ആദ്യം തെരഞ്ഞെടുത്തത് മറ്റൊരു നടനെയായിരുന്നു. എന്നാൽ, 'സംഘർഷ'ത്തിൽ വിഷ്ണുവിനൊപ്പം പ്രവർത്തിച്ചു കഴിഞ്ഞപ്പോൾ, ഈ വേഷത്തിന് അദ്ദേഹമായിരിക്കും കൂടുതൽ അനുയോജ്യനെന്നു തോന്നി. കാരണം, നല്ലതും ചീത്തയുമുള്ള, വെല്ലുവിളിയുള്ള കഥാപാത്രമാണ്. പേലക്കുട്ടൻ എതു സമയത്തും എന്തെങ്കിലും മോശം പ്രവൃത്തി ചെയ്യുമെന്ന തോന്നൽ പ്രേക്ഷകരിൽ ഉണ്ടാക്കാൻ സാധിക്കുന്നുണ്ട്. അദ്ദേഹം ഒരു നല്ല നടനായതുകൊണ്ട് ഇതെല്ലാം കൈകാര്യം ചെയ്യാൻ സാധിക്കും. ഞാൻ നേരത്തെയും ശംഭുവിനൊപ്പം പ്രവർത്തിച്ചിരുന്നു, മണിയന്‍റെ വേഷം അദ്ദേഹത്തിനു പറ്റുമെന്നു തോന്നി. 'പുരുഷ പ്രേതത്തിൽ' ദർശനയോടൊപ്പം പ്രവർത്തിച്ചപ്പോൾ, ഞങ്ങൾക്കൊരുമിച്ച് കൂടുതൽ കടുപ്പമേറിയ കഥാപാത്രങ്ങളിലേക്കു പോകാൻ സാധിക്കുമെന്നും മനസിലാക്കി.

ഒരു കോമൺ പൂളിൽ നിന്നാണ് അഭിനേതാക്കളെ തെരഞ്ഞെടുക്കുന്നതെന്ന് തോന്നുന്നു. ഒരേ നടീനടൻമാർക്കൊപ്പം പ്രവർത്തിക്കുന്നതാണോ അതോ പുതിയവരെ പരീക്ഷിക്കുന്നതാണോ താത്പര്യം?

മുൻപ് ഒപ്പം പ്രവർത്തിച്ച ആളുകളെയും പുതിയ ആളുകളെയും ഓരോ സിനിമയിലും 50-50 അനുപാതത്തിലാണ് ഞാൻ ഉൾപ്പെടുത്താറ്. ഒരു ബാൻഡിനോടൊപ്പം പ്രവർത്തിക്കുന്നതു പോലെയാണിത്. കൂടുതൽ പ്രാക്റ്റീസ് ചെയ്യുമ്പോൾ, ചിലർ പുതിയ കാര്യങ്ങൾ ചെയ്യാൻ തുടങ്ങും. അതിനൊപ്പം എങ്ങനെ മുന്നോട്ടുപോകണമെന്നു മറ്റുള്ളവർക്കറിയാം. ഒരു അഭിനേതാവിനൊപ്പം കൂടുതൽ പ്രവർത്തിക്കുമ്പോൾ, അവർക്ക് ഇതിലും കൂടുതൽ ചെയ്യാൻ കഴിയുമെന്ന് മനസിലാക്കാൻ കഴിയും. ഒരു സംവിധായകൻ എന്ന നിലയിൽ ഞാൻ തിരിച്ചറിയുന്ന കാര്യമാണത്. നടനും കൂടുതൽ പര്യവേക്ഷണം ചെയ്യാൻ കഴിയുന്നു. അത് ഒരേ സമയം വെല്ലുവിളി നിറഞ്ഞതും രസകരവുമാണ്. 'തുമ്മൽ പാട്ടിന്' തുമ്മിയ എല്ലാവരുടെയും ചലനങ്ങൾ ഒരേപോലെ വേണമായിരുന്നു. അറിയുന്ന ആളുകളോടൊപ്പം പ്രവർത്തിക്കുന്നത് ഇത്തരം സന്ദർഭങ്ങളിൽ സഹായകമായിരിക്കും.

മണിയൻ മരിച്ചു, അതുപോലെ എസ്ഐ സുരേഷും. അപ്പോൾ സീസൺ 2-ൽ ഇനി ഞങ്ങൾ ആരെയെല്ലാം കാണും?

മിക്കവാറും എല്ലാവരും സീസൺ 2ലും ഉണ്ടാകും. എസ്ഐ സുരേഷിനെ എങ്ങനെ കൊന്നു, മണിയന്‍റെ ജീവിതത്തിലെ കാര്യങ്ങൾ, അതുപോലെ അൽത്താഫിന്‍റെ കാല് എങ്ങനെ നഷ്ടപ്പെട്ടു, എങ്ങനെയാണ് മുംബൈയിൽ എത്തിയത് എന്നെല്ലാം അതിൽ വരും. അതിലും കൂടുതൽ കാര്യങ്ങളുണ്ടാകും. ഞാൻ സ്പോയിലറൊന്നും നൽകാൻ ആഗ്രഹിക്കുന്നില്ല. അരിക്കുട്ടൻ എന്തുകൊണ്ടാണ് സ്വന്തം കഥയെഴുതാൻ ആഗ്രഹിക്കുന്നതെന്ന് ഒന്ന് സങ്കൽപ്പിച്ച് നോക്കൂ? (ചിരി)

ഒറ്റയിരിപ്പിൽ ഒരു എപ്പിസോഡ് മുഴുവൻ എഴുതി തീർക്കുന്നതാണോ പതിവ്?

ഞാൻ അങ്ങനെയൊരു ഫ്ലോ രീതി പിന്തുടരാറില്ല. ആദ്യമൊരു സിനോപ്സിസ് എഴുതും, പിന്നെ അത് വരേണ്ട ക്രമത്തെക്കുറിച്ചും മറ്റു കാര്യങ്ങളെക്കുറിച്ചും ഒന്നുരണ്ടു മാസം ചിന്തിക്കുകയും, പിന്നെ കുറച്ച് ദിവസങ്ങൾക്കുള്ളിൽ എഴുതിത്തീർക്കുകയും ചെയ്യും.

സ്ക്രീൻ ടൈം കുറവാണെങ്കിൽപ്പോലും ഈ സീരീസിൽ സ്ത്രീ കഥാപാത്രങ്ങൾ വലിയ സ്വാധീനം ചെലുത്തുന്നുണ്ട്. അതെക്കുറിച്ച് എന്താണു പറയാനുള്ളത്?

അരിക്കുട്ടന്‍റെ കാഴ്ചപ്പാടിലാണ് കഥ. പ്രധാനമായും ഗുണ്ടാ സംഘത്തെക്കുറിച്ചാണ്, അതുകൊണ്ടാണ് അവരുമായി ബന്ധപ്പെട്ട സ്ത്രീ കഥാപാത്രങ്ങൾക്ക് സ്ക്രീൻ ടൈം കുറഞ്ഞുപോയത്. പലയിടങ്ങളിലെ ഗുണ്ടാ സംഘങ്ങളെ ശ്രദ്ധിച്ചാൽ മനസിലാകും, അതിലൊക്കെ സ്ത്രീകൾ വളരെ കുറവാണ്. തിരുവനന്തപുരത്തുതന്നെ പ്രധാന ഗുണ്ടകളിൽ ഒരു സ്ത്രീ മാത്രമാണുണ്ടായിരുന്നത്. അതുപോലെ, വിജയരാഘവന്‍റെ കഥാപാത്രവും കുറച്ചു സമയത്തേക്കു മാത്രമാണുള്ളത്. ദർശനയുടെ കഥാപാത്രം അവസാനത്തോടെ വിജയം കാണുന്നു. അവസാനം ആ സംഘം മിക്കവാറും പരാജയപ്പെടുകയും മറ്റൊരു സംഘം വിജയിക്കുകയും ചെയ്യുന്നു. ഞാൻ സാധാരണയായി വിഷയത്തിനനുസരിച്ചാണ് മുന്നോട്ടു പോകുന്നത്.

ഒരു വശത്ത്, ആക്ഷേപഹാസ്യപരമായ കഥ പറച്ചിലാണ്, മറുവശത്ത് രംഗങ്ങളുടെ വ്യക്തവും അസംസ്കൃതവുമായ ആവിഷ്കാരങ്ങളുണ്ട്. എങ്ങനെയാണ് ഇത് രണ്ടും ഒരേ സമയം കൈകാര്യം ചെയ്യുന്നത്? ഒരേ സീരീസിൽ എങ്ങനെയാണ് തമാശയും ഗൗരവവും ഒരുമിച്ചു ചേർക്കുന്നത്?

അതിനു സഹായിക്കുന്നത് എന്‍റെ കമ്മ്യൂണിക്കേഷൻ ഡിസൈൻ പശ്ചാത്തലമാണെന്നു ഞാൻ വിശ്വസിക്കുന്നു. കഥ പറയുന്നതിലല്ല, ആളുകളെ പ്രത്യേക രീതിയിൽ അത് അനുഭവിക്കാൻ കഴിയുന്നതിലാണ് എന്‍റെ സ്കിൽ എന്നാണ് ഞാൻ കരുതുന്നത്. ഞാൻ കമ്മ്യൂണിക്കേഷൻ ഡിസൈൻ പഠിക്കുകയും പിന്നീട് ബോംബെ ഐഐടിയിൽ അതു പഠിപ്പിക്കുകയും ചെയ്തിട്ടുണ്ട്. സങ്കീർണമായ കാര്യങ്ങളെ ലളിതമായും ഫലപ്രദമായും അവതരിപ്പിക്കുക എന്നതാണ് കഴിവ്. ചിലപ്പോൾ ഒരു കലാരൂപം ഡിസൈൻ ചെയ്യുന്നതു പോലെയാണിത്.

മഴ പോലെ പ്രകൃതിയുമായി ബന്ധപ്പെട്ട പലതിലെയും കാവ്യാംശം തേടിപ്പോകുന്നത് എനിക്കിഷ്ടമാണ്.

കമ്മ്യൂണിക്കേഷൻ ഡിസൈൻ കോഴ്സിൽ എന്തൊക്കെയാണ് ഉൾപ്പെടുന്നത്?

അടിസ്ഥാനപരമായി, സങ്കീർണമായ കാര്യങ്ങളെ ലളിതമാക്കുക എന്നതാണ്. ഇവിടെ നമ്മൾ കുറ്റകൃത്യങ്ങളുടെ ആവാസ വ്യവസ്ഥ പര്യവേക്ഷണം ചെയ്തിട്ടുണ്ട്. ഒരു സാമൂഹിക വിമർശനത്തിന്‍റെ വിവിധ വശങ്ങളിലൂടെ കടന്നുപോകുകയും അത് പ്രേക്ഷകരെ ആകർഷിക്കുന്ന രീതിയിൽ അവതരിപ്പിക്കുകയും ചെയ്യാനാണ് ശ്രമിച്ചത്. അരിക്കുട്ടന്‍റെ സാമൂഹിക നിലവാരങ്ങൾ പൂർണമായും പ്രശംസനീയമൊന്നുമല്ല, പക്ഷേ ആ കഥാപാത്രത്തെ മറ്റു വശങ്ങൾ കൂടി ഉൾപ്പെടുത്തി അവതരിപ്പിക്കുകയും ചെയ്യുന്നു.

നോൺ-ലീനിയർ സ്റ്റോറിടെല്ലിങ് രീതിക്കാണോ മുൻഗണന? എന്തുകൊണ്ടാണ് അങ്ങനെ?

'പുരുഷ പ്രേതം' ആദ്യത്തെ എട്ട് മിനിറ്റ് മാത്രമാണ് നോൺ-ലീനിയർ. 'ആർട്ട് ഓഫ് വാർ' ലീനിയറാണ്. ഈ സീരീസിലെ എഴുത്തു ശൈലി ഒരു ഇതിഹാസം എഴുതുന്നതു പോലെയാണ്. ഒരു സാഗാ പോലെ എങ്ങനെ എഴുതാമെന്നു പഠിക്കാനുള്ള ഒരു കോഴ്സിൽ ഞാൻ 2016ൽ പങ്കെടുത്തിരുന്നു. ഇതിന് നോർവീജിയൻ ഘടന എന്നാണ് പറയുന്നത്, മഹാഭാരതം സമാന ശൈലിയിൽ എഴുതപ്പെട്ടിട്ടുള്ളതാണ്. ഒരു ഇതിഹാസത്തിൽ ലീനിയർ സ്റ്റോറിടെല്ലിങ് നടക്കില്ല. കാരണം, വിവിധ സാഹചര്യങ്ങളിലേക്കു പോകേണ്ടിവരും. അപ്പോൾ ലീനിയർ രീതി പറ്റില്ല. അതുകൊണ്ട് വിവരണം നൽകുന്നയാളെയോ അല്ലെങ്കിൽ ഒരു സംഭവത്തെയോ ഒക്കെ ഉൾപ്പെടുത്തി അത് യോജിപ്പിച്ചു കൊണ്ടുപോകേണ്ടി വരും. അത്തരം സാഹചര്യങ്ങളിൽ നോൺ-ലീനിയർ രീതി നല്ലതാണ്. ടൈംലൈനുകൾ മാറ്റാൻ എനിക്കിഷ്ടമാണ്. രൂപഭദ്രതയെ തകർക്കുകയോ പുതിയൊരെണ്ണം സൃഷ്ടിക്കുകയോ ചെയ്യുന്നതിന്‍റെ വെല്ലുവിളി അതിലുണ്ട്. പ്രേക്ഷകന്‍റെ മനസുമായി കളിക്കാനുള്ള അവസരമാണത്. അതെനിക്ക് സന്തോഷം നൽകുന്ന കാര്യമാണ്. ഒരു സിനിമയെടുക്കുന്ന അനുഭവമാണ് ഇതിലൂടെ കിട്ടുന്നത്. ഒരു മേശയുടെ രണ്ടുവശത്തിരിക്കുന്നവർ തമ്മിലുള്ള സാധാരണ സംഭാഷണം പോലും ഒരു സീരീസാക്കി മാറ്റാൻ കഴിയും. 'വൃത്താകൃതി' ഒരു ലീനിയർ സിനിമയാണ്. 'സംഘർഷത്തിൽ' നോൺ-ലീനിയറിന്‍റെ ചില ഘടകങ്ങളുണ്ട്.

'മാർവൽ' കണ്ട ആളുകൾ മാത്രമല്ല 'ലോക' കാണുന്നത്, എല്ലാത്തരം ആളുകളും കാണുന്നുണ്ട്. അതു നമുക്കറിയാൻ സാധിച്ചത് 'ലോക' ഉണ്ടായതുകൊണ്ടുമാണല്ലോ...
കൃഷാന്ദ്

അടുത്ത സിനിമ മോഹൻലാലിനൊപ്പമാണെന്ന് ഒരു കിംവദന്തിയുണ്ട്. അത് ശരിയാണോ?

അത് സത്യമാകുമെന്ന് നമുക്ക് പ്രതീക്ഷിക്കാം (പുഞ്ചിരിക്കുന്നു). ആ ഒരു പ്രതീക്ഷയിൽ കാത്തിരിക്കാം.

'ആവാസവ്യൂഹം' അല്ലെങ്കിൽ '4.5 ഗാങ്ങിന്‍റെ' അവസാന രംഗം, ഇവിടെയൊക്കെ പ്രകൃതിയിലെ പല ഘടകങ്ങൾ കഥാകഥനത്തിൽ ഉപയോഗിച്ചിട്ടുണ്ട്? എന്തുകൊണ്ടാണ് അങ്ങനെ?

മഴ പോലെ പ്രകൃതിയുമായി ബന്ധപ്പെട്ട പലതിലെയും കാവ്യാംശം തേടിപ്പോകുന്നത് എനിക്കിഷ്ടമാണ്. കുറസോവയുടെ സിനിമകളിൽ അത്തരം ഘടകങ്ങൾ ഉപയോഗിച്ചിട്ടുണ്ട്. ഇങ്ങനെയുള്ള ഘടകങ്ങൾ ഉപയോഗിച്ച് കഥാപാത്ര സംഘർഷം വർധിപ്പിക്കാനും കാഴ്ച് കൂടുതൽ മനോഹരമാക്കാനും സാധിക്കും. ജയിംസ് കാമറൂണും പ്രകൃതിയിലെ ഘടകങ്ങൾ സിനിമകളിൽ ഉപയോഗിക്കാറുണ്ട്. അത്തരം ഘടകങ്ങൾ എപ്പോഴും ചലനാത്മകമായിരിക്കും. അതുകൊണ്ടു തന്നെ രംഗത്തിനാകെ തുടർച്ചയായി ചലനാത്മകത നൽകാൻ അവയ്ക്കു സാധിക്കും.

ധാരാളം അവാർഡുകൾ കിട്ടിയിട്ടുണ്ടല്ലോ. പ്രത്യേകിച്ച്, ദേശീയ അവാർഡ്. ഒരു ചലച്ചിത്രകാരൻ എന്ന നിലയിൽ അവ താങ്കളിൽ എന്തെങ്കിലും മാറ്റം വരുത്തിയിട്ടുണ്ടോ?

സത്യസന്ധമായി പറഞ്ഞാൽ, എനിക്കറിയില്ല. കിട്ടിയ എല്ലാ ട്രോഫികളും ഞാൻ വീട്ടിൽ ഭദ്രമായി സൂക്ഷിച്ചുവച്ചിട്ടുണ്ട്. ആന്തരികമായി എനിക്കെന്തെങ്കിലും മാറ്റമുണ്ടായിട്ടുണ്ടോ എന്ന് എനിക്ക് അളക്കാൻ കഴിയില്ല. തീർച്ചയായും അവാർഡുകൾ കിട്ടുന്നത് സന്തോഷമാണ്. അതോടൊപ്പം ചില പ്രിവിലേജുകൾ കൂടിയാണ് കിട്ടുന്നത്. IFFK ജൂറി സമ്പ്രദായവും അവാർഡുകളും പ്രശംസാർഹമാണ്. വളരെ ജെനുവിനാണത്.

സയൻസ് ഫിക്ഷൻ സിനിമകൾ സ്വീകരിക്കാൻ മലയാള പ്രേക്ഷകർ സജ്ജരായിക്കഴിഞ്ഞെന്നു തോന്നുന്നുണ്ടോ?

സയൻസ് ഫിക്ഷൻ സിനിമകൾ മറ്റ് പ്രായക്കാരേക്കാൾ ജെൻ സി വിഭാഗത്തിനായിരിക്കും കൂടുതൽ സ്വീകാര്യം. പക്ഷേ, അവർ അത് ഡൗൺലോഡ് ചെയ്ത് കാണുകയാണെങ്കിൽ..., എനിക്കറിയില്ല (ചിരിക്കുന്നു). 1980കൾ മുതൽ സയൻസ് ഫിക്ഷൻ ഒരു സംസ്കാരമായി വളരുന്നുണ്ട്. എന്നാൽ, വിവിധ വിഭാഗത്തിലുള്ള ആളുകൾക്ക് ആസ്വദിക്കാൻ കഴിയുന്ന തരത്തിലുള്ള വിഷയങ്ങൾ നമ്മൾ സൃഷ്ടിക്കണം എന്നാണ് ഞാൻ കരുതുന്നത്. ഉദാഹരണത്തിന്, 'മാർവൽ' കണ്ട ആളുകൾ മാത്രമല്ല 'ലോക' കാണുന്നത്, എല്ലാത്തരം ആളുകളും കാണുന്നുണ്ട്. അതു നമുക്കറിയാൻ സാധിച്ചത് 'ലോക' ഉണ്ടായതുകൊണ്ടുമാണല്ലോ, അല്ലേ?

'സുങ്ഷുവിന്‍റെ സംഘർഷ ഘടന' എന്ന സിനിമയുടെ ട്രെയിലർ കണ്ടു. പശ്ചാത്തല ശബ്ദം അമെരിക്കൻ അക്സന്‍റിലാണ്. എന്നാൽ, രംഗങ്ങൾ നമ്മുടെ നാട്ടിലേതു പോലെയും. 'സുങ്ഷുവിന്‍റെ സംഘർഷ ഘടന'യും 'ദി ക്രോണിക്കിൾസ്' പോലെ ആയിരിക്കുമോ?

അതൊരു ഗാങ്സ്റ്റർ സ്റ്റോറി പറയുന്ന പുസ്തകത്തിന്‍റെ ചലച്ചിത്രരൂപമാണ്. ആദ്യം മലയാളം ആഖ്യാനം തന്നെയാണ് ആലോചിച്ചത്. പക്ഷേ, മലയാളിയായ നായകൻ അമെരിക്കൻ ഉച്ചാരണത്തിൽ സംസാരിക്കുന്നത് ഒന്ന് സങ്കൽപ്പിച്ചു നോക്കൂ! കുറേയൊക്കെ പരീക്ഷണമായതുകൊണ്ട് അതിൽ വിവിധ രീതികൾ കാണാൻ കഴിയും. സിനിമ പുറത്തിറങ്ങുമ്പോൾ കൂടുതൽ നന്നായി മനസിലാകും. അതിന്‍റെ നിർമാതാവും ഞാൻ തന്നെയായതുകൊണ്ട് പരീക്ഷണം കൂടുതലാകാമല്ലോ!

വ്യക്തിപരമായി, താങ്കൾ ഒരു സ്റ്റോയിക്കോ (വൈരാഗി) അതോ നിഹിലിസ്റ്റോ (ശൂന്യതാവാദി)?

യഥാർഥത്തിൽ ഞാനൊരു നിഹിലിസ്റ്റാണ്. ജെ. കൃഷ്ണമൂർത്തിയെയും, സെൻ ആൻഡ് ദി മോട്ടോർസൈക്കിളുമൊക്കെ വായിച്ച ശേഷം എനിക്കു ചില ഫിലോസഫിക്കൽ സ്വഭാവങ്ങൾ കൂടിയുണ്ടായിട്ടുണ്ട്.

"ആഗോള അയ്യപ്പ സംഗമം പരാജയപ്പെടുത്തിയ ഭക്തർക്ക് അഭിനന്ദനങ്ങൾ'': രാജീവ് ചന്ദ്രശേഖർ

സിദ്ധാർത്ഥന്‍റെ മരണം; സർവകലാശാല മുൻ ഡീൻ എം.കെ. നാരായണന് തരം താഴ്ത്തലോട് കൂടി സ്ഥലം മാറ്റം

ആഗോള അയ്യപ്പ സംഗമം; പ്രസംഗിക്കാൻ ക്ഷണം വൈകിയതിൽ തമിഴ്നാട് മന്ത്രിക്ക് അതൃപ്തി

''അയ്യപ്പ സംഗമം സമ്പൂർണ പരാജയം, ഭക്തജനങ്ങൾ സംഗമത്തെ തള്ളി''; രമേശ് ചെന്നിത്തല

മോഹൻലാൽ മികവിന്‍റെയും വൈവിധ്യത്തിന്‍റെയും പ്രതീകമെന്ന് പ്രധാനമന്ത്രി; നാടിനാകെ അഭിമാനമെന്ന് മുഖ്യമന്ത്രി