പറഞ്ഞതെല്ലാം വിഴുങ്ങുന്ന രാഷ്‌ട്രീയം
ജ്യോത്സ്യൻ|ഗ്രഹനില
പ്രതിപക്ഷത്തിരിക്കുമ്പോൾ സ്വീകരിച്ച ശക്തമായ പല നിലപാടുകളും അധികാരത്തിലെത്തുമ്പോൾ കണ്ടില്ലെന്നു നടിക്കേണ്ടിവരുന്ന വിചിത്ര കാഴ്ചയ്ക്കാണ് കേരളം സാക്ഷ്യം വഹിക്കുന്നത്.
ചരിത്രത്തിന്‍റെ ഏടുകൾ പരിശോധിച്ചാൽ അധികാരത്തിന്‍റെ കിരീടവും അഹങ്കാരത്തിന്‍റെ ചെങ്കോലും വഹിച്ച് ഉന്മത്തനാകുന്ന ഏതു ഭരണാധികാരിക്കും അധികനാൾ പിടിച്ചുനിൽക്കാനാകില്ലെന്ന് വ്യക്തമാകും. റോമാ ചക്രവർത്തിമാരുടെ കാലം മുതൽ ജനാധിപത്യ പ്രസ്ഥാനങ്ങൾ വേരോടിയ വർത്തമാനകാലം വരെ ഇത് തന്നെയാണ് നമ്മെ പഠിപ്പിക്കുന്നത്. കാലമാണ് ഓരോ ഭരണാധികാരിയെയും അളക്കുന്നതും അംഗീകരിക്കുന്നതും.
സ്വതന്ത്ര ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായ പണ്ഡിറ്റ് ജവഹർലാൽ നെഹ്റു രാജ്യം ഭരിച്ച് ഇന്നും ജനഹൃദയങ്ങളിൽ ജീവിക്കുമ്പോൾ, അദ്ദേഹത്തിന്‍റെ റെക്കോഡ് തകർത്ത് മുന്നേറാൻ തയാറെടുക്കുന്ന നരേന്ദ്രമോദിയും ഇത്തരം ചരിത്രപാഠങ്ങൾ ഓർക്കേണ്ടതുണ്ട്. ഇന്ത്യ ഒരു മതേതര രാജ്യമാണ്; എല്ലാ മതവിഭാഗങ്ങളെയും ഉൾക്കൊണ്ടും എല്ലാവരുടെയും പിന്തുണ നേടിക്കൊണ്ടുമല്ലാതെ ഒരു രാഷ്‌ട്രീയനേതാവിനും ജനങ്ങളെ ദീർഘകാലം നയിക്കാനാകില്ല. അടുത്തിടെ ജന്തർമന്തറിൽ പ്രതിഷേധിച്ച യുവജനങ്ങളുടെ ശബ്ദവും ഡൽഹിക്ക് ചുറ്റും ഉയർന്ന കർഷകരുടെ ജനകീയ മുന്നേറ്റങ്ങളും ഭരണാധികാരികളുടെ കണ്ണു തുറപ്പിക്കേണ്ട സന്ദേശങ്ങളാണ് നൽകുന്നത്. ജനങ്ങളുടെ അന്തഃസംഘർഷങ്ങൾ പൊട്ടിത്തെറിയിലേക്ക് എത്തുന്നതിന് മുൻപ് പ്രശ്നങ്ങൾ പരിഹരിക്കാൻ ജനനേതാക്കൾ തയാറാകേണ്ടതുണ്ട്.
ഇതേ രാഷ്‌ട്രീയ വൈരുധ്യങ്ങൾ തന്നെയാണ് കേരളത്തിലും കാണാൻ കഴിയുന്നത്. വടശ്ശേരി ദാമോദരമേനോൻ സതീശന്‍റെ നേതൃത്വത്തിൽ പുതിയ സർക്കാർ അധികാരത്തിൽ വന്നു നൂറു ദിവസം പിന്നിട്ടിരിക്കുന്നു. എന്നാൽ പ്രതിപക്ഷത്തിരിക്കുമ്പോൾ സ്വീകരിച്ച ശക്തമായ പല നിലപാടുകളും അധികാരത്തിലെത്തുമ്പോൾ കണ്ടില്ലെന്നു നടിക്കേണ്ടിവരുന്ന വിചിത്ര കാഴ്ചയ്ക്കാണ് കേരളം സാക്ഷ്യം വഹിക്കുന്നത്.
കേന്ദ്രവുമായുള്ള ബന്ധത്തിന്‍റെ കാര്യത്തിൽ മുൻപ് വലിയ വിമർശനങ്ങൾ ഉന്നയിച്ചവർക്ക് ഇന്ന് അതേ പാത പിന്തുടരേണ്ടി വരുന്നു. കേന്ദ്രവുമായി പിണറായി വിജയൻ സർക്കാർ ഗവർണറിലൂടെ നടത്തിയ സൗമ്യമായ ഇടപെടലുകളെ "സംഘികൾക്ക് മുന്നിലെ കീഴടങ്ങൽ' എന്ന് വിശേഷിപ്പിച്ചവർക്ക്, ഇന്ന് അതേ കസേരയിലിരുന്ന് അതെല്ലാം കണ്ണടച്ച് വിഴുങ്ങേണ്ടി വരുന്ന കാഴ്ചയാണു നമ്മൾ കാണുന്നത്.
രാഷ്ട്രീയ നിലപാടുകളിൽ വന്ന ഈ മലക്കംമറിച്ചിൽ വളരെ പ്രകടമാണ്. വന്ദേമാതരത്തിന്‍റെ ആദ്യ രണ്ടു വരികൾ മാത്രമേ പാടാൻ പാടുള്ളൂ എന്ന് ആക്രോശിച്ചവർ, അധികാരത്തിൽ വന്നപ്പോൾ വന്ദേമാതരവും ജനഗണമനയും പൂർണമായി പാടിയാണ് സത്യപ്രതിജ്ഞ ചെയ്തത്. ലോക് ഭവന്‍റെ നിർദേശാനുസരമാണ് അങ്ങനെ ചെയ്തതെന്ന ന്യായീകരണം മുൻപ് എതിർത്തവർക്ക് തന്നെ പറയേണ്ടി വന്നു. കേരളത്തിൽ സ്വാതന്ത്ര്യദിനത്തിൽ വന്ദേമാതരം പാടാത്തവർ, പിന്നീട് ഓണാഘോഷത്തിന് ഉപരാഷ്‌ട്രപതി പങ്കെടുത്ത ചടങ്ങിൽ അത് മുഴുവനായി പാടേണ്ടി വന്നതും രാഷ്‌ട്രീയത്തിലെ വൈരുധ്യങ്ങളുടെ ആവർത്തനമാണ്.
പിണറായി വിജയന്‍റെ കാലഘട്ടത്തിൽ ഒപ്പിട്ട "പി എം ശ്രീ' പദ്ധതിയിൽ നിന്ന് സംസ്ഥാനം പിന്മാറണമെന്നും അത് അറബിക്കടലിൽ എറിയണമെന്നും വാദിച്ച അതേ ആളുകൾ, ഇപ്പോൾ ഭരണമേറ്റെടുത്തപ്പോൾ പദ്ധതി രണ്ടുകൈയും നീട്ടി സ്വീകരിക്കാൻ തയാറെടുക്കുന്നതും കാണാതിരിക്കാനാകില്ല.
മന്ത്രിമാരുടെ യാത്രാസൗകര്യങ്ങളുടെ കാര്യത്തിലും ഈ മാറ്റം പ്രകടമാണ്. കെ. കരുണാകരൻ ബെൻസ് കാറിൽ സഞ്ചരിച്ചപ്പോൾ അദ്ദേഹത്തിന്‍റെ സ്പീഡിനെയും ശൈലിയെയും കുറ്റം പറഞ്ഞവർ, പിന്നീട് വലിയ മോട്ടോർകേഡുകളിൽ സഞ്ചരിക്കുന്നതാണ് കേരളം കണ്ടത്. ഇന്നത്തെ മുഖ്യമന്ത്രി ഹെലികോപ്റ്ററിലാണ് യാത്ര ചെയ്യുന്നത്. കേരളത്തിലെ റോഡുകളുടെ അവസ്ഥ കണക്കിലെടുക്കുമ്പോൾ അതിൽ കുറ്റപ്പെടുത്താനാവില്ല. എങ്കിലും, മുൻ സർക്കാർ ഹെലികോപ്റ്റർ വാടകയ്ക്ക് എടുത്ത് യാത്ര നടത്തിയതിനെതിരെ കടുത്ത ആക്ഷേപങ്ങൾ ഉന്നയിച്ചവരാണ് ഇന്ന് അതേ മാർഗം സ്വീകരിക്കുന്നത് എന്നത് വിരോധാഭാസമാണ്.
സെക്രട്ടറിയേറ്റിന്‍റെ വാതിലുകൾ എപ്പോഴും തുറന്നിടുമെന്നു പ്രഖ്യാപിച്ച രാഷ്‌ട്രീയ നേതൃത്വത്തിന്, ഇപ്പോൾ സന്ദർശന സമയം വെറും രണ്ടു ദിവസമായി ഒതുക്കേണ്ടി വന്നിരിക്കുന്നു. താൻ അധികാരത്തിന്‍റെ പടികൾ കയറിയതു പാർട്ടിക്കാരുടെ വിയർപ്പിലൂടെയാണെന്ന് ഇടയ്ക്കിടെ പറഞ്ഞുകൊണ്ടിരുന്ന മുഖ്യമന്ത്രി ഭരണത്തിൽ വന്ന ശേഷം ഇപ്പോൾ പാർട്ടിക്കാർക്കെതിരേ പോലും ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുക്കുന്ന സ്ഥിതിവിശേഷം ഉടലെടുത്തിരിക്കുന്നു.
തന്നെ മുഖ്യമന്ത്രിയാക്കാൻ പരിശ്രമിച്ചവരാണ് റോഡരികിൽ കൈകാണിച്ചതെന്ന കാര്യം അദ്ദേഹം മറക്കരുത്. മുൻ എംപിയും സീനിയർ കോൺഗ്രസ് നേതാവുമായ പീതാംബരക്കുറുപ്പിനെ പൊലീസുകാർ നെഞ്ചത്ത് തള്ളി പുറകോട്ട് മാറ്റുന്ന കാഴ്ച കണ്ടില്ലെന്ന് മുഖ്യമന്ത്രിക്കു പറയാൻ കഴിയുമോ?
പ്രതിപക്ഷത്തിരുന്ന കാലത്ത് പൊലീസുമായി ഏറ്റുമുട്ടി പ്രക്ഷോഭങ്ങൾ നടത്തിയവർ ഭരണത്തിലേറിയപ്പോൾ അന്നത്തെ പ്രതിപക്ഷത്തെ മൃഗീയമായി തല്ലിയൊതുക്കിയ അതേ പൊലീസ് മുറകൾ തന്നെയാണ് ആവർത്തിക്കുന്നത്. നീണ്ട പത്തു വർഷങ്ങൾ അധികാരത്തിനു പുറത്തുനിന്ന കോൺഗ്രസ് പ്രവർത്തകർക്ക് വലിയ പ്രതീക്ഷകളും ആഗ്രഹങ്ങളുമാണുള്ളത്.
കോർപ്പറേഷനുകളിലും സർക്കാർ സ്ഥാപനങ്ങളിലുമുള്ള ധാരാളം ഒഴിവുകൾ എന്നാണ് നികത്തുക എന്ന ചോദ്യത്തിന് ഉത്തരം തേടുകയാണ് പാർട്ടി പ്രവർത്തകർ. പ്രതിപക്ഷത്തിരിക്കുമ്പോൾ ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങളും നിലപാടുകളും അധികാരത്തിൽ വരുമ്പോൾ പാലിക്കപ്പെടേണ്ടതാണെന്നാണ് ജോത്സ്യന് പറയാനുള്ളത്.