ഡോ. മൻസുഖ് മാണ്ഡവ്യ കേന്ദ്ര യുവജനകാര്യ, കായിക, തൊഴിൽ മന്ത്രി

 
Special Story

ലഹരിമുക്ത യുവത്വം വികസിത ഭാരതത്തിന്‍റെ പ്രേരക ശക്തി

ലഹരിമരുന്ന് നിയന്ത്രണ ബ്യൂറോ ലഹരി മാഫിയകൾക്കെതിരേ ശക്തമായ നടപടികൾ ആരംഭിച്ചു.

ഡോ. മൻസുഖ് മാണ്ഡവ്യ

കേന്ദ്ര യുവജനകാര്യ,

കായിക, തൊഴിൽ മന്ത്രി

ആഗോളതലത്തിൽ ഏറ്റവും കൂടുതൽ യുവജന സംഖ്യയുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ഒരു രാജ്യം പുരോഗതി പ്രാപിക്കാനും വികസിതമാകാനും ആഗ്രഹിക്കുന്നുവെങ്കിൽ, അവിടത്തെ യുവാക്കൾ ശാക്തീകരിക്കപ്പെടണം. 2047ഓടെ ഇന്ത്യയെ വികസിത ഭാരതമാക്കുക എന്ന സ്വപ്‌നം സാക്ഷാത്കരിക്കണമെങ്കിൽ, നമ്മുടെ യുവശക്തി ശാക്തീകരിക്കപ്പെടുകയും രാഷ്‌ട്രനിർമാണ പ്രക്രിയയിൽ സജീവമായി പങ്കെടുക്കുകയും വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിരന്തരം ഊന്നിപ്പറഞ്ഞു പോരുന്നു. യുവാക്കളുടെ ഊർജം, നൂതനാശയങ്ങൾ, ദൃഢനിശ്ചയം എന്നിവ വരുംദശകങ്ങളിൽ രാജ്യത്തിന്‍റെ വളർച്ചാ ഗാഥയെ രൂപപ്പെടുത്തും.

എങ്കിലും, ഇന്ന് രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിൽ ഒന്ന് യുവാക്കളെ ലഹരി വസ്തുക്കളുടെ ദുരുപയോഗത്തിൽ നിന്ന് അകറ്റിനിർത്തുക എന്നതാണ്. യുവാക്കൾ ലഹരിവസ്തുക്കളുടെ അടിമകളായി മാറുന്ന സംഭവങ്ങൾ വർധിച്ചുവരുന്നു. ഇത് അവരുടെ ആരോഗ്യത്തെ മാത്രമല്ല, അവരുടെ ഭാവിയ്ക്കും രാഷ്‌ട്രത്തിന്‍റെ ആന്തരിക ശക്തിക്കും ഭീഷണിയാണ്. 10നും 24നും ഇടയിൽ പ്രായമുള്ള 5 ഇന്ത്യക്കാരിൽ ഒരാൾ ഏതെങ്കിലും ഘട്ടത്തിൽ ലഹരി മരുന്ന് ഉപയോഗിച്ചിട്ടുണ്ട് എന്നാണ് ഒരു പഠനം വ്യക്തമാക്കുന്നത്. ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന്‍റെ (എയിംസ്) റിപ്പോർട്ട് പറയുന്നത് രാജ്യത്തെ 8.5 ലക്ഷത്തിലധികം പേർ ലഹരി മരുന്നിന് അടിമകളാണെന്നാണ്. ഈ കണക്കുകൾ വളരെ ആശങ്കാജനകമാണ്, കൂടാതെ അടിയന്തരവും സംഘടിതവുമായ നടപടികൾ ആവശ്യപ്പെടുന്നു.

കഴിഞ്ഞ 11 വർഷത്തിനിടെ, ഈ പ്രശ്നത്തെ അഭിസംബോധന ചെയ്യാൻ മോദി സർക്കാർ ഒട്ടേറെ നിർണായക നടപടികൾ കൈക്കൊണ്ടു. 2020ൽ, സാമൂഹിക നീതി- ശാക്തീകരണ മന്ത്രാലയം നശാ മുക്ത് ഭാരത് അഭിയാൻ ആരംഭിച്ചു. പ്രതിരോധത്തിനും പുനരധിവാസത്തിനും പിന്തുണ നൽകാൻ ലഹരിക്ക് അടിമകളായവർക്കുള്ള സംയോജിത പുനരധിവാസ കേന്ദ്രങ്ങളും (ഐആർസിഎകൾ) ഔട്ട്‌റീച്ച്- കം- ഡ്രോപ്പ്- ഇൻ സെന്‍ററുകളും (ഒഡിഐസികൾ) സർക്കാർ ആഭിമുഖ്യത്തിൽ സ്ഥാപിച്ചു. സ്കൂളുകളിലും കോളെജുകളിലും ബോധവത്കരണ പ്രചാരണങ്ങൾ തീവ്രമാക്കി. ഒപ്പം ലഹരിമരുന്ന് നിയന്ത്രണ ബ്യൂറോ (Narcotics Control Bureau- NCB) ലഹരി മാഫിയകൾക്കെതിരേ ശക്തമായ നടപടികൾ ആരംഭിച്ചു. കൂടാതെ, രാജ്യത്തുടനീളമുള്ള ആരോഗ്യ- ക്ഷേമ കേന്ദ്രങ്ങൾ നിർണായക കൗൺസിലിങ്ങും പിന്തുണയും നൽകുന്നു. സംസ്ഥാന സർക്കാരുകൾ, സന്നദ്ധ സംഘടനകൾ, പ്രാദേശിക സമൂഹങ്ങൾ എന്നിവയുടെ നേതൃത്വത്തിൽ താഴേത്തട്ടിലുള്ള പ്രചാരണങ്ങളും ഈ ദേശീയ ഉദ്യമങ്ങൾക്ക് അനുബന്ധമായി നടത്തിവരുന്നു.

ഈ ദൗത്യം മുന്നോട്ടു കൊണ്ടുപോകാൻ ബാബാ വിശ്വനാഥന്‍റെ നാടായ കാശിയിലെ പുണ്യഘാട്ടുകളിൽ നടന്നുവരുന്ന "യുവ ആത്മീയ ഉച്ചകോടി' എന്ന സുപ്രധാന സംരംഭം മൈ ഭാരത് ഏറ്റെടുത്തിട്ടുണ്ട്. "ലഹരിമരുന്നു മുക്ത യുവത്വം വികസിത ഭാരതത്തിനായി' എന്ന പ്രമേയത്തിലൂന്നിയുള്ള ഈ ഉച്ചകോടി ലഹരിവസ്തുക്കളുടെ ദുരുപയോഗത്തിനെതിരേ യുവാക്കൾ നയിക്കുന്ന ദേശീയ പ്രസ്ഥാനത്തിന് അടിത്തറ പാകാൻ ശ്രമിക്കുന്നു. രാജ്യത്തുടനീളമുള്ള 100ലധികം ആത്മീയ സംഘടനകളിൽ നിന്നുള്ള യുവ പ്രതിനിധികളെ ഉച്ചകോടി ഒരുമിച്ച് ചേർക്കുന്നു. കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം, സാമൂഹിക നീതി- ശാക്തീകരണ മന്ത്രാലയം, സാംസ്‌കാരിക മന്ത്രാലയം, ലഹരിമരുന്ന് നിയന്ത്രണ ബ്യൂറോ (എൻസിബി) തുടങ്ങിയ പ്രധാന സർക്കാർ സ്ഥാപനങ്ങൾ സജീവമായി പങ്കെടുക്കുന്നു. ഈ സവിശേഷ വേദി യുവാക്കൾക്ക് അവരുടെ ശബ്ദങ്ങൾ, കാഴ്ചപ്പാടുകൾ, പരിഹാരങ്ങൾ എന്നിവ വിദഗ്ധരുമായി നേരിട്ടു പങ്കിടാൻ സഹായകമാകും. ഇത് ഒരു ദേശീയ തന്ത്രം രൂപീകരിക്കാൻ സംഭാവനകൾ നൽകും.

ആസക്തിയുടെ സ്വഭാവവും രീതികളും, അതിന്‍റെ ജനസംഖ്യാപരമായ സ്വാധീനം, അന്താരാഷ്‌ട്ര മാനങ്ങൾ, സർക്കാർ, പൊതുസമൂഹം, യുവാക്കളായ സന്നദ്ധ പ്രവർത്തകരുടെ പങ്ക് എന്നിവ സംബന്ധിച്ച സെഷനുകൾ ഉച്ചകോടിയിലുണ്ട്. ആസക്തിയെ വിജയകരമായി അതിജീവിച്ച യുവാക്കളുടെ വ്യക്തിപരമായ അനുഭവങ്ങളും മറ്റുള്ളവർക്കു പ്രചോദനമാകും വിധം പങ്കുവയ്ക്കുന്നു.

ലഹരിമരുന്ന് മുക്ത ഇന്ത്യ പ്രചാരണത്തിനുള്ള 5 വർഷത്തെ രൂപരേഖയായി വർത്തിക്കുന്ന കാശി പ്രഖ്യാപനത്തിന്‍റെ പ്രകാശനത്തോടെയാണ് ഇന്ന് ഉച്ചകോടി അവസാനിക്കുക. ഇതിനോടകം ബാധിതരായവർക്ക് പിന്തുണാ സംവിധാനങ്ങൾ ലഭ്യമാക്കുകയും, ആസക്തിക്കെതിരെ ശക്തവും കൂടുതൽ പ്രതിരോധ ശേഷിയുള്ളതുമായ പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിന് രാജ്യത്തുടനീളമുള്ള ബോധവത്കരണ പ്രചാരണങ്ങൾ ത്വരിതപ്പെടുത്തുകയും ചെയ്യും.

അമൃത കാലത്തെ തലമുറയുടെ (അമൃത് പീഠി) സ്വപ്നങ്ങളും അഭിലാഷങ്ങളും പ്രതിഫലിപ്പിക്കുന്ന ഇന്ത്യയെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി സദാ വിഭാവനം ചെയ്തുപോരുന്നത്. ആ ദർശനത്തിന് അനുപൂരകമായി, യുവജനകാര്യ- കായിക മന്ത്രാലയത്തിന്‍റെ ഈ സംരംഭം യുവജീവിതങ്ങളെ ആസക്തിയിൽ നിന്ന് സംരക്ഷിക്കുക മാത്രമല്ല, രാഷ്‌ട്രനിർമാണ യത്നത്തെ മുന്നോട്ടു നയിക്കാൻ അവരെ ശാക്തീകരിക്കുകയും ചെയ്യുന്നു.

ഇന്ത്യയെ ഒരു വികസിത രാജ്യമാക്കി മാറ്റാനുള്ള ഉത്തരവാദിത്തം യുവാക്കളുടേതാണ്. യുവ ആത്മീയ ഉച്ചകോടി വെറുമൊരു പരിപാടിയല്ല, പുതിയ ദേശീയ ഉണർവിന്‍റെ തുടക്കമാണ്. അത് യുവ പൗരന്മാരിൽ അച്ചടക്കം, ധാർമികത, സാമൂഹിക ഉത്തരവാദിത്തം എന്നിവയുടെ മനോഭാവം ജ്വലിപ്പിക്കുകയും അവരുടെ ജീവിതത്തെ സമ്പന്നമാക്കുകയും രാജ്യത്തിന്‍റെ ഭാവിയെ ശാക്തീകരിക്കുകയും ചെയ്യും.

കാശിയുടെ പുണ്യഭൂമിയിൽ നിന്ന് ഓരോ യുവഹൃദയത്തിലും അവബോധത്തിന്‍റെയും ദേശസ്‌നേഹത്തിന്‍റെയും ലക്ഷ്യബോധത്തിന്‍റെയും ജ്വാലയെ പ്രകാശിപ്പിക്കുന്ന ആഹ്വാനമുയരും. ഈ സംഘടിതമായ ദൃഢനിശ്ചയം 2047 ആകുമ്പോഴേക്കും ശക്തവും സ്വാശ്രയപൂർണവുമാകും, വികസിത ഭാരതത്തിന്‍റെ ആധാരശിലയുമാകും.

മാസപ്പടി കേസിൽ കൂടുതൽ പേരെ കക്ഷി ചേർക്കാൻ ഹൈക്കോടതി

സൗദിയിലെ 'സ്ലീപ്പിങ് പ്രിൻസ്' അന്തരിച്ചു; കോമയിൽ തുടർന്നത് 20 വർഷം

സംസ്ഥാനത്തെ ആർടിഒ ഓഫീസുകളിൽ ഗൂഗിൾ പേ വഴി കൈക്കൂലി; ലക്ഷങ്ങളു‌ടെ ഇടപാടുകൾ‌ നടന്നെന്ന് വിജിലൻസ്

'രണ്ട് പേർക്കും കൂടി ഒറ്റ വധു'; പാരമ്പര്യ ആചാരമെന്ന് ഹിമാചൽ സഹോദരന്മാർ

താരങ്ങൾ പിന്മാറി; ഇന്ത‍്യ- പാക്കിസ്ഥാൻ ലെജൻഡ്സ് മത്സരം റദ്ദാക്കി