വീണ്ടും നട്ട നെൽപ്പാടങ്ങൾ പോലും കരിഞ്ഞുണങ്ങി.
അജയൻ
മൺസൂൺ ദുർബലമായത് കേരളത്തിലെ കൃഷിയിടങ്ങളെ വലിയ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. മൺസൂൺ സീസണിന്‍റെ പകുതി പിന്നിട്ടിട്ടും മഴയിൽ 34 ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതേത്തുടർന്ന് നെൽപ്പാടങ്ങൾ ഉണങ്ങുകയും ഇടുക്കി, വയനാട് ജില്ലകളിലെ നാണ്യവിള മേഖലകൾ കടുത്ത സമ്മർദത്തിലാകുകയും ചെയ്തു. ശക്തമായ എൽ നിനോ പ്രതിഭാസം കാർഷിക പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കുമോ എന്ന ആശങ്കയാണ് ഇപ്പോൾ ഉയരുന്നത്.
മൺസൂൺ സീസണിന്‍റെ പകുതിയും പിന്നിട്ടിട്ടും മഴയിൽ വന്ന കുറവ് രാജ്യത്തുടനീളം വരൾച്ചാ ഭീഷണി പരത്തുന്നു. മൺസൂൺ ആദ്യം എത്തുന്ന കേരളത്തിൽ 34 ശതമാനം മഴയുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അടുത്തിടെ നടന്ന ലോകകപ്പ് ഫുട്ബോളിനിടെ വൈദ്യുതി തടസമുണ്ടായപ്പോൾ ആരാധകർ പ്രതിഷേധിച്ചിരുന്നു. ഡാമുകളിലെ ജലനിരപ്പ് കുറഞ്ഞതാണ് ഇതിന് കാരണമെന്ന് അധികൃതർ പറയുന്നു. എന്നാൽ, ഈ വൈദ്യുതി പ്രതിസന്ധി ഒരു വലിയ പ്രശ്നത്തിന്‍റെ തുടക്കം മാത്രമാണ്. കൃഷിമേഖലയിലായിരിക്കും ഇതിന്‍റെ ഏറ്റവും വലിയ ആഘാതം ഉണ്ടാകാൻ പോകുന്നത്.
രാജ്യത്തെ ഭക്ഷ്യധാന്യ ഉത്പാദനത്തിന്‍റെ നട്ടെല്ലായ ഖാരിഫ് സീസണിന് കനത്ത തിരിച്ചടിയാണ് നേരിടാൻ പോകുന്നത്. വിളവ് കുറയുന്നതിനൊപ്പം മണ്ണിലെ ഈർപ്പവും വലിയ തോതിൽ കുറയുന്നത് വരും മാസങ്ങളിലെ കൃഷിയെയും ബാധിക്കും.
പസഫിക് സമുദ്രത്തിലെ ഉപരിതല ജലം ചൂടാകുന്ന 'എൽ നിനോ' പ്രതിഭാസമാണ് മഴക്കുറവിന് കാരണമെന്ന് കാലാവസ്ഥാ നിരീക്ഷകർ പറയുന്നു. ഇത് കാറ്റിന്‍റെ ഗതിയെ മാറ്റിമറിക്കുകയും മഴമേഘങ്ങളുടെ ഒഴുക്ക് തടസപ്പെടുത്തുകയും ചെയ്യുന്നു. വിദഗ്ധർ സംശയിക്കുന്നതു പോലെ ഇതൊരു 'സൂപ്പർ എൽ നിനോ' ആണെങ്കിൽ, ഏകദേശം രണ്ട് വർഷത്തോളം കാലാവസ്ഥയെ ഇത് ബാധിക്കാം.
എന്നാൽ, മുൻകാലങ്ങളിലെ സൂപ്പർ എൽ നിനോ കാലങ്ങളിൽ ഉണ്ടായതുപോലെയുള്ള ക്ഷാമം ഉണ്ടാകില്ലെന്ന് കാർഷിക വിദഗ്ധർ ആശ്വസിക്കുന്നു. കരുതൽ ശേഖരമുള്ളത് വലിയൊരു സുരക്ഷയാണ്. കൃഷിഭൂമി പണ്ടത്തേതിനെക്കാൾ കുറവാണെങ്കിലും, ആധുനിക കൃഷിരീതികളും ജലസേചന സൗകര്യങ്ങളും ഉത്പാദനക്ഷമത ഉയർത്താൻ സഹായിച്ചിട്ടുണ്ട്. ഇത് രാജ്യത്തെ ജനസംഖ്യാ വർധനവിനെക്കാൾ വേഗത്തിൽ ഭക്ഷ്യധാന്യ ഉത്പാദനം വർധിക്കാൻ കാരണമായി.
അതേസമയം, കേരളത്തിന്‍റെ നെല്ലറയായ പാലക്കാട്ടെ സ്ഥിതി വളരെ മോശമാണ്. മഴക്കുറവ് കാരണം വീണ്ടും നട്ട നെൽപ്പാടങ്ങൾ പോലും കരിഞ്ഞുണങ്ങിയതായി പാടശേഖര സമിതികൾ ചെയ്യുന്നു. രണ്ടാം തവണയും നിലമൊരുക്കി വിത്തിറക്കിയെങ്കിലും ഫലമുണ്ടായില്ല. കനത്ത നഷ്ടവും കടബാധ്യതയും കാരണം പല കർഷകരും ഈ സീസണിൽ കൃഷി ഉപേക്ഷിച്ചിരിക്കുകയാണ്.
ഏറ്റവും കൂടുതൽ ബാധിച്ചത് ഇടുക്കി, വയനാട് തുടങ്ങിയ മലയോര കാർഷിക മേഖലകളെയാണ്. ഇവിടെ യഥാക്രമം 58, 61 ശതമാനം മഴയുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് കേരളത്തിലെ നാണ്യവിളകളെ ഭീഷണിയിലാക്കുന്നു. ഇന്ത്യയിലെ പ്രധാന ഏല കൃഷി കേന്ദ്രമായ ഇടുക്കിയിൽ, കഴിഞ്ഞ വർഷം 24,715 ടൺ ഏലക്ക ലഭിച്ചിരുന്നു. ഇത് മുൻവർഷത്തെക്കാൾ 16 ശതമാനം കൂടുതലുമായിരുന്നു. എന്നാൽ, ഇത്തവണ മഴക്കുറവ് കാരണം ഉത്പാദനത്തിലും ഗുണനിലവാരത്തിലും വൻ കുറവുണ്ടാകുമെന്ന് കർഷകർ ഭയക്കുന്നു. മഴയില്ലാത്തതു കാരണം ഏലക്കയ്ക്ക് വളർച്ച കുറയും. തേയിലത്തോട്ടങ്ങളെയും വരൾച്ച സാരമായി ബാധിച്ചിട്ടുണ്ട്. നട്ടുപിടിപ്പിച്ച തേയിലത്തൈകൾക്ക് നനയ്ക്കാൻ വെള്ളം കിട്ടാത്തത് വലിയ പ്രതിസന്ധിയാണ്.
കേരളത്തിന്‍റെ കാപ്പി, കുരുമുളക് ഹബ്ബായ വയനാട്ടിൽ കാപ്പിയുടെ പൂവിടലും കായ്ഫലവും നേരത്തെ കഴിഞ്ഞതിനാൽ ഇപ്പോഴത്തെ വരൾച്ചയുടെ ആഘാതം അൽപ്പം കുറവാണ്. എന്നാൽ, നീണ്ടുനിൽക്കുന്ന ഈ വരൾച്ച അടുത്ത കൃഷിചക്രത്തെ ബാധിച്ചേക്കും. കുരുമുളകിന് നിലവിൽ കാര്യമായ ഭീഷണിയില്ല, കാരണം തുടർച്ചയായി പെയ്യുന്ന അമിത മഴയും കുരുമുളകിന് ദോഷകരമാണ്. കാപ്പിക്ക് ഇടവിളയായി കുരുമുളക് കൃഷി ചെയ്യുന്നത് കർഷകർക്ക് ഇതു കാരണം നഷ്ടം താരതമ്യേന കുറവായിരിക്കും.
കീട ആക്രമണങ്ങൾക്കും ചെടികൾ വാടിപ്പോകുന്നതിനും മഴക്കുറവ് കാരണമാകുന്നു. കാലാവസ്ഥാ വ്യതിയാനത്തിന്‍റെ ഈ കാലത്ത് മഴക്കുറവ് വലിയ വിനാശകരമാകുമെന്നാണ്, വർഷങ്ങളായി കേരളത്തിലെ കാർഷിക മേഖലയെ നിരീക്ഷിക്കുന്ന കാലാവസ്ഥാ വിദഗ്ധൻ ഗോപകുമാർ ചോലയിൽ മെട്രൊ വാർത്തയോടു പറഞ്ഞത്. പുതിയ തരം കീടങ്ങളും രോഗങ്ങളും വരാൻ ഇതു കാരണമാകും. നെൽകൃഷി കുറഞ്ഞതുകൊണ്ട് കേരളം ഇതിനകം തന്നെ 80 ശതമാനം ഭക്ഷ്യധാന്യങ്ങൾക്കും മറ്റ് സംസ്ഥാനങ്ങളെയാണ് ആശ്രയിക്കുന്നത്. അതിനാൽ രാജ്യത്തുടനീളം മഴക്കുറവ് ഉണ്ടായാൽ അത് കേരളത്തെ കൂടുതൽ പ്രതിസന്ധിയിലാക്കും. വരും ആഴ്ചകളിൽ മഴ ശക്തമാകുമെന്നു പ്രതീക്ഷിക്കാൻ മാത്രമേ ഇപ്പോൾ സാധിക്കൂ.