ടെക്സ്റ്റൈൽസ് സ്വപ്നങ്ങൾ യാഥാർഥ്യമാക്കുന്നു
പതിറ്റാണ്ടുകളായി കാത്തിരുന്ന ചരിത്രത്തിലെ ഏറ്റവും ധീരമായ സാമ്പത്തിക പരിഷ്കാരത്തിനാണ് 2017 ജൂലൈ 1ന് ഇന്ത്യ സാക്ഷ്യം വഹിച്ചത്. മൺസൂൺ കാലത്തെ ആ പ്രഭാതത്തിൽ, വ്യത്യസ്തമായ 17 നികുതികൾക്കും 13 സെസുകൾക്കും പകരമുള്ള ഏകീകൃത നികുതി സമ്പ്രദായമെന്ന നിലയിൽ ചരക്ക് സേവന നികുതി (ജിഎസ്ടി) നിലവിൽ വന്നു. ആ പരിഷ്കാരം രാജ്യത്തിന്‍റെ സാമ്പത്തിക ഘടനയെ അടിസ്ഥാന തലം മുതൽ പുനർനിർമിച്ചു. ഒരു രാജ്യം, ഒരു നികുതി, ഒരു വിപണി എന്ന ആശയം സാക്ഷാത്കരിക്കുന്നതിലേക്കുള്ള ധീരമായ പ്രയാണത്തിന്‍റെ ആരംഭമായിരുന്നു അത്.
8 വർഷങ്ങൾക്കിപ്പുറം, ജിഎസ്ടി പരിഷ്കരണത്തിലൂടെ സാധ്യമായ പരിവർത്തനത്തെ അദ്‌ഭുതകരമെന്നേ വിശേഷിപ്പിക്കാനാവൂ. നികുതി വരുമാനം, 2017-2018 ലെ ₹7.19 ലക്ഷം കോടിയിൽ നിന്ന് 3 ഇരട്ടിയായി വർധിച്ച് 2024-2025 ആയപ്പോൾ ₹22.08 ലക്ഷം കോടിയിലെത്തി. നികുതിദായകരുടെ എണ്ണം 65 ലക്ഷത്തിൽ നിന്ന് ഇരട്ടിയാവുകയും 1.5 കോടിയിലേക്ക് ഉയരുകയും ചെയ്തു. ലക്ഷക്കണക്കിന് ചെറുകിട സംരംഭങ്ങളെ ഔപചാരിക സമ്പദ്‌വ്യവസ്ഥയിലേക്കും മുഖ്യധാരയിലേക്കും ആനയിച്ചു. ആ അടിത്തറയിലൂന്നിയാണ്, 2025 സെപ്റ്റംബർ 22ന് പുതുതലമുറ ജിഎസ്ടി യുഗത്തിലേക്ക് ഇന്ത്യ പ്രവേശിച്ചത്. പുതുതലമുറ ജിഎസ്ടി പരിഷ്കരണങ്ങളിലൂടെ 5%, 18% എന്നിങ്ങനെ രണ്ട് പ്രധാന സ്ലാബുകളായി ജിഎസ്ടിയെ ലളിതവത്ക്കരിച്ചു. ഹാനികരമായ ഉത്പന്നങ്ങൾക്കും സേവനങ്ങൾക്കും, ആഡംബര വസ്തുക്കൾക്കും 40% എന്ന ഉയർന്ന നികുതി ബാധകമാക്കി.
നിത്യോപയോഗ സാധനങ്ങൾ, മരുന്നുകൾ, വിദ്യാഭ്യാസ സാമഗ്രികൾ എന്നിവയ്ക്ക് 0-5% നികുതി നിജപ്പെടുത്തിയതോടെ കുടുംബങ്ങൾക്ക് കൂടുതൽ പണം ലാഭിക്കാം. ട്രാക്റ്ററുകൾ, ടയറുകൾ, കീടനാശിനികൾ, ജലസേചന ഉപകരണങ്ങൾ എന്നിവയ്ക്ക് ജിഎസ്ടിയിൽ വരുത്തിയ കുറവ് കർഷകർക്കു നേട്ടമായി. സ്കൂട്ടറുകൾക്കും കാറുകൾക്കും ജിഎസ്ടി 28%ൽ നിന്ന് 18% ആയി കുറയുന്നത് വാഹനനിർമാണ, ഗതാഗത മേഖലകൾക്ക് വലിയ ആശ്വാസം പകരുന്നു. ഇപ്പോൾ ₹2,500 വരെ വിലയുള്ള റെഡിമെയ്ഡ് വസ്ത്രങ്ങൾക്ക് (₹1,000ൽ നിന്ന് പരിധി ഉയർത്തി) 5% ജിഎസ്ടി മാത്രമാണ് ഈടാക്കുന്നത്.
ഒരു കോളേജ് വിദ്യാർഥിയുമായുള്ള സംഭാഷണത്തിനിടെ വസ്ത്രങ്ങളെക്കുറിച്ച് ഞാൻ ആരാഞ്ഞപ്പോൾ, അയാൾ പറഞ്ഞു, ""പോക്കറ്റ് കാലിയാകാതെ എനിക്ക് ഉത്സവകാല ഷോപ്പിങ് നടത്താനായി. പഴയ ബജറ്റിൽ, ഇപ്പോൾ ഒന്നിന് പകരം രണ്ട് ട്രെൻഡി ഷർട്ടുകൾ വാങ്ങാൻ കഴിഞ്ഞു. ജിഎസ്ടി സ്ലാബുകളെക്കുറിച്ച് എനിക്ക് കൂടുതൽ അറിയില്ല, പക്ഷേ വസ്ത്രങ്ങൾക്ക് ഇപ്പോൾ വില കുറവാണെന്ന കാര്യം എനിക്കറിയാം''.
എന്നാൽ പാൻ മസാല, പുകയില, ഓൺലൈൻ ഗെയിമിങ്, ആഡംബര എസ്‌യുവികൾ, കാസിനോകൾ തുടങ്ങിയ ആഡംബര, ഹാനികര വസ്തുക്കൾ ഇപ്പോൾ 40% സ്ലാബിന് കീഴിൽ വരുന്നു. ഈ പരിഷ്കരണം സമ്പാദ്യത്തിന്‍റെ തനത് രൂപമായ ഉത്തരവാദിത്തപൂർണ ഉപഭോഗത്തെ പ്രോത്സാഹിപ്പിക്കുകയും "ഫിറ്റ് ഇന്ത്യ, ഹെൽത്തി ഇന്ത്യ' എന്നീ ആശയങ്ങളോടുള്ള നമ്മുടെ പ്രതിബദ്ധതയെ ശക്തിപ്പെടുത്തുകയും ചെയ്തു.
കുടുംബങ്ങൾക്കും കർഷകർക്കും വ്യവസായങ്ങൾക്കും നികുതി പരിഷ്കാരങ്ങൾ ആശ്വാസം പകർന്നതു പോലെ, തുണിത്തര- വസ്ത്ര നിർമാണ മേഖലയ്ക്കും ഇത് നവോന്മേഷം പകർന്നു. കൃഷി കഴിഞ്ഞാൽ രണ്ടാമത്തെ വലിയ തൊഴിൽദാതാവും ആത്മനിർഭർ ഭാരത് എന്ന ആശയത്തിന്‍റെ സചേതനമായ ഉദാഹരണവുമായ ടെക്സ്റ്റൈൽസ് വ്യവസായത്തിന്‍റെ സമ്പൂർണ പരിവർത്തനത്തിന് ജിഎസ്ടി 2.0 വഴിയൊരുക്കുന്നു.
350 ബില്യൺ ഡോളർ സ്വപ്നത്തിന് ശക്തി പകരുന്നു
അതിബൃഹത്തായ ഇന്ത്യയിലെ വസ്ത്ര വ്യവസായം, ഉപജീവനമാർഗങ്ങളെയും കയറ്റുമതിയെയും ഒരുപോലെ പിന്തുണയ്ക്കുന്നു. 179 ബില്യൺ ഡോളറാണ് വ്യവസായത്തിന്‍റെ ഇപ്പോഴത്തെ മൂല്യം. 4.6 കോടിയിലധികം പേർക്ക് ഈ മേഖല തൊഴിലവസരങ്ങൾ പ്രദാനം ചെയ്യുന്നു- ഭൂരിഭാഗവും വനിതകൾ. 2030 ആകുമ്പോഴേക്കും വസ്ത്ര വ്യവസായ മേഖലയുടെ മൂല്യം ഏകദേശം ഇരട്ടി, അതായത് 350 ബില്യൺ ഡോളറായി ഉയർത്താനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇത് രാജ്യമെമ്പാടും കൂടുതൽ തൊഴിലവസരങ്ങളും വരുമാന അവസരങ്ങളും സൃഷ്ടിക്കും.
ഇന്ത്യയുടെ സംഘടിത ആഭ്യന്തര വസ്ത്ര വിപണി ഏകദേശം 142-145 ബില്യൺ ഡോളറിന്‍റേതാണ്. അസംഘടിത മേഖല കൂടി ഉൾപ്പെടുത്തിയാൽ അത് 155-160 ബില്യൺ ഡോളറിനടുത്തു വരും. നികുതികൾ യുക്തിസഹമാക്കിയ നടപടി, ഫൈബർ-ന്യൂട്രൽ ആവാസ വ്യവസ്ഥ (എല്ലാത്തരം തുണിത്തരങ്ങളുടെയും ഉപയോഗത്തിന് സന്തുലിതവും നിഷ്പക്ഷവും മത്സരാധിഷ്ഠിതവുമായ അന്തരീക്ഷം സൃഷ്ടിക്കുന്ന നയ നിയന്ത്രണം) അടക്കമുള്ള പുതുതലമുറ ജിഎസ്ടി പരിഷ്കാരങ്ങൾ നിലവിൽ വന്നതോടെ, ഇപ്പോൾ ലാഭം ഉപഭോക്താകൾക്ക് നേരിട്ട് കൈമാറാൻ ഉത്പാദകർക്ക് കഴിയും. പ്രത്യേകിച്ച്, 2047 ആകുമ്പോഴേക്കും ഇന്ത്യൻ ഉപഭോക്തൃ അടിത്തറയുടെ 60% വരുന്നമെന്ന് കണക്കാക്കുന്ന മധ്യവർഗ കുടുംബങ്ങൾക്ക്, ഈ പരിഷ്കാരങ്ങൾ വമ്പിച്ച നേട്ടങ്ങൾ നൽകും. അവശ്യ വസ്ത്രങ്ങൾക്ക് ചെലവ് കുറയുന്നതിലൂടെയും പ്രാദേശിക വ്യവസായങ്ങളെ പിന്തുണയ്ക്കുന്നതിലൂടെയും താഴ്ന്ന വരുമാനക്കാർക്കും മധ്യവർഗത്തിനും പ്രതിവർഷം 8–10 ബില്യൺ ഡോളർ ലാഭിക്കാനാകും. വസ്ത്രങ്ങളുടെ വില കുറയ്ക്കുന്ന നികുതി പരിഷ്കാരങ്ങൾ ഫാഷൻ ജനാധിപത്യവത്ക്കരണത്തെയാണ് പ്രതിനിധീകരിക്കുന്നത്.
തുണിത്തരങ്ങളിൽ ജിഎസ്ടി 2.0 മുഖേന സംഭവിക്കുന്ന ഏറ്റവും വലിയ പരിവർത്തനങ്ങളിലൊന്ന്, മനുഷ്യനിർമിത അസംസ്കൃത നൂലുകളുടെ (പ്രകൃതിദത്തമല്ലാത്തവ) ഉത്പാദനത്തെ ദോഷകരമായി ബാധിച്ചതും ദീർഘകാലമായി നിലനിൽക്കുന്നതുമായ വിപരീത തീരുവ ഘടന പരിഹരിക്കുന്നു എന്നതാണ്. നേരത്തെ, മനുഷ്യനിർമിത അസംസ്കൃത നൂലുകൾക്ക് 18%, നൂലിഴകൾക്ക് 12%, തുണിത്തരങ്ങൾക്ക് 5% എന്നിങ്ങനെയായിരുന്നു നികുതി. ഈ ഘടന അസംസ്കൃത വസ്തുക്കൾക്ക് ഉപയോഗസജ്ജമായ ഉത്പന്നങ്ങളേക്കാൾ വില കൂടാൻ ഇടയാക്കി. പ്രവർത്തന മൂലധനത്തിന്‍റെ ഒഴുക്കും പുതിയ നിക്ഷേപങ്ങളും തടസപ്പെടുത്തി. ജിഎസ്ടി 2.0 മുഖേന ഇപ്പോൾ മനുഷ്യനിർമിത നൂൽ ഉത്പന്നങ്ങൾക്ക് 5% ഏകീകൃത നികുതി ബാധകമാക്കി. ഇത് ഫൈബർ- ന്യൂട്രൽ ആവാസ വ്യവസ്ഥ സൃഷ്ടിക്കാൻ സഹായകമായിട്ടുണ്ട്. ഇന്ത്യൻ ടെക്സ്റ്റൈൽ വ്യവസായത്തിന്‍റെ ഏകദേശം 80% വരുന്ന ലക്ഷാവധിയായ സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങൾക്ക് ഇത് വലിയ ആശ്വാസമാണ്. മനുഷ്യനിർമിത നൂൽ ഉത്പന്ന മേഖലയുടെ ആഗോള കേന്ദ്രമായി മാറാനുള്ള ഇന്ത്യയുടെ അഭിലാഷത്തെ ഇത് ശക്തിപ്പെടുത്തുന്നു. കുറഞ്ഞ ചെലവ്, മത്സരശേഷി, വിപണി ആവശ്യകത എന്നിവയ്ക്ക് അനുഗുണമാകുംവിധം 22,000 ദശലക്ഷം വസ്ത്രങ്ങളുടെ പ്രതിവർഷ ഉത്പാദനം ഇതിലൂടെ സാധ്യമാകും. ഈ പരിഷ്കരണം വസ്ത്രങ്ങളുടെ വില കുറയാനും കയറ്റുമതി വർധിക്കാനും വഴിയൊരുക്കും. മെയ്ക്ക് ഇൻ ഇന്ത്യ, ആത്മനിർഭർ ഭാരത് എന്നിവയെ ശക്തിപ്പെടുത്തും.
മുമ്പ് സൂറത്തിലെ ഒരു വനിതാ തയ്യൽ യൂണിറ്റുകളെ സംബന്ധിച്ചിടത്തോളം, മനുഷ്യനിർമിത അസംസ്കൃത നൂലുകളുടെയും നൂലിഴകളുടെയും വില താങ്ങാവുന്നതിലും അധികമായിരുന്നു. അതോടെ അവരുടെ ലാഭവിഹിതം ചുരുങ്ങുകയും ഓർഡറുകൾ പലപ്പോഴും മറ്റ് വിദേശ രാജ്യങ്ങളിലേക്ക് മാറുകയും ചെയ്തു. ഇപ്പോൾ, ജിഎസ്ടി 2.0 മുഖേന നികുതികൾ 5% ആയി കുറച്ച് ഏകീകൃതമാക്കിയതോടെ പ്രാഥമിക ചെലവുകൾ കുറഞ്ഞു. അവർക്ക് കൂടുതൽ ഓർഡറുകൾ സ്വീകരിക്കാനും ന്യായമായ വേതനം നൽകാനും ബിസിനസ് വിപുലീകരിക്കാനും കഴിയുന്നു. ദേശീയതലത്തിലെ ഒരു പരിഷ്കരണം സാധാരണ തൊഴിലാളികളുടെയും കുടുംബങ്ങളുടെയും ജീവിതത്തെ നേരിട്ട് സ്പർശിക്കുന്നത് എങ്ങനെ എന്നതിന്‍റെ ഉത്തമ ഉദാഹരണമാണിത്.
ആനുകൂല്യങ്ങൾ അവിടെ അവസാനിക്കുന്നില്ല. വാണിജ്യ ചരക്ക് വാഹനങ്ങളുടെ ജിഎസ്ടി 28%ൽ നിന്ന് 18% ആയും ലോജിസ്റ്റിക്സ് സേവനങ്ങൾ 12%ൽ നിന്ന് 5% ആയും കുറച്ചതോടെ, ടെക്സ്റ്റൈൽ വിതരണ ശൃംഖലയിലുടനീളമുള്ള ഗതാഗത ചെലവുകൾ കുറയും. ഇത് പ്രധാനമന്ത്രി ഗതി ശക്തി പദ്ധതിയെയും ദേശീയ ലോജിസ്റ്റിക്സ് നയത്തെയും നേരിട്ട് പിന്തുണയ്ക്കുന്നു. ഒപ്പം ആഗോള വിപണികളിൽ ഇന്ത്യൻ തുണിത്തര കയറ്റുമതി ശക്തിപ്പെടുത്തും. ജിഎസ്ടി 2.0 പരിഷ്കാരങ്ങൾ തുണിത്തരങ്ങളുടെ മൂല്യ ശൃംഖലയുടെ ഓരോ ഘട്ടത്തെയും ശാക്തീകരിക്കുന്നു. നൂലിഴകൾക്കും തുണിത്തരങ്ങൾക്കും ഉപയോഗ സജ്ജമായ വസ്ത്രങ്ങൾക്കും ബാധകമായ ജിഎസ്ടി 2.0 പരിഷ്കാരങ്ങൾ വിദേശ വിപണികളുൾപ്പെടെ പ്രയോജനപ്പെടുത്തി രാജ്യത്തുടനീളം വളർച്ചയും തൊഴിലവസരങ്ങളും സൃഷ്ടിക്കുന്നു.
പരിഷ്കരണം ജനജീവിതം സുഗമമാക്കുന്നതെങ്ങനെ
ജിഎസ്ടി 2.0ന്‍റെ സാമ്പത്തിക സ്വാധീനം സാധാരണ കുടുംബങ്ങളുടെ ദൈനംദിന ജീവിതത്തിൽ അനുഭവവേദ്യമാകുന്നു. വ്യവസായ മേഖലയുടെ കണക്കുകൾ പ്രകാരം ഏകദേശം ₹1.98 ലക്ഷം കോടിയുടെ നേരിട്ടുള്ള ഉപഭോഗ വർധനവ് പ്രവചിക്കപ്പെടുന്നു, കുറഞ്ഞ നികുതി നിരക്കുകൾ മുഖേന കുടുംബങ്ങൾക്ക് പ്രതിവർഷം ₹48,000 കോടി ലാഭിക്കാനാകും.
ഈ വീക്ഷണകോണിൽ പരിശോധിച്ചാൽ, 2014ൽ യുപിഎ സർക്കാരിന്‍റെ കീഴിൽ, ദൈനംദിന ആവശ്യങ്ങൾക്കായി പ്രതിവർഷം ഒരു ലക്ഷം രൂപ ചെലവഴിക്കുന്ന ഒരു കുടുംബം ഏകദേശം 25,000 രൂപ നികുതിയായി നൽകിയിരുന്നു. ഇന്ന്, ജിഎസ്ടിക്കും ജിഎസ്ടി 2.0നും ശേഷം, അതേ കുടുംബം ഏകദേശം 5,000 മുതൽ 6,000 രൂപ വരെ മാത്രമേ നികുതി നൽകേണ്ടി വരുന്നുള്ളൂ. അതായത്, പ്രതിവർഷം ഏകദേശം 20,000 രൂപ ലാഭിക്കുകയും കുട്ടികളുടെ വിദ്യാഭ്യാസം, മെച്ചപ്പെട്ട പോഷകാഹാരം, കുടുംബങ്ങളുടെ ക്ഷേമം എന്നിവയ്ക്കായി പണം വഴിതിരിച്ചു വിടുകയും ചെയ്യുന്നു. ആദായനികുതി ഇളവുകളിലൂടെ, ഇന്ത്യൻ കുടുംബങ്ങൾ പ്രതിവർഷം ഏകദേശം 2.5 ലക്ഷം കോടി രൂപ ലാഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ജനസംഖ്യയുടെ ഏകദേശം 63% താമസിക്കുന്ന ചെറുപട്ടണങ്ങളിലും ഗ്രാമങ്ങളിലും ഇത് ചെലുത്തുന്ന സ്വാധീനം ഏറെ പ്രാധാന്യമർഹിക്കുന്നു.
ബെഗുസരായിയിലെ മാർക്കറ്റുകളിൽ അടുത്തിടെ നടത്തിയ സന്ദർശന വേളയിൽ, ജിഎസ്ടി പരിഷ്കാരങ്ങളുടെ പ്രഭാവം ഞാൻ നേരിട്ട് മനസിലാക്കി. നികുതി നിരക്കുകൾ കുറഞ്ഞതിൽ ചില്ലറ വ്യാപാരികൾ സന്തോഷം പങ്കുവച്ചു. ഈ ഉത്സവ സീസണിൽ ഷോപ്പിങ് നടത്താൻ കൂടുതലായി വരുന്ന ഉപഭോക്താക്കളുടെ ആവേശം എനിക്ക് അനുഭവവേദ്യമായി. വിപണികളിലെ വർധിച്ചു വരുന്ന തിരക്ക് ഈ പരിഷ്കാരങ്ങൾ എങ്ങനെ ഊർജസ്വലവും ഭാവാത്മകവുമായ സാമ്പത്തിക അന്തരീക്ഷം സൃഷ്ടിക്കുന്നുവെന്ന കാര്യം വെളിവാക്കുന്നു. വീടുകളിലേക്കും ബിസിനസ് സ്ഥാപനങ്ങളിലേക്കും എത്തിച്ചേരുന്ന യഥാർഥ നേട്ടമാണ് ഇതെന്നതിൽ സംശയമില്ല.
2024-25 സാമ്പത്തിക വർഷം ₹1.85 ലക്ഷം കോടി കടന്ന പ്രതിമാസ ജിഎസ്ടി വരുമാനം ഇനി സ്ഥിരമായി ₹2 ലക്ഷം കോടി കവിയും. ഈ പരിഷ്കാരങ്ങൾ പൗരന്മാരുടെ മേലുള്ള സാമ്പത്തിക ഭാരം ലഘൂകരിക്കുന്നതിനൊപ്പം വളർച്ചയ്ക്ക് ഇന്ധനവും പകരും. കുറഞ്ഞ നിരക്കിൽ പോലും വരുമാനം വർധിച്ചുകൊണ്ടിരിക്കുന്നു. പരിഷ്കാരങ്ങൾ ജനകേന്ദ്രീകൃതമാകുന്നതും സാമ്പത്തികമായി സുസ്ഥിരവുമാകുന്നതും, കുടുംബങ്ങളെ ശക്തിപ്പെടുത്തുന്നതും ഇന്ത്യയുടെ സാമ്പത്തിക ഭാവി സുരക്ഷിതമാക്കുന്നതുമായ അപൂർവ നിമിഷമാണിത്.
ശാസ്ത്രത്തിനപ്പുറം ശാക്തീകരണത്തിലേക്ക്
കേവലം സാമ്പത്തിക പരിവത്തനത്തിലുപരിയായ ഗുണഫലങ്ങൾ ജിഎസ്ടി 2.0 യുടെ ടെക്സ്റ്റൈൽ പരിഷ്കാരങ്ങൾ ഉളവാക്കുന്നു. ഇന്ത്യയിലുടനീളമുള്ള 65 ലക്ഷം നെയ്ത്തുകാരെയും കരകൗശല വിദഗ്ധരെയും നേരിട്ട് സ്വാധീനിക്കുന്ന സമഗ്ര വളർച്ച ഇതിലൂടെ സാധ്യമാകുന്നു. ഇന്ത്യയുടെ സമ്പന്നമായ സാംസ്‌ക്കാരിക പൈതൃകം സംരക്ഷിക്കാൻ സഹായിക്കുക മാത്രമല്ല, ഈ മേഖലയിൽ ജോലി ചെയ്യുന്ന ലക്ഷക്കണക്കിന് വനിതകളുടെ ഉപജീവനമാർഗത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നു.
കൈത്തറി, കരകൗശല വസ്തുക്കൾ, പരവതാനികൾ എന്നിവയുടെ ജിഎസ്ടി 12%ൽ നിന്ന് 5% ആയി കുറച്ചതിലൂടെ, പരമ്പരാഗത ഉത്പന്നങ്ങൾ ഇന്ത്യൻ, ആഗോള വിപണികളിൽ കൂടുതൽ മത്സരാധിഷ്ഠിതമാകും. ഒപ്പം, തയ്യൽ മെഷീനുകളുടെ ജിഎസ്ടി 12%ൽ നിന്ന് 5% ആയി കുറച്ചത് വനിതകൾ നയിക്കുന്ന ഇന്ത്യയിലെ വസ്ത്രനിർമാണ മേഖലയ്ക്ക് നേരിട്ട് ഉത്തേജനം പകരും.
കഴിഞ്ഞ ദശകത്തിൽ ഗ്രാമീണ വരുമാനവും ചെലവും ഇരട്ടിയിലധികമായി വർധിക്കുകയും, വരുമാനം 2011-12ലെ പ്രതിമാസം ₹1,430ൽ നിന്ന് 2023-24ൽ ₹4,122 ആയി ഉയരുകയും ചെയ്തിട്ടുണ്ട്. ജിഎസ്ടി 2.0 വരുന്നതോടെ, വർധിച്ചുവരുന്ന ഈ വാങ്ങൽ ശേഷി ഇന്ത്യൻ നിർമിത വസ്ത്രങ്ങൾക്കുള്ള ആവശ്യകത വർധിപ്പിക്കുകയും നെയ്ത്തുകാർക്കും തയ്യൽക്കാർക്കും വസ്ത്ര തൊഴിലാളികൾക്കും കൂടുതൽ തൊഴിലുകൾ സൃഷ്ടിക്കുകയും സമൂഹത്തിലെ എല്ലാ വിഭാഗക്കാർക്കും പ്രയോജനം ചെയ്യുന്ന ചാക്രിക വളർച്ച സൃഷ്ടിക്കുകയും ചെയ്യും.
അടുത്തിടെ നടന്ന ഒരു പരിപാടിയിൽ, നിരവധി എസ്എച്ച്ജി ദീദിമാരെ ഞാൻ കണ്ടുമുട്ടി. അവർ സന്തോഷം പ്രകടിപ്പിച്ചു. സർക്കാർ ആദ്യം അവരെ ലക്ഷാധിപതി ദീദിമാരാക്കി മാറ്റി, ഇപ്പോൾ ജിഎസ്ടി പരിഷ്കാരങ്ങൾ മുഖേന അവശ്യവസ്തുക്കൾ താങ്ങാനാവുന്നതാക്കി, ആദായനികുതി പരിഷ്കാരങ്ങൾ അവരുടെ നികുതി ഭാരം കുറച്ചു. പരിഷ്കാരങ്ങൾ സമ്പദ്‌വ്യവസ്ഥയിലുടനീളം വളർച്ചാതരംഗം സൃഷ്ടിക്കുകയും വരുമാനം വർധിപ്പിക്കുകയും നികുതി ഭാരം കുറയ്ക്കുകയും ചെയ്യുന്നു.
ഇന്ത്യ ആത്മനിർഭർതയ്ക്കായി പരിശ്രമിക്കുന്ന ഈ മുഹൂർത്തത്തിൽ, കൈത്തറി, കരകൗശല മേഖലയും സ്വയം സഹായ സംഘ ദീദിമാരും വോക്കൽ ഫോർ ലോക്കൽ, സ്വദേശി പ്രസ്ഥാനങ്ങളുടെ ആത്മാവായി നിലകൊള്ളുന്നു. നമ്മുടെ കരകൗശല വിദഗ്ധരും നെയ്ത്തുകാരും പാരമ്പര്യങ്ങൾ സംരക്ഷിക്കുക മാത്രമല്ല, ആത്മനിർഭർ ഭാരതിലേക്കുള്ള ഇന്ത്യയുടെ മുന്നേറ്റത്തിന്‍റെ യഥാർഥ വാഹകരാണ്.
ജിഎസ്ടി 2.0, 2047ലേക്കുള്ള പ്രയാണം
ഇന്ത്യ അമൃതകാലത്തേക്ക് പ്രവേശിക്കുകയും 2047ലേക്ക് ഉറ്റു നോക്കുകയും ചെയ്യുമ്പോൾ, ജിഎസ്ടി 2.0 കേവലം നികുതി പരിഷ്കരണം എന്നതിലുപരി, വികസിത ഭാരതം സാക്ഷാത്കരിക്കുന്നതിനുള്ള വളർച്ചാതന്ത്രമായി നിലകൊള്ളുന്നു. സ്ലാബുകൾ ലളിതമാക്കുന്നതിലൂടെയും, ഗാർഹിക ചെലവുകൾ ലഘൂകരിക്കുന്നതിലൂടെയും, കർഷകരെ ശാക്തീകരിക്കുന്നതിലൂടെയും, സൂക്ഷ്മ- ചെറുകിട- ഇടത്തരം സംരംഭങ്ങളെ പിന്തുണയ്ക്കുന്നതിലൂടെയും, തുണിത്തരങ്ങൾ പോലുള്ള തൊഴിൽ പ്രാധാന്യമുള്ള വ്യവസായങ്ങളെ പുനരുജ്ജീവിപ്പിക്കുന്നതിലൂടെയും ജീവിതവും ബിസിനസും സുഗമമാക്കുന്നു. ഫൈബർ- ന്യൂട്രൽ ജിഎസ്ടി പരിവർത്തനാത്മകമാണ്. മനുഷ്യനിർമിതവും പ്രകൃതിദത്തവുമായ തുണിത്തരങ്ങളുടെ വളർച്ചയ്ക്ക് ഒരുപോലെ വഴിയൊരുക്കുന്നു. ആഗോള വിപണി വിഹിതം വികസിപ്പിക്കാനും, ദശലക്ഷക്കണക്കിന് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും, വസ്ത്രങ്ങളിലും വീട്ടുപകരണങ്ങളിലും ഒരു യഥാർഥ ആഗോള നേതാവായി ഉയർന്നുവരാനും സഹായിക്കുന്നു.
ഈ നവരാത്രിയിൽ ജിഎസ്ടി 2.0 പ്രാബല്യത്തിൽ വന്നതോടെ, വീടുകൾക്ക് സമ്പാദ്യം, കർഷകർക്ക് ആശ്വാസം, ബിസിനസുകൾക്ക് വളർച്ച, തൊഴിലാളികൾക്ക് ജോലി എന്നിവ ഉറപ്പാക്കുന്നു. ഇത് ഓരോ ഇന്ത്യക്കാരനും ഉള്ള യഥാർഥ ദീപാവലി സമ്മാനമാണ്. ഇന്ത്യയുടെ പരോക്ഷ നികുതി വ്യവസ്ഥയെ ലാളിത്യം, നീതി, വളർച്ച എന്നിവ മുഖമുദ്രയാക്കി മുന്നോട്ടു നയിക്കുന്നതിന് ദാർശനിക നേതൃത്വം നൽകി വരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് മുഴുവൻ ടെക്സ്റ്റൈൽ മൂല്യ ശൃംഖലയ്ക്കും വേണ്ടി ഞാൻ ഹൃദയംഗമമായ നന്ദി പറയുന്നു. നമ്മുടെ പരിഷ്കരണ യാത്രയിലെ ഒരു നാഴികക്കല്ലാണ് ജിഎസ്ടി 2.0. വികസിത രാജ്യമായി 2047ഓടെ മാറാനുള്ള ഇന്ത്യയുടെ മുന്നേറ്റത്തിനുള്ള മാർഗരേഖയാണിത്.