.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
ഫാദർ ജസ്റ്റിൻ പനയ്ക്കൽ
പ്രത്യേക ലേഖകന്‍
നവ്യമാമൊരു കല്‍പനയിന്നു
നിങ്ങള്‍ക്കായി ഞാനേകുന്നു
നിങ്ങളെ ഞാന്‍ സ്‌നേഹിച്ചതു പോലെ
നിങ്ങളന്യോന്യം സ്‌നേഹിപ്പിന്‍
കേരളത്തിലെ കത്തോലിക്കാ ദേവാലയങ്ങളില്‍ പെസഹാ വ്യാഴാഴ്ച ഉയര്‍ന്നു കേള്‍ക്കുന്ന ഈ ഗാനം പനക്കലച്ചന്‍റെ സംഗീതമാണ്. ആ ഗാനം ഉയര്‍ന്നു കേള്‍ക്കുന്ന പെസഹാ വ്യാഴാഴ്ച തന്നെ അദ്ദേഹം തന്‍റെ ജീവിതദൗത്യം പൂര്‍ത്തിയാക്കി മടങ്ങി.
പൈതലാം യേശുവില്‍ തുടങ്ങി കാല്‍വരി വരെ പനക്കലച്ചന്‍ യേശുവിനെ അനുഗമിച്ചു.
തീര്‍ത്തും പുണ്യമായ ഒരു സംഗീതയാത്ര. അതാണ് ഫാ. ജസ്റ്റിന്‍ പനക്കലിന്‍റെ ജീവിതപ്പൊരുള്‍.
ഭക്തിസാന്ദ്രം
പൈതലാം യേശുവേ.....എന്ന ചിത്ര പാടിയ ഗാനം ക്രിസ്മസ് നാളുകളെ ഭക്തിസാന്ദ്രമാക്കാറുണ്ട്.ആ ഗാനത്തിന് സംഗീതം നല്‍കിയ ഫാ.ജസ്റ്റിന്‍ പനക്കല്‍ (91) അന്തരിച്ചു. ജസ്റ്റിന്‍ പനക്കലച്ചന്‍ 28 ഗാനങ്ങള്‍ക്കാണ് സംഗീതം പകര്‍ന്നത്. അതില്‍ 25 ഗാനങ്ങളും പാടിയത് ഗാനഗന്ധര്‍വന്‍ യേശുദാസാണ്. ഒരെണ്ണം കെ.എസ്. ചിത്രയും രണ്ടെണ്ണം ജെന്‍സിയും പാടി.
1980കളില്‍ മ്യൂസിക് കസൈറ്റുകളുടെ സുവര്‍ണകാലത്ത് ഏറെ ജനപ്രീതി നേടിയ ഗാനങ്ങളുടെ ശില്‍പിയാണ് നിഷ്പാദുക കര്‍മലീത്ത സഭാംഗമായ ഫാദര്‍ ജസ്റ്റിന്‍ പനക്കല്‍ ഒസിഡി. ക്രൈസ്തവ ഭക്തിഗാനങ്ങളുടെ പ്രചാരത്തില്‍ ശ്രദ്ധേയമായ ഇടം നേടിയവയാണ് ജസ്റ്റിനച്ചന്‍ ചിട്ടപ്പെടുത്തിയ പാട്ടുകള്‍. സാങ്കേതിക മികവിലും രചനാവൈഭവത്തിലും ആലാപനത്തിലും വ്യത്യസ്തത പുലര്‍ത്തിയവയായിരുന്നു അവ. തിരുവനന്തപുരം തരംഗിണി സ്റ്റുഡിയോയിലാണ് എല്ലാ ഗാനങ്ങളും ആലേഖനം ചെയ്യപ്പെട്ടത്. എല്ലാം തന്നെ ജനപ്രീതി നേടി. 1983ല്‍ പുറത്തിറങ്ങിയ തളിര്‍മാല്യം ജസ്റ്റിനച്ചന്‍റെ സംഗീത സംവിധാനത്തില്‍ ആദ്യം ശ്രദ്ധ നേടുന്ന തരംഗിണിയുടെ കസെറ്റും റെക്കോര്‍ഡുമാണ്. 12 ഗാനങ്ങള്‍ വീതം അടങ്ങിയ സ്‌നേഹപ്രവാഹം, സ്‌നേഹസന്ദേശം എന്നീ കസെറ്റ് ആല്‍ബങ്ങളും ജാതി-മതഭേദമെന്യേ മലയാളികളുടെ ഇഷ്ടഗാനങ്ങളായി.
സിന്ധുഭൈരവി രാഗത്തില്‍ ചിട്ടപ്പെടുത്തിയ എന്‍ ജീവിതമാം ഈ മരക്കൊമ്പില്‍....എന്ന പ്രത്യാശാ ഗാനം ഏറെ പ്രചാരം നേടിയിരുന്നു. പൈതലാം യേശുവേ... മഞ്ഞുപൊഴിയുന്ന മാമരം കോച്ചുന്ന....,നവ്യമായൊരു കല്പന...എന്നീ ഗാനങ്ങള്‍ ഇന്നും ക്രൈസ്തവ ദേവാലയങ്ങളില്‍ അലയടിക്കുന്നു. കര്‍ത്താവാം യേശുവേ മര്‍ത്യവിമോചകാ..., നായകാ ജീവദായകാ..., യേശുവെന്‍റെ പ്രാണനാഥന്‍...., പുതിയൊരു പുലരി വിടര്‍ന്നു മന്നില്‍..., സ്‌നേഹസ്വരൂപാ തവദര്‍ശനം...,. യേശുവേ വരദാന വാരിധേ തുടങ്ങിയ ഗാനങ്ങളും ഗന്ധര്‍വ്വ നാദത്തില്‍ പുറത്തുവന്നത് ക്രൈസ്തവ ഭക്തിഗാന മണ്ഡലത്തില്‍ പ്രകമ്പനം സൃഷ്ടിച്ച ഫാദര്‍ ജസ്റ്റിന്‍ പനക്കലിന്‍റെ അനശ്വര സൃഷ്ടികളായി. 1935 ഓഗസ്റ്റ് 10ന് കൊച്ചിയിലെ കുമ്പളങ്ങിയിലെ പനക്കല്‍ കുടുംബത്തിലാണ് അദ്ദേഹം ജനിച്ചത്. പനക്കല്‍ ജോബിന്‍റെയും തങ്കമ്മയുടെയും ഏഴ് മക്കളില്‍ അഞ്ചാമന്‍. അകാലത്തിലുള്ള പിതാവിന്‍റെ മരണവും വീട്ടിലെ ദാരിദ്ര്യവും മൂലം ആലപ്പുഴയില്‍ ദൈവദാസന്‍ ഫാദര്‍ റൈനോള്‍ഡ് പുരയ്ക്കലിന്‍റെ അനാഥാലയത്തില്‍ രണ്ടാം ക്ലാസില്‍ ചേര്‍ക്കേണ്ടി വന്നു.
ലിയോ 13-ാമന്‍ സ്‌കൂളില്‍ 4-ാം ക്ലാസ് മുതല്‍ 10-ാം ക്ലാസ് വരെ പഠിച്ച കാലഘട്ടത്തില്‍ ഗാനാലാപനത്തിനുള്ള സമ്മാനം നേടിയിരുന്നത് ജസ്റ്റിനായിരുന്നു. എല്ലാ ക്ലാസ്സുകളിലും ഒഴിവു വേളകളില്‍ കൂട്ടുകാരും അധ്യാപകരും ജസ്റ്റിനെ കൊണ്ട് പാട്ടു പാടിക്കാന്‍ ഉത്സാഹം കാട്ടി. അന്ന് ആലപ്പുഴ രൂപതയുടെ കൊയര്‍ മാസ്റ്ററായിരുന്ന ഈശോ സഭാംഗമായ ഫാദര്‍ ജോസഫ് കോയില്‍പറമ്പിലും അക്കാലത്ത് ജസ്റ്റിനെ പ്രോല്‍സാഹിപ്പിച്ചു. എമില്‍, റെക്‌സ് ഐസക്സ് സഹോദരങ്ങളുടെ പിതാവായ വയലിനിസ്റ്റ് ജോ ഐസക്സും ജസ്റ്റിന്‍റെ സംഗീത വാസനയെ പോഷിപ്പിച്ചു. ബോര്‍ഡിംഗില്‍ എല്ലാ തിരുക്കര്‍മ്മങ്ങളിലും മുഖ്യഗായകന്‍ ജസ്റ്റിന്‍ തന്നെയായിരുന്നു. ലത്തീന്‍ ഭാഷയിലുള്ള ഗാനങ്ങളില്‍ പ്രത്യേക പ്രാവീണ്യം സിദ്ധിച്ചിരുന്ന ജസ്റ്റിന്‍ ആലപ്പുഴയിലെ ജീവിതകാലത്ത് ഇതര ഗാനശാഖകളിലും ശാസ്ത്രീയ സംഗീതത്തിലും താല്‍പര്യം പ്രകടമാക്കിയിരുന്നു. ഒപ്പം നല്ല മാര്‍ക്കോടെ 10-ാം ക്ലാസ് പാസ്സാവുകയും ചെയ്തു.
1954ല്‍ അദ്ദേഹം എറണാകുളത്തെ കര്‍മലീത്താ സെമിനാരിയില്‍ ചേര്‍ന്നു.
1962 മാര്‍ച്ച് 17ന് ആലുവ മംഗലപ്പുഴ സെമിനാരിയില്‍ വച്ച് ജസ്റ്റിന്‍ പനക്കല്‍ പൗരോഹിത്യം സ്വീകരിച്ചു. തുടര്‍ന്ന് റോമില്‍ ഉപരിപഠനം നടത്തി. വിശുദ്ധ അമ്മ ത്രേസ്യ, വിശുദ്ധ കുരിശിന്റെ യോഹന്നാന്‍, വിശുദ്ധ കൊച്ചുത്രേസ്യ എന്നീ കര്‍മ്മലീത്ത സന്യസ്തരുടെ ജീവിതത്തെ ഉപജീവിച്ച് ഡോക്റ്ററേറ്റ് കരസ്ഥമാക്കി. നാട്ടിലേക്ക് മടങ്ങിയ അദ്ദേഹം 1971 മുതല്‍ ആലുവ സെന്‍റ് ജോസഫ് പൊന്തിഫിക്കല്‍ സെമിനാരിയില്‍ സിസ്റ്റമാറ്റിക് തിയോളജി, മിസ്റ്റിക്കല്‍ തിയോളജി, ലോകമതങ്ങള്‍, സംഗീതം എന്നീ വിഷയങ്ങള്‍ തിയോളജി വിദ്യാര്‍ഥികളെ പഠിപ്പിച്ചു. 28 വര്‍ഷങ്ങള്‍ സെമിനാരിയിലെ റെസിഡന്‍റ് പ്രൊഫസറായും 22 വര്‍ഷങ്ങള്‍ പ്രൊഫസര്‍ എമിരറ്റസ് ആയും പഠിപ്പിച്ചു.
മംഗലപ്പുഴ സെമിനാരിയിലെ അധ്യയനകാലത്തും പിന്നീട് വൈദികാര്‍ത്ഥികളുടെ മേല്‍നോട്ടം വഹിച്ചിരുന്നപ്പോഴും കവിതാ വാസനയും രചനാ പാടവമുള്ളവരെ കണ്ടെത്തി ഗാനരചന നിര്‍വഹിപ്പിക്കുന്നതില്‍ ജസ്റ്റിനച്ചന്‍ സവിശേഷ ശ്രദ്ധ നല്‍കി. തരംഗിണിയില്‍നിന്ന് അച്ചന്‍ പുറത്തിറക്കിയ ക്രൈസ്തവ ഭക്തിഗാനങ്ങളില്‍ അധികവും ആലുവ സെമിനാരിയിലെ അന്നത്തെ വൈദിക വിദ്യാര്‍ത്ഥികളുടെ രചനകളാണ്. ഫാദര്‍ ജോസഫ് പാറാംകുഴി, ഡോ. യൂഹനാന്‍ മാര്‍ തിയോഡോസിയോസ് (ഫാദര്‍ ജോണ്‍ കൊച്ചുതുണ്ടിയില്‍), ഫാദര്‍ മാത്യു മൂത്തേടം, ഫാദര്‍ മാത്യു ആശാരിപറമ്പില്‍, ഫാദര്‍ ജോസ് വേതാമറ്റില്‍, സിസ്റ്റര്‍ മേരി ആഗ്‌നസ് എന്നീ ഗാനരചനാ പ്രതിഭകളെ കണ്ടെത്തിയതും അവര്‍ക്ക് അവസരം നല്‍കിയതും ഫാദര്‍ ജസ്റ്റിനാണ്. ജസ്റ്റിനച്ചന്‍ ഈണംപകര്‍ന്ന ഗാനങ്ങള്‍ എണ്ണപ്പെട്ടവയാണ്, എന്നാല്‍ അവയില്‍ അധികവും ഗന്ധര്‍വ്വനാദത്തില്‍ ലോകത്ത് മലയാളികള്‍ ഉള്ളിടത്തെല്ലാം ഒഴുകിയെത്തി.യേശുദാസിന്റെ മാസ്മരിക ശബ്ദത്തില്‍ രാഗാര്‍ദ്രമായ ഈണങ്ങളില്‍ ഹൃദയസ്പര്‍ശിയായ വരികള്‍ മനുഷ്യ മനസ്സുകളില്‍ ധ്യാന ചിന്തകള്‍ ഉണര്‍ത്തുന്നു.
ജസ്റ്റിനച്ചന്‍ ഒരു ഗ്രന്ഥകര്‍ത്താവു കൂടിയാണ്. മൊത്തം 17 ബുക്കുകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 14 എണ്ണം ഇംഗ്ലിഷിലും 3 എണ്ണം മലയാളത്തിലും. കൂടാതെ 125 ലേഖനങ്ങള്‍ ഇംഗ്ലിഷില്‍ ഇന്ത്യയ്ക്ക് അകത്തും പുറത്തുമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. തന്മൂലം 'ഏഷ്യന്‍ തിയോളോജിയന്‍' എന്ന പേര് അദ്ദേഹത്തിനു ലഭിച്ചു. സൗത്ത് ഈസ്റ്റ് ഏഷ്യയിലെ ഒസിഡി സഭയില്‍ അദ്ദേഹത്തിനു മാത്രമാണ് ഈ ബഹുമതി ലഭിച്ചിട്ടുള്ളത്. അതുപോലെ ആലുവ മംഗലപ്പുഴ സെമിനാരിയിലും ഇദ്ദേഹം മാത്രമാണ് ഈ ബഹുമതിക്ക് അര്‍ഹനായിട്ടുള്ളത്. അവയില്‍ 'ഇന്‍റിമസി വിത്ത് ഗോഡ് ' എന്ന പുസ്തകത്തിന്റെ അഞ്ചാമത്തെ എഡിഷന്‍ ഇറങ്ങിയത് സിംഗപ്പൂരില്‍ നിന്നാണ്. കൂടാതെ അദ്ദേഹം പ്രഭാഷണങ്ങള്‍ക്കും ധ്യാനം പ്രസംഗിക്കാനും വേണ്ടി ആസ്‌ട്രേലിയ, കാനഡ, ജര്‍മനി, ഇന്തോനേഷ്യ, ഇറ്റലി, കുവൈറ്റ്, മലേഷ്യ, സാബ, സാറവാക്, സിംഗപ്പൂര്‍, സ്‌പെയിന്‍, ശ്രീലങ്ക, യുഎസ്എ എന്നീ രാജ്യങ്ങളിലും, ഇന്ത്യയിലെ മറ്റനേകം സ്ഥലങ്ങളിലും പോയിട്ടുണ്ട്. കൂടുതലായിട്ടും വൈദികര്‍ക്കും, സന്യാസിനികള്‍ക്കുമാണ് അദ്ദേഹം ധ്യാനങ്ങള്‍ നടത്തിയിട്ടുള്ളത്.