വ്യത്യസ്തമായി വിലയിരുത്താൻ മോദി ഭരണം നിർബന്ധിതമാക്കി
പ്രതിസന്ധികളെ നേരിടുന്നതിൽ നരേന്ദ്ര മോദി എല്ലായ്പ്പോഴും അസാധാരണ മികവ് പ്രകടിപ്പിച്ചിട്ടുണ്ട്. അദ്ദേഹത്തിന്‍റെ ദൃഢനിശ്ചയം, ധൈര്യം, ആസൂത്രണം എന്നിവയിലൂടെ മാത്രമേ നൂറ്റാണ്ടിലൊരിക്കൽ സംഭവിക്കുന്ന കൊവിഡ് -19 മഹാമാരിയെ കൈകാര്യം ചെയ്യാനും 140 കോടി ഇന്ത്യക്കാരെ മുന്നോട്ടു നയിക്കാനും പ്രതിസന്ധിയെ ഒരവസരമാക്കി മാറ്റാനും രാജ്യത്തിന് കഴിയുമായിരുന്നുള്ളൂ. ഭൗമരാഷ്‌ട്രീയ ക്രമവും ഭൗമസാമ്പത്തിക ക്രമവും ഗണ്യമായ പരിവർത്തനത്തിന് വിധേയമാകുന്ന ആഗോള അനിശ്ചിതത്വത്തിന്‍റെ കാലഘട്ടത്തിലാണ് അദ്ദേഹമിപ്പോൾ ഇന്ത്യയെ മുന്നോട്ടു നയിക്കുന്നത്.
തെരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രിയായി ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം തുടർച്ചയായി ഭരണത്തിലിരുന്ന വ്യക്തിയായി മോദി കഴിഞ്ഞ ആഴ്ച മാറി. ആ നാഴികക്കല്ല് കൈവരിച്ചത് അദ്ദേഹമാണെങ്കിലും നേട്ടം ഇന്ത്യയുടേതു കൂടിയാണ്. മത്സരാധിഷ്ഠിത രാഷ്‌ട്രീയത്തിന് പ്രാധാന്യമുള്ള ഇന്ത്യയിൽ തുടർച്ചയായി 3 വിജയങ്ങളുമായി ഈ ജനാധിപത്യ രാജ്യത്തെ ആരും ഇത്രയും കാലം ഭരിച്ചിട്ടില്ല. റെക്കോഡിനപ്പുറം അദ്ദേഹം എന്താണു ചെയ്തത് എന്നതാണ് പ്രധാനം. മോദി ക്രിയാത്മകമായി പ്രവർത്തിക്കുകയും ദേശീയ ലക്ഷ്യങ്ങൾക്കായി നിരന്തരം പ്രവർത്തിക്കുകയും ചെയ്തു. ആ വ്യാഴവട്ടക്കാലത്തെ ഓരോ നിമിഷവും ഉത്പാദനപരമായി വിനിയോഗിച്ചു, നിരന്തര പ്രവർത്തനങ്ങൾ രാജ്യപുരോഗതിക്കും വികസനത്തിനും കാരണമായി. അതിവേഗം പരിവർത്തനം സംഭവിക്കുന്ന, ഊർജസ്വലവും വികസ്വരവുമായ ഒരു രാജ്യമായിട്ടാണ് ലോകം ഇന്ത്യയെ വീക്ഷിക്കുന്നത്. കൂടുതൽ ശക്തവും, ആധുനികവും, സ്വാധീനശാലിയുമായി രാജ്യം മാറുന്നു.
ഐക്യരാഷ്‌ട്ര സഭയിൽ ഉൾപ്പെടെ, നയതന്ത്രരംഗത്തും അന്താരാഷ്‌ട്ര വിഷയങ്ങളിലും രാജ്യതലസ്ഥാനങ്ങളിലുമായാണ് വർഷങ്ങൾ നീണ്ട ഔദ്യോഗിക ജീവിതം ഞാൻ ചെലവഴിച്ചത്. കഴിഞ്ഞ ദശകത്തിൽ ഞാൻ കണ്ട ഏറ്റവും പ്രകടമായ മാറ്റം ഇതാണ്: നിലവിലുള്ള ആഗോള ക്രമവും നിയമങ്ങളും സംവിധാനങ്ങളും അംഗീകരിക്കുന്ന ഒരു രാജ്യം ("സിസ്റ്റം- ടേക്കർ') എന്ന നിലയിൽ നിന്ന്, അവയെ സ്വാധീനിക്കുകയും രൂപപ്പെടുത്താൻ സഹായിക്കുകയും ചെയ്യുന്ന ("സിസ്റ്റം- ഷേപ്പർ') ഒന്നായി ഇന്ത്യ മാറിയിരിക്കുന്നു. സ്വന്തം താത്പര്യങ്ങൾ സംരക്ഷിക്കുന്നതിനൊപ്പം, ആഗോള വിഷയങ്ങളിൽ സ്വാധീനം ചെലുത്താനുതകും വിധം നയതന്ത്രവും ദേശീയ ഇച്ഛാശക്തിയും ഉപയോഗിച്ച് ഇന്ത്യ നിരവധി രാജ്യങ്ങളുമായി ശക്തമായ ബന്ധം കെട്ടിപ്പടുക്കുന്നു.
ലോകം മോദിയെ മനസിലാക്കുന്നത് അധികാരം അവകാശമായി കൈമാറിക്കിട്ടിയ നേതാവായല്ല, സ്വന്തം പരിശ്രമത്തിലൂടെ വ്യക്തിമുദ്ര പതിപ്പിച്ച നേതാവായാണ്. ഒരു റെയ്‌ൽവേ പ്ലാറ്റ്‌ഫോമിൽ കുട്ടിക്കാലം ചെലവഴിക്കുകയും എളിമയാർന്ന പശ്ചാത്തലത്തിൽ നിന്നുയർന്നു വരികയും ശക്തമായ രാഷ്‌ട്രീയ കുടുംബ പശ്ചാത്തലമില്ലാതിരിക്കുകയും ചെയ്തിട്ടും ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്‍റെ പ്രധാനമന്ത്രിയായി അദ്ദേഹം ഉയർന്നു. രാജ്യത്തുടനീളം സഞ്ചരിച്ച്, സാധാരണക്കാരുടെ ഇടയിൽ ജീവിച്ച്, അവരുടെ ഭക്ഷണം, അനുഭവങ്ങൾ, സന്തോഷം, കഷ്ടപ്പാടുകൾ എന്നിവ പങ്കിട്ട്, പദവികളിലൂടെയോ പാരമ്പര്യത്തിലൂടെയോ അല്ലാതെ, ജനങ്ങളുമായുള്ള നേരിട്ടുള്ള സമ്പർക്കത്തിലൂടെ പൊതുജീവിതം കെട്ടിപ്പടുത്ത നേതാവാണ് മോദി. സ്വന്തം പരിശ്രമത്തിലൂടെ വിജയം നേടിയ സ്വയം നിർമിത നേതാവിന് കൂടുതൽ വിശ്വസനീയത ലഭിക്കുന്നു. വൈദേശിക ആചാരങ്ങളും മനോഭാവങ്ങളും സ്വീകരിക്കുകയോ ചെയ്യുന്നതിനു പകരം, മോദി സ്വന്തം സാംസ്കാരിക സ്വത്വത്തെ പരസ്യമായി സ്വീകരിക്കുന്നു.
മോണിങ് കൺസൾട്ട് സർവേകളിൽ നിരവധി വർഷങ്ങളായി ജനാധിപത്യ രാജ്യങ്ങളിലെ ഏറ്റവും അംഗീകാരമുള്ള നേതാക്കളിൽ ഒന്നാമനായി തുടരുന്നു. നിരവധി പാശ്ചാത്യ നേതാക്കളുടെ അംഗീകാരത്തേക്കാൾ ഉയർന്ന റേറ്റിങ്ങാണ് - മൂന്നിൽ രണ്ടിനും മുകളിൽ- അദ്ദേഹത്തിനുള്ളത്. പ്യൂ റിസർച്ച് സെന്‍ററിന്‍റെ അഭിപ്രായത്തിൽ, ബഹുഭൂരിപക്ഷം ഇന്ത്യക്കാർക്കും മോദിയെക്കുറിച്ച് അനുകൂല അഭിപ്രായമാണുള്ളത്. രാജ്യത്തിന്‍റെ മുന്നേറ്റത്തിൽ അവർ കൂടുതൽ സംതൃപ്തരാണ്. 19 വിദേശ പാർലമെന്‍റുകളെ അദ്ദേഹം അഭിസംബോധന ചെയ്തു. 30ഓളം രാജ്യങ്ങളുടെ പരമോന്നത ദേശീയ ബഹുമതികൾ അദ്ദേഹത്തിന് സമർപ്പിക്കപ്പെട്ടു.
പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാതിലൂടെ അദ്ദേഹം പൗരന്മാരുമായി നേരിട്ട് ആശയവിനിമയം നടത്തുന്നു. ഫലപ്രദമായ നയതന്ത്രത്തിലൂടെ അമെരിക്ക, റഷ്യ, ഗൾഫ് രാജ്യങ്ങൾ, യൂറോപ്പ് തുടങ്ങിയ രാജ്യങ്ങളിലെ നേതാക്കളുമായി ശക്തവും സന്തുലിതവുമായ ബന്ധം നിലനിർത്തുന്നു.
ഇന്ത്യയുടെ ഡിജിറ്റൽ അടിസ്ഥാനസൗകര്യങ്ങൾ, പ്രത്യേകിച്ച് ഓൺലൈൻ പണമിടപാടുകൾ, സർക്കാർ ആനുകൂല്യങ്ങൾ നേരിട്ട് കൈമാറുന്നതിനുമുള്ള സംവിധാനങ്ങൾ തുടങ്ങിയവ വലിയ വിഭാഗം ജനങ്ങൾക്ക് ഗുണം ചെയ്തു. 25 കോടി പേർ അദ്ദേഹത്തിന്‍റെ ഭരണകാലയളവിൽ ദാരിദ്ര്യത്തിൽ നിന്ന് മോചിതരായി. അന്ത്യോദയ എന്നത് കേവലമൊരു മുദ്രാവാക്യമല്ല, മറിച്ച് ഏറ്റവും ദരിദ്രരും പിന്നാക്കം നിൽക്കുന്നവരുമായ ആളുകളെ സഹായിക്കുന്നതിലും ആരും പിന്നാക്കം പോകുന്നില്ലെന്ന് ഉറപ്പാക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു ഭരണ തത്വമാണ്. ഐക്യരാഷ്‌ട്രസഭയുടെ 2030 അജൻഡയുടെ ലക്ഷ്യങ്ങളെ പ്രതിഫലിപ്പിക്കുന്ന തത്വം. ഈ തത്വമനുസരിച്ചാണ് മോദി ഭരണനിർവഹണം നടത്തുന്നതെന്ന് കാണാം.
കൊവിഡ് മഹാമാരിക്കാലത്ത് 200 കോടിയിലധികം വാക്സിൻ ഡോസുകൾ ലഭ്യമാക്കി, 80 കോടി ജനങ്ങൾക്ക് സൗജന്യ ഭക്ഷണം നൽകി, 100 രാജ്യങ്ങൾക്ക് വാക്സിനുകളും 150 രാജ്യങ്ങൾക്ക് മരുന്നുകളും വിതരണം ചെയ്തു. ഐക്യരാഷ്‌ട്രസഭ മോദിയെ "ചാംപ്യൻ ഓഫ് ദി എർത്ത് ' പുരസ്കാരം നൽകി ആദരിച്ചു. ദാരിദ്ര്യം, വിശപ്പ്, ആരോഗ്യം, ലിംഗസമത്വം, ഊർജം, കാലാവസ്ഥ എന്നീ മേഖലകളിൽ കൈവരിച്ച ഗണനീയമായ പുരോഗതിക്ക് ഗേറ്റ്സ് ഫൗണ്ടേഷൻ "ഗ്ലോബൽ ഗോൾകീപ്പർ ഓഫ് ദി സസ്‌റ്റൈനബിൾ ഡെവലപ്മെന്‍റ് ഗോൾസ് ' പുരസ്കാരം നൽകി അംഗീകരിച്ചു. വനിതകളെയും പെൺകുട്ടികളെയും പിന്തുണയ്ക്കുന്നതിനുള്ള ശ്രമങ്ങളെ യുണിസെഫ്, യുഎൻ വിമൻ തുടങ്ങിയ സംഘടനകൾ ശ്ലാഘിച്ചു. ബേട്ടി ബച്ചാവോ ബേട്ടി പഠാവോ പ്രചാരണവും പാർലമെന്‍റിൽ വനിതകൾക്കായുള്ള സീറ്റ് സംവരണവും ഈ ഉദ്യമങ്ങൾക്ക് മികച്ച ഉദാഹരണങ്ങളാണ്.
അദ്ദേഹത്തിന്‍റെ പദ്ധതികൾ വനിതകൾക്കും പെൺകുട്ടികൾക്കും വീട്ടിൽ നിന്ന് കോളെജിലേക്കും, ചെറുകിട ബിസിനസിൽ നിന്നും സ്റ്റാർട്ടപ്പിൽ നിന്നും ഒരു വൻകിട കമ്പനിയിലേക്കും, തദ്ദേശ സ്ഥാപനത്തിൽ നിന്ന് പാർലമെന്‍റിലേക്കുമുള്ള മുന്നേറ്റത്തിന് വീഥിയൊരുക്കി.
ഇന്ത്യക്കാർക്കിടയിലും 3.5 കോടി പ്രവാസികൾക്കിടയിലും മോദി ദേശീയ അഭിമാനവും സ്വത്വബോധവും ശക്തിപ്പെടുത്തി. കൊവിഡ്, ഓപ്പറേഷൻ സിന്ദൂറിനു ശേഷം സായുധ സേനകൾക്ക് ലഭിച്ച പിന്തുണ, 60 കോടിയിലധികം തീർഥാടകർ പങ്കെടുത്തതിലൂടെ മാനവരാശിയുടെ ഏറ്റവും വലിയ ഒത്തുചേരലായി മാറിയ മഹാകുംഭമേള തുടങ്ങിയ സുപ്രധാന നിമിഷങ്ങളിൽ രാജ്യം ഐക്യം പ്രകടമാക്കി. ഒരു ഗോത്ര വനിത രാഷ്‌ട്രപതിയായത്, പ്രാദേശിക സംസ്കാരങ്ങളോടുള്ള ആദരവ് പ്രകടിപ്പിക്കാൻ പ്രധാനമന്ത്രി വ്യത്യസ്ത പ്രാദേശിക ശിരോവസ്ത്രങ്ങൾ ധരിക്കുന്നത്, മൻ കി ബാതിലൂടെയും പദ്മ പുരസ്‌കാരങ്ങളിലൂടെയും സാധാരണക്കാരെ അംഗീകരിക്കുന്നത് തുടങ്ങിയ ഉദാഹരണങ്ങൾ വേറെയുമുണ്ട്. ആസാദി കാ അമൃത് മഹോത്സവത്തോടനുബന്ധിച്ച് ത്രിവർണ പതാക ഉയർത്തിയ 20 കോടി വീടുകൾ; വന്ദേമാതരത്തിന്‍റെ 150ാം വാർഷികാഘോഷം; സ്വച്ഛ് ഭാരത് ദൗത്യത്തിലൂടെ 11 കോടി ശൗചാലയങ്ങൾ തുടങ്ങിയ ജനകീയ പ്രസ്ഥാനങ്ങളിലൂടെ വൈവിധ്യങ്ങളെ ഇഴചേർത്ത് എല്ലാ പ്രദേശങ്ങളെയും മേഖലകളെയും രാജ്യം ആദരിക്കുന്നു.
ഇന്ത്യയെ പ്രധാന ആഗോള ശക്തിയാക്കുക എന്ന ലക്ഷ്യം വ്യക്തമായി അവതരിപ്പിക്കുകയും അതു നേടിയെടുക്കാനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്ത ആദ്യ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി. സമ്പദ്‌വ്യവസ്ഥ, സൈനിക- ആണവ- ബഹിരാകാശ പരിപാടികൾ, നയതന്ത്ര സ്വാധീനം, ഗവേഷണം, സാങ്കേതികവിദ്യ എന്നിവ ശക്തിപ്പെടുത്തുന്നതിലും ആഗോള സ്വാധീനം വർധിപ്പിക്കാൻ സംസ്കാരവും മൂല്യങ്ങളും (മൃദുശക്തി- സോഫ്റ്റ് പവർ) ഉപയോഗിക്കുന്നതിലും ഇന്ത്യ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഭീകരവാദത്തോട് "സീറോ ടോളറൻസ് ' (സന്ധിയില്ലാത്ത നിലപാട്) സമീപനം സ്വീകരിച്ചു. ഭീകരാക്രമണങ്ങളോട് ശക്തമായി പ്രതികരിച്ചു, ഒപ്പം മറ്റ് രാജ്യങ്ങളുമായുള്ള സഹകരണത്തിലൂടെ അന്താരാഷ്‌ട്ര സമാധാനത്തിനും സുരക്ഷയ്ക്കും പിന്തുണ നൽകുന്നു.
വലിയ പ്രതിസന്ധികൾ കൈകാര്യം ചെയ്യാൻ അസാധാരണശേഷിയുള്ള ഒരു നേതാവാണ് മോദി. വലിയ ജനസംഖ്യയും, ഭൂരിപക്ഷം യുവാക്കളും, സങ്കീർണമായ ഫെഡറൽ സംവിധാനവും, പരിഷ്‌കാരങ്ങളോട് വിമുഖതയും, അസ്ഥിരതയെയും വിദേശ ഇടപെടലുകളെയും സ്വാഗതം ചെയ്യുന്നവരും, നിക്ഷിപ്ത താത്പര്യങ്ങളും, അരാജകത്വത്തിന് പദ്ധതിയിടുന്ന ദേശവിരുദ്ധ പ്രതിപക്ഷ നേതാക്കളും, ശക്തമായ മത്സരാധിഷ്ഠിത രാഷ്‌ട്രീയവും... ഇതെല്ലാം മുഖമുദ്രമായ ഒരു രാജ്യത്തെ പരിവർത്തനം ചെയ്യാൻ അദ്ദേഹം ധൈര്യപ്പെടുന്നു എന്നതാണ് അത്ഭുതകരം.
ആഗോള ചർച്ചകളെ പിന്തുടരുന്ന കേവലമൊരു പങ്കാളി എന്ന നിലയിൽ നിന്ന്, ചർച്ചകളെ സജീവമായി നയിക്കുകയും രൂപപ്പെടുത്തുകയും ചെയ്യുന്ന രാജ്യമായി ഇന്ത്യ മാറിയിരിക്കുന്നു. "വസുധൈവ കുടുംബകം' (ലോകം ഒരു കുടുംബമാണ്) എന്ന ഇന്ത്യൻ ദർശനം ഇപ്പോൾ വെറുമൊരു മുദ്രാവാക്യമല്ല; പ്രവർത്തനങ്ങളിലൂടെ ആ ആശയത്തെ പ്രയോഗികവത്കരിച്ചിരിക്കുന്നു. വികസ്വര- വികസിത രാജ്യങ്ങളുമായി ഡിജിറ്റൽ സാങ്കേതിക സംവിധാനങ്ങൾ പങ്കിടൽ, ആഫ്രിക്കൻ യൂണിയനെ ജി20-യിലെ സ്ഥിരാംഗമാക്കാൻ സഹായിക്കൽ, അന്താരാഷ്‌ട്ര സൗരോർജ സഖ്യത്തിന് നേതൃത്വം നൽകൽ, പഞ്ചാമൃത പ്രതിബദ്ധതകളിലൂടെയും മിഷൻ ലൈഫിലൂടെയും കാലാവസ്ഥാ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കൽ, നിർമിതബുദ്ധി ആഗോള ഉച്ചകോടിയുടെ സംഘാടനം തുടങ്ങിയവ ഉദാഹരണങ്ങളാണ്. നാലാം വ്യാവസായിക വിപ്ലവകാലത്ത് നിർമിതബുദ്ധി, ബഹിരാകാശ പര്യവേഷണം തുടങ്ങിയ നൂതന മേഖലകളിൽ എല്ലാവരുടെയും പ്രയോജനത്തിന് നൂതനാശയങ്ങൾ വികസിപ്പിക്കുകയും പങ്കിടുകയും ചെയ്യുന്ന നേതൃരാജ്യമായി മാറാൻ വെമ്പുകയാണ് ഇന്ത്യ.
ആഗോള ശക്തിയാകുക, സ്വന്തം ഭാവി രൂപപ്പെടുത്തുക എന്നീ ലക്ഷ്യങ്ങൾ ഇന്ത്യ പ്രഖ്യാപിച്ച സാഹചര്യത്തിൽ ഈ കാലഘട്ടം പ്രാധാന്യമർഹിക്കുന്നു. 21ാം നൂറ്റാണ്ട് ഇന്ത്യയുടേണ്. സമ്പദ്‌വ്യവസ്ഥ അതിവേഗം വളർന്നു, ലോകത്തെ 10ാമത്തെ സമ്പദ്‌വ്യവസ്ഥയിൽ നിന്ന് 4ാം സ്ഥാനത്തേക്ക് ഉയർന്നു. സ്വാതന്ത്ര്യത്തിന്‍റെ 100ാം വാർഷികമായ 2047 ആകുമ്പോഴേക്കും വികസിത ഭാരതം എന്ന ലക്ഷ്യം രാജ്യം നിശ്ചയിച്ചിട്ടുണ്ട്. ആധുനിക പുരോഗതിയെ സാംസ്കാരികവും ചരിത്രപരവുമായ പൈതൃകവുമായി സംയോജിപ്പിക്കാൻ ഇന്ത്യ ബദ്ധശ്രദ്ധമാണ്. പുരാതന കേന്ദ്രങ്ങളുടെ പുനഃസ്ഥാപനം, വിദേശത്തേക്ക് കൊണ്ടുപോയ പുരാവസ്തുക്കൾ വീണ്ടെടുക്കൽ, ഭാരതം എന്ന പേര് പ്രോത്സാഹിപ്പിക്കൽ തുടങ്ങിയ ഉദ്യമങ്ങൾ കേവലം നൊസ്റ്റാൾജിയ അല്ല, മറിച്ച് ദേശീയ ആത്മവിശ്വാസത്തിന്‍റെ പ്രകടനങ്ങളാണ്. 5,000 വർഷത്തിലേറെ പഴക്കമുള്ള ഒരു നാഗരികതയ്ക്ക് ആത്മാഭിമാനവും മഹത്വവും ആരിൽ നിന്നും കടമെടുക്കേണ്ടതില്ല.
ലോകം ഇന്ത്യയെ എങ്ങനെ വിലയിരുത്തുന്നു എന്ന് വീക്ഷിച്ചുകൊണ്ടാണ് ഞാൻ എന്‍റെ കരിയർ ചെലവഴിച്ചത്. ഇന്ത്യയുടെ സാധ്യതകളും യഥാർഥ നേട്ടങ്ങളും തമ്മിലുള്ള അന്തരം ലോകം ചർച്ച ചെയ്യുന്നതിന് പലപ്പോഴും സാക്ഷിയായിട്ടുമുണ്ട്. മാനവ വികാസത്തിന്‍റെയും പരിശ്രമത്തിന്‍റെയും പൂർണതയുടെയും ഏറ്റവും വലിയ പരീക്ഷണശാലയാണ് ഇന്ത്യ. ഒട്ടേറെ അവസരങ്ങളും വെല്ലുവിളികളും നമുക്ക് മുന്നിലുണ്ട്. വിശാലവും സങ്കീർണവുമായ രാജ്യത്തിന്‍റെ ഭാവി വികസത്തെ മുന്നോട്ടു നയിക്കാൻ ശക്തമായ നേതൃത്വം അനിവാര്യമാണ്. മോദിയുടെ കാര്യത്തിൽ അദ്ദേഹം ഏറ്റവും കൂടുതൽ കാലം ഭരണനേതൃത്വത്തിൽ നിലനിന്നു, അദ്ദേഹം വേറിട്ടുനിൽക്കുന്നു, അദ്ദേഹത്തിന്‍റെ റെക്കോഡ് മികച്ചതാണ് എന്ന് നിസംശയം പറയാം. അദ്ദേഹത്തിന്‍റെ നേതൃത്വത്തിൽ ഈ നൂറ്റാണ്ടിനെ ഇന്ത്യയുടെ യുഗമാക്കി മാറ്റുക എന്ന ദർശനത്തെ ജനങ്ങൾ സർവാത്മനാ പിന്തുണയ്ക്കുമെന്ന് പ്രത്യാശിക്കാം.
(ഐക്യരാഷ്‌ട്ര സഭയുടെ മുൻ അസിസ്റ്റന്‍റ് സെക്രട്ടറി ജനറലാണ് ലേഖിക)