ഗിരിരാജ് സിങ്
ഗിരിരാജ് സിങ്
കേന്ദ്ര ടെക്സ്റ്റൈൽസ് മന്ത്രി
തുണിത്തരങ്ങളെക്കുറിച്ചു സംസാരിക്കുമ്പോൾ വ്യാപാരത്തിന്‍റെ ഭാഷയാണ് പലപ്പോഴും നാം ഉപയോഗിക്കുന്നത്. കയറ്റുമതിയും ഇറക്കുമതിയും കമ്മിയും മിച്ചവുമൊക്കെ അതിൽ കടന്നുവരുന്നു. എന്നാൽ ആ രീതിയിൽ ചെറുതായി കാണുന്നത്, യഥാർഥത്തിൽ എന്താണു നടക്കുന്നതെന്നു പൂർണമായി മനസിലാക്കാൻ സഹായിക്കില്ല. ഇന്ത്യയുടെ തുണിത്തര മേഖലയുടെ ശക്തി വിദേശ കയറ്റുമതിയിൽ മാത്രമല്ല; ശാശ്വതമായ മറ്റു ചില കാര്യങ്ങളിലാണ് നിലയുറപ്പിച്ചിട്ടുള്ളത്. വർധിക്കുന്ന ജനസംഖ്യ, വേഗത കുറയ്ക്കാൻ വിസമ്മതിക്കുന്ന ആഭ്യന്തര എൻജിൻ; ഒപ്പം, വികസിക്കുന്ന അഭിരുചി. സ്വത്വവും അഭിലാഷവും തേടുന്ന 143 കോടി ഇന്ത്യക്കാരാണ് ഇതിനെ മുന്നോട്ടു നയിക്കുന്നത്.
ഇതൊരു വിപ്ലവമായിരുന്നു. അതു മാധ്യമങ്ങളിലൂടെ പ്രചരിച്ചതല്ല, നെയ്തെടുക്കപ്പെട്ടതാണ്. ഡിജിറ്റൽ മുന്നേറ്റങ്ങൾക്കും അടിസ്ഥാന സൗകര്യങ്ങളുടെ കുതിച്ചുചാട്ടത്തിനും പിന്നാലെ ലോകം സഞ്ചരിച്ചപ്പോൾ, ഇന്ത്യയുടെ അടിത്തട്ടിൽ നിശബ്ദവും കൂടുതൽ ആഴമേറിയതുമായ മാറ്റം വന്നുകൊണ്ടിരിക്കുകയായിരുന്നു. ഒരുകാലത്ത് പൈതൃക വ്യവസായമായി മാറ്റിനിർത്തപ്പെട്ട ഒന്നിനെ, കരുത്ത്, നവീകരണം, അഭിമാനം എന്നിവയുടെ ശക്തിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൻ കീഴിൽ പുനർനിർമിച്ചു. ഭാഗൽപുരിലെ തിളങ്ങുന്ന പട്ടുനൂലുകൾ മുതൽ പാനിപ്പത്തിലെ പുനരുപയോഗ തുണിത്തരങ്ങൾ വരെയുള്ള പരിവർത്തനം സ്ഥിരതയുള്ളതും അതിശയകരവുമായിരുന്നു.
2047ഓടെ വികസിത ഇന്ത്യ കെട്ടിപ്പടുക്കുന്നതിനുള്ള അടിത്തറ കോൺക്രീറ്റിനും ഉരുക്കിനും അപ്പുറത്തേക്ക് എത്തണം. ടെക്സ്റ്റൈൽ മേഖലയിലേതിനേക്കാൾ വ്യക്തമായി ഈ കാഴ്ചപ്പാട് മറ്റൊരിടത്തും സാക്ഷാത്കരിക്കപ്പെടുന്നില്ല. 4.6 കോടി ജനങ്ങളുള്ള രണ്ടാമത്തെ വലിയ തൊഴിൽദാതാവ് എന്ന നിലയിൽ ഇത് ഒരു വ്യവസായത്തിനും മേലെയാണ്. വൈദഗ്ധ്യത്തിന്‍റെയും തിരിച്ചറിവിന്‍റെയും സാധ്യതകളുടെയും ആവാസ വ്യവസ്ഥയാണിത്. ഒരിക്കൽ പിന്നാക്കം നിന്നിരുന്ന ഈ മേഖല നിശബ്ദമായി ആധുനിക സാമ്പത്തിക വളർച്ചാ യന്ത്രമായി രൂപാന്തരപ്പെട്ടു. പരമ്പരാഗത നെയ്ത്ത് ആഗോള വിപണികളിൽ പ്രവേശിക്കുകയാണ്. അതേസമയം സാങ്കേതിക തുണിത്തരങ്ങൾ എയ്‌റോസ്‌പേസിലേക്കും കൃഷിയിലേക്കും കടന്നുവരുന്നു.
വളർച്ചയുടെ ദശകം;
കണക്കുകൾ പറയുന്ന കഥ
2014ൽ നമ്മുടെ ഗവണ്മെന്‍റ് അധികാരത്തിലേറുമ്പോൾ, ഇന്ത്യയുടെ തുണിത്തര മേഖല വഴിത്തിരിവിലായിരുന്നു. പാരമ്പര്യത്തിൽ അടിയുറച്ചതും എന്നാൽ ആഗോളവൽക്കരണ മത്സരക്ഷമതയിൽ വഴിതെറ്റി അലയുന്നതുമായ കാലമായിരുന്നു അത്. ഒരുകാലത്ത് നിലച്ചുപോയെന്നു കരുതപ്പെട്ട ഈ മേഖലയാണ് പിന്നീടു പുനർനിർമിക്കപ്പെട്ടത്. സമർഥ് പദ്ധതിയിലൂടെയുള്ള നൈപുണ്യവികസനം, പരുത്തി ഉൽപ്പാദനക്ഷമതാ ദൗത്യം, പിഎൽഐ പദ്ധതി, പിഎം മിത്ര പാർക്കുകൾ വഴിയുള്ള ലോകോത്തര അടിസ്ഥാന സൗകര്യങ്ങൾ എന്നിവയിലൂടെ ടെക്സ്റ്റൈൽ മേഖലയുടെ വ്യാപ്തിയും ഘടനയും പുനർനിർമിച്ചു.
2014ൽ 3 കോടിയായിരുന്ന തുണിത്തര മേഖലയിലെ തൊഴിലവസരങ്ങൾ ഇപ്പോൾ 4.6 കോടിയായി. വിപണി വലിപ്പം 112 ശതകോടി ഡോളറിൽ നിന്ന് 176 ശതകോടിയായി ഉയർന്നു. ഈ മേഖലയുടെ ആധാരശിലയായ വസ്ത്ര കയറ്റുമതി 14 ശതകോടി ഡോളറിൽ നിന്ന് 18 ശതകോടി ഡോളറായി. ദീർഘകാലമായി മുടങ്ങിക്കിടന്ന ഇന്ത്യാ- ബ്രിട്ടൻ സ്വതന്ത്ര വ്യാപാര കരാർ പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ ഒപ്പുവച്ചത് രാജ്യത്തിന്‍റെ തുണിത്തര മേഖലയ്ക്ക് വ്യക്തമായ മുൻതൂക്കം നൽകുന്നു. ഇതിലൂടെ രാജ്യം ആഗോള ഉൽപ്പാദനത്തിന്‍റെയും കയറ്റുമതിയുടെയും കേന്ദ്രസ്ഥാനത്തെത്താനുള്ള വഴി തുറക്കുകയും ചെയ്യുന്നു.
പരുത്തിപ്പാടങ്ങളിൽ നിന്ന്
കാർബൺ ഫൈബറിലേക്ക്
പരുത്തിപ്പാടങ്ങളിൽ നിന്നു കാർബൺ ഫൈബറിലേക്കും, കൈത്തറിയിൽ നിന്ന് ഉയർന്ന പ്രകടനക്ഷമതയുള്ള സാങ്കേതിക തുണിത്തരങ്ങളിലേക്കും ഇന്ത്യയുടെ തുണിത്തര ഗാഥ വ്യാപിച്ചിരിക്കുകയാണ്. പരമ്പരാഗത തുണിത്തരങ്ങൾക്ക് അപ്പുറത്തേക്ക് ഇതു വളരുന്നു. പ്രകൃതിദത്ത നാരുകൾക്ക് ഗവണ്മെന്‍റ് അഭൂതപൂർവമായ പിന്തുണ നൽകിയിട്ടുണ്ട്. പുതിയ പരുത്തി ഉൽപ്പാദന ദൗത്യത്തിലൂടെ, 2030 ആകുമ്പോഴേക്കും പരുത്തി ഉൽപ്പാദനം 5.70 MMTയിൽ നിന്ന് 7.70 MMT ആയും ഉൽപ്പാദനക്ഷമത ഹെക്റ്ററിന് 439 കിലോഗ്രാമിൽ നിന്ന് 612 കിലോയായും ഉയർത്താനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. നിലവിൽ, പരുത്തി കയറ്റുമതി 3.16 ശതമാനമാണ്. കസ്തൂരി കോട്ടൺ ആഗോള പരുത്തി കയറ്റുമതി വിപണിയുടെ ഒരു ശതമാനവും. 2030 ആകുമ്പോഴേക്കും ആഗോളതലത്തിലെ പ്രീമിയം പരുത്തി കയറ്റുമതിയിൽ രാജ്യത്തിന്‍റെ പങ്ക് 10% ആക്കുക എന്നതാണ് ലക്ഷ്യം. 11 വർഷത്തിനിടെ കോട്ടൺ കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ പരുത്തി സംഭരണം 338% വർധിച്ചു. ഇടത്തരം വലിപ്പവും നീളമുള്ളതുമായ പരുത്തിയുടെ കുറഞ്ഞ താങ്ങുവില ഇരട്ടിയിലധികമായി. ഇതു കർഷകർക്ക് നേരിട്ടു പ്രയോജനപ്പെടുന്നു. പട്ടുനൂൽ ഉൽപ്പാദനം 58%ത്തിലധികം വർധിച്ചു. തളർച്ചയിലായിരുന്ന ചണം പോലും വീണ്ടും ചലനാത്മകമായി. വൈവിധ്യമാർന്ന ചണ ഉൽപന്നങ്ങൾക്കായുള്ള ആവശ്യകത കുതിച്ചുയരുന്നതിന്‍റെ ഫലമായി 2014ലെ ₹1,470 കോടിയിൽ നിന്ന് 2024ൽ ₹3,000 കോടിയിലധികമെന്ന നിലയിൽ ചണ കയറ്റുമതി ഇരട്ടിയിലധികമായി. ഈ ദശകത്തിൽ ചണ ഉൽപ്പന്ന കയറ്റുമതി മൂന്നിരട്ടിയിലധികം വർധിച്ചു.
പ്രകൃതിദത്ത നാരുകളിൽ രാജ്യം വേരുകൾ ശക്തിപ്പെടുത്തുന്നു. ₹10,683 കോടി വിഹിതവും 3 ലക്ഷത്തിലധികം തൊഴിലവസരങ്ങളും സൃഷ്ടിച്ച്, ഉൽപ്പാദനബന്ധിത ആനുകൂല്യ പദ്ധതി, പിപിഇ കിറ്റുകളുടെ ആഗോള ഉൽപ്പാദകരായി മാറാൻ രാജ്യത്തെ സഹായിച്ചു. സാങ്കേതിക തുണിത്തര വിപണി 2025ൽ ഏകദേശം 26 ശതകോടി ഡോളറായി ഉയർന്നു. തുച്ഛമായ കയറ്റുമതിയിൽ നിന്ന്, രാജ്യം ഇപ്പോൾ 3 ശതകോടി ഡോളർ ബാഹ്യവ്യാപാരം രേഖപ്പെടുത്തുന്നു. അഗ്രോടെക് മുതൽ മെഡിടെക് വരെ, സാങ്കേതിക തുണിത്തരങ്ങളുടെ 12 ഉപവിഭാഗങ്ങളിലും നിർണായക മുന്നേറ്റം നടത്തുന്നു.
ഫൈബർ മുതൽ ഫാഷൻ വരെയുള്ള മുഴുവൻ മൂല്യശൃംഖലയെയും ഒരുമിച്ച് കൊണ്ടുവരുന്ന സംയോജിത പ്ലഗ് ആൻഡ് പ്ലേ, വൺ സ്റ്റോപ്പ് സൊല്യൂഷൻ ടെക്സ്റ്റൈൽ ഹബ്ബുകളായി 7 പിഎം മിത്ര പാർക്കുകൾ വികസിപ്പിക്കുന്നു. ഇവ ₹70,000 കോടി നിക്ഷേപം ആകർഷിക്കുകയും 22 ലക്ഷത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യും. ₹22,000 കോടി ഇതിനകം ഉറപ്പായിട്ടുണ്ട്. 50 ടെക്സ്റ്റൈൽ പാർക്കുകൾ ഇന്‍റഗ്രേറ്റഡ് ടെക്സ്റ്റൈൽസ് പാർക്കുകൾക്കായുള്ള പദ്ധതി പ്രകാരം വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഇത് ₹15,000 കോടി നിക്ഷേപം ആകർഷിക്കുകയും 1.3 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നു.
ഹരിത തുണിത്തര സമ്പദ്‌വ്യവസ്ഥ:
ഗവേഷണ വികസനങ്ങൾ
രാജ്യത്തിന്‍റെ തുണിത്തര മേഖലയിൽ അവഗണിക്കപ്പെട്ടവയായിരുന്നു ഗവേഷണവും നവീകരണവും. മുൻ ഗവണ്മെന്‍റുകളുടെ കീഴിൽ, വ്യവസായം പരമ്പരാഗത നാരുകളുമായി ബന്ധപ്പെട്ടിരുന്നു. ആധുനികവൽക്കരണത്തിനോ സുസ്ഥിരതയ്ക്കോ കാര്യമായ ശ്രമങ്ങൾ നടന്നില്ല. ഗവേഷണ- വികസനങ്ങളെ തുണിത്തര തന്ത്രത്തിന്‍റെ കാതലിൽ പ്രതിഷ്ഠിച്ചും ആഗോള മത്സരക്ഷമതയുമായി പാരിസ്ഥിതിക ഉത്തരവാദിത്വത്തെ സംയോജിപ്പിക്കുന്ന അടുത്ത തലമുറ നാരുകളുടെ പര്യവേക്ഷണം പിന്തുണച്ചും കേന്ദ്ര ഗവണ്മെന്‍റ് ഈ നിഷ്ക്രിയത്വം ഇല്ലാതാക്കി. 2020 മുതൽ, നാഷണൽ ടെക്നിക്കൽ ടെക്സ്റ്റൈൽ മിഷനു കീഴിൽ ₹509 കോടി രൂപയുടെ 168 ഗവേഷണ പദ്ധതികൾക്ക് അംഗീകാരം ലഭിച്ചു, ഇത് തന്ത്രപരമായ നിക്ഷേപത്തിലേക്കു നിർണായക മാറ്റമായി.
2030ഓടെ മേഖലയുടെ മൂല്യം 350 ശതകോടി ഡോളർ എന്ന നിലയിൽ ഇരട്ടിയാക്കുക എന്ന ലക്ഷ്യമിട്ടപ്പോൾ, സുസ്ഥിരതയും ചിന്താവിഷയമായി. ഫാഷൻ വേഗത കൈവരിക്കുമ്പോൾ, 2030 ഓടെ ഇത് $50-$60 ശതകോടി വിപണിയായി വളരുമെന്ന് പ്രതീക്ഷിക്കുന്നു. ഒപ്പം, തുണിത്തര മാലിന്യത്തിലും വർധനവ് സംഭവിക്കുന്നു. ഇതിനുള്ള പ്രതികരണമായി ഉപയോഗത്തിനു മുമ്പും ശേഷവുമുള്ള തുണിത്തരങ്ങളുടെ പുനരുപയോഗത്തിനുള്ള ലോകത്തെ ഏറ്റവും വലിയ കേന്ദ്രമായി പാനിപ്പത്ത് ഉയർന്നുവന്നു. ഇന്ന്, പുനരുപയോഗ നാരുകളുടെ ലോകത്തെ രണ്ടാമത്തെ വലിയ ഉൽപ്പാദകരാണ് ഇന്ത്യ. പ്രതിവർഷം 40 ശതകോടിയിലധികം പ്ലാസ്റ്റിക് കുപ്പികൾ പുനഃചംക്രമണം ചെയ്യുന്നു. 90 ശതമാനത്തിലധികം പെറ്റ് കുപ്പികൾ പുനരുപയോഗം ചെയ്യപ്പെടുന്നു. ആഗോളതലത്തിൽ ഏറ്റവും ഉയർന്ന നിരക്കുകളിൽ ഒന്നാണിത്. സീറോ ലിക്വിഡ് ഡിസ്ചാർജ് (ZLD) സംവിധാനവും കോമൺ എഫ്ലുവന്‍റ് ട്രീറ്റ്മെന്‍റ് പ്ലാന്‍റുകളും (CETPs) പ്രോത്സാഹിപ്പിക്കാൻ ഇന്‍റഗ്രേറ്റഡ് പ്രോസസിങ് ഡവലപ്‌മെന്‍റ് സ്കീമിന് കീഴിൽ 6 പദ്ധതികൾക്ക് അംഗീകാരം നൽകി.
ഇത് ദേശീയ ജിഡിപിയിലേക്ക് 4.25% സംഭാവന ചെയ്യുന്ന വിശാലമായ ജൈവ സമ്പദ്‌വ്യവസ്ഥയിലേക്കാണ് നയിക്കുന്നത്. ഇതിന്‍റെ മൂല്യം 165.7 ശതകോടി ഡോളറാണ്. വരും വർഷങ്ങളിൽ ഇത് ഇരട്ടിയാകും. ഈ പരിവർത്തനത്തിന്‍റെ പ്രധാന സ്തംഭം ബദൽ നാരുകളുടെ ഉയർച്ചയാണ്. ഉയർന്ന പ്രകടനക്ഷമതയുള്ളതും കാലാവസ്ഥയ്ക്ക് അനുയോജ്യവുമായ പ്രകൃതിദത്ത വസ്തുക്കളാണ് റാമി (Ramie), മിൽക്ക് വീഡ് (Milkweed), ഫ്ലാക്‌സ് (Flax), സിസൽ (Sisal) എന്നിവ. ഒരുകാലത്ത് കാർഷിക മേഖലയിൽ കളയായി കണക്കാക്കപ്പെട്ടിരുന്ന മിൽക്ക്‌വീഡ് ഇപ്പോൾ ഉയർന്ന നിലവാരമുള്ള ഉപയോഗത്തിനായി ഇൻസുലേഷൻ- ഗ്രേഡ് തുണിത്തരങ്ങളായി പരിഷ്കരിക്കപ്പെടുന്നു.
കരകൗശല വളർച്ച
റിപ്പബ്ലിക് ദിനത്തിൽ, ഇ-പെഹ്ചാൻ കാർഡിന്‍റെ സമാരംഭം നിശബ്ദ വിപ്ലവം അടയാളപ്പെടുത്തി. 35 ലക്ഷം നെയ്ത്തുകാർക്കുള്ള ഡിജിറ്റൽ രജിസ്ട്രിയായി ആരംഭിച്ചത് പിന്നീട് ജീവസുറ്റ പ്രസ്ഥാനമായി വളർന്നു, 35,000 പുതിയ നെയ്ത്തുകാരെ ഇതിന്‍റെ ഭാഗമാക്കി. തറികൾ വീടുകളിലേക്ക് മടങ്ങുകയാണ്. പുതിയ തലമുറ അത് അഭിമാനത്തോടെ ഏറ്റെടുക്കുന്നു. കരകൗശല മേഖലയിൽ, 30 ലക്ഷത്തിലധികം കരകൗശല വിദഗ്ധർ പെഹ്ചാൻ കാർഡിന് കീഴിൽ രജിസ്റ്റർ ചെയ്തു. ഇത് ഔപചാരിക തിരിച്ചറിയലും ഗവണ്മെന്‍റ് പിന്തുണയും ഉറപ്പാക്കുന്നു.
2014ന് മുമ്പ്, മുദ്ര പദ്ധതിയിലൂടെയുള്ള പിന്തുണ 1.25 ലക്ഷം നെയ്ത്തുകാരിൽ മാത്രമേ എത്തിയിരുന്നുള്ളൂ. ഇന്ന് 3 ലക്ഷത്തിലധികം പേർക്ക് പ്രയോജനം ലഭിച്ചു. തറി ഇനി പ്രതീകം മാത്രമല്ല. അത് വലിയ സ്വപ്നങ്ങളുടെ സങ്കേതമാണ്. അതു ചെറുകിട വ്യവസായം പ്രാപ്തമാക്കുകയും ആഗോള വിപണികളിലേക്കുള്ള വഴി തുറക്കുകയും ചെയ്യുന്നു.
കരകൗശല വിദഗ്ധർ ലോക വേദിയിലേക്ക് ആത്മവിശ്വാസത്തോടെ ചുവടുവച്ചതോടെ, കയറ്റുമതി 2014ലെ ₹29,000 കോടിയിൽ നിന്ന് ₹49,000 കോടിയിലധികമായി ഉയർന്നു. 313 ജിഐ ടാഗുകൾ, ഭാരത് ടെക്സിന്‍റെ രണ്ട് പതിപ്പുകൾ, വളർന്നുവരുന്ന ആഗോള പാദമുദ്രകൾ എന്നിവയിലൂടെ, പരമ്പരാഗത കരകൗശല വസ്തുക്കൾ സാമ്പത്തിക മൂല്യത്തിന്‍റെയും സാംസ്കാരിക അന്തസിന്‍റെയും ചാലകങ്ങളായി പുനഃസ്ഥാപിക്കപ്പെട്ടു. ഇന്ന് ബനാറസി നെയ്ത്തുകാരി അല്ലെങ്കിൽ കച്ച് എംബ്രോയിഡറി ഒരു പാരമ്പര്യം സംരക്ഷിക്കുക മാത്രമല്ല, സമകാലിക ആഡംബരത്തെ നിർവചിക്കുകയും കയറ്റുമതിയെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു.
ഈ പരിവർത്തനത്തിന്‍റെ കേന്ദ്രബിന്ദു, 2017ൽ ഗവണ്മെന്‍റ് ആരംഭിച്ച മുൻനിര നൈപുണ്യ പരിപാടിയായ "സമർഥ്' ആണ്. ഇതിലൂടെ സ്ത്രീകൾ, ഗ്രാമീണ യുവാക്കൾ, പരമ്പരാഗത കരകൗശല വിദഗ്ധർ എന്നിവർക്ക് വ്യവസായ മാനദണ്ഡങ്ങൾ പാലിക്കുന്നതിന് പരിശീലനം നൽകി. 2014 മുതൽ, സംയോജിത നൈപുണ്യ വികസന പദ്ധതിക്കും സമർഥിനും കീഴിൽ 12.55 ലക്ഷത്തിലധികം പേർക്ക് പരിശീലനം നൽകി. പുതിയ നൈപുണ്യവും കേന്ദ്രീകൃത പിന്തുണയും ഉപയോഗിച്ച് അവർ അതിജീവിക്കുക മാത്രമല്ല, നേതൃത്വമേകുകയും ചെയ്യുന്നു. ONDC, India Handmade പോലുള്ള പ്ലാറ്റ്‌ഫോമുകൾ ഇടനിലക്കാരെ ഒഴിവാക്കാനും, ആഗോള വിപണികളിലേക്ക് പ്രവേശിക്കാനും, സുസ്ഥിരവും സ്വന്തം ഉടമസ്ഥതയിലുള്ളതുമായ സംരംഭങ്ങൾ കെട്ടിപ്പടുക്കാനും അവരെ പ്രാപ്തരാക്കി. വൈദഗ്ധ്യമുള്ള പ്രതിഭകളുടെ ഈ വളർന്നുവരുന്ന കൂട്ടം പുതിയ സർഗാത്മക സമ്പദ്‌വ്യവസ്ഥ കെട്ടിപ്പടുക്കുകയാണ്.
2014ന് ആരംഭിച്ച 4 പുതിയ ക്യാംപസുകളുള്ള NIFT, പാരമ്പര്യത്തെ നവീകരണവുമായി വലിയ തോതിൽ സംയോജിപ്പിച്ച്, ഈ രൂപകൽപ്പനാവിപ്ലവത്തിന്‍റെ കേന്ദ്ര ബിന്ദുവായി മാറി. ട്രെൻഡ് പ്രവചനത്തിനായുള്ള VisioNxt, തദ്ദേശീയ അളവു സംവിധാനത്തിനുള്ള ഇന്ത്യാ സൈസ് എന്നിവ പോലുള്ള സ്വദേശീയ ഉപകരണങ്ങളിലൂടെ, ഇനി പടിഞ്ഞാറിനെ പിന്തുടരേണ്ട എന്നു രാജ്യം തീരുമാനിച്ചുകഴിഞ്ഞു. ഇനി നാം സ്വന്തം നിലവാരം സ്ഥാപിക്കുകയാണ്.
വികസിത ഭാരതം 2047നെ
കൂട്ടിയിണക്കിയ കാഴ്ചപ്പാട്
രാജ്യത്തിന്‍റെ തുണിത്തര യാത്ര ഇനി നൂലുകളെക്കുറിച്ചും പാരമ്പര്യത്തെക്കുറിച്ചുമുള്ളതല്ല. രാജ്യത്തിന്‍റെ ഭാവി രൂപപ്പെടുത്തുന്നതിനെക്കുറിച്ചുള്ളതാണ്. ഈ ഗവൺമെന്‍റിന്‍റെ കീഴിൽ, ഈ മേഖല പാരമ്പര്യ വ്യവസായത്തിൽ നിന്ന് തൊഴിലവസരങ്ങൾ സൃഷ്ടിക്കൽ, കയറ്റുമതിയും യുവാക്കളുടെ വൈദഗ്ധ്യവും വർധിപ്പിക്കൽ, സുസ്ഥിരതയെ കാതലായി സ്ഥാപിക്കൽ എന്നിവയുള്ള തന്ത്രപരമായ ശക്തിയായി പരിണമിച്ചു.
ഇന്ന്, രാജ്യത്തിന്‍റെ തുണിത്തര മേഖല വളരുക മാത്രമല്ല, അത് നേതൃത്വമേകുകയും ചെയ്യുന്നു. ഹരിതവും ആഗോളവും ഭാവിസജ്ജവുമാണത്. ലോകത്തെയാകെ ഉൾക്കൊള്ളുന്നതും, പ്രതിരോധശേഷിയുള്ളതും, സുസ്ഥിരവുമായ മാതൃകകൾക്കായി തെരയുമ്പോൾ, ഇന്ത്യ അതിന്‍റെ ഊഴം കാത്തിരിക്കുകയല്ല, മറിച്ച്, നേതൃത്വമേറ്റ് മുന്നോട്ടുപോകുകയാണ്. ഓരോ ചുവടുവയ്പ്പിലും മോദി ഗവണ്മെന്‍റ് നെയ്ത്തുകാർക്കും കരകൗശല വിദഗ്ധർക്കും സംരംഭകർക്കും ഒപ്പം നടക്കുന്നു. കാഴ്ചപ്പാടിനെ പ്രവർത്തനമായും, പാരമ്പര്യത്തെ വിജയമായും മാറ്റിയെടുക്കുന്നു.