എപ്സ്റ്റീൻ ഫയലിലും ഹിന്ദു പുരാണത്തിലുമുള്ള വിഭ്രാന്തിയുണ്ടാക്കുന്ന 'സോംബി' പുഷ്പം
എപ്സ്റ്റീൻ ഫയലിലെ റിപ്പോർട്ടുകളുമായി ബന്ധപ്പെട്ട് ഓരോ ദിവസവും ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളാണുണ്ടാകുന്നത്. ജെഫ്രി എപ്സ്റ്റീൻ സ്വന്തം പൂന്തോട്ടത്തിൽ വളർത്തിയിരുന്ന സോംബി പുഷ്പത്തെക്കുറിച്ചുള്ള റിപ്പോർട്ടുകളാണിപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഒരാളുടെ മാനസികാവസ്ഥയെ തന്നെ മാറ്റാൻ കഴിവുള്ള കുപ്രസിദ്ധമായ ട്രംപറ്റ് പൂക്കളാണ് ജെഫ്രി സ്വന്തം പൂന്തോട്ടത്തിൽ വളർത്തിയിരുന്നത്. സ്കോപോലമിൻ അടങ്ങിയിരിക്കുന്നതിനാൽ ചെകുത്താന്‍റെ ശ്വാസം എന്നാണ് ട്രംപറ്റ് പൂക്കളെ വിശേഷിപ്പിക്കുന്നത്.
പണ്ടു കാലത്ത് സിഐഎ കുറ്റാന്വേഷണത്തിനും മറ്റുമായി സ്കോപോലമിൻ ഉപയോഗിച്ചിരുന്നതായും റിപ്പോർട്ടുകളുണ്ട്. ഈ പൂവിന്‍റെ ഗന്ധം ശ്വസിക്കുന്നതോടെ ഒരു വ്യക്തി പൂർണമായും വിചിത്രമായ മാനസികാവസ്ഥയിലേക്ക് മാറ്റപ്പെടും. മറ്റൊരാൾ പറയുന്നതെന്തും അനുസരിക്കും, അതു മാത്രമല്ല അതേക്കുറിച്ചൊന്നും യാതൊരു ഓർമയുമുണ്ടാകുകയുമില്ല. ജെഫ്രി എപ്സ്റ്റീൻ ട്രംപറ്റ് പൂക്കളെ പരാമർശിച്ചു കൊണ്ട് ഒന്നിലധികം ഇമെയിലുകൾ അയച്ചിരുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്.മെയിലുകളുടെ സ്ക്രീൻ ഷോട്ടുകളും വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ഹാലുസിനേഷനിലേക്ക് നയിക്കുന്ന പൂവ്
2015 ജനുവരി 27ന് ഫോട്ടോഗ്രഫർ അന്‍റോയിൻ വെർഗ്ലാസ് ഫോർവേഡ് ചെയ്ത് ഒരു മെയിലിന്‍റെ സ്ക്രീൻ ഷോട്ടും പ്രചരിക്കുന്നുണ്ട്. സബ്ജകറ്റ് ലൈനിൽ സ്കോപോലമിൻ: കൊളംബിയയിലെ വനത്തിൽ വളരുന്ന സ്വതന്ത്രമായ ഇച്ഛാശക്തിയെ ഇല്ലാതാക്കുന്ന ശക്തമായ ലഹരി എന്നാണ് കുറിച്ചിരിക്കുന്നത്. മെയിൽ ജെഫ്രിക്കാണ് അയച്ചിരിക്കുന്നത്. നിങ്ങൾക്കാവശ്യമുള്ള എന്തു കാര്യങ്ങളും അവരെക്കൊണ്ട് ചെയ്യിക്കാം. അവർ ഒരു കുട്ടിയെ പോലെയായിരിക്കും എന്ന പരാമർശമുള്ള ആർട്ടിക്കിളുകളും ഫോർവേഡ് ചെയ്തിട്ടുണ്ട്.
2014 മാർച്ച് 3 ന് ആൻ റോഡ്രിഗസിന് ജെഫ്രി നേരിട്ട് അയച്ച ഒരു മെയിലും പുറത്തു വന്നിട്ടുണ്ട്. ക്രിസിനോട് എന്‍റെ നഴ്സറിയിലെ ട്രംപറ്റ് ചെടികളെക്കുറിച്ച് ചോദിക്കൂ എന്നാണ് മെയിലിൽ ഉള്ളത്. ജെഫ്രിയുടെ നഴ്സറിയിൽ ട്രംപറ്റ് പൂക്കൾ ഉണ്ടായിരുന്നുവെന്ന് ഈ മെയിലിൽ നിന്നു തന്നെ വ്യക്തമാണ്.
2022 ഫെബ്രുവരി 7ന് ഗില്ലേർമോ ഫാരിനാസ് ജുവാൻ അന്‍റോണിയോ ഗോൺസെലസിന് അയച്ച മറ്റൊരു മെയിലും ഫയലിലുണ്ട്. ഈ വ്യക്തികൾ ആരാണെന്നോ ഇപ്പോഴെന്തു ചെയ്യുന്നെന്നോ വ്യക്തമല്ല. ജോസഫ് മാൻസാറോ എന്ന വ്യക്തി ട്രംപറ്റ് പൂവ് ഉപയോഗിച്ചതിനു ശേഷമുള്ള സംഭവങ്ങളെക്കുറിച്ചാണ് എഴുതിയിരിക്കുന്നത്.
ചികിത്സയ്ക്കും ഉപയോഗിക്കും
ബ്രുഗ്മാൻസിയ അല്ലെങ്കിൽ ഡാറ്റ്യുറ എന്നറിയപ്പെടുന്ന സ്പീഷ്യസിൽ പെടുന്നതാണ് ഈ ട്രംപറ്റ് പുഷ്പം. ട്രംപറ്റിന്‍റെ ആകൃതിയിലുള്ള പൂക്കളാണ് ഇതിൽ വിരിയുന്നത്. സ്ക്പോലമിനു പുറമേ അട്രോപൈൻ, ഹൈയോസൈയാമിൻ തുടങ്ങിയ ട്രോപെയിൻ ആൽക്കലോയിഡുകളും ഈ ചെടിയിൽ അടങ്ങിയിട്ടുണ്ട്. മനുഷ്യന്‍റെ നാഡീവ്യൂഹത്തെയാണ് ഇവ നേരിട്ട് ബാധിക്കുന്നത്.
സ്കോപോലമിൻ ചെറിയ അളവിൽ ചികിത്സയ്ക്കായും ഉപയോഗിക്കാറുണ്ട്. സർജറിക്കു ശേഷമുള്ള ഛർദി, യാത്രയ്ക്കിടയിലുള്ള ഛർദി എന്നിവ ഒഴിവാക്കാനായി സ്കോപോലമിൻ ചെറിയ അളവിൽ കഴിക്കാവുന്നതാണ്. അതേ സമയം വൻ തോതിൽ ഇവ അകത്തു ചെന്നാൽ മാനസിക വിഭ്രാന്തിയും ആക്രമണസ്വഭാവവും ഉണ്ടാകും. കാഴ്ച മങ്ങുകയും ഓർമ ഇല്ലാതാകുകയും ചെയ്യും. ചില സന്ദർഭങ്ങളിൽ കോമ അവസ്ഥയിലായേക്കാം. മരണത്തിനു വരെ സാധ്യതയുണ്ട്. തെക്കേ അമെരിക്കയാണ് ഇവയുടെ നാട്. ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിൽ ഇവ വളരുന്നുണ്ട്. കാണാൻ വളരെ ഭംഗിയുണ്ടെങ്കിലും വിഷമയമാണിന്‍റെ പൂവ്.
ഹിന്ദു പുരാണം
പരമശിവനുമായി ബന്ധപ്പെട്ട് ഹിന്ദു പുരാണങ്ങളിൽ ഡാറ്റ്യുറ (കറുത്തുമ്മം) പൂവിനെക്കുറിച്ച് പരാമർശിക്കുന്നുണ്ട്. പാലാഴി കഴഞ്ഞ് അമൃത് എടുക്കുന്നതിനു മുൻപ് പുറത്തു വന്ന കാളകൂട വിഷത്തിനൊപ്പമാണ് ഈ പൂവും ജനിച്ചതെന്നാണ് വിശ്വാസം. പിന്നീട് ഭഗവാൻ വിഷം കഴിച്ചാണ് ലോകത്തെ രക്ഷിച്ചത്. ഏത് മോശം കാലാവസ്ഥയിലും വളരുന്ന ചെടിയാണ് കറുത്തുമ്മം. അതു കൊണ്ടു തന്നെ ശിവനുമായി അടുത്ത ബന്ധമുള്ള ഗുണങ്ങളായ സ്ഥൈര്യം, തപസ് എന്നിവയുടെ പ്രതീകമായി ഈ പൂക്കളെ കാണാറുണ്ട്. ഇന്ത്യയിൽ വിവിധ ശിവക്ഷേത്രങ്ങളിൽ ഈ ചെടിയുടെ പൂവും കായും ശിവന് നേദിക്കാറുണ്ട്.