മന്നത്തിന്‍റെ നാൾവഴികൾ 
Special Story

മന്നത്തിന്‍റെ നാൾവഴികൾ

ചങ്ങനാശ്ശേരി മലയാളം സ്‌കൂളിൽ പഠിച്ച് സർക്കാർകീഴ്ജീവനപരീക്ഷ വിജയിച്ചശേഷം കാഞ്ഞിരപ്പള്ളിയിൽ വാദ്ധ്യാരായി ജോലിയിൽ പ്രവേശിച്ചു

Namitha Mohanan

ജനുവരി രണ്ടിനാണ് മന്നത്തുപത്മനാഭന്‍റെ ജനനം. പെരുന്നയിൽ മന്നത്തുവീട്ടിൽ പാർവതിയമ്മയുടെയും, വാകത്താനം നീലമനഇല്ലത്ത് ഈശ്വരൻനമ്പൂതിരിയുടെയും പുത്രനായി ജനിച്ച അദ്ദേഹത്തിന് മാതാവിന്‍റെ വാത്സല്യംമാത്രമായിരുന്നു ആശ്രയമായിട്ടുണ്ടായിരുന്നത്.

അഞ്ചാമത്തെ വയസിൽ അമ്മ എഴുത്തിനിരുത്തി. എട്ടു വയസുവരെ കളരിയാശാന്‍റെ ശിക്ഷണത്തിൽ കഴിയവേ, സാമാന്യം നല്ലവണ്ണം എഴുതാനും വായിക്കാനും കണക്കുകൂട്ടുവാനും പഠിച്ചു. പിന്നീട് ചങ്ങനാശ്ശേരിയിലുള്ള സർക്കാർസ്‌കൂളിൽ ചേർന്നെങ്കിലും സാമ്പത്തികപരാധീനതകളാൽ അവിടെ തുടരാൻ കഴിഞ്ഞില്ല. പിന്നീട് ഒരു നാടകസംഘത്തിൽ ബാലനടനായി ചേർന്നു. അനുഗൃഹീതനടൻ എന്ന പേര് രണ്ടുവർഷംകൊണ്ട് അദ്ദേഹം സമ്പാദിച്ചു. ബാല്യകാലത്തുതന്നെ തുള്ളൽക്കഥകൾ, ആട്ടക്കഥകൾ, നാടകങ്ങൾ മുതലായ സാഹിത്യഗ്രന്ഥങ്ങൾ വായിച്ച് ഭാഷാജ്ഞാനവും സാഹിത്യവാസനയും പരിപുഷ്ടമാക്കി.

ചങ്ങനാശ്ശേരി മലയാളം സ്‌കൂളിൽ പഠിച്ച് സർക്കാർകീഴ്ജീവനപരീക്ഷ വിജയിച്ചശേഷം കാഞ്ഞിരപ്പള്ളിയിൽ വാദ്ധ്യാരായി ജോലിയിൽ പ്രവേശിച്ചു. താമസിയാതെ ഒരു മാതൃകാദ്ധ്യാപകൻ എന്ന പേരു സമ്പാദിച്ചു. പിന്നീട് പല സർക്കാർപ്രൈമറിസ്‌കൂളുകളിലും പ്രഥമാദ്ധ്യാപകൻ ആയി ജോലിനോക്കി. 27-ാമത്തെ വയസ്സിൽ മിഡിൽ സ്‌കൂൾ അദ്ധ്യാപകൻ ആയിരിക്കുമ്പോൾ ഹെഡ്മാസ്റ്ററുടെ നീതിനിഷേധനടപടിയിൽ പ്രതിഷേധിച്ച് ഉദ്യോഗം രാജിവച്ചു. ഇതിനു രണ്ടുവർഷം മുമ്പ് തുറവൂർ സ്‌കൂളിൽ അദ്ധ്യാപകൻ ആയിരിക്കുമ്പോൾ മജിസ്‌ട്രേറ്റ്പരീക്ഷയിൽ പ്രൈവറ്റായി ചേർന്നു ജയിച്ചിരുന്നതിനാൽ, സന്നതെടുത്ത് ചങ്ങനാശ്ശേരി മജിസ്‌ട്രേറ്റ് കോടതിയിൽ വക്കീലായി പ്രാക്ടീസ് ചെയ്ത അദ്ദേഹം അഭിഭാഷകവൃത്തിയിലും പേരെടുത്തു. തുടർന്ന് പെരുന്ന കരയോഗ ഉദ്ഘാടനം, ചങ്ങനാശ്ശേരി നായർസമാജരൂപീകരണം, നായർ ഭൃത്യജനസംഘപ്രവർത്തനാരംഭം - ഇങ്ങിനെ ഒന്നിനു പുറകേ മറ്റൊന്നായി അദ്ദേഹത്തിന്‍റെ സമുദായപ്രവർത്തനമണ്ഡലം കൂടുതൽ വിപുലമായി. 1914 ഒക്‌ടോബർ 31-ന് നായർസമുദായ ഭൃത്യജനസംഘം രൂപീകരിച്ച് അധികം കഴിയുന്നതിനു മുമ്പ് അതിന്‍റെ നാമധേയം നായർ സർവീസ് സൊസൈറ്റി എന്നാക്കുകയും, പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തുകയും ചെയ്തു. സൊസൈറ്റിയുടെ ആദ്യ സെക്രട്ടറിയായി അദ്ദേഹത്തെ തിരഞ്ഞെടുത്തു.

1924-ൽ നടന്ന ചരിത്രപ്രസിദ്ധമായ വൈക്കംസത്യഗ്രഹം, അദ്ദേഹത്തിന്‍റെ നേതൃത്വത്തിൽ വൈക്കത്തുനിന്നും കാൽനടയായി രാജധാനിയിലേക്കു പുറപ്പെട്ട 'സവർണജാഥ', ഗുരുവായൂർ സത്യാഗ്രഹം തുടങ്ങിയവ അദ്ദേഹത്തിന്‍റെ സംഘടനാചാതുരിയേയും നേതൃപാടവത്തേയും, പ്രക്ഷോഭണവൈദഗ്ദ്ധ്യത്തേയും വെളിപ്പെടുത്തുന്ന സംഭവങ്ങളാണ്. 1914 ഒക്‌ടോബർ 31 മുതൽ 1945 ആഗസ്റ്റ് 17 വരെ 31 വർഷക്കാലം എൻ.എസ്.എസിന്‍റെ ജനറൽ സെക്രട്ടറിയായിരുന്നു. പിന്നീട് മൂന്നുവർഷം പ്രസിഡന്‍റായി. 1947-ൽ സംഘടനയുമായുള്ള ഔദ്യോഗികബന്ധങ്ങൾ വേർപെടുത്തി സ്റ്റേറ്റ് കോൺഗ്രസ്സിനും, ഉത്തരവാദഭരണപ്രക്ഷോഭണത്തിനും നേതൃത്വം നൽകി. മുതുകുളത്തു ചേർന്ന സ്റ്റേറ്റ് കോൺഗ്രസ് യോഗത്തിൽ ചെയ്ത പ്രസംഗത്തെ തുടർന്ന് അദ്ദേഹത്തിന് ജയിൽവാസം അനുഭവിക്കേണ്ടിവന്നു. രണ്ടരമാസത്തിനുശേഷം അദ്ദേഹം ജയിൽ വിമോചിതനായി. പ്രായപൂർത്തി വോട്ടവകാശപ്രകാരം തിരുവിതാംകൂറിൽ ആദ്യമായി നടന്ന തെരഞ്ഞെടുപ്പിൽ പത്തനംതിട്ട നിയോജകമണ്ഡലത്തിൽനിന്നു വിജയിച്ച് അദ്ദേഹം നിയമസഭാസാമാജികനായി. 1949 ആഗസ്റ്റിൽ ആദ്യമായി രൂപീകരിച്ച തിരുവിതാംകൂർ ദേവസ്വംബോർഡിന്‍റെ പ്രസിഡന്‍റായി. തുടർന്ന് പത്തുകൊല്ലം സജീവരാഷ്ട്രീയത്തിൽ പ്രവേശിക്കാതെ സാമൂഹ്യപ്രവർത്തനങ്ങളിലും എൻ.എസ്.എസിന്‍റെ വളർച്ചയിലും ബദ്ധശ്രദ്ധനായി. തിരുക്കൊച്ചി സംസ്ഥാനവും, അനന്തരം കേരളസംസ്ഥാനവും രൂപം പ്രാപിച്ചപ്പോൾ കോൺഗ്രസ് അദ്ദേഹത്തെ വീണ്ടും ക്ഷണിച്ചെങ്കിലും, രാഷ്ട്രീയപ്രവർത്തനത്തിൽ അദ്ദേഹം സജീവമായി ഏർപ്പെട്ടില്ല. 1957-ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് തോറ്റു. കമ്മ്യൂണിസ്റ്റുപാർട്ടി അധികാരത്തിൽ വന്നു. കമ്മ്യൂണിസ്റ്റുഭരണത്തിൽ മനംമടുത്ത് അദ്ദേഹം വിമോചനസമരത്തിനു നേതൃത്വം നൽകി. ആ കമ്മ്യൂണിസ്റ്റുമന്ത്രിസഭ പിരിച്ചുവിടപ്പെടുകയും, പ്രസിഡന്‍റുഭരണം നടപ്പിലാവുകയും ചെയ്തു. രാഷ്ട്രീയസമരരംഗത്ത് അത്ഭുതം സൃഷ്ടിച്ച മഹാനായ സേനാനി എന്ന നിലയിൽ അദ്ദേഹം ലോകപ്രസിദ്ധനായി. മികച്ച ഒരു വാഗ്മിയായിരുന്നു അദ്ദേഹം. സരളമായ ഭാഷാശൈലിയും രചനാരീതിയും അദ്ദേഹത്തിന് അധീനമായിരുന്നു. പഞ്ചകല്യാണിനിരൂപണം, ചങ്ങനാശ്ശേരിയുടെ ജീവിതചരിത്രനിരൂപണം, ഞങ്ങളുടെ എഫ്.എം.എസ്. യാത്ര, എന്‍റെ ജീവിതസ്മരണകൾ എന്നിവ അദ്ദേഹത്തിന്‍റെ കൃതികളാണ്.

സുദീർഘവും കർമ്മനിരതവുമായ സേവനത്തിൽ അഭിമാനംകൊണ്ട് സമുദായം 1960-ൽ അദ്ദേഹത്തിന്‍റെ ശതാഭിഷേകം കൊണ്ടാടി. വിശ്രമരഹിതമായ പ്രവർത്തനങ്ങളിൽ മുഴുകിയിരിക്കെ, 1970 ഫെബ്രുവരി 25-ന് അദ്ദേഹം ഭൗതികമായി നമ്മിൽനിന്നു യാത്ര പറഞ്ഞു. എങ്കിലും അദ്ദേഹത്തിന്‍റെ ആത്മസാന്നിദ്ധ്യം ജീവവായുവായി കരുതുന്ന സമുദായവും നായർ സർവീസ് സൊസൈറ്റിയും അതിനായി ക്ഷേത്രമാതൃകയിൽ തന്നെ അദ്ദേഹത്തിന്‍റെ അന്ത്യവിശ്രമസങ്കേതം സ്ഥാപിച്ച് അദ്ദേഹത്തെ ഈശ്വരതുല്യം ആരാധിക്കുന്നു. ഇന്ന് സർവീസ് സൊസൈറ്റിയുടെ ഏതു നീക്കത്തിനും ആരംഭം കുറിക്കുന്നത് ആ സന്നിധിയിൽനിന്നുമാണ്. സേവനപ്രവർത്തനങ്ങൾ മുഖ്യമായും നായർസമുദായത്തെ കേന്ദ്രീകരിച്ചുള്ളതായിരുന്നെങ്കിലും, അതിന്‍റെ ഗുണഭോക്താക്കൾ നാനാജാതിമതസ്ഥരായ ബഹുജനങ്ങളാണെന്ന വസ്തുതയെ അംഗീകരിച്ച് 1966-ൽ ഇന്ത്യാ ഗവണ്മെന്‍റ് പത്മഭൂഷൺ പുരസ്‌ക്കാരം നൽകി അദ്ദേഹത്തെ ആദരിച്ചു. കൂടാതെ, 1989-ൽ തപാൽവകുപ്പ് അദ്ദേഹത്തിന്‍റെ സ്മാരകമായി സ്റ്റാമ്പ് പ്രസിദ്ധീകരിക്കുകയും ചെയ്തു. വൈകിയാണെങ്കിലും 2014-ൽ കേരളാഗവണ്മെന്‍റ് അദ്ദേഹത്തിന്‍റെ ജന്മദിനം പൊതുഅവധിയായി പ്രഖ്യാപിച്ചു. ആ മഹാത്മാവിന്‍റെ ഓരോ ജന്മദിനവും കേരളത്തിലുടനീളമുള്ള കരയോഗാംഗങ്ങളെയും മറ്റ് അഭ്യുദയകാംക്ഷികളെയും പങ്കെടുപ്പിച്ചുകൊണ്ട് എല്ലാവർഷവും ജനുവരി 1, 2 തീയതികളിൽ നായർ സർവീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ സാഘോഷം കൊണ്ടാടിവരുന്നു.

തമിഴക വെട്രി കഴകത്തിന് പിന്തുണ: മന്നാർഗുഡി എംഎൽഎ എസ്. കാമരാജിനെ പാർട്ടിയിൽ നിന്നും പുറത്താക്കി

'65 ദിവസത്തേക്കുള്ള ക്രൂഡ് ഓയിലും 45 ദിവസത്തേക്കുള്ള എൽപിജി ശേഖരവുമുണ്ട്': ഭയപ്പെടേണ്ടതില്ലെന്ന് കേന്ദ്രമന്ത്രി

വിശ്വാസ വോട്ടെടുപ്പിന് മുന്നോടിയായി എഐഎഡിഎംകെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി വിജയ്

മലപ്പുറത്ത് ഇടിമിന്നലേറ്റ് 4 പേർ മരിച്ചു; 3 പേർക്ക് പരുക്ക്

മുഖ്യമന്ത്രി ചർച്ചയിൽ ലീഗിന്‍റെ ഇടപെടൽ: കോൺഗ്രസിന് അമർഷം