പുരി നഗരത്തിലെ ഭക്തിസാന്ദ്രമായ ഗ്രാൻഡ് റോഡിൽ

 
Special Story

പുരി നഗരത്തിലെ ഭക്തിസാന്ദ്രമായ ഗ്രാൻഡ് റോഡിൽ

സമത്വം ജഗന്നാഥന്‍റെ മന്ത്രമാണ്. അദ്ദേഹത്തിന്‍റെ കാരുണ്യത്താൽ അനുഗൃഹീതയായ ഞാൻ

MV Desk

ദ്രൗപദി മുർമു

രാഷ്ട്രപതി

ഭഗവാൻ ജഗന്നാഥനായി സമർപ്പിക്കപ്പെട്ടിരിക്കുന്ന ഒട്ടേറെ പ്രാർഥാനാഗീതങ്ങളും ഭക്തിഗാനങ്ങളും കുട്ടിക്കാലം മുതൽക്കെ എന്‍റെ ഓർമകളിലുണ്ട്. സ്കൂളിലും കോളെജിലും പഠിക്കുമ്പോൾ മഹാപ്രഭു ജഗന്നാഥന്‍റെ ഭജനകൾ ആലപിക്കുന്നതിൽ ഞാൻ അതിയായ സന്തോഷം കണ്ടെത്തിയിരുന്നു. മഹാപ്രഭുവിനോട് അനിർവചനീയമായ ഒരു ബന്ധം സദാ അനുഭവവേദ്യമായിരുന്നു.

ഞാനിപ്പോൾ ഭജനകൾ പതിവായി ആലപിക്കാറില്ലെങ്കിലും, അവ നിശബ്ദമായി മൂളുകയും എല്ലാ ദിവസവും ഭഗവാൻ ജഗന്നാഥനെ സ്മരിക്കുകയും ചെയ്യാറുണ്ട്. പ്രതിസന്ധിഘട്ടങ്ങളിൽ ശക്തിയും പിന്തുണയുമേകിക്കൊണ്ട് അവിടുത്തെ ദിവ്യസാന്നിധ്യം സദാ എന്നോടൊപ്പമുണ്ട്. ഭക്തകവി മധുസൂദന റാവു രചിച്ച ഗാനം മൃദുവായി ഞാൻ ആലപിച്ചുപോരുന്നു: "മഹാപ്രഭു രാവുംപകലും എന്നോടൊപ്പമുണ്ടെന്ന സ്മരണയോടെ, ഞാൻ എപ്പോഴും അവനെ പൂർണഹൃദയത്തോടെ ആരാധിക്കുന്നു'.

ഞാൻ വളർന്നു വലുതാകുകയും ചുറ്റുമുള്ള ലോകത്തെകുറിച്ച് ഗ്രഹിക്കാൻ തുടങ്ങുകയും ചെയ്തപ്പോൾ, മഹാപ്രഭു ജഗന്നാഥന്‍റെ മഹത്വം കൂടുതൽ വെളിവായി. വീട്ടിൽ, മഹാപ്രഭു ജഗന്നാഥനെക്കുറിച്ചുള്ള ചർച്ചകൾ പതിവായിരുന്നു. നമ്മുടെ ഗ്രാമത്തിലും അത്തരം ചർച്ചകൾ സർവസാധാരണമായിരുന്നു. ഞാൻ ഗ്രാമത്തിലെ സ്കൂളിൽ പഠിക്കുമ്പോൾ, ഭക്ത സാൽബെഗ് രചിച്ച പ്രസിദ്ധമായ പ്രാർഥന "അഹേ നില ശൈല' ഞങ്ങൾ പതിവായി ചൊല്ലാറുണ്ടായിരുന്നു.

ഞങ്ങളുടെ അധ്യാപകൻ ഭഗവാൻ ജഗന്നാഥനെക്കുറിച്ചും പുരിയിലെ മനോഹരമായ ജഗന്നാഥ ക്ഷേത്രത്തെക്കുറിച്ചും എപ്പോഴും വാചാലനാകും. പുരിയിൽ ഒരു മഹാക്ഷേത്രമുണ്ട്, അത്രയും മനോഹരമായ മറ്റൊരു ക്ഷേത്രമില്ല! ജ്യേഷ്ഠൻ ബലഭദ്രൻ സഹോദരി സുഭദ്ര എന്നിവർക്കൊപ്പം ഭഗവാൻ ജഗന്നാഥനെ അവിടെ ആരാധിക്കുന്നു. മഹാപ്രഭു ജഗന്നാഥന് ഇരുണ്ട നിറവും വൃത്താകാരമായ നയനങ്ങളുമുണ്ട്. അദ്ദേഹത്തിന്‍റെ സഹോദരി സുഭദ്രയ്‌ക്ക് ചന്ദനനിറമാണ്, അദ്ദേഹത്തിന്‍റെ മൂത്ത സഹോദരൻ ബലഭദ്രനാകട്ടെ ചന്ദ്രപ്രകാശത്താൽ തിളങ്ങുന്ന പുഷ്പത്തെ അനുസ്മരിപ്പിക്കും വിധംവെളുത്ത നിറമാണ്. അവരുടെ തേജോമയമായ രൂപം ഒരിക്കലും മറക്കാൻ കഴിയില്ല.

ഭഗവാൻ ജഗന്നാഥനുമായി ബന്ധപ്പെട്ട എല്ലാം മഹത്തരമോ പവിത്രമോ ആയി കണക്കാക്കപ്പെടുന്നുവെന്ന് എന്‍റെ അധ്യാപകൻ വിശദീകരിക്കാറുണ്ട്: ജഗന്നാഥൻ "മഹാപ്രഭു' ആണ്, അദ്ദേഹത്തിന്‍റെ പ്രസാദം "മഹാപ്രസാദം' ആണ്, അദ്ദേഹത്തിന്‍റെ ക്ഷേത്രം "ബഡ ദ്യൂല' അഥവാ മഹാക്ഷേത്രമാണ്, അദ്ദേഹത്തിന്‍റെ വീഥി "ബഡാ ദണ്ഡ' അഥവാ ഗ്രാൻഡ് റോഡ് ആണ്, അദ്ദേഹത്തിന്‍റെ സമുദ്രം "മഹോദധി' അഥവാ മഹാസമുദ്രമാണ്.

പുരിയിലെ പുരുഷോത്തമ ക്ഷേത്രം, എന്‍റെ ജന്മഗ്രാമമായ മയൂർഭഞ്ച് ജില്ലയിലെ ഉപർബേദയിൽ നിന്ന് ഏറെ അകലെയായതിനാൽ അവിടം സന്ദർശിക്കാൻ അവസരം ലഭിക്കുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല. പിന്നീട്, യൂണിറ്റ്-2 ഗേൾസ് ഹൈസ്കൂളിലെ പഠനത്തിനായി ഭുവനേശ്വറിലെത്തുകയും ഹോസ്റ്റലിൽ താമസമാക്കുകയും ചെയ്തപ്പോൾ, അവസാനം പുരി, ഭുവനേശ്വർ, കൊണാർക്ക് തുടങ്ങിയ ക്ഷേത്രങ്ങൾ സന്ദർശിക്കാനുള്ള അവസരം കൈവന്നു.

ഭഗവാൻ ജഗന്നാഥന്‍റെ പ്രഥമ ദർശനം എന്‍റെ ഓർമയിൽ ഇന്നും മായാതെ നിൽക്കുന്നു. ക്ഷേത്രത്തിന്‍റെ പ്രൗഢിയും അതിമനോഹരമായ ദേവതാശിൽപ്പങ്ങളും എന്നിൽ ആഴത്തിലുള്ള മുദ്രകൾ പതിപ്പിച്ചു, ആ അനുഭവം ഇന്നും അവിസ്മരണീയമായി തുടരുന്നു.

മഹാപ്രഭു ജഗന്നാഥന്‍റെ രഥയാത്ര ആർക്കെങ്കിലും മറക്കാൻ കഴിയുമോ? വർഷത്തിലെ പന്ത്രണ്ട് മാസങ്ങളിലായി പതിമൂന്ന് ഉത്സവങ്ങൾ ശ്രീക്ഷേത്രത്തിൽ ആഘോഷിക്കുമെന്ന് പറയാറുണ്ട്. എന്നാൽ രഥയാത്രയുടെ മഹത്വം അതുല്യമാണ്. ഭഗവാന്‍റെ പവിത്രമായ ദർശനം ലഭിക്കാൻ ഭക്തർ വർഷം മുഴുവനും ജഗന്നാഥ ക്ഷേത്രം സന്ദർശിക്കുന്നു.

എന്നാൽ വർഷത്തിലൊരിക്കൽ, മഹാപ്രഭു സ്വയം ക്ഷേത്രത്തിൽ നിന്ന് ഇറങ്ങി വിശാല ഗ്രാൻഡ് റോഡ് (ബഡാ ദണ്ഡ) വീഥിയിലൂടെ ഗുണ്ടിച്ച ക്ഷേത്രത്തിലേക്ക് യാത്ര ചെയ്ത് ഭക്തർക്ക് ദർശനം നൽകുന്നു. ഭഗവാൻ ജഗന്നാഥൻ തന്‍റെ സഹോദരൻ ബലഭദ്രൻ, സഹോദരി സുഭദ്ര, പവിത്രമായ സുദർശന ചക്രം എന്നിവരോടൊപ്പം മനോഹരമായി അലങ്കരിച്ച മൂന്ന് രഥങ്ങളിൽ ഗുണ്ടിച്ച ക്ഷേത്രം സന്ദർശിക്കുന്നു. അവിടെ ഏഴു ദിവസം വസിച്ചശേഷം പ്രധാന ക്ഷേത്രത്തിലേക്ക് മടങ്ങുന്നു. മഹാപ്രഭുവിന്‍റെ ഈ മഹത്തായ ഉത്സവം അദ്വിതീയം തന്നെ.

കുട്ടിക്കാലം മുതൽക്കെ, ഞാൻ മഹാപ്രഭു ജഗന്നാഥന്‍റെ ഭക്തയായിരുന്നു. അദ്ദേഹത്തെ ഞാനെന്‍റെ ആരാധ്യദേവനായി കണക്കാക്കുന്നു. എന്‍റെ ജീവിതത്തിലെ ഉയർച്ച താഴ്ചകളിലെല്ലാം അദ്ദേഹം എന്നോടൊപ്പമുണ്ട്. എന്‍റെ ജീവിതത്തിലുടനീളം, കഷ്ടപ്പാടുകൾ നേരിട്ടപ്പോഴെല്ലാം ഭഗവാൻ ജഗന്നാഥൻ എന്നെ കാത്തുരക്ഷിച്ചു. എന്‍റെ സുഖദുഃഖങ്ങളുടെ ഉറവിടം അദ്ദേഹമാണ്. അദ്ദേഹം എനിക്ക് ശക്തിപകർന്നു. എല്ലാ ബുദ്ധിമുട്ടുകളും തരണം ചെയ്യാൻ സഹായിച്ചു. സർവോപരി ഞാൻ അവിടുത്തെ മകളല്ലേ.

ഇന്ത്യൻ രാഷ്ട്രപതി പദത്തിലേക്കുള്ള എന്‍റെ സ്ഥാനാർഥിത്വം പ്രഖ്യാപിക്കപ്പെട്ടപ്പോൾ, ഞാൻ ഭഗവാൻ ജഗന്നാഥനെ എളിമയോടെ സ്മരിക്കുകയും മാർഗനിർദേശത്തിനും പിന്തുണയ്ക്കും വേണ്ടി പ്രാർഥിക്കുകയും ചെയ്തു. "അങ്ങ് എന്നെ അത്യുന്നതങ്ങളിലേക്ക് ആനയിക്കുന്നു. ഓരോ ചുവടുവയ്പ്പിലും എന്നെ നയിക്കാൻ എന്നോടൊപ്പം ഉണ്ടായിരിക്കണമെന്ന് ഞാൻ അപേക്ഷിക്കുന്നു'. എന്‍റെ പ്രാർഥന അദ്ദേഹം കേട്ടു.

രഥയാത്ര നടക്കുമ്പോൾ രാഷ്ട്രപതി തെരഞ്ഞെടുപ്പിനായി ഡൽഹിയിൽ തുടരേണ്ടിവന്നതിനാൽ എനിക്ക് പുരി സന്ദർശിക്കാൻ കഴിഞ്ഞില്ല. രഥയാത്ര ദിവസം അതിരാവിലെ, ഞാൻ ഡൽഹിയിലെ ഹൗസ് ഖാസിലെ ശ്രീ ജഗന്നാഥ ക്ഷേത്രം സന്ദർശിച്ചു, അവിടെ എനിക്ക് ഭഗവാന്‍റെ ദിവ്യദർശനം ലഭിച്ചു. എന്‍റെ ഹൃദയം സന്തോഷത്താൽ ആറാടി. അദ്ദേഹം എന്‍റെ മേൽ അനുഗ്രഹം ചൊരിഞ്ഞു. ആത്മവിശ്വാസത്തോടെ ഞാൻ നാമനിർദേശ പത്രിക സമർപ്പിച്ചു.

വളരെ ആവേശത്തോടെയാണ് ഞാൻ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുത്തത്. 2022 ജൂലൈ 25ന് രാഷ്ട്രപതിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിന് പാർലമെന്‍റിന്‍റെ സെൻട്രൽ ഹാളിലേക്ക് പോകുമ്പോൾ ഞാൻ മഹാപ്രഭു ജഗന്നാഥനോട് പ്രാർഥിക്കുകയായിരുന്നു. അദ്ദേഹത്തിന്‍റെ അനുഗ്രഹത്താൽ ചടങ്ങ് ഭംഗിയായി നടന്നു. രാഷ്ട്രപതി എന്ന നിലയിലെ കന്നി അഭിസംബോധനാ സമയത്ത്, അദ്ദേഹം എന്നോടൊപ്പം ഉണ്ടായിരുന്നതുപോലെ തോന്നി.

രാഷ്ട്രപതിയായി ചുമതലയേറ്റെങ്കിലും, പുരി സന്ദർശിക്കാനും ഭഗവാൻ ജഗന്നാഥന്‍റെ പവിത്ര ദർശനത്തിനും എന്‍റെ ഹൃദയം കൊതിച്ചുകൊണ്ടിരുന്നു. ദിവസങ്ങൾ കടന്നുപോയി, പക്ഷേ പുരി സന്ദർശിക്കാൻ എനിക്ക് കഴിഞ്ഞില്ല. ഒരു നിമിഷം എനിക്ക് തോന്നി; അവൻ അനുവദിക്കാത്തിടത്തോളം ആർക്കെങ്കിലും അവന്‍റെ ദർശനം ലഭിക്കുമോ!

ഞാൻ നിശബ്ദമായി അവിടുത്തോട് പ്രാർഥിച്ചു, "ഞാൻ എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ, എന്നോട് ക്ഷമിക്കൂ, മഹാപ്രഭു! കരുണയുണ്ടായി എന്നെ പുരിയിലേക്ക് വിളിക്കൂ, അങ്ങയുടെ ദർശനം നൽകൂ'. "ഭാവ്' അഥവാ വികാരങ്ങളുടെ മഹാപ്രഭുവാണ് അദ്ദേഹം. എന്‍റെ വികാരങ്ങൾ അദ്ദേഹത്തിന് മനസിലാകാതിരിക്കുമോ?

താമസിയാതെ, 2022 നവംബർ 10ന് പുരിയിലേക്കുള്ള ഔദ്യോഗിക സന്ദർശനം നിശ്ചയിക്കപ്പെട്ടു. വാഹനവ്യൂഹം പ്രശസ്തമായ ഗ്രാൻഡ് റോഡിലേക്ക് (ബഡാ ദണ്ഡ) പ്രവേശിച്ചപ്പോൾ, ഞാൻ ഭക്തിയാൽ മതിമറന്നു. ശ്രീ ജഗന്നാഥന്‍റെ വീഥിയാണ് ബഡാ ദണ്ഡ. അവിടെ പ്രോട്ടോക്കോളുകൾക്ക് എന്ത് പ്രസക്തി? കാർ നിർത്താൻ ഞാനാവശ്യപ്പെട്ടു.

മുഴുവൻ വാഹനവ്യൂഹവും നിശ്ചലമായപ്പോൾ, മെല്ലെ പുറത്തിറങ്ങി. ഏകദേശം രണ്ടു കിലോമീറ്റർ അകലെയുള്ള ജഗന്നാഥ ക്ഷേത്രത്തിലേക്ക് നഗ്നപാദയായി നടക്കാനാരംഭിച്ചു. ക്ഷേത്രത്തിന്‍റെ പവിത്രമായ നീൽചക്രത്തിലും അതിന്‍റെ ശിഖരത്തിന് മുകളിലുള്ള പതിത് പവൻ പതാകയിലും ദൃഷ്ടിയുറപ്പിച്ച്, ആദരവോടെയും ദൃഢനിശ്ചയത്തോടെയും മുന്നോട്ടുനടന്നു.

ജഗന്നാഥ ക്ഷേത്രത്തിലേക്ക് നടക്കുമ്പോൾ, ഗ്രാൻഡ് റോഡിന്‍റെ ഇരുവശത്തും തടിച്ചുകൂടിയ കുട്ടികളെയും സ്ത്രീകളെയും യുവാക്കളെയും മുതിർന്നവരെയും ഞാൻ അഭിവാദ്യം ചെയ്തു, പക്ഷേ എന്‍റെ മനസ് പൂർണമായും ഭഗവാൻ ജഗന്നാഥനിൽ അർപ്പിച്ചിരുന്നു. സിംഹ ദ്വാരത്തിൽ (ലയൺ ഗേറ്റിൽ) എത്തിയപ്പോൾ, ഭക്തി എന്ന കീഴടക്കി, മറ്റെല്ലാം മറന്നു.

ക്ഷേത്രത്തിൽ പ്രവേശിക്കുന്നതിന് മുമ്പ് ഞാൻ പാവനമായ ഗ്രാൻഡ് റോഡിൽ സാഷ്ടാംഗം പ്രണമിച്ചു, ബഡാ ദണ്ഡയുടെ പൊടിയിൽ വീണുകിടന്ന്, മഹാപ്രഭുവിന് എന്‍റെ എളിയ പ്രണാമം അർപ്പിച്ചു. അനന്തരം ക്ഷേത്രത്തിൽ പ്രവേശിച്ചു. ശ്രീകോവിലിൽ (ഗർഭഗൃഹം) എത്തി നാലു ദേവതമാരുടെ പവിത്രമായ ദർശനം ലഭിച്ചതോടെ, ദിവ്യാനന്ദത്താൽ ഞാൻ മതിമറന്നു. പ്രപഞ്ചത്തിന്‍റെ സംരക്ഷകനായ മഹാപ്രഭുവിന്‍റെ ദർശനം. എല്ലാവരാലും ഉപേക്ഷിക്കപ്പെട്ടവരുടെ രക്ഷകനാണ് അദ്ദേഹം. ലോകരുടെ ദുഃഖങ്ങൾ ലഘൂകരിക്കാൻ അദ്ദേഹം സദാ ഒപ്പമുണ്ട്. അതുകൊണ്ടാണ് അദ്ദേഹത്തിന്‍റെ വൃത്താകാരമായ നയനങ്ങൾ ഒരിക്കലും ഇമവെട്ടാത്തത്.

ധനികനെന്നോ ദരിദ്രനെന്നോ ഉയർന്നവനെന്നോ താണവനെന്നോ ഉള്ള വേർതിരിവ് അദ്ദേഹത്തിനില്ല. അദ്ദേഹത്തിന്‍റെ ദൃഷ്ടിയിൽ എല്ലാവരും സമന്മാരാണ്. സമത്വം ജഗന്നാഥന്‍റെ മന്ത്രമാണ്. അദ്ദേഹത്തിന്‍റെ കാരുണ്യത്താൽ അനുഗൃഹീതയായ ഞാൻ, സമൂഹത്തിലെ സമസ്ത ജനവിഭാഗങ്ങളുടെയും സേവനത്തിനായി സ്വയം സമർപ്പിച്ചു. വൃത്താകാരമായ നയനങ്ങളുള്ള മഹാപ്രഭു ജഗന്നാഥനെ നോക്കി, ഭക്തിപൂർവം കൈകൾ കൂപ്പി ഞാൻ പ്രാർഥിച്ചു, "ജനസേവനത്തിനായുള്ള എന്‍റെ സമർപ്പണ മനോഭാവം അങ്ങയുടെ അനുഗ്രഹത്താൽ ശാശ്വതമായി നിലനിൽക്കട്ടെ, ഹേ മഹാബാഹോ! ഹേ കൃപാനിധേ, സമ്പൂർണ ജഗത്തെയും നമ്മുടെ രാജ്യത്തെയും ദയാപൂർവം കാത്തുകൊള്ളേണമേ. ഹൃദയംഗമമായ ഈ പ്രാർഥനയോടെ, ഞാൻ അവാച്യമായ ഭക്തിയിൽ മുഴുകി.

ഇവി ബാറ്ററി ചാർജിങ്ങിനിടെ പൊട്ടിത്തെറി; നോയ്ഡയിൽ വൻ തീപിടിത്തം, 2 മരണം|Video

ആൾക്കൂട്ട മനോരോഗങ്ങൾക്ക് ചികിത്സയില്ല, പക്ഷേ, പൊലീസ് അങ്ങനെ ചെയ്യരുതായിരുന്നു: വിമർശനവുമായി ശാരദക്കുട്ടി

ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാര്‍ പ്രാബല്യത്തില്‍; വിലകുറഞ്ഞ് ബ്രിട്ടീഷ് കാറുകളും വിസ്‌കിയും

ഛത്തീസ്ഗഢിലെ ബസ്തർ വനത്തിൽ കടുവ വേട്ട ‍?

ചില്ലിച്ചിക്കനിലെ ചെറുനാരങ്ങയ്ക്ക് നീരില്ല; വടക്കാഞ്ചേരിയിൽ ഹോട്ടൽ ഉടമയ്ക്ക് ക്രൂരമർദനം