വി.എസ്. അച്യുതാനന്ദൻ

 

file image

Special Story

സമയരഥങ്ങളിൽ... സമര സൂര്യൻ

കണ്ണേ കരളേ, വിഎസേ... വിളികൾ തലസ്ഥാന നഗരവീഥികളിൽ നിറഞ്ഞു.

പി.ബി. ബിച്ചു

പാവങ്ങൾക്കുവേണ്ടി ജീവിതം ഉഴിഞ്ഞുവച്ച, തൊഴിലാളി വർഗത്തിന്‍റെ ആശ്രയമായിരുന്ന പ്രിയ സഖാവിനെ ഒരുനോക്കു കാണാൻ ജനം തിരമാല കണക്കെ ഇരമ്പിയെത്തി, വി.എസ് എന്ന ജനനായകൻ എവിടെയെത്തുന്നോ അവിടെ ആൾക്കൂട്ടത്തിന്‍റെ അണമുറിയാത്തിര പിറക്കുമെന്ന യാഥാർഥ്യം ഒരിക്കൽക്കൂടി അടിവരയിട്ട്. നിലയ്ക്കാത്ത മുദ്രാവാക്യം വിളികളോടെയാണ് തലസ്ഥാനം തങ്ങളുടെ പ്രിയ സഖാവിനെ യാത്രയയച്ചത്. അവസാന നിമിഷവും അവർ "പാവങ്ങളുടെ പടത്തലവൻ' എന്ന് ഉറക്കെ ഉറക്കെ വിളിച്ചുകൊണ്ടിരുന്നു.

കണ്ണേ കരളേ, വിഎസേ... വിളികൾ തലസ്ഥാന നഗരവീഥികളിൽ നിറഞ്ഞു. ആയിരക്കണക്കിനു മനുഷ്യരുടെ തേങ്ങലുകൾക്കിടയിലൂടെ വി.എസ് ഒരു ചെറുപുഞ്ചിരിയോടെ ഒഴുകിനീങ്ങി. ദർബാർ ഹാളിലെ ജനസമുദ്രത്തിൽ നിന്ന് സഖാക്കളുടെ ചുമലിലേറി ചെങ്കൊടിയിൽ പൊതിഞ്ഞ് ആലപ്പുഴയിലേക്കുള്ള വിലാപയാത്ര. സമരവും ഭരണവും നയിച്ച കർമമണ്ഡലത്തിൽ നിന്ന് പോരാട്ടങ്ങളുടെ ഈറ്റില്ലമായ ജന്മനാട്ടിലേക്കുള്ള അന്ത്യയാത്ര.

സംസ്ഥാനം കണ്ട ഏറ്റവും ജനകീയനായ നേതാവിന് ആദരാഞ്ജലി അർപ്പിക്കാൻ ജനസഞ്ചയമാണു തലസ്ഥാനത്തേക്ക് ഒഴുകിയത്. സമര സഖാവിനെ ഒരുനോക്കു കാണാൻ എകെജി സെന്‍ററിലും തിരുവനന്തപുരത്തെ വസതിയിലും സെക്രട്ടേറിയറ്റ് ദർബാർ ഹാളിലും ആൾക്കൂട്ടം ആർത്തലച്ചെത്തി. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും പോളിറ്റ് ബ്യൂറോ അംഗങ്ങളും വിവിധ രാഷ്ട്രീയകക്ഷി നേതാക്കളും ജനപ്രതിനിധികളുമടക്കം ദർബാർ ഹാളിൽ വിഎസിന് ആദരാഞ്ജലി അർപ്പിച്ചു.

നൂറുകണക്കിന് പ്രവർത്തകരുടെ അകമ്പടിയിൽ 2.30ഓടെയാണ് സെക്രട്ടേറിയറ്റിൽ നിന്ന് വി.എസിന്‍റെ ഭൗതിക ശരീരം വഹിച്ച കെഎസ്ആർടിസി ലോഫ്ലോർ ബസ് പുറത്തേക്കെത്തിയത്. ഒരു മണിക്കൂറോളമെടുത്താണ് ആദ്യ ഒരു കിലോമീറ്റർ ദൂരം വാഹനം സഞ്ചരിച്ചത്. പാതയിലെ നിയന്ത്രണാതീതമായ തിരക്ക് കാരണം നിശ്ചയിച്ച സമയത്തിൽ നിന്ന് വൈകിയാണ് ഭൗതിക ദേഹം വഹിച്ചുള്ള വാഹനം നീങ്ങിക്കൊണ്ടിരിക്കുന്നത്.

ഇന്നലെ രാവിലെ ഒമ്പതു മണിയോടെ ദർബാർ ഹാളിൽ പൊതുദർശനമെന്ന് അറിയിച്ചെങ്കിലും പുലർച്ചെ മുതൽ തലസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്ന് വി.എസിനെ അവസാനമായൊന്ന് കാണാനായി ജനങ്ങളും പാർട്ടി അണികളും ഒഴുകിയെത്തിയിരുന്നു. വീട്ടിലെ പൊതുദർശനശേഷം ഒമ്പതരയോടെ മൃതദേഹം സെക്രട്ടേറിയറ്റിലേക്കെത്തിച്ചു. ചെങ്കൊടി പുതച്ചെത്തിയ ഭൗതിക ദേഹത്തിൽ സർക്കാർ പ്രതിനിധികൾ ത്രിവർണ പതാക പുതപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ ആദ്യ പുഷ്പചക്രം അർപ്പിച്ചു. തുടർന്ന് സംസ്ഥാന സർക്കാരിന്‍റെ പ്രതിനിധിയ ചീഫ് സെക്രട്ടറി എ. ജയതിലകും റീത്ത് സമർപ്പിച്ചു.

പാർട്ടി നേതാക്കളും വ്യവസായികളും തുടങ്ങി സമൂഹത്തിന്‍റെ നാനാ തുറകളിൽ നിന്നുള്ള ആയിരങ്ങൾ സെക്രട്ടേറിയേറ്റ് മുന്നിലേക്ക് നിരനിരയായെത്തി. രണ്ടേകാൽവരെ സെക്രട്ടേറിയറ്റിലേക്ക് എത്തിയവരെ കാണിച്ച ശേഷമാണ് വാഹനത്തിലേക്ക് ഭൗതികദേഹം കയറ്റിയത്. സിപിഎം സെക്രട്ടറിയും മന്ത്രിമാരും നേതാക്കളുമടക്കം ബസിനെ അനുഗമിക്കുന്നുണ്ട്. മൂന്ന് മണിക്കൂറോളമെടുത്താണ് നാല് കിലോ മീറ്റർ ദൂരം താണ്ടി എംസി റോഡ് ആരംഭിക്കുന്ന കേശവദാസപുരത്ത് ബസ് എത്തിയത്.

ബസ് ദേശീയപാതയിലൂടെ സഞ്ചരിക്കുന്നതിനാൽ കിഴക്കൻ മേഖലയിലുള്ളവരും മലയോര ജില്ലകളിലുള്ളവരും ഓരോ ജങ്ഷനുകളിലും തടിച്ചുകൂടിയിരുന്നു. വിലാപയാത്ര കടന്നുപോകുന്ന വഴികളിലെല്ലാം നിറകണ്ണുകളോടെ കണ്ഠമിടറിവിളിക്കുന്ന മുദ്രാവാക്യങ്ങളും കൈകളിൽ ഒരുപിടി പുഷ്പങ്ങളുമായി അവർ പ്രിയ നേതാവിനെയും കാത്ത് നിൽക്കുമ്പോൾ തിരയടങ്ങിയ സാഗരമായി സെക്രട്ടേറിയറ്റ് പരിസരം മാറി.

നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന പ്രചാരണം കേന്ദ്രം തള്ളി

ഫെമ നിയമ ലംഘനം; മിന്ത്രക്കെതിരേ ഇഡി

''പുതിയ ഉപരാഷ്ട്രപതിയെ ഉടൻ തെരഞ്ഞെടുക്കും''; നടപടികൾ ആരംഭിച്ചതായി ഇലക്ഷൻ കമ്മിഷൻ

ജപ്പാനുമായി വ്യാപര കരാർ പ്രഖ്യാപിച്ച് ട്രംപ്

സുഹൃത്തുക്കൾക്കൊപ്പം ബീച്ചിൽ സംസാരിച്ച് നിൽകുന്നത് ഇഷ്ടപ്പെട്ടില്ല, യുവാവിനെ ആക്രമിച്ചു; പ്രതികൾ അറസ്റ്റിൽ