പെട്രോളിൽ കലർത്താനുള്ള എഥനോളും ഇന്ത്യ യുഎസിൽ നിന്ന് ഇറക്കുമതി ചെയ്യണം!
പി.ബി. ബാലു
പെട്രോളിൽ 20 ശതമാനം വരെ എഥനോൾ കലർത്തുന്ന (E20) പദ്ധതി രാജ്യവ്യാപകമായി നടപ്പാക്കുമ്പോഴും, ഇന്ത്യ ഇപ്പോഴും ഗണ്യമായ അളവിൽ എഥനോൾ ഇറക്കുമതി ചെയ്യുന്ന രാജ്യമാണ്.
ഇരുപതു ശതമാനം എഥനോളടങ്ങുന്ന ഇ20 പെട്രോളിന്‍റെ വരവോടെ രാജ്യത്ത് എഥനോൾ ഉത്പാദനം ഗണ്യമായി വർധിച്ചുമെന്ന് സർക്കാർ കണക്കുകളിലെ സ്ഥാപിക്കുന്നുണ്ടെങ്കിലും അതൊന്നും രാജ്യത്തിന്‍റെ ആവശ്യത്തിന് തികയുന്നില്ല എന്നതാണ് യാർഥ്യം.
കേന്ദ്ര പൊതുവിതരണ വകുപ്പിന്‍റെയും ഓൾ ഇന്ത്യ ഡിസ്റ്റിലറീസ് അസോസിയേഷന്‍റെയും കണക്കുപ്രകാരം 2025-ൽ ഇത് 970 കോടി ലിറ്ററാണ്. രാജ്യത്ത് 500ഓളം ഡിസ്റ്റിലറികളിലായി 1,822 കോടി ലിറ്റർ എഥനോൾ ഉത്പാദിപ്പിക്കാനുള്ള ശേഷിയുമുണ്ട്. പക്ഷേ, അതിലേക്ക് പോലും എത്തിച്ചേരാൻ കഴിഞ്ഞിട്ടില്ല. കേന്ദ്ര സർക്കാർ കണക്കിലൂടെ സമർഥിക്കുന്ന ഉത്പാദനത്തിലുണ്ടായ വർധന എഥനോളിന്‍റെ ഇറക്കുമതി കുറയ്ക്കുന്നതിൽ വളരെ കുറഞ്ഞ സ്വാധീനമേ ചെലുത്തിയിട്ടുള്ളൂ.
ഇന്ത്യയുടെ ഇറക്കുമതിയിലെയും കയറ്റുമതിയിലെയും അന്തരം 2025-26 സാമ്പത്തികവർഷം 40.3 കോടി ഡോളറാണ്. എഥനോളിന്‍റെ ഇറക്കുമതി വെട്ടിക്കുറയ്ക്കാവുന്ന നിലയിലേക്ക് രാജ്യം എത്തിച്ചേർന്നിട്ടില്ലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇതിന്‍റെ നേട്ടം കൊയ്യുന്ന രാജ്യം ഏതെന്നും കൂടി നാം മനസിലാക്കേണ്ടതുണ്ട്.
കേന്ദ്ര വാണിജ്യ- വ്യവസായ മന്ത്രാലയത്തിന്‍റെ കണക്കുകൾ പ്രകാരം നിലവിൽ ഇന്ത്യ ഭൂരിഭാഗം എഥനോളും ഇറക്കുമതി ചെയ്യുന്നത് യുഎസിൽ നിന്നാണ്. 2024-ലെ അന്താരാഷ്ട്ര വ്യാപാര കണക്കുകൾ പ്രകാരം, ഇന്ത്യ ഏകദേശം 67.98 കോടി ലിറ്റർ ഡീനേച്ചേഡ് എഥനോൾ (Denatured Ethyl Alcohol) വിദേശരാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്തു. ഇതിന് ഏകദേശം ₹3,500–5,000 കോടി വരെ ചെലവായിരിക്കാമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.
ഈ ഇറക്കുമതിയുടെ സിംഹഭാഗവും അമേരിക്കയിൽ നിന്നാണ്. ഏകദേശം 62.29 കോടി ലിറ്റർ (91.6 ശതമാനം) എഥനോൾ അമേരിക്കയിൽ നിന്നാണ് ഇന്ത്യയിൽ എത്തിയത്. 2025-26 സാമ്പത്തിക വർഷത്തിൽ ഇത് 94 ശതമാനമായി ഉയർന്നിട്ടുണ്ട്.
ബ്രസീലിൽ നിന്ന് 5.12 കോടി ലിറ്ററും (7.5 ശതമാനം), തുടർന്ന് യുണൈറ്റഡ് കിംഗ്ഡം, ജപ്പാൻ, കാനഡ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുമാണ് ചെറിയ അളവിൽ ഇറക്കുമതി നടന്നത്. ഇറക്കുമതി ചെയ്യുന്ന എഥനോളിൽ വലിയൊരു പങ്ക് വ്യാവസായിക, രാസ, ഫാർമസ്യൂട്ടിക്കൽ ആവശ്യങ്ങൾക്കായാണെങ്കിലും, ആവശ്യാനുസരണം എണ്ണക്കമ്പനികൾക്കും മറ്റ് വ്യവസായങ്ങൾക്കും ഇത് ലഭ്യമാകുന്നുണ്ട്.
രാജ്യത്ത് ഉത്പാദിപ്പിക്കുന്ന എഥനോളിന്‍റെ പ്രധാനഭാഗം ഇ20 ഇന്ധനത്തിനായാണ് ഉപയോഗിക്കുന്നത്. അപ്പോഴും ഇന്ധനമിശ്രണത്തിന് പുറമേ വ്യവസായ മേഖലയിൽ അടക്കം എഥനോളിന്‍റെ ആവശ്യകത നിലനിൽക്കുന്നു. ഈ ആവശ്യകത നിറവേറ്റാനായാണ് രാജ്യത്തിന് ഇറക്കുമതി ചെയ്ത എഥനോളിനെ ആശ്രയിക്കേണ്ടി വരുന്നത്.
അതേസമയം, ഇന്ധന ഇറക്കുമതിയിലെ ആശ്രയത്വം കുറയ്ക്കാനായുള്ള ബദലായാണ് കേന്ദ്രം ഇ20 ഇന്ധനം ഉയർത്തിക്കാണിക്കുന്നത്. ഇതുവഴി അസംസ്‌കൃത എണ്ണയുടെ ഇറക്കുമതി കുറയ്ക്കാമെന്നാണ് വാദം. എന്നാൽ അതിനൊപ്പം എഥനോളിന്‍റെ ഇറക്കുമതിയിൽ കുറവ് വന്നില്ലെങ്കിൽ ആ മാർഗമുള്ള വിദേശനാണ്യ ചോർച്ച തുടരുക തന്നെ ചെയ്യും
ഇറക്കുമതി ചെയ്യുന്ന എഥനോളിൽ വലിയൊരു പങ്ക് വ്യാവസായിക, രാസ, ഫാർമസ്യൂട്ടിക്കൽ ആവശ്യങ്ങൾക്കായാണെങ്കിലും, രാജ്യത്ത് എഥനോൾ ആവശ്യകത നിലനിൽക്കുന്നതിനാൽ ഇറക്കുമതി തുടരുകയാണ്.
ഇതു കൂടാതെ 22 ശതമാനം മുതൽ 30 ശതമാനം വരെ എഥനോൾ ചേർത്ത പെട്രോളിന് പൂർണ്ണമായ കേന്ദ്ര എക്സൈസ് ഡ്യൂട്ടി ഇളവ് പ്രഖ്യാപിച്ചിരിക്കുകയാണ് ധനമന്ത്രാലയം. ഇറക്കുമതി ചെയ്യുന്ന അസംസ്കൃത എണ്ണയെ ആശ്രയിക്കുന്നത് കുറയ്ക്കാനും ആഭ്യന്തര ജൈവ ഇന്ധന ഉൽപ്പാദനം പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ടാണ് ഈ സുപ്രധാന തീരുമാനം. പക്ഷേ, E20 പെട്രോളിന്‍റെ അന്തർദേശീയ വ്യാപാരം പരിമിതമാണ്; പകരം എഥനോൾ കയറ്റുമതി ചെയ്ത് ലക്ഷ്യരാജ്യത്ത് പെട്രോളുമായി കലർത്തി E20 നിർമ്മിക്കുന്നതാണ് സാധാരണ രീതി.
ഇന്ത്യൻ വിപണി വിശാലമായ സാധ്യത നൽകിയാൽ ഇപ്പോൾ E20 പെട്രോൾ (20 ശതമാനം എഥനോൾ + 80 ശതമാനം പെട്രോൾ) നിർമ്മാണത്തിലും ഉപയോഗത്തിലും ലോകത്ത് മുൻനിരയിൽ നിൽക്കുന്ന ബ്രസീൽ എഥനോൾ അധിഷ്ഠിത ഇന്ധന സാങ്കേതികവിദ്യയിലും, കരിമ്പ് അടിസ്ഥാനമാക്കിയുള്ള എഥനോൾ ഉത്പാദനത്തിലും, ഉയർന്ന എഥനോൾ മിശ്രിതമുള്ള ഇന്ധനങ്ങളുടെ വ്യാപക ഉപയോഗത്തിലും ഒന്നാമാനാണ്. പതിറ്റാണ്ടുകളായി ഫ്ലെക്സ്-ഫ്യൂവൽ വാഹനങ്ങളും ഉയർന്ന എഥനോൾ മിശ്രിതമുള്ള ഇന്ധനങ്ങളും വിജയകരമായി ഉപയോഗിക്കുന്ന രാജ്യമാണ് ബ്രസീൽ.
തായ്‌ലൻഡ് കരിമ്പും കപ്പയും അടിസ്ഥാനമാക്കി എഥനോൾ ഉൽപ്പാദിപ്പിച്ച് E20, E85 ഇന്ധനങ്ങൾ വ്യാപകമായി വിപണനം ചെയ്യുന്നു. പരാഗ്വേയും സിംബാബ്‌വേയും ദേശീയ ഇന്ധനനയത്തിന്‍റെ ഭാഗമായി ഉയർന്ന എഥനോൾ മിശ്രിതമുള്ള പെട്രോൾ ഉപയോഗിക്കുന്ന രാജ്യങ്ങളാണ്.
ഇറക്കുമതി കുറയ്ക്കാൻ തുടങ്ങിയ നയമാറ്റ പ്രഖ്യാപനം ഫലത്തിൽ പുതിയൊരു ഇറക്കുമതി വാതിൽ കൂടി തുറക്കുന്നനിലയിൽ എത്തിയിരിക്കുകയാണ്.