സ്വാഭാവിക വനങ്ങൾ ഇല്ലാതാകുന്നു | പരമ്പര ഭാഗം - 1
കഴിഞ്ഞ വർഷം ജൂലൈയിലുണ്ടായ വയനാട് മുണ്ടക്കൈ- ചൂരൽമല ഉരുൾപൊട്ടലിനു തൊട്ടുപിന്നാലെ കാലാവസ്‌ഥാ ശാസ്ത്രജ്ഞരുടെ ആഗോള കൂട്ടായ്മയായ വേൾഡ് വെതർ ആട്രിബ്യൂഷൻ നടത്തിയ പഠനത്തിൽ തെളിഞ്ഞത് വയനാട് ദുരന്തത്തിന് 11 ശതമാനം കാരണമായത് ആഗോള താപനമാണെന്നതാണ്. പശ്ചിമഘട്ടത്തെ സൂക്ഷ്മമായി നിരീക്ഷിക്കുന്ന ശാസ്ത്രജ്ഞരും ഇതേ കണ്ടെത്തലാണ് നടത്തിയിട്ടുള്ളത്. കേരളത്തിൽ സമീപകാലത്ത് നടന്ന എല്ലാ ഉരുൾപൊട്ടലിനും പിന്നിൽ ആഗോള താപനത്തിന് നിർണായക സ്വാധീനമുണ്ടെന്നാണ് കണ്ടെത്തൽ. കർണാടകയിലെ കൂർഗ് മുതൽ കോഴിക്കോട് ജില്ലയിലെ വെള്ളരിമല വരെയുള്ള പശ്ചിമഘട്ടത്തിന്‍റെ കിഴക്കൻ ചെരിവുകളിൽ ചെറുതും വലുതുമായ ഒട്ടേറെ മണ്ണിടിച്ചിൽ ഉണ്ടായിട്ടുണ്ടെന്നും ഇവർ കണ്ടെത്തിയിട്ടുണ്ട്. ഇവയ്‌ക്കെല്ലാം കാലാവസ്‌ഥാ വ്യതിയാനവുമായി ബന്ധമുണ്ടെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്.
പശ്ചിമഘട്ടത്തിലെ ഇടതൂർന്ന വന പരിസ്‌ഥിതിയാണ് ഇന്ത്യൻ മൺസൂൺ കാലാവസ്ഥയെ സ്വാധീനിക്കുന്നത്. ജൈവ വൈവിധ്യത്തിൽ ലോകത്തെ എട്ടാമത് ഹോട്ടെസ്റ്റ് ഹോട്ട് സ്പോട്ട് എന്നാണ് പശ്ചിമഘട്ടത്തെ യുനെസ്‌കോ വിശേഷിപ്പിക്കുന്നത്.
പശ്ചിമഘട്ട മലനിരകളിലെ ഭൂമധ്യരേഖാ പ്രദേശങ്ങളല്ലാത്ത ഉഷ്ണമേഖലാ നിത്യഹരിത വനങ്ങളിൽ ആഗോള ഭീഷണി നേരിടുന്ന 325 തരം സസ്യ-ജന്തുജാലങ്ങൾ, കിളികൾ, ഉഭയജീവികൾ, ഉരഗങ്ങൾ, മത്സ്യങ്ങൾ എന്നിവയുണ്ടെന്നാണ് യുനെസ്‌കോയുടെ കണക്ക്.
പശ്ചിമഘട്ട മലനിരകളുടെ ഭൂപ്രകൃതി അതിവേഗം മാറുകയാണ്. പശ്ചിമഘട്ടത്തിന്‍റെ കിഴക്കൻ ചെരുവിൽ ജനവാസം കുറവാണ്, നിബിഡ വമ്പനങ്ങളുമുണ്ട്. എന്നാൽ ഇതല്ല പടിഞ്ഞാറൻ ചരിവുകളുടെ സ്‌ഥിതി. ഈ പ്രദേശം അതിവേഗം നഗരവത്കരിക്കപ്പെടുകയാണ്. പച്ചപ്പ് കുറയുകയും നിർമാണവും ഖനനവും വർധിക്കുകയും ചെയ്യുന്നത് ഉരുൾപൊട്ടലിലേക്കും മണ്ണിടിച്ചിലിലേക്കും നയിക്കും എന്നാണ് മുന്നറിയിപ്പ്. 2018 മുതലുള്ള പഠനങ്ങളളിലാണ് പശ്ചിമഘട്ടം നേരിടുന്ന കനത്ത വെല്ലുവിളികളുടെ നേർക്കാഴ്ചകളുള്ളത്. മഴക്കാലത്ത് പുഴകളിൽ ചെളികൾ കൂടുന്നത് മണ്ണിടിച്ചിലിന്‍റെ സൂചനകളാണെന്നു വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. മഴ മാറുമ്പോൾ വെള്ളം വീണ്ടും തെളിമയുള്ളതാകുന്നു. മലനിരകൾ അപകടഭീഷണി നേരിടുന്നു എന്നതിന് തെളിവാണിതെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. കഴിഞ്ഞ പതിറ്റാണ്ടുകളിലൊന്നും കാണപ്പെടാത്ത തരത്തിലാണ് പുഴകളിലും നദികളിലും ചെളിയുടെ അംശമുള്ള കലങ്ങിയ വെള്ളം കാണപ്പെടുന്നത്. പശ്ചിമഘട്ടത്തിലെ നിബിഡ വനങ്ങൾ ഏറെ വൈകാതെ മരുഭൂവത്കരിക്കപ്പെട്ടേക്കാമെന്ന് പരിസ്‌ഥിതി ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകുന്നു.
പശ്ചിമഘട്ട മലനിരകളിലെ മഴയുടെ അളവിലും കാര്യമായ മാറ്റങ്ങളാണ് കാണപ്പെടുന്നത്. അതിതീവ്ര മഴയുടെ ഫലമായി പരിസ്‌ഥിതിലോല പ്രദേശങ്ങളിൽ ചെറിയ വനങ്ങൾ അപ്പാടെ ഒഴുകിപ്പോകുന്ന സ്‌ഥിതിവിശേഷവുമുണ്ട്. 2018 മുതലുള്ള കണക്കുകൾ പരിശോധിച്ചാൽ 50-60 ശതമാനം മണ്ണിടിച്ചിലും നടന്നത് ഇടതൂർന്ന വനങ്ങളെയും മനുഷ്യവാസ കേന്ദ്രങ്ങളെയും വേർതിരിക്കുന്ന പ്രാന്ത പ്രദേശങ്ങളിലാണ്. 24 മണിക്കൂറിനുള്ളിൽ 145-150 മില്ലീമീറ്റർ മഴ ലഭിക്കുന്ന സ്‌ഥലങ്ങളിൽ മണ്ണിടിച്ചിലിന് സാധ്യതയേറെയാണ്. വനത്തോട് ചേർന്ന് കിടക്കുന്ന പ്രദേശങ്ങളിൽ വികസന പ്രവർത്തനങ്ങൾ നടക്കുമ്പോൾ ഉചിതമായ തീരുമാനങ്ങൾ എടുക്കുന്നതിനായി പ്രാഥമിക ഹസാർഡ് സോണെഷൻ മാപ്പുകൾ തയാറാക്കിയിട്ടുണ്ട്.
കഴിഞ്ഞ രണ്ടു വർഷമായി ഇടയ്ക്കിടെയുള്ള കനത്ത മഴ ഒഴിച്ച് നിർത്തിയാൽ പ്രീ മൺസൂൺ, മൺസൂൺ സീസണുകളിൽ കടുത്ത ചൂടാണ് കേരളത്തിൽ അനുഭവപ്പെടുന്നത്. ഇത് വനമേഖലയിൽ വരൾച്ചാ സമാനമായ അന്തരീക്ഷം സൃഷ്ടിക്കുകയും കാട്ടുതീയ്ക്ക് കാരണമാവുകയും ചെയ്യുന്നു. ചൂടും വരൾച്ചയും കൊടുന്നതോടെ വരും നാളുകളിൽ കാട്ടുതീ വ്യാപകമായേക്കാമെന്ന് തൃശൂർ കാർഷിക സർവകലാശാലയിലെ ഫോറസ്റ്റ് റിസോഴ്‌സ് മാനെജ്‌മെന്‍റ് മേധാവി എസ്. ഗോപകുമാർ മുന്നറിയിപ്പ് നൽകുന്നു. സ്വാഭാവിക വനങ്ങൾ ഇല്ലാതാകുന്നതും വനത്തിനുള്ളിൽ ചൂട് കൂടുന്നതും കാട്ടുമൃഗങ്ങൾ കൂടുതലായി ജനവാസ മേഖലയിലേക്കിറങ്ങാനും കാരണമാകുന്നു.
കിഴങ്ങുവർഗങ്ങളുടെ ജീവിതചക്രത്തിലും കഴിഞ്ഞ പതിറ്റാണ്ടുകൾ അപേക്ഷിച്ച് മാറ്റം വന്നു. വിളകളായി കൃഷി ചെയ്തിരുന്നവ കാടുകളിൽ നിബിഢമായി വളരുകയും ചെയ്തിരുന്നു. മണ്ണിടിച്ചിലിന്‍റെ ഫലമായി ഇവയുടെ സാന്നിധ്യവും കുറയുന്നു. മഞ്ഞക്കൊന്നയുടെ സാന്നിധ്യം സ്വാഭാവിക വനത്തിനു കനത്ത ഭീഷണിയാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. മധ്യ, ലാറ്റിനമേരിക്കൻ നാടുകളിൽ നിന്നെത്തിയ മഞ്ഞക്കൊന്ന മറ്റു ചെടികൾ വളരാൻ അനുവദിക്കില്ല. മൃഗങ്ങൾ ഇതിന്‍റെ ഇല കഴിക്കാത്തതിനാൽ ഇത് വ്യാപകമായി വളരുകയും ചെയ്യും. മറ്റുള്ള മരങ്ങളെയും ചെടികളെയും വളരാൻ അനുവദിക്കാതെ മഞ്ഞക്കൊന്ന വ്യാപിക്കുന്നത് കാടിനുള്ളിലെ ഭക്ഷണ ലഭ്യതയെ ബാധിക്കുകയും മനുഷ്യ- കാട്ടുമൃഗ സംഘർഷത്തിലേക്ക് നയിക്കുകയും ചെയ്യുന്നു.
സസ്യഭുക്കുകൾ ധാരാളമായുള്ള കൃഷിയിടങ്ങളിലേക്കു കടുവ, പുലി അടക്കമുള്ള മൃഗങ്ങൾ എത്തുന്നതു കാടിനുള്ളിൽ അവർക്കുള്ള ഭക്ഷണ, ജല ലഭ്യത കുറയുന്നതിനാലാണ്. വയനാട്, പാലക്കാട്, എറണാകുളം ജില്ലകളിൽ ആനകൾ വ്യാപകമായി ജനവാസ കേന്ദ്രങ്ങളിലേക്ക് ഇറങ്ങുന്നതിനു കാരണവും മറ്റൊന്നല്ല. മഴയുടെ രീതി മാറിയതും കാടിനുള്ളിലെ താപനില ക്രമാതീതമായി വർധിക്കുന്നതും യഥേഷ്ടം ലഭ്യമായിരുന്ന തീറ്റപ്പുല്ലിന്‍റെ ലഭ്യതയെയും ഘടനയെയും ബാധിച്ചിട്ടുണ്ട്.
വന്യജീവികളുടെ പെരുമാറ്റത്തിലും മാറ്റങ്ങൾ വരികയാണ്. ദേശാടനപ്പക്ഷികൾ കേരളത്തിലേക്ക് എത്താത്തതും പശ്ചിമഘട്ടത്തിന്‍റെ സ്വാഭാവിക രീതിയിൽ വന്ന മാറ്റം കാരണമാണ്. പതിവായി എത്തികൊണ്ടിരുന്ന ദേശാടന പക്ഷികൾക്ക് പകരം പുതിയ ചില പക്ഷികൾ എത്തി തുടങ്ങിയിട്ടുമുണ്ട്. സ്റ്റേറ്റ് ഓഫ് ഇന്ത്യ ബേർഡ്‌സ് റിപ്പോർട്ട് അനുസരിച്ച് മയിലുകളുടെ എണ്ണം 2000ത്തിലേതിനേക്കാൾ 150 ശതമാനം വർധിച്ചു. മാത്രമല്ല, ഇടുക്കി, പാലക്കാട്, തൃശൂർ, വയനാട് എന്നിവിടങ്ങളിൽ മയിലുകളുടെ എണ്ണത്തിൽ വൻ വർധനവാണുണ്ടായത്. അതിനർഥം കാടിനുള്ളിൽ ചേരകളുടെയും പാമ്പുകളുടെയും ചെറിയ ഉരഗങ്ങളുടെയും സാന്നിധ്യം കുറയുന്നു എന്നാണ്. ഇത് പ്രദേശത്തെ ഭക്ഷ്യ ശൃഖലയെ ബാധിക്കുന്നുണ്ട്.
മഴയുടെ തോതിലുണ്ടാകുന്ന മാറ്റം, സസ്യജാലങ്ങൾ, ജൈവവൈവിധ്യം എന്നിവയാണ് കാടിന് മേലുള്ള കാലാവസ്‌ഥാ പ്രത്യാഘാതത്തിന്‍റെ വ്യക്തമായ സൂചനകൾ. കാർബൺ സിങ്കുകളായി വനങ്ങൾ മാറുന്നതു സംബന്ധിച്ച ഗൗരവതരമായ വിലയിരുത്തലുകൾ ആവശ്യമാണ്.