മുനമ്പത്ത് മാജിക് വല്ലതുമുണ്ടോ?
എറണാകുളം ജില്ലയിലെ മുനമ്പം പ്രദേശത്ത് താമസിക്കുന്ന അറുനൂറോളം കുടുംബങ്ങൾ വ്യാകുലതയിലാണ്. വർഷങ്ങൾക്ക് മുമ്പ് ഫാറൂഖ് കോളെജിന്‍റെ ഉടമസ്ഥതയിൽ നിന്ന് അവർ വിലയ്ക്കു വാങ്ങിയ ഭൂമി ഇപ്പോൾ അവരുടെ സ്വന്തമല്ലാതായിരിക്കുന്നു. അവരെ ഇറക്കിവിടാൻ കഴിയില്ലെങ്കിലും ആ ഭൂമിയിൽ ക്രയവിക്രയ സ്വാതന്ത്ര്യമില്ല. വഖഫ് നിയമങ്ങളാണ് ഇതിന് കാരണം. വഖഫ് ഭൂമി വിൽക്കാൻ ഫാറൂഖ് കോളെജിന് അധികാരമില്ലെന്നും അന്തിമ തീരുമാനം എടുക്കേണ്ടത് വഖഫ് ട്രൈബ്യൂണൽ ആണെന്നുമാണ് ഹൈക്കോടതിയുടെ നിലപാട്.
വഖഫ് നിയമങ്ങൾ തിരുത്തിയെഴുതുന്നതിനുള്ള നടപടിയുമായി കേന്ദ്ര സർക്കാർ മുന്നോട്ട് പോവുകയാണ്. അതിനായി ഒരു ജോയിന്‍റ് പാർലമെന്‍ററി കമ്മറ്റിയെ നിയമിക്കുകയും ചെയ്തു. അവരുടെ റിപ്പോർട്ട് ഇപ്പോൾ പാർലമെന്‍റിന് മുമ്പിൽ വന്നിരിക്കുകയാണ്. ആറിപ്പോർട്ടനുസരിച്ചുള്ള നിയമ നിർമാണങ്ങൾ വരുമ്പോൾ വ്യത്യസ്തമായ അഭിപ്രായങ്ങളായിരിക്കും വിവിധ സാമൂഹ്യ സംഘടനകൾക്കും രാഷ്‌ട്രീയ പാർട്ടികൾക്കും ഉണ്ടാവുക.
കേന്ദ്ര സർക്കാർ ഉദ്ദേശിക്കുന്ന വഖഫ് ഭേദഗതി നിയമത്തിൽ ജില്ലാ കലക്റ്ററിലൂടെ സർക്കാരിന്‍റെ നിയന്ത്രണത്തിലേക്ക് വഖഫ് തർക്കങ്ങൾ നീങ്ങുകയാണ്. മാത്രമല്ല, വഖഫ് ബോർഡിൽ മുസ്‌ലിം അല്ലാത്തവരെ നിയമിക്കാൻ കേന്ദ്ര സർക്കാർ ആലോചിക്കുന്നുമുണ്ട്. ഹൈന്ദവ- ക്രൈസ്തവ ബോർഡുകളിൽ മറ്റ് മതങ്ങളിലെയോ സമുദായങ്ങളിലെയോ ആളുകളെ വയ്ക്കാൻ പറ്റാത്ത സാഹചര്യമുള്ളപ്പോൾ എന്തുകൊണ്ട് വഖഫ് ബോർഡിൽ മാത്രം മുസ്‌ലിം ഇതര സമുദായ അംഗങ്ങളെ കൊണ്ടു വരുന്നു എന്നത് പ്രസക്തമായ ചോദ്യമാണ്.
ഇതൊരു ജനകീയ പ്രശ്നമായി മാറിയപ്പോൾ മാനുഷിക പരിഗണന നൽകി പ്രശ്നം പരിഹരിക്കുന്നതിന് പകരം ഓരോരുത്തരും രാഷ്‌ട്രീയ മുതലെടുപ്പ് നടത്തുകയും സ്വന്തം താത്പര്യങ്ങൾ സംരംക്ഷിക്കുകയുമാണ് ചെയ്യുന്നത്. കേരളത്തിലെ ബിജെപിക്ക് ക്രൈസ്തവ സമുദായങ്ങൾക്കിടയിൽ ഇതുവരെയില്ലാത്ത സ്വാധീനം മുനമ്പം പ്രശ്നത്തിലൂടെ ഉണ്ടാക്കിയെടുക്കാൻ കഴിയുമെന്ന് ബിജെപി നേതൃത്വം വിശ്വസിക്കുന്നു. അതുകൊണ്ട് കേന്ദ്ര സർക്കാരിന്‍റെ വഖഫ് ഭേദഗതിയെ പിന്തുണയ്ക്കണമെന്നാണ് അവരുടെ നിലപാട്.
മുനമ്പത്ത് സമരത്തിന് വന്ന വിവിധ ക്രൈസ്തവ സമുദായക്കാർക്കും അവരവരുടേതായ താത്പര്യമുണ്ട്. കോട്ടപ്പുറം ലത്തീൻ രൂപതയുടെ അധീനതിയിൽപ്പെടുന്ന സ്ഥലമായതുകൊണ്ട് അവർ മുൻകൈയെടുക്കുന്നത് മനസിലാക്കാം. എന്നാൽ ഒരു സുറിയാനി പോലുമില്ലാത്ത മുനമ്പത്ത് സുറിയാനി പിതാക്കന്മാർ ഓടിയെത്തുന്നത് എന്തിനാണ്? ലൗ ജിഹാദ് പ്രശ്നത്തിൽ മുസ്‌ലിം സമുദായവുമായി ഏറ്റുമുട്ടുന്ന പാലാ രൂപത ഉൾപ്പെടെയുള്ള സുറിയാനി സഭക്കാർ ഒന്നിച്ച് കൂടുന്നതിന്‍റെ ദുരൂഹതയാണ് ഇതുവഴി പുറത്തു വരുന്നത്.
കോൺഗ്രസുകാരെ സംബന്ധിച്ചിടത്തോളം കയ്ച്ചിട്ട് തുപ്പാനും മധുരിച്ചിട്ട് ഇറക്കാനും വയ്യാത്ത അവസ്ഥയാണിപ്പോൾ. ദേശീയതലത്തിൽ ബിജെപി കൊണ്ടു വരുന്ന വഖഫ് ഭേദഗതി അംഗീകരിക്കാൻ കോൺഗ്രസിന് ബുദ്ധിമുട്ടുണ്ട്. ഈ ഭേദഗതി മുനമ്പത്ത് താമസിക്കുന്നവർക്ക് ഗുണം ചെയ്യും. സംസ്ഥാന സർക്കാരാകട്ടെ, റിട്ട. ജസ്റ്റിസ് രാമചന്ദ്രൻ കമ്മിഷനെ നിയമിച്ചുകൊണ്ട് എങ്ങിനെ അവിടുത്തെ താമസക്കാരെ രക്ഷിക്കാൻ കഴിയും എന്ന് കണ്ടെത്താൻ ശ്രമിക്കുകയാണ്.
ആ ലക്ഷ്യം കൃത്യമായി മനസിലാക്കാതെയാണ് കേരള ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ചിന്‍റെ ഉത്തരവ്. വഖഫ് നിയമത്തെയോ, ട്രൈബ്യൂണൽ അധികാരത്തെയോ കമ്മിഷന്‍റെ അധികാരത്തിലൂടെ സംസ്ഥാന സർക്കാർ ചോദ്യം ചെയ്യുന്നില്ല. മറിച്ച്, എങ്ങിനെ മുനമ്പത്തുകാർക്ക് തങ്ങളുടെ ഭൂമിയിൽ ക്രയവിക്രയ സ്വാതന്ത്ര്യം ലഭിക്കും എന്നതായിരുന്നു കമ്മിഷൻ സർക്കാരിനെ ഉപദേശിക്കേണ്ടിയിരുന്നത്. അതു പൂർണമായി മനസിലാക്കാതെയാണ് ഹൈക്കോടതി കമ്മിഷന്‍റെ പ്രവർത്തനത്തെ തടഞ്ഞിരിക്കുന്നത്. കോടതി ഉത്തരവിനെതിരേ അപ്പീൽ പോകുമെന്ന് കേരള നിയമമന്ത്രി പി. രാജീവ് അറിയിച്ചിട്ടുണ്ട്.
സർക്കാർ അന്വേഷണ കമ്മിഷനെ നിയമിക്കുന്ന കാര്യത്തിൽ ഹൈക്കോടതിക്ക് എതിർപ്പില്ല; പിന്നെ എന്തിനെയാണ് ഹൈക്കോടതി എതിർക്കുന്നത്? ഈ ചോദ്യങ്ങൾക്കൊക്കെ വരും ദിവസങ്ങളിൽ നിയമ വേദിയിൽ തന്നെ ഉചിതമായ ചർച്ചകൾ ഉണ്ടാകും. ഈ സന്ദർഭത്തിലാണ് പ്രതിപക്ഷ നേതാവിന്‍റെ കേമം പറച്ചിൽ.
താനായിരുന്നെങ്കിൽ പത്ത് മിനിട്ടുകൊണ്ട് ഈ പ്രശ്നം പരിഹരിക്കുമായിരുന്നു എന്നാണ് അദ്ദേഹം അവകാശപ്പെട്ടത്. അങ്ങിനെയുള്ള എന്തെങ്കിലും മാജിക് വിദ്യകൾ അദ്ദേഹത്തിന്‍റെ കൈയിയിലുണ്ടെങ്കിൽ അത് പുറത്തെടുക്കണമെന്നാണ് ജോത്സ്യന് പറയാനുള്ളത്.