ഒരുമിച്ച് സിനിമ കാണാം, കറങ്ങി നടക്കാം, മണിക്കൂറിന് 2000 രൂപ; ജപ്പാനിലെ വാടക ബോയ്ഫ്രണ്ട് ട്രെൻഡ് ഇന്ത്യയിലും
ഒരു കാർ ബുക്ക് ചെയ്യുന്നതു പോലെ ഒരു ബോയ്ഫ്രണ്ടിനെയും ബുക്ക് ചെയ്യാൻ സാധിച്ചാലോ.. ഷോപ്പിങ്ങിനു പോകാനും, സിനിമ കാണാനും ഭക്ഷണം കഴിക്കാനും നാടു ചുറ്റിക്കറക്കാനും ആശുപത്രിയിൽ പോകാനുമൊക്കെയൊരു കൂട്ട് എന്നു മാത്രമേ ഈ ബോയ്ഫ്രണ്ടിന് അർഥമുള്ളൂ. ഒരിക്കലും ആളൊഴിഞ്ഞ കോണിലേക്കോ ഹോട്ടൽ മുറികളിലേക്കോ വാടക ബോയ്ഫ്രണ്ടുകളെ ലഭിക്കില്ലെന്നതാണ് പ്രധാനം. ലൈംഗിക ബന്ധം, ഹോട്ടൽ മുറി, ഒഴിഞ്ഞ സ്ഥലം, രാത്രിയിലുള്ള താമസം എന്നിവയൊന്നും ലഭിക്കില്ല. എപ്പോഴും ബഹുമാനത്തോടെയുള്ള പെരുമാറ്റമായിരിക്കണം.
മ്യൂസിയം, റസ്റ്ററന്‍റ്, ഷോപ്പിങ് മാൾ തുടങ്ങിയ പൊതു ഇടങ്ങളിൽ മാത്രമേ ഇവരുടെ സേവനം ലഭിക്കുകയുള്ളൂ. 1990കൾ മുതലേ ജപ്പാനിൽ ഈ ട്രെൻഡ് ഉണ്ട്. ജപ്പാനിൽ പടർന്നു പിടിച്ച വാടകയ്ക്കൊരു ബോയ്ഫ്രണ്ട് രീതി ഇപ്പോഴിതാ ഇന്ത്യയിലുമെത്തിയിരിക്കുന്നു. വാടകയ്ക്ക് ഒരു ബോയ്ഫ്രണ്ടിനെ കണ്ടെത്താൻ ആകുന്ന വിധത്തിൽ ഫെയ്സ്ബുക്കിൽ അടക്കം നിരവധി ഗ്രൂപ്പുകൾ സജീവമാണെന്നാണ് മാധ്യമ റിപ്പോർട്ടുകൾ. ഗ്രൂപ്പു വഴി പേര്, ഫോട്ടോ, നഗരം എന്നിവയൊക്കെ പങ്കു വയ്ക്കാം. കോപാർട്ണർ എന്ന സൈറ്റ് വഴി പ്രൊഫൈലുകൾ നിർമിച്ച് ഇത്തരത്തിൽ ബോയ്ഫ്രണ്ടിനെ വാടകയ്ക്ക് എടുക്കാൻ സാധിക്കും. വെബ് സൈറ്റിൽ പറഞ്ഞിരിക്കുന്നതു പ്രകാരം വെറുതേ ചുറ്റിക്കറങ്ങാൻ ആണെങ്കിൽ മണിക്കൂറിന് 1500 രൂപയാണ് ഈടാക്കുന്നത്.
സിനിമ കാണാനും, ഷോപ്പിങ്ങിന് ഒപ്പം പോകാനും, വൈദ്യ സഹായത്തിനും മണിക്കൂറിന് 2000 രൂപയാണ് ചാർജ്. നെൽ (knell) എന്ന ജോബ് പോർട്ടലും ഇത്തരം സർവീസുകൾ മുന്നോട്ടു വയ്ക്കുന്നുണ്ട്. ഇൻസ്റ്റഗ്രാമിലും ഇത്തരം പേജുകൾ സജീവമാണ്. വിദ്യാർഥികളുൾപ്പെടെയുള്ളവർ പാർട് ടൈം ജോലി എന്ന നിലയിലാണ് ഈ വാട ബോയ്ഫ്രണ്ട് ആയി മാറുന്നത്. 20 വയസു മുതലുള്ള സ്ത്രീകൾ ബോയ്ഫ്രണ്ടിനെ വാടകയ്ക്ക് എടുക്കാറുമുണ്ട്. കൃത്യമായ ഗ്രൂമിങ്ങിനു ശേഷം മാത്രമേ ഈ ജോലിയിൽ പ്രവേശിക്കാൻ സാധിക്കൂ. ആശയവിനിമയത്തിനുള്ള കഴിവാണ് പ്രധാനം. അതോ പോലെ സമയനിഷ്ഠ, അപരിചിതർക്ക് ആശ്വാസം പകരുന്ന പെരുമാറ്റം എന്നിവയും നിർബന്ധമാണ്.