ശ്രീനഗറിൽ നിന്ന് ഉറിയിലേക്കുള്ള യാത്രാമധ്യേ സിന്ധ് നദിക്കു കുറുകെയുള്ള പാലം.

 

Metro Vaartha

Special Story

കശ്മീർ: മാഞ്ഞുതുടങ്ങുന്ന മുറിപ്പാടുകൾ

കശ്മീർ താഴ്‌വരയിൽ ഭീതിയുടെ നിഴലൊഴിയുകയാണ്. വികസനത്തിന്‍റെ വസന്തകാലം ജനജീവിതത്തിന് പുതിയ പ്രതീക്ഷ പകരുന്നു.

VK SANJU

വി.കെ. സഞ്ജു

''ഇതൊന്നും ഞങ്ങളാരും തുടങ്ങിയവച്ചതല്ലല്ലോ. പക്ഷേ, അനുഭവിക്കുന്നത് ഞങ്ങളെപ്പോലുള്ള പാവപ്പെട്ടവരാണ്....''

അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് താരം റാഷിദ് ഖാന്‍റെ മുഖച്ഛായയുള്ള ആമിർ, ശിക്കാര തുഴയുന്നതിനിടെ ആരോടെന്നില്ലാതെ പറഞ്ഞുകൊണ്ടിരുന്നു. പോസ്റ്റ് ഗ്രാജ്വേഷൻ വരെ പഠിച്ചതാണ്. വീട്ടിലെ സാഹചര്യങ്ങൾ കാരണം ഫൈനൽ പരീക്ഷ എഴുതിയില്ല. ജേർണലിസ്റ്റ് ആവണമെന്നായിരുന്നു ആഗ്രഹം. ഇപ്പോൾ 8,000 രൂപ മാസ ശമ്പളത്തിന് ദാൽ തടാകത്തിൽ വള്ളം തുഴഞ്ഞ് ജീവിതം കരയ്ക്കടുപ്പിക്കാൻ ശ്രമിക്കുന്നു.

''കശ്മീർ താഴ്‌വരയിലെ സംഘർഷങ്ങൾ ഭൗതികമായി മാത്രമല്ല, മാനസികമായും ജനങ്ങളെ ബാധിച്ചിരുന്നു. പ്രായപൂർത്തിയായവരിൽ 45 ശതമാനം പേർ മാനസിക സമ്മർദം അനുഭവിക്കുന്നതായി ഇവിടെ നടത്തിയ പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്. ആത്മഹത്യാ ശ്രമങ്ങളുടെ എണ്ണത്തിൽ രാജ്യത്ത് മുൻനിരയിലാണ് ജമ്മു കശ്മീർ. ലഹരി ഉപയോഗവും വർധിച്ചുവരുന്നതായി ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കുകൾ നോക്കിയാലറിയാം'', ശിക്കാരയിൽ എനിക്ക് അഭിമുഖമായിരുന്ന അമൻ ഭട്ട് സംസാരിച്ചത്, ആമിർ പറഞ്ഞതിന് അനുബന്ധമായാണ്.

ദാൽ തടാകത്തിലെ ശിക്കാര വള്ളങ്ങൾ.

താഴ്‌വരയിലെ ഭൂരിപക്ഷം ജനങ്ങളും ഏതെങ്കിലും തരത്തിൽ സംഘർഷബാധിതരാണ്. ഭീകരർ അതിർത്തി കടന്ന് വന്നുകൊണ്ടിരുന്നത് അവരുടെ കൃഷിയിടങ്ങളിലൂടെയും ആട്ടിൻപറ്റങ്ങൾക്കിടയിലൂടെയുമായിരുന്നു. ഇന്ത്യയും പാക്കിസ്ഥാനും നാലു വട്ടം (1948, 1965, 1999, 2025) നേരിട്ട് ഏറ്റുമുട്ടിയത് അവരുടെ തലയ്ക്കു മുകളിലൂടെയായിരുന്നു. അതിനെയൊക്കെ അതിജീവിച്ചവരിൽ, പ്രത്യേകിച്ച് കുട്ടികളിൽ, സംഘർഷത്തിന്‍റെ അനന്തരഫലങ്ങൾ ദീർഘകാലം ശേഷിക്കുന്നു.

എന്നാൽ, ഇന്ന് കാലം മാറുകയാണ്. ഓപ്പറേഷൻ സിന്ദൂറിന്‍റെ സമയത്തെ ഭീതിദമായ അന്തരീക്ഷത്തിൽ നിന്നൊക്കെ ഉറിയും പരിസരപ്രദേശങ്ങളും മുക്തമായി വരുന്നു. അതിവേഗത്തിൽ പുരോഗമിക്കുന്ന അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ മേഖലയിലെ ഏതു പ്രധാന പാതയിലും നേരിട്ടു കാണാം.

അതിജീവനത്തിനപ്പുറത്തെ ജീവിതം

സോനമാർഗിൽ നിന്നുള്ള മഞ്ഞുതടാകത്തിന്‍റെ ദൃശ്യം.

''പണ്ടൊക്കെ ഇവിടെ ജീവിതമെന്നാൽ അതിജീവനം മാത്രമായിരുന്നു. ഇപ്പോൾ തുറന്നു കിട്ടിയ നഗരങ്ങളിൽ എന്താണു ചെയ്യേണ്ടതെന്നൊരു അങ്കലാപ്പാണ്....''

അമൻ സംസാരിക്കുന്നതു കേൾക്കുമ്പോൾ, ഓരോ വാക്കിലും ഓർമകൾ ഘനീഭവിച്ചു കിടക്കുന്നതു പോലെ തോന്നും. ഞാൻ വാഹനത്തിന്‍റെ ചില്ലിനു പുറത്തെ തിരക്കിലേക്കു കണ്ണയച്ചു. ദാൽ തടാകത്തിലെ സായാഹ്നത്തിനു ശേഷം രാവിലെ ശ്രീനഗറിൽ നിന്ന് എൽഒസിയിലേക്കുള്ള യാത്രയാണ്. നിയന്ത്രണരേഖയിലെ കമാൻ പോസ്റ്റ് വരെ 115 കിലോമീറ്ററേയുള്ളൂ. പക്ഷേ, അത്രയും ദൂരം താണ്ടാൻ ഞങ്ങൾക്ക് നാല് മണിക്കൂറോളം വേണ്ടിവരും. നാഷണൽ ഹൈവേ അഥോറിറ്റി ഒഫ് ഇന്ത്യയുടെയും (NHAI) ബോർഡർ റോഡ്സ് ഓർഗനൈസേഷന്‍റെയും (BRO) ഒക്കെ നേതൃത്വത്തിൽ നടക്കുന്ന റോഡ് പണികളാണ് കാരണം. നിലവിലുള്ള പാതയ്ക്ക് സമാന്തരമായും ഇരട്ടത്തൂണുകളിലുമെല്ലാം തകൃതിയായി ജോലികൾ നടക്കുന്നു. പലയിടത്തും വാഹനങ്ങൾ സിംഗിൾ ലെയിനായി തിരിച്ചുവിടുകയാണ്. ഇതിനു പുറമേ, ഏതാനും വർഷം മുൻപ് വരെ പരിചിതമല്ലാത്ത വാഹനത്തിരക്കും ഇപ്പോഴുണ്ടെന്ന് ഞങ്ങളുടെ ഡ്രൈവർ സിറാജ് പറഞ്ഞു.

കശ്മീർ താഴ്‌വരയിലും ജമ്മു മേഖലയിലുമായി ബിആർഒ പ്രധാനമായും രണ്ട് വിശാല പദ്ധതികളായാണ് പ്രവർത്തനം ഏകോപിപ്പിക്കുന്നത്- ശ്രീനഗർ ആസ്ഥാനായി പ്രോജക്റ്റ് ബീക്കൺ, ജമ്മു ആസ്ഥാനമായി പ്രോജക്റ്റ് സമ്പർക്ക് എന്നിവ. കശ്മീർ താഴ്‌വര, സോജില, ഗുൽമാർഗ്, ഉറി, വടക്കൻ അതിർത്തി റോഡുകൾ എന്നിവ ഉൾപ്പെടുന്ന പ്രോജക്റ്റ് ബീക്കൺ വികസന പ്രവർത്തനങ്ങൾക്കു നടുവിലൂടെയാണ് ഞങ്ങളുടെ യാത്ര.

ശ്രീനഗർ - സോനമാർഗ് റോഡിലെ സൈൻ ബോർഡ്.

പ്രദേശവാസികൾക്കും വിനോദസഞ്ചാരികൾക്കും സുഗമമായ യാത്രാ സൗകര്യങ്ങൾ ഒരുക്കുക എന്നതിനൊപ്പം, പ്രതിരോധരംഗത്തും സുപ്രധാനമായ പദ്ധതികളാണ് ഇതിനു കീഴിൽ നടപ്പാക്കി വരുന്നത്. അതിർത്തിഗ്രാമങ്ങളും നിയന്ത്രണ രേഖയിലെ സൈനിക പോസ്റ്റുകളും മഞ്ഞുകാലത്ത് ഒറ്റപ്പെടുന്നത് ഇതിലൂടെ ഒഴിവാക്കാനാവും. അതിർത്തി പാതകളിൽ ആയുധങ്ങളും ഭാരമേറിയ വാഹനങ്ങളും വേഗത്തിൽ എത്തിക്കാനും സഹായിക്കും.

അതെ, കശ്മീർ മാറുകയാണ്. താഴ്‌വരയിലെ ജീവിതം കൂടുതൽ സജീവമായിരിക്കുന്നു. അതിജീവനം എന്ന ഒറ്റ ലക്ഷ്യത്തിൽ ജീവിതം തള്ളിനീക്കിയിരുന്നവർക്ക് ഇന്ന് തിരക്കേറിയ പകലുകളിൽ സമയം തികയാതെ വരുന്നുണ്ട്. കേരളത്തിൽ പൊലീസുകാരെ കാണുന്നതിൽ കൂടുതൽ കശ്മീരിലെ ഓരോ തിരിവിലും ബിഎസ്എഫ്, സിആർപിഎഫ് ജവാൻമാരെയും കവചിത വാഹനങ്ങളും കാണാം. ഓട്ടോമാറ്റിക് മെഷീൻ ഗണ്ണും ബുള്ളറ്റ് പ്രൂഫ് വെസ്റ്റും ഹെൽമെറ്റും ധരിച്ച പട്ടാളത്തിന്‍റെ കാവൽ ഇന്നവിടത്തെ നിത്യജീവിതത്തിന്‍റെ ഭാഗം തന്നെ.

പുഴയ്ക്കപ്പുറത്തെ പച്ചപ്പതാക

കൊച്ചി പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ നേതൃത്വത്തിൽ കശ്മീർ സന്ദർശിച്ച കേരളത്തിൽ നിന്നുള്ള മാധ്യമ പ്രവർത്തകർ കമാൻ പോസ്റ്റിലെ അമൻ സേതുവിനു മുന്നിൽ.

നിയന്ത്രണരേഖയോട് അടുക്കുന്തോറും ഹൈറേഞ്ച് റോഡുകൾ പൂർത്തിയായ സ്ഥിതിയിലാണ്. ശൈത്യകാലമായിട്ടില്ല. പൊടിയടിഞ്ഞ് നരച്ചു പോയ ടാർ റോഡുകളിൽ ഉറഞ്ഞുകിടക്കുന്ന പഴയ ഭീതിയുടെ ഓർമകൾ മാഞ്ഞു തുടങ്ങുന്നു. ഉറിയിലെ മലനിരകളിൽ നിന്ന് ഒഴുകിയിറങ്ങുന്ന അരുവികളിൽ ചെന്നിണം കലർന്ന സ്മരണകൾക്കു പകരം മഞ്ഞുതടാകങ്ങളുടെ തെളിനീല കലർന്നിരിക്കുന്നു. ഓരോ ഷെല്ലിന്‍റെ വിസ്ഫോടനത്തിനും പിന്നാലെ ആകാശത്തേക്ക് കൈകളുയർത്തി പ്രാർഥിച്ചിരുന്ന ജനത ഒട്ടൊക്കെ സമാധാനത്തോടെ ഉറങ്ങിത്തുടങ്ങുന്നു.

മഞ്ഞുകണങ്ങൾ മരവിപ്പിച്ച മരച്ചില്ലകൾക്കിടയിലൂടെ പച്ചപ്പിന്‍റെ വസന്തം തിരിച്ചെത്തുമ്പോൾ, കാശ്മീർ ശാന്തിയുടെയും പുരോഗതിയുടെയും പാതയിലാണ്. നിയന്ത്രണരേഖയുടെ ഇങ്ങേപ്പുറത്ത് പത്തു ലക്ഷത്തോളം പേർ താമസിക്കുന്നുണ്ട്. ഏറെയും ദിവസക്കൂലിക്കാരും കർഷകരുമൊക്കെ തന്നെ. അതിർത്തിയിൽ താമസിക്കുന്നവർ സ്വഭാവികമായി നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടുകൾ എന്ന നിലയിൽ അവരെ മാറ്റിനിർത്താനാവില്ല. തൊണ്ണൂറുകളിലെ സാഹചര്യങ്ങളിലേക്കു മടങ്ങിപ്പോകാതിരിക്കാനുള്ള വികസനപാതകളാണ് ടാറിലും കോൺക്രീറ്റിലും കശ്മീരിലൂടെ നെടുകെയും കുറുകെയും നീളുന്നത്.

അമൻ സേതു, കമാൻ പോസ്റ്റ്, ഉറി.

അതിന്‍റെയറ്റത്ത് കമാൻ പോസ്റ്റിന്‍റെ വലിയ കവാടത്തിനു മുന്നിൽ ഞങ്ങളുടെ വാഹനം നിന്നു. അൽപ്പം നടന്നാൽ അമൻ സേതു. പാലത്തിന്‍റെ രണ്ടറ്റത്തും ഗേറ്റുകൾ താഴിട്ടു പൂട്ടിയിരിക്കുന്നു. സിന്ധ് നദിക്കപ്പുറം പാക് പതാക പാറുന്നു.

ബാരാമുള്ള ജില്ലയിലെ ഉറിയിൽ സ്ഥിതി ചെയ്യുന്ന അവസാനത്തെ ഇന്ത്യൻ പോസ്റ്റാണ് കമാൻ പോസ്റ്റ്. ഇന്ത്യയെയും പാക് അധീന കശ്മീരിനെയും ബന്ധിപ്പിക്കുന്ന അമൻ സേതു ഒരു കാലത്ത് ഫ്രണ്ട്ഷിപ്പ് ബ്രിഡ്ജ് എന്നറിയപ്പെട്ടിരുന്നു. ശ്രീനഗർ - മുസാഫറാബാദ് ബസ് സർവീസ് കടന്നുപോയിരുന്നത് ഇതുവഴിയാണ്. വിഭജനത്തിൽ ഇരുവശത്തായിപ്പോയ കുടുംബങ്ങൾക്ക് പരസ്പരം കാണാനും, വ്യാപാര ആവശ്യങ്ങൾക്കും ഈ പാലം ഉപയോഗിച്ചിരുന്നു. എന്നാൽ, 2019-ലെ പുൽവാമ ഭീകരാക്രമണത്തിനു ശേഷം ബസ് സർവീസും അതിർത്തി വഴിയുള്ള വ്യാപാരവും നിർത്തി; പാലവും അടച്ചു.

മാറുന്ന കശ്മീർ

ഉറിയിലെ കമാൻ പോസ്റ്റിൽ സ്ഥാപിച്ചിരിക്കുന്ന ബോർഡ്.

തലമുറകളായി അനുഭവിച്ച പേടിസ്വപ്നങ്ങളും, തകർന്ന വീടുകളും, ഏതു നിമിഷവും ചിതറിത്തെറിക്കാവുന്ന സമാധാനവും കശ്മീർ ജനതയുടെ മനസുകളിൽ ആഴത്തിലുള്ള മുറിവുകൾ വീഴ്ത്തിയിരുന്നു. എന്നാൽ, എത്ര ഇരുണ്ട രാത്രിക്കു ശേഷവും ഒരു പുലരിയുണ്ടാകുമെന്ന പ്രകൃതിനിയമത്തെ അന്വർഥമാക്കിക്കൊണ്ട് കശ്മീർ കണ്ണുതുറക്കുകയാണ്.

കുട്ടികൾ പേടിയില്ലാതെ സ്കൂളിൽ പോകുന്നു, കർഷകർ കടക്കെണിയില്ലാതെ തോട്ടങ്ങളെ സ്നേഹത്തോടെ പരിചരിക്കുന്നു; അവിടെ ആപ്പിളും മാതളവും മുതൽ മൾബറിച്ചെടികളിലെ പട്ടുനൂൽപ്പുഴുക്കൾ വരെ വളരുന്നു. തകർന്നടിഞ്ഞ ചുവരുകളിൽ നിന്ന് വീണ്ടും വീടുകൾ ഉയർന്നുപൊങ്ങുമ്പോൾ, ഓരോ പുതിയ നിർമിതിയും പറയുന്നത് അതിജീവനത്തിന്‍റെ കഥകളാണ്.

സുശാന്തിന്‍റെ മുൻ മാനേജർ ദിഷ സാലിയന്‍റെ മരണത്തിൽ കേസെടുത്ത് സിബിഐ; പ്രതിപട്ടികയിൽ മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയുടെ മകൻ ആദിത്യ താക്കറെയും

തമിഴ്നാട് മന്ത്രിയുടെ നാട്ടിൽ‌ സ്വാതന്ത്ര്യത്തിനുശേഷം ആദ്യമായി ബസ് സർവീസ്; ആഘോഷമാക്കി ഗ്രാമവാസികൾ

തൊണ്ടിമുതലായ 7 ചാക്ക് പുകയില ഉത്പ്പനങ്ങൾ മോഷ്ഠിച്ചു, ഒടുവിൽ സിസിടിവിയിൽ കുടുങ്ങി; പൊലീസ് ഉദ‍്യോഗസ്ഥന് സസ്പെൻഷൻ

ഹിന്ദിയിൽ വിധി പകർപ്പുകൾ ലഭ്യമാക്കാൻ സുപ്രീം കോടതി; ‘ജൻ സൂചന സേവ’യ്ക്ക് തുടക്കം

"ഇന്ത്യ മുന്നണിയിലെ കക്ഷികൾ തമ്മിൽ പ്രശ്നം ആയിക്കോട്ടെ"; പിണറായിയെ ലക്ഷ്യമിട്ടത് ബിജെപി കുതന്ത്രമെന്ന് ടി.കെ. ഗോവിന്ദൻ