1957 - 2026: അൽപം പ്രതിജ്ഞാ ചരിത്രം

 
Special Story

1957 - 2026: അൽപം പ്രതിജ്ഞാ ചരിത്രം

MV Desk

വിജയ് ചൗക്ക്

സുധീര്‍ നാഥ്

കേരളത്തിന്‍റെ 13ാമത് മുഖ്യമന്ത്രിയായി വി.ഡി. സതീശനും പിന്നാലെ 20 മന്ത്രിമാരും തുടർന്ന് പ്രോടെം സ്പീക്കർക്കു മുന്നിൽ എംഎൽഎമാരും സത്യപ്രതിജ്ഞ ചെയ്തു. അതിനു പിന്നാലെ സ്പീക്കറെ തെരഞ്ഞെടുത്തു, അദ്ദേഹവും സത്യപ്രതിജ്ഞ ചെയ്തുകഴിഞ്ഞു. മന്ത്രിമാർക്കെല്ലാം വകുപ്പുകൾ വീതിച്ചു നൽകി. ഈ പശ്ചാത്തലത്തിൽ സത്യപ്രതിജ്ഞകളെപ്പറ്റിയുള്ള ചില ചിന്തകളാണിവിടെ പങ്കുവയ്ക്കുന്നത്.

കേരള ചരിത്രം പരിശോധിച്ചാല്‍ 1957ൽ ഇഎംഎസ് മന്ത്രിസഭാ അധികാരമേറ്റതു മുതല്‍ പിന്നീടിങ്ങോട്ട് 13 മുഖ്യമന്ത്രിമാരാണ് ഉണ്ടായിട്ടുള്ളത്. ഇവരുടെയും ഒപ്പമുള്ള മിക്ക എംഎല്‍എമാരുടേയും സത്യപ്രതിജ്ഞകള്‍ ഏറെ ശ്രദ്ധേയവുമാണ്. സത്യപ്രതിജ്ഞകളെക്കുറിച്ച് എത്രയോ തവണ കേരള രാഷ്‌ട്രീയത്തില്‍ വിവാദങ്ങളും ചര്‍ച്ചകളും ഉണ്ടായി. വ്യത്യസ്ത രീതിയിലാണ് ഓരോരുത്തരും സത്യപ്രതിജ്ഞ ചെയ്യുന്നത് എന്നതും ഇവിടെ സൂചിപ്പിക്കേണ്ടതുണ്ട്. ""ഭരണഘടനയോടും നിർവ്യാജമായ വിശ്വസ്തതയും കൂറും പുലര്‍ത്തുമെന്നും, ഇന്ത്യയുടെ പരമാധികാരവും അഖണ്ഡതയും കാത്തുസൂക്ഷിക്കുമെന്നും, ഞാൻ ഏറ്റെടുക്കാൻ പോകുന്ന പദവിയുടെ കർത്തവ്യങ്ങൾ വിശ്വസ്തതയോടെ നിർവഹിക്കുമെന്നും, പദവിയുടെ ചുമതലകള്‍ നിര്‍ഭയമായും പക്ഷപാതമില്ലാതെയും നിര്‍വഹിക്കുമെന്നും'' അധികാരമേല്‍ക്കുമ്പോള്‍ നല്‍കുന്ന പ്രതിജ്ഞയോട് കാണിക്കുന്ന അവിശ്വസ്തതയോ ലംഘനമോ ആണ് സത്യപ്രതിജ്ഞാലംഘനം. അങ്ങിനെ കേരള രാഷ്‌ട്രീയ ചരിത്രത്തില്‍ ഒട്ടേറെ സത്യപ്രതിജ്ഞാ ലംഘനങ്ങൾ നടന്നിട്ടുണ്ട്, സത്യപ്രതിജ്ഞാ ലംഘന ആരോപണങ്ങളും ഉണ്ടായിട്ടുണ്ട്.

കേരള മുനിസിപ്പാലിറ്റി/ പഞ്ചായത്ത് ആക്റ്റുകള്‍ പ്രകാരം നിര്‍ദ്ദിഷ്ട രൂപത്തില്‍ മാത്രമേ സത്യപ്രതിജ്ഞ ചെയ്യാവൂ. "ദൈവനാമത്തിലോ' അല്ലെങ്കില്‍ "ദൃഢപ്രതിജ്ഞ'യോ അല്ലാതെ, പ്രത്യേക ദൈവങ്ങളുടെയോ ഭാരതമാതാവ് പോലുള്ള ചരിത്ര/ ആദര്‍ശ വ്യക്തികളുടെയോ പേരുചൊല്ലി സത്യപ്രതിജ്ഞ ചെയ്യുന്നത് ചട്ടലംഘനമാണ്. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ചില ബിജെപി കൗണ്‍സിലര്‍മാര്‍ "ഭാരതാംബയുടെയും', "ആറ്റുകാലമ്മയുടെയും' മറ്റ് ഹൈന്ദവ ദൈവങ്ങളുടെയും പേരില്‍ സത്യപ്രതിജ്ഞ ചെയ്തത് വലിയ വിവാദമായി. ഇത് ഭരണഘടനാ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി സിപിഎം ജില്ലാ നേതൃത്വം തിരഞ്ഞെടുപ്പ് കമ്മിഷനും കലക്റ്റര്‍ക്കും പരാതി നല്‍കിയിരിക്കുകയാണ്.

സാധാരണ ഇടതുപക്ഷ എംഎല്‍എമാര്‍, പ്രത്യേകിച്ച് കമ്യൂണിസ്റ്റ് ആശയക്കാർ, ദൃഢപ്രതിജ്ഞയാണ് ചെയ്യാറ്. വലതുപക്ഷ എംഎല്‍എമാരിൽ മിക്കവരും ഈശ്വര വിശ്വാസികളാകയാൽ ദൈവനാമത്തിൽ. എന്നാല്‍ ഇപ്പോള്‍ സ്ഥിതിയില്‍ ചെറിയ മാറ്റം വന്നിട്ടുണ്ട്. എല്‍ഡിഎഫിന്‍റെ ചില എംഎല്‍എമാരും ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്യുന്നു. യുഡിഎഫിലെ ചില എംഎല്‍എമാർ ദൃഢപ്രതിജ്ഞയെടുക്കുന്നു. കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്‍റണി എപ്പോഴും ദൃഢപ്രതിജ്ഞയാണ് ചെയ്തിരുന്നത്. ചേര്‍ത്തലയില്‍ അദ്ദേഹം മത്സരിക്കുമ്പോള്‍ ശിവഗിരിയും എസ്എൻഡിപി യോഗവും എന്‍എസ്എസുമൊക്കെ രസ്യമായി എതിര്‍ത്ത് പ്രചരണം നടത്തിയിരുന്നു. പക്ഷേ ജനങ്ങള്‍ ആന്‍റണിയെ തന്നെ തെരഞ്ഞെടുത്തു. വി.ഡി. സതീശൻ ഈശ്വര വിശ്വാസിയായിട്ടും മേൽപ്പറഞ്ഞവർ എതിർത്തു. പക്ഷേ, സതീശന്‍ ജയിച്ചു, ദൈവനാമത്തിൽ സത്യവാചകം ചൊല്ലി.

1976ലെ അടിയന്തരാവസ്ഥക്കാലത്ത് കക്കയത്ത് പോലീസ് കസ്റ്റഡിയില്‍ പീഡനത്തിനിരയായി കോഴിക്കോട് റീജ്യണല്‍ എൻജിനീയറിങ് കോളേജ് വിദ്യാർഥി പി. രാജന്‍ മരിച്ചതും, തുടര്‍ന്ന് നടന്ന നിയമപോരാട്ടവുമാണ് രാജന്‍ കേസ്. അടിയന്തരാവസ്ഥയ്ക്കു ശേഷം രാജന്‍റെ പിതാവ് ഈച്ചര വാരിയര്‍ നിയമ യുദ്ധം ആരംഭിച്ചു. മകനെ തേടി കോടതികള്‍ കയറിയിറങ്ങി. 1977 മാര്‍ച്ച് 25ന് ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കി. തെരഞ്ഞെടുപ്പില്‍ വിജയിച്ച കെ. കരുണാകരന്‍ മുഖ്യമന്ത്രിയായി. രാജനെ പിടിച്ചിട്ടില്ലെന്നും പൊലീസ് ക്യാംപിന്‍റെ കഥ വ്യാജമാണെന്നും കേസില്‍ പ്രതികളായ 12 പേര്‍ മാര്‍ച്ച് 31ന് ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി. കോഴിക്കോട് പൊലീസ് സൂപ്രണ്ട് ലക്ഷ്മണ, ഡിഐജി ജയറാം പടിക്കല്‍, ആഭ്യന്തര മന്ത്രി കെ. കരുണാകരന്‍, എസ്ഐ പുലിക്കോടന്‍ നാരായണന്‍ തുടങ്ങിയവരായിരുന്നു അവര്‍. ഏപ്രില്‍ 13ന് വാദങ്ങളില്‍ നിന്ന് രാജനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു എന്ന് കോടതി മനസിലാക്കി. കോടതിയില്‍ വ്യാജ സത്യവാങ്മൂലം നല്‍കുകയും നിയമസഭയെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തു എന്ന കാരണത്താല്‍ കരുണാകരന് ഏപ്രില്‍ 25ന് രാജിവയ്ക്കേണ്ടിവന്നു. കരുണാകരന്‍ തനിക്കറിയാവുന്ന കാര്യങ്ങള്‍ അറിയില്ല എന്ന് കോടതിയില്‍ പറഞ്ഞതാണ് രാജിക്കു കാരണം എന്ന് രാഷ്‌ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നുണ്ട്. ഇതും സത്യപ്രതിജ്ഞാ ലംഘനമാണെന്ന് അഭിപ്രായപ്പെടുന്നവരുണ്ട്.

1985ല്‍ കെ. കരുണാകരന്‍ മന്ത്രിസഭയില്‍ വൈദ്യുതി മന്ത്രി ആയിരിക്കെ ആര്‍. ബാലകൃഷ്ണപിള്ള എറണാകുളം രാജേന്ദ്ര മൈതാനിയില്‍ കേരളാ കോണ്‍ഗ്രസ് സമരപ്രഖ്യാപന സമ്മേളനത്തില്‍ നടത്തിയ പ്രസംഗമാണു ""പഞ്ചാബ് മോഡല്‍ പ്രസംഗം'' എന്ന പേരില്‍ പ്രസിദ്ധമായത്. പാലക്കാട്ട് അനുവദിക്കാമെന്നേറ്റ കോച്ച് ഫാക്റ്ററി നാടകീയമായി പഞ്ചാബിലേക്കു കൊണ്ടുപോയതിനെപ്പറ്റിയാണു അദ്ദേഹം പ്രസംഗിച്ചത്. രാജീവ് ഗാന്ധി പഞ്ചാബുകാരെ പ്രീതിപ്പെടുത്താനാണ് അതു ചെയ്തതെന്ന് അദ്ദേഹം വിശ്വസിച്ചു. കേരളത്തോടുള്ള അവഗണന തുടര്‍ന്നാല്‍ കേരളത്തിലെ ജനങ്ങളും പഞ്ചാബിലെ ജനങ്ങളെപ്പോലെ ഖാലിസ്ഥാന്‍ മോഡൽ സമരത്തിന് നിര്‍ബന്ധിതരാകും എന്നും പ്രസ്താവിച്ചു. പിള്ളയുടെ പ്രസംഗം സത്യപ്രതിജ്ഞാ ലംഘനമാണെന്നും രാജിവയ്ക്കണമെന്നുമുള്ള ആവശ്യം ഉയര്‍ന്നു. കേരള ഹൈക്കോടതിയില്‍ വന്ന പൊതുതാല്‍പര്യ ഹര്‍ജിയില്‍ ജസ്റ്റീസ് രാധാകൃഷ്ണ മേനോന്‍റെ പരാമര്‍ശത്തെ തുടര്‍ന്ന് പിള്ള മന്ത്രിസ്ഥാനം രാജിവച്ചു.

1994-95 കാലഘട്ടത്തില്‍ സംസ്ഥാനത്ത് കോളിളക്കം സൃഷ്ടിച്ചതാണ് ഐഎസ്ആര്‍ഒ ചാരക്കേസ്. കോണ്‍ഗ്രസിനകത്തെ വിഭാഗീയതയും ഗ്രൂപ്പുകളുടെ ശക്തമായ വടംവലിയുമാണ് ഈ കേസിന് ആധാരമായത് എന്ന് പിന്നീടു പലരും പറഞ്ഞു. ആ വടംവലിയില്‍ തന്ത്രശാലിയും ശക്തനുമായ കെ. കരുണാകരന്‍റെ കാലിടറുകയും അദ്ദേഹം രാജിവയ്ക്കുയും ചെയ്തു. രാജ്യസുരക്ഷയെ അട്ടിമറിച്ചു എന്നതായിരുന്നു വലിയ ആരോപണം. സത്യപ്രതിജ്ഞാ ലംഘനത്തിന്‍റെ ഭാഗമായാണ് കരുണാകരന്‍ രാജിവച്ചതെന്ന് പറയേണ്ടിയിരിക്കുന്നു. എന്നാല്‍ സത്യം മറ്റൊന്നായിരുന്നു എന്ന് പിന്നീട് ലോകമറിഞ്ഞു.

2001ല്‍ അന്നത്തെ കൊടുങ്ങല്ലൂര്‍ എംഎല്‍എ ഉമേഷ് ചള്ളിയില്‍ ശ്രീനാരായണ ഗുരുവിന്‍റെ പേരില്‍ സത്യപ്രതിജ്ഞ ചെയ്തത് നിയമപരവും രാഷ്‌ട്രീയവുമായ വലിയ വിവാദങ്ങള്‍ക്ക് കാരണമായി. ഭരണഘടന അനുശാസിക്കുന്നതു പോലെ ദൈവനാമത്തിലോ അല്ലെങ്കില്‍ ദൃഢപ്രതിജ്ഞയായോ അല്ലാതെ സത്യപ്രതിജ്ഞ ചെയ്തത് ചോദ്യം ചെയ്യപ്പെട്ടു. ഉമേഷിന്‍റെ സത്യപ്രതിജ്ഞ ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കപ്പെടുകയും, തുടര്‍ന്ന് അദ്ദേഹത്തിന് തിരിച്ചടി നേരിടേണ്ടി വരികയും ചെയ്തു. സുപ്രീം കോടതിയുടെ ഇടപെടല്‍ തുടര്‍ന്ന് ഉണ്ടായി. ഹൈക്കോടതി വിധിക്കെതിരേ ഉമേഷ് സുപ്രീം കോടതിയെ സമീപിച്ചു. വാദത്തിനിടെ, ശ്രീനാരായണ ഗുരു ദൈവമാണോ എന്നും ആള്‍ദൈവങ്ങളുടെ പേരില്‍ സത്യപ്രതിജ്ഞ ചെയ്യാന്‍ സാധിക്കുമോ എന്നും സുപ്രീം കോടതി ചോദിച്ചു. എന്നാല്‍, ഉമേഷ് ചള്ളിയില്‍ പിന്നീട് പ്രതിജ്ഞ മാറ്റിച്ചൊല്ലി ഭരണഘടനാ ചുമതലകള്‍ നിര്‍വഹിച്ച സാഹചര്യത്തില്‍ സുപ്രീം കോടതി ഈ വിഷയത്തില്‍ തുടര്‍നടപടികള്‍ അവസാനിപ്പിച്ചു.

കെ.ടി. ജലീല്‍ ബന്ധു കെ.ടി. അദീബിനെ സംസ്ഥാന ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പറേഷനില്‍ ജനറല്‍ മാനേജരായി നിയമിച്ച നടപടി ചട്ടവിരുദ്ധമാണെന്നും അധികാര ദുര്‍വിനിയോഗമാണെന്നുമുളള കണ്ടെത്തല്‍ ലോകായുക്ത 2021ല്‍ നടത്തി. ബന്ധുനിയമനവുമായി ബന്ധപ്പെട്ട് അന്നത്തെ ഉന്നതവിദ്യാഭ്യാസ മന്ത്രിയായിരുന്ന ജലീല്‍ സ്വജനപക്ഷപാതം കാണിച്ചെന്നും, സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്നും ലോകായുക്ത കണ്ടെത്തി. ഹൈക്കോടതിയേയും സുപ്രീം കോടതിയേയും ജലീല്‍ സമീപിച്ചിരുന്നെങ്കിലും പരാജയപ്പെടുകയാണുണ്ടായത്. മന്ത്രിയായിരുന്ന ജലീലിനെ മൂന്നു മാസത്തിനുളളില്‍ പുറത്താക്കണമെന്നായിരുന്നു ലോകായുക്ത ഉത്തരവ്. ഒന്നാം പിണറായി സര്‍ക്കാര്‍ കാവല്‍ മന്ത്രിസഭാ കാലയളവില്‍ ജലീല്‍ രാജി നൽകി.

2021ല്‍ തോമസ് ഐസക് കിഫ്ബി മസാല ബോണ്ടുമായ ബന്ധപ്പെട്ട സിഎജി റിപ്പോര്‍ട്ട് നിയമസഭയില്‍ വെക്കുന്നതിന് മുന്‍പ് പരസ്യപ്പെടുത്തിയതിലൂടെ അന്നത്തെ ധനമന്ത്രി തോമസ് ഐസക് സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്ന ആരോപണം പ്രതിപക്ഷം ഉയര്‍ത്തിയിരുന്നു. 2022ല്‍ കേന്ദ്രമന്ത്രിയായിരുന്ന വി. മുരളീധരന്‍ വിദ്വേഷ പ്രസംഗക്കേസില്‍ അറസ്റ്റിലായ പി.സി. ജോര്‍ജിനെ നേരിട്ടെത്തി പിന്തുണ നല്‍കിയത് സത്യപ്രതിജ്ഞാ ലംഘനമാണെന്ന് ആരോപിച്ച് രാഷ്‌ട്രീയ ചര്‍ച്ചകള്‍ നടന്നു. ഭരണഘടന കുന്തവും കുടച്ചക്രവുമാണ് എന്നു പ്രസംഗിച്ച് വിവാദത്തിലകപ്പെട്ട മന്ത്രി സജി ചെറിയാന് 2022 ജൂലൈയിൽ രാജിവയ്ക്കേണ്ടിവന്നു. 2023ല്‍ ഉന്നതവിദ്യാഭ്യാസ മന്ത്രിയായിരുന്ന ആര്‍. ബിന്ദു കേരളവര്‍മ കോളെജിലെ പ്രിന്‍സിപ്പല്‍ നിയമനവുമായി ബന്ധപ്പെട്ട് സ്വജനപക്ഷപാതം കാണിച്ചെന്നും സത്യപ്രതിജ്ഞാലംഘനം നടത്തിയെന്നും ആരോപിച്ച് പ്രതിപക്ഷം വലിയ പ്രതിഷേധങ്ങള്‍ ഉയര്‍ത്തിയിരുന്നു. ഇത്തരത്തില്‍ സത്യപ്രതിജ്ഞാലംഘനവുമായി ബന്ധപ്പെട്ട നിരവധി സംഭവങ്ങൾ കേരള രാഷ്‌ട്രീയ ചരിത്രത്തില്‍ കാണാം.

ഇപ്പോൾ മുഖ്യമന്ത്രിയും മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു കഴിഞ്ഞു. ഇനി വരുന്ന അഞ്ചുവര്‍ഷം ഒട്ടേറെ സത്യപ്രതിജ്ഞാ ലംഘന ആരോപണങ്ങള്‍ ഉണ്ടാകും എന്നുള്ള കാര്യത്തില്‍ സംശയമില്ല. കാത്തിരിക്കാം, ഗൗരവമുള്ളതും ചിലപ്പോൾ രസകരങ്ങളുമായ അത്തരം വാര്‍ത്തകള്‍ക്കായി കാതോര്‍ക്കാം.

സ്ത്രീകൾക്ക് സൗജന്യയാത്ര: ഓഗസ്റ്റ് 15ലേക്ക് മാറ്റുമെന്ന് സൂചന

മുഖ്യമന്ത്രിയെ അധിക്ഷേപിച്ച് ഫെയ്സ്ബുക്ക് പോസ്റ്റ്; കെഎസ്ആർടിസി ഡ്രൈവർക്ക് സസ്പെൻഷൻ

പി.ബി.നൂഹ് ജിഎസ്ടി കമ്മിഷണർ; ഐഎഎസ് തലപ്പത്ത് അഴിച്ചുപണി

കേരള കലാമണ്ഡലം അധ്യാപകൻ വീടിനുള്ളിൽ മരിച്ച നിലയിൽ

മോദിയെ വൈറ്റ് ഹൗസിലേക്ക് ക്ഷണിച്ച് ട്രംപ്, അമെരിക്കൻ പ്രസിഡന്‍റിന്‍റെ സന്ദേശം കൈമാറി മാർക്ക് റൂബിയോ