Special Story

ഗാനഗംഗ

‘ഏ​റ്റവും പ്രിയപ്പെട്ട ഗായകൻ’ എന്ന ചോ​ദ്യത്തിനുത്തരമായി കണ്ണൂർ രാജൻ പറഞ്ഞതിങ്ങനെയാണ്: 'മലയാളത്തിൽ മൂന്നു​ ഗായകരേയുള്ളൂ- യേശുദാസ് ഒന്നാമൻ, യേശുദാസ് രണ്ടാമൻ,യേശുദാസ് മൂന്നാമൻ.''​

# എം.​ബി.​സ​ന്തോ​ഷ്

മൂ​ന്ന​ര പ​തി​റ്റാ​ണ്ട് മു​മ്പ് ഒ​രു ക്രി​സ്മ​സ് വാ​രാ​ന്ത്യ​ത്തി​ൽ റി​ലീ​സാ​യ, 44 ല​ക്ഷം രൂ​പ ചെ​ല​വി​ട്ടു​നി​ർ​മി​ച്ച 'ചി​ത്രം' 3.9 കോ​ടി​രൂ​പ നേ​ടി‌ അ​ക്കാ​ല​ത്തെ ഏ​റ്റ​വും കൂ​ടു​ത​ൽ ക​ല​ക്‌​ഷ​ൻ നേ​ടി​യ മ​ല​യാ​ള ചി​ത്ര​മാ​യി മാ​റി​യ​പ്പോ​ൾ അ​ന്ന് ഏ​റ്റ​വും കൂ​ടു​ത​ൽ ശ്ര​ദ്ധി​ക്ക​പ്പെ​ട്ട​വ​രി​ലൊ​രാ​ൾ അ​തി​ന്‍റെ സം​ഗീ​ത സം​വി​ധാ​യ​ക​ൻ ക​ണ്ണൂ​ർ രാ​ജ​ൻ​കൂ​ടി​യാ​യി​രു​ന്നു. അ​ദ്ദേ​ഹ​ത്തി​ന്‍റെ ഏ​റ്റ​വും വ​ലി​യ ഹി​റ്റാ​യ ഈ ​ചി​ത്ര​ത്തി​ലെ പാ​ട്ടു​ക​ളെ​ല്ലാം ഇ​ന്നും സൂ​പ്പ​ർ​ഹി​റ്റാ​യി തു​ട​രു​ക​യാ​ണ്. ആ ​സ​ന്തോ​ഷ​ത്തി​ൽ ക​ഴി​യ​വെ​യാ​ണ് ചി​ത്രം റി​ലീ​സാ​യ​ശേ​ഷ​മു​ള്ള ആ​ദ്യ ജ​നു​വ​രി​യി​ലെ ‌അ​ഭി​മു​ഖം .

'ഏ​റ്റ​വും പ്രി​യ​പ്പെ​ട്ട ഗാ​യ​ക​ൻ' എ​ന്ന ചോ​ദ്യ​ത്തി​നു​ത്ത​ര​മാ​യി ക​ണ്ണൂ​ർ രാ​ജ​ൻ പ​റ​ഞ്ഞ​തി​ങ്ങ​നെ​യാ​ണ്:'​മ​ല​യാ​ള​ത്തി​ൽ മൂ​ന്നു​ഗാ​യ​ക​രേ​യു​ള്ളൂ- യേ​ശു​ദാ​സ് ഒ​ന്നാ​മ​ൻ, യേ​ശു​ദാ​സ് ര​ണ്ടാ​മ​ൻ,യേ​ശു​ദാ​സ് മൂ​ന്നാ​മ​ൻ.''​ചി​ത്ര'​ത്തി​ലെ ഒ​രു പാ​ട്ടു​പോ​ലും പാ​ടാ​ൻ യേ​ശു​ദാ​സ് ഇ​ല്ലാ​യി​രു​ന്നു. യ​ശഃ​ശ​രീ​ര​നാ​യ ക​ണ്ണൂ​ർ രാ​ജ​ന്‍റെ ആ ​അ​ഭി​പ്രാ​യം ഇ​തു​ത​ന്നെ​യാ​ണ് അ​ന്നും ഇ​ന്നും മ​ല​യാ​ളി​യു​ടേ​ത്.

ആ ​യേ​ശു​ദാ​സി​നാ​ണ് ഇ​ന്ന് ശ​താ​ഭി​ഷേ​കം.84 വ​യ​സ് പൂ​ർ​ത്തി​യാ​കു​ന്ന അ​ദ്ദേ​ഹം യു​എ​സി​ലെ ടെ​ക്സ​സി​ലു​ള്ള ഡാ​ല​സി​ലെ വ​സ​തി​യി​ലാ​ണ് ഇ​ക്കു​റി ജ​ന്മ​ദി​ന​മാ​ഘോ​ഷി​ക്കു​ക. ഫോ​ർ​ട്ട് കൊ​ച്ചി​യി​ലെ‌ റോ​മ​ൻ ക​ത്തോ​ലി​ക്കാ (ല​ത്തീ​ൻ റീ​ത്ത്) കു​ടും​ബ​ത്തി​ൽ 1940 ജ​നു​വ​രി 10ന് ​സം​ഗീ​ത​ജ്ഞ​നും നാ​ട​ക ന​ട​നു​മാ​യി​രു​ന്ന അ​ഗ​സ്റ്റി​ൻ ജോ​സ​ഫ് ഭാ​ഗ​വ​ത​രു​ടെ​യും​എ​ലി​സ​ബ​ത്തി​ന്‍റെ​യും 7 മ​ക്ക​ളി​ൽ ര​ണ്ടാ​മ​നും ആ​ണ്മ​ക്ക​ളി​ൽ മൂ​ത്ത​വ​നു​മാ​യി​രു​ന്നു യേ​ശു​ദാ​സ്.​അ​ച്ഛ​നാ​ണ് ആ​ദ്യ​ഗു​രു. 1949ൽ ​ഒ​മ്പ​താം വ​യ​സ്സി​ൽ ആ​ദ്യ​സം​ഗീ​ത സ​മ്മാ​നം അ​ദ്ദേ​ഹ​ത്തെ തേ​ടി​യെ​ത്തി.

ആ​ദ്യ​ത്തെ സം​സ്ഥാ​ന സ്കൂ​ൾ യു​വ​ജ​നോ​ത്സ​വ​ത്തി​ൽ ല​ളി​ത​ഗാ​നാ​ലാ​പ​ന​ത്തി​ന്‌ ഒ​ന്നാം സ്ഥാ​നം നേ​ടി. 1958 മാ​ർ​ച്ചി​ൽ ആ ​യു​വ​ജ​നോ​ത്സ​വ​ത്തി​ൽ കി​ട്ടി​യ ഗ്രേ​സ് മാ​ർ​ക്കി​ന്‍റെ ബ​ല​ത്തി​ൽ അ​ദ്ദേ​ഹം എ​സ്എ​സ്എ​ൽ​സി പാ​സാ​യി.​അ​ത്ത​വ​ണ മൃ​ദം​ഗ​വാ​യ​ന​യി​ൽ ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി​യ​ത് പി​ന്ന​ണി ഗാ​യ​ക​നാ​യ പി. ​ജ​യ​ച​ന്ദ്ര​നാ​ണ്.

ഗാ​ന​ഭൂ​ഷ​ണം പാ​സാ​യ ശേ​ഷം ആ​കാ​ശ​വാ​ണി ന​ട​ത്തി​യ ശ​ബ്ദ പ​രി​ശോ​ധ​ന​യി​ൽ പ​ങ്കെ​ടു​ത്ത യേ​ശു​ദാ​സ്‌ അ​വി​ടെ പ​രാ​ജ​യ​പ്പെ​ട്ടു!​പി​ന്നീ​ട്, അ​ദ്ദേ​ഹ​ത്തി​ന്‍റെ മു​ന്നി​ൽ ആ​കാ​ശ​വാ​ണി​ക്കാ​ർ​ക്ക് കാ​ത്തു​നി​ൽ​ക്കേ​ണ്ടി​വ​ന്ന​ത് ച​രി​ത്രം.​ജീ​വി​ത​ത്തി​ന്‍റെ ക​യ്പ് അ​വി​ടെ അ​വ​സാ​നി​ച്ചി​ല്ല.​സം​ഗീ​ത പ​ഠ​നം ക​ഴി​ഞ്ഞ​യു​ട​ൻ 'ന​ല്ല ത​ങ്ക' എ​ന്ന ചി​ത്ര​ത്തി​ൽ പാ​ടാ​ൻ യേ​ശു​ദാ​സി​നെ പ​രി​ഗ​ണി​ച്ചി​രു​ന്നെ​ങ്കി​ലും നി​ല​വാ​ര​മി​ല്ലെ​ന്ന കാ​ര​ണം പ​റ​ഞ്ഞ്‌ ത​ഴ​ഞ്ഞ​താ​യി​രു​ന്നു അ​ടു​ത്ത​ത്.

യേ​ശു​ദാ​സി​ന്‍റെ ആ​ദ്യ ഗാ​നം റി​ക്കോ​ർ​ഡ്‌ ചെ​യ്ത​ത്‌ 1961 ന​വം​ബ​ർ 14നാ​ണ്‌ . കെ. ​എ​സ്‌. ആ​ന്‍റ​ണി എ​ന്ന സം​വി​ധാ​യ​ക​ൻ 'കാ​ൽ​പ്പാ​ടു​ക​ൾ' എ​ന്ന സി​നി​മ​യി​ൽ പാ​ടാ​ൻ അ​വ​സ​രം ന​ൽ​കി.​നി​ർ​മാ​താ​വ് രാ​മ​ന്‍ ന​മ്പി​യ​ത്തി​ന്‍റെ താ​ല്പ​ര്യ​മാ​യി​രു​ന്നു അ​തി​ന് പി​ന്നി​ൽ. സി​നി​മ​യി​ലെ മു​ഴു​വ​ൻ ഗാ​ന​ങ്ങ​ളും പാ​ടാ​നാ​യി​രു​ന്നു ക്ഷ​ണി​ച്ചി​രു​ന്ന​തെ​ങ്കി​ലും ജ​ല​ദോ​ഷം മൂ​ലം ഒ​രു ഗാ​നം മാ​ത്ര​മേ പാ​ടാ​നാ​യു​ള്ളു. അ​ങ്ങ​നെ 'ജാ​തി​ഭേ​ദം മ​ത​ദ്വേ​ഷം' എ​ന്നു തു​ട​ങ്ങു​ന്ന ഗു​രു​ദേ​വ​കീ​ർ​ത്ത​നം പാ​ടി യേ​ശു​ദാ​സ്‌ ച​ല​ച്ചി​ത്ര സം​ഗീ​ത ലോ​ക​ത്ത്‌ ഹ​രി​ശ്രീ കു​റി​ച്ചു. ചെ​ന്നൈ​യി​ലെ ഭ​ര​ണി സ്റ്റു​ഡി​യോ​യി​ലാ​യി​രു​ന്നു ആ​ദ്യ ഗാ​ന​ത്തി​ന്‍റെ റി​ക്കോ​ർ​ഡിം​ഗ്‌ ന​ട​ന്ന​ത്‌. എം. ​ബി. ശ്രീ​നി​വാ​സ​നാ​യി​രു​ന്നു സം​ഗീ​ത​സം​വി​ധാ​യ​ക​ൻ.

കേ​ര​ള​ത്തി​ന്‍റെ ഗ്രാ​മീ​ണ സം​ഗീ​തം തേ​ടി എം. ​ബി. ശ്രീ​നി​വാ​സ​ന്‍ വ​ന്ന​പ്പോ​ൾ രാ​മ​ന്‍ ന​മ്പി​യ​ത്ത് യേ​ശു​ദാ​സി​നെ അ​ദ്ദേ​ഹ​ത്തി​ന് പ​രി​ച​യ​പ്പെ​ടു​ത്തി. മീ​ശ​മു​ള​യ്ക്കാ​ത്ത പ​യ്യ​ന്‍റെ സു​ന്ദ​രാ​ലാ​പ​നം കേ​ട്ട് തി​രി​ച്ചു​നി​ന്നു​പോ​യ എം​ബി​എ​സ് ദ​ക്ഷി​ണേ​ന്ത്യ​ന്‍ സി​നി​മ​യി​ലെ ഏ​റ്റ​വും വ​ലി​യ ക​ണ്ടു​പി​ടി​ത്തം എ​ന്നാ​യി​രു​ന്നു പ്ര​വ​ചി​ച്ച​ത്. പ​ത്ത് വ​ര്‍ഷ​ത്തേ​ക്കെ​ങ്കി​ലും ഇ​നി മ​റ്റൊ​രു ഗാ​യ​ക​നെ തേ​ടേ​ണ്ട​തി​ല്ലെ​ന്ന ഭ​ര​ണി സ്റ്റു​ഡി​യോ​യി​ലെ സൗ​ണ്ട് എ​ന്‍ജി​നി​യ​ര്‍ കോ​ടീ​ശ്വ​ര​റാ​വു​വും പ​റ​ഞ്ഞ​തോ​ടെ മ​ല​യാ​ള സി​നി​മാ സം​ഗീ​ത​ത്തി​ൽ യു​ഗ​പ്പി​റ​വി.​യേ​ശു​ദാ​സ് എ​ന്ന വാ​സ​ന്ത​മാ​രു​ത​ൻ ആ​ഞ്ഞ​ടി​ച്ച​തോ​ടെ അ​തു​വ​രെ കാ​ല്പ​നി​ക​ഗാ​യ​ക​രാ​യി നി​ല​നി​ന്ന​വ​രു​ൾ​പ്പെ​ടെ അ​ര ഡ​സ​നി​ലേ​റെ ഗാ​യ​ക​രാ​ണ് അ​പ്ര​സ​ക്ത​രാ​യ​ത്.

അ​രു​ണാ​ച​ലം സ്റ്റു​ഡി​യോ​യി​ലെ ഒ​രു റെ​ക്കോ​ർ​ഡി​ങ്. ഭാ​നു ഫി​ലിം​സ് അ​വ​ത​രി​പ്പി​ച്ച 'ശ​ന്തി​നി​വാ​സ്' എ​ന്ന തെ​ലു​ഗു ചി​ത്ര​ത്തി​ന്‍റെ മ​ല​യാ​ളം പ​തി​പ്പി​ന്‍റെ ഗാ​ന​റെ​ക്കോ​ർ​ഡിം​ഗ് ആ​യി​രു​ന്നു അ​ത്.​യേ​ശു​ദാ​സി​നെ ഗാ​യ​ക​നാ​യി നി​ശ്ച​യി​ച്ച​ത് ഗാ​ന​ര​ച​യി​താ​വാ​യ അ​ഭ​യ​ദേ​വി​ന്‍റെ നി​ർ​ബ​ന്ധം മൂ​ല​മാ​യി​രു​ന്നു.​സം​വി​ധാ​യ​ക​ന് വേ​റൊ​രു ഗാ​യ​ക​നോ​ടാ​യി​രു​ന്നു താ​ത്പ​ര്യം.​ആ സം​ഗീ​ത സം​വി​ധാ​യ​ക​ന്‍റെ ഇ​ട​പെ​ട​ൽ കാ​ര​ണം സൗ​ണ്ട് എ​ൻ​ജി​നീ​യ​ർ മൈ​ക്ക് മു​ന്നി​ലോ​ട്ടും പി​ന്നി​ലോ​ട്ടു​മെ​ല്ലാം നീ​ക്കി​വ​ച്ച് ഗാ​യ​ക​നെ വ​ല്ലാ​തെ ബു​ദ്ധി​മു​ട്ടി​ച്ചു.​ശ​രി​യാ​വു​ന്നി​ല്ലെ​ന്ന് സൗ​ണ്ട് എ​ൻ​ജി​നീ​യ​ർ വി​ധി​ച്ചു.​എ​ത്ര ബു​ദ്ധി​മു​ട്ടി​യാ​ലും യേ​ശു​ദാ​സി​നെ​ക്കൊ​ണ്ട് പാ​ടി​ച്ചാ​ൽ മ​തി​യെ​ന്ന് അ​ഭ​യ​ദേ​വ് ക​ർ​ശ​ന നി​ല​പാ​ടെ​ടു​ത്ത​തോ​ടെ മ​റ്റു​ള്ള​വ​ർ​ക്ക് വ​ഴ​ങ്ങേ​ണ്ടി​വ​ന്നു.

ഇ​വി​ടെ വി​ധി​യു​ടെ മ​റ്റൊ​രു ക​ളി​യാ​ട്ടം - വ​ർ​ഷ​ങ്ങ​ൾ​ക്കു​ശേ​ഷം അ​തേ സ്റ്റു​ഡി​യോ യേ​ശു​ദാ​സ് വി​ല​യ്ക്കു​വാ​ങ്ങി.​പ​ഴ​യ സൗ​ണ്ട് എ​ൻ​ജി​നീ​യ​ർ അ​പ്പോ​ഴും അ​വി​ടെ​യു​ണ്ടാ​യി​രു​ന്നു.​അ​ദ്ദേ​ഹ​ത്തെ പ​റ​ഞ്ഞു​വി​ട്ടി​ല്ലെ​ന്നു​മാ​ത്ര​മ​ല്ല, പ്രാ​യ​ത്തി​ന്‍റെ അ​വ​ശ​ത മൂ​ലം വി​ര​മി​ക്കാ​ൻ സ​ന്ന​ദ്ധ​ത അ​റി​യി​ക്കും വ​രെ അ​വി​ടെ അ​ദ്ദേ​ഹം തു​ട​രു​ക​യും ചെ​യ്തു.

മും​ബൈ ഷ​ൺ​മു​ഖാ​ന​ന്ദ ഹാ​ളി​ൽ ചെ​മ്പൈ വൈ​ദ്യ​നാ​ഥ ഭാ​ഗ​വ​ത​രു​ടെ ക​ച്ചേ​രി.1970 ആ​ണ് കാ​ലം.​ആ ക​ച്ചേ​രി​യി​ൽ പി​ൻ​പാ​ട്ടു​കാ​ര​നാ​ണ് യേ​ശു​ദാ​സ്.​ക​ച്ചേ​രി​ക്കി​ടെ ചെ​മ്പൈ​യെ ആ​ദ​രി​ച്ച് പൊ​ന്നാ​ട അ​ണി​യി​ച്ച​തും അ​തെ​ടു​ത്ത് അ​ദ്ദേ​ഹം ശി​ഷ്യ​നാ​യ യേ​ശു​ദാ​സി​ന്‍റെ ക​ഴു​ത്തി​ൽ അ​ണി​യി​ച്ചു.​അ​തി​നു​ശേ​ഷം 'ഇ​നി ഇ​വ​ൻ​പാ​ടും' എ​ന്നു​പ​റ​ഞ്ഞ് മു​ന്നി​ലേ​ക്ക് പി​ടി​ച്ചി​രു​ത്തി.​അ​ത് വ​ലി​യൊ​രു ഗു​രു​കാ​രു​ണ്യ​മാ​യി യേ​ശു​ദാ​സ് പി​ന്നീ​ട് പ​ല​ത​വ​ണ ഓ​ർ​ത്തെ​ടു​ത്തി​ട്ടു​ണ്ട്.

തൃ​പ്പൂ​ണി​ത്തു​റ ആ​ർ​എ​ൽ വി ​അ​ക്കാ​ഡ​മി​യി​ൽ സം​ഗീ​തം പ​ഠി​ക്കാ​ൻ ചെ​ന്ന​പ്പോ​ൾ കി​ട്ടി​യ ഏ​റ്റ​വും ന​ല്ല കൂ​ട്ടു​കാ​ര​നാ​യി​രു​ന്നു ചേ​ർ​ത്ത​ല ഗോ​വി​ന്ദ​ൻ​കു​ട്ടി.​ഒ​രു വീ​ടി​ന്‍റെ കൊ​പ്ര ഉ​ണ​ക്കാ​നി​ടു​ന്ന മ​ച്ച് ര​ണ്ടു രൂ​പ​യ്ക്ക് വാ​ട​ക​യ്ക്കെ​ടു​ത്ത് അ​വി​ടെ പാ​യ വി​രി​ച്ച് ഇ​രു​വ​രും കി​ട​ന്നു​റ​ങ്ങി​യ ദാ​രി​ദ്ര്യ​ത്തി​ന്‍റെ കാ​ലം.​ആ സൗ​ഹൃ​ദം പി​ന്നീ​ടൊ​രി​ക്ക​ലും അ​വ​സാ​നി​ച്ചി​ല്ല. എ​ന്നും രാ​ത്രി 9ന് ​ഗോ​വി​ന്ദ​ൻ​കു​ട്ടി​യെ ലോ​ക​ത്തെ​വി​ടെ​യാ​ണെ​ങ്കി​ലും വി​ളി​ക്കു​മെ​ന്ന് വെ​ളി​പ്പെ​ടു​ത്തി​യ​ത് യേ​ശു​ദാ​സ് ത​ന്നെ​യാ​ണ്.​പി​ന്നെ, ആ​ർ​എ​ൽ​വി​ക്കാ​ലം മു​ത​ലു​ള്ള വി​ശേ​ഷ​ങ്ങ​ൾ പ​ങ്കു​വ​യ്ക്കും . തു​ട​ർ​ന്ന് ഇ​രു​വ​രു​ടെ​യും സം​ഗീ​ത​സ​ദി​ര്.​അ​ങ്ങ​നെ പാ​ടി​വ​ന്ന​പ്പോ​ഴാ​ണ് 'മാ​മാ​ങ്കം പ​ല​കു​റി കൊ​ണ്ടാ​ടി...' എ​ന്ന പ്ര​ശ​സ്ത​മാ​യ പാ​ട്ടി​ന്‍റെ രാ​ഗം ആ​രോ​ഗി​യ​ല്ലെ​ന്നും ജ​യ​മ​നോ​ഹ​രി​യാ​ണെ​ന്നും ഇ​രു​വ​രും തി​രി​ച്ച​റി​ഞ്ഞ​ത്.​അ​തു​വ​രെ ആ​രോ​ഗി​യെ​ന്നാ​യി​രു​ന്നു വി​ശ്വാ​സം.​ആ​രോ​ഹ​ണ​ത്തി​ൽ ആ​രോ​ഗി​യും അ​വ​രോ​ഹ​ണ​ത്തി​ൽ ശ്രീ​ര​ഞ്ജി​നി​യും ചേ​രു​ന്ന​താ​ണ് ജ​യ​മ​നോ​ഹ​രി.

ജി.​ദേ​വ​രാ​ജ​നും ദ​ക്ഷി​ണാ​മൂ​ർ​ത്തി​യും സം​ഗീ​ത സം​വി​ധാ​ന രം​ഗ​ത്തു നി​ന്നു പി​ൻ​മാ​റി​യ കാ​ല​ത്ത് ഇ​നി പാ​ടേ​ണ്ടെ​ന്ന ആ​ലോ​ച​ന​യി​ലാ​യി​രു​ന്നു, യേ​ശു​ദാ​സും. അ​പ്പോ​ൾ പാ​ടി​യി​രു​ന്ന പാ​ട്ടു​ക​ൾ മ​ന​സ്സി​നു തൃ​പ്തി ത​രു​ന്ന​താ​യി​രു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം തു​റ​ന്നു​പ​റ​ഞ്ഞി​ട്ടു​ണ്ട്. സം​ഗീ​ത​സം​വി​ധാ​യ​ക​ൻ ര​വീ​ന്ദ്ര​നാ​ണ് ആ ​തീ​രു​മാ​നം തി​രു​ത്തി​യ​ത്.'​ഹി​സ് ഹൈ​ന​സ് അ​ബ്ദു​ള്ള'​യി​ലെ പാ​ട്ടു​ക​ളൊ​രു​ക്കി ര​വീ​ന്ദ്ര​ൻ വി​ളി​ക്കു​ന്നു. പ​തി​വു​പോ​ലെ യേ​ശു​ദാ​സ് ഒ​ഴി​യാ​ൻ നോ​ക്കി. ട്യൂ​ൺ കേ​ട്ടി​ട്ട് ഇ​ഷ്ട​മാ​യി​ല്ലെ​ങ്കി​ൽ പാ​ടേ​ണ്ടെ​ന്നാ​യി സം​ഗീ​ത​സം​വി​ധാ​യ​ക​ൻ. 'പ്ര​മ​ദ വ​നം വീ​ണ്ടും..' കേ​ട്ട​തോ​ടെ അ​ങ്ങേ​യ​റ്റം പ്രൊ​ഫ​ഷ​ണ​ലാ​യ യേ​ശു​ദാ​സ് എ​ന്ന ഗാ​യ​ക​ന് പാ​ടാ​തി​രി​ക്കാ​നാ​യി​ല്ല.

വ​ട​ക്കും​നാ​ഥ​നി​ലെ 'ഗം​ഗേ...' എ​ന്ന ഗാ​ന​ത്തി​ന്‍റെ തു​ട​ക്ക​ത്തി​ൽ 18 സെ​ക്ക​ൻ​ഡ് ഒ​റ്റ​ശ്വാ​സ​ത്തി​ൽ നീ​ട്ടി​പ്പാ​ടു​ന്ന​ത് മി​ക്സ് ചെ​യ്തു നീ​ട്ടി​യെ​ടു​ത്ത​താ​ണെ​ന്നും ഗാ​ന​മേ​ള​ക​ളി​ൽ അ​ത് അ​ങ്ങ​നെ പാ​ടി തൊ​ണ്ട കീ​റ​രു​തെ​ന്നും പു​തി​യ ഗാ​യ​ക​ർ​ക്ക് യേ​ശു​ദാ​സ് മു​ന്ന​റി​യി​പ്പു​ന​ൽ​കി​യി​രു​ന്നു. 'ഗം​ഗേ...' എ​ന്ന് ഇ​ത്ര​യും നീ​ട്ടേ​ണ്ട​തു​ണ്ടോ​യെ​ന്നു യേ​ശു​ദാ​സ് സം​ഗീ​ത​സം​വി​ധാ​യ​ക​ൻ ര​വീ​ന്ദ്ര​നോ​ടു ചോ​ദി​ച്ചു. 'ഗം​ഗ ഹി​മാ​ല​യ​ത്തി​ൽ നി​ന്നു നീ​ണ്ടു പ്ര​വ​ഹി​ക​യ​ല്ലേ അ​പ്പോ​ൾ ആ​ലാ​പ​ന​വും അ​തു​പോ​ലെ വേ​ണം'-​ഇ​താ​യി​രു​ന്നു മ​റു​പ​ടി. അ​തി​ലെ യു​ക്തി ഗാ​യ​ക​നും ബോ​ധ്യ​പ്പെ​ട്ടു.​ഒ​രു പാ​ട്ടി​ന്‍റെ സം​ഗീ​ത​ത്തി​നു രൂ​പ​രേ​ഖ ഒ​രു​ക്കി​ത്ത​ന്നി​ട്ട് അ​തു​മാ​യി ത​ന്നെ പ​റ​ക്കാ​ൻ അ​നു​വ​ദി​ക്കു​ക​യാ​യി​രു​ന്നു ര​വീ​ന്ദ്ര​നെ​ന്ന് പ​ല അ​ഭി​മു​ഖ​ങ്ങ​ളി​ലും യേ​ശു​ദാ​സ് വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

ഏ​തു പ്രാ​യ​ത്തി​ലു​മു​ള്ള മ​ല​യാ​ളി​ക്ക് പ്ര​ണ​യ​വും വി​ര​ഹ​വും​സ്വ​പ്ന​വും സ​ന്തോ​ഷ​വും ദു:​ഖ​വും ഭ​ക്തി​യും വി​ഭ​ക്തി​യും ഒ​ക്കെ പൂ​ർ​ണ​മാ​ക​ണ​മെ​ങ്കി​ൽ ഇ​ന്നും യേ​ശു​ദാ​സി​ന്‍റെ സ്വ​രം വേ​ണം.​മ​ല​യാ​ളി​യു​ടെ വി​കാ​ര​ങ്ങ​ൾ​ക്ക് പൂ​ർ​ണ​ത​ന​ൽ​കു​ന്ന സ്വ​ര​തീ​ർ​ത്ഥ​മാ​ണ​ത്. ആ ​ഗാ​ന​ഗം​ഗ​യി​ൽ മു​ങ്ങി​നി​വ​ർ​ന്ന് മ​ല​യാ​ളി പ​രി​ശു​ദ്ധ​നാ​വു​ന്നു.​പ​റ​ഞ്ഞു പ​ഴ​കി​യ​താ​ണെ​ങ്കി​ലും ആ​വ​ർ​ത്തി​ക്കാ​തി​രി​ക്കാ​നാ​വി​ല്ല:​യേ​ശു​ദാ​സി​ന്‍റെ കാ​ല​ത്ത് ജീ​വി​ക്കാ​നാ​യ​തി​ന്‍റെ പു​ണ്യം മ​ല​യാ​ളി ആ​ദ​ര​വോ​ടെ ഉ​ള്ളി​ലേ​റ്റു​ന്നു. ഇ​നി​യും ആ ​ഗാ​ന​ഗം​ഗ പ്ര​വ​ഹി​ച്ചു​കൊ​ണ്ടേ​യി​രി​ക്ക​ട്ടെ...​ആ നി​ത്യ​ഹ​രി​ത​ഗാ​യ​ക​ന് ശ​താ​ഭി​ഷേ​ക ആ​ശം​സ​ക​ൾ.

ഷൊർണൂർ-എറണാകുളം പാത മൂന്നുവരിയാക്കും; റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ്

ഇന്ത്യ 1014, ഗിൽ 430; ജയം 7 വിക്കറ്റ് അകലെ

നീരവ് മോദിയുടെ സഹോദരൻ നെഹാൽ മോദി അമെരിക്കയിൽ അറസ്റ്റിൽ

വിവാഹ വീട്ടിലേക്ക് പുറപ്പെട്ട കാർ മതിലിലേക്ക് ഇടിച്ചു കയറി; പ്രതിശ്രുത വരൻ അടക്കം 8 പേർ മരിച്ചു

നിപ സമ്പർക്കപ്പട്ടികയിൽ ആകെ 425 പേർ; 5 പേർ ഐസിയുവിൽ