ഈ സമരം സർക്കാരും മാനേജ്മെന്‍റും അടിച്ചേൽപ്പിച്ചത്... file
Special Story

ഈ സമരം സർക്കാരും മാനേജ്മെന്‍റും അടിച്ചേൽപ്പിച്ചത്...

കെഎസ്ആര്‍ടിസി ജീവനക്കാർ ഞായറാഴ്ച രാത്രി മുതൽ പണിമുടക്കുന്നു

##തമ്പാനൂര്‍ രവി, പ്രസിഡന്‍റ്, ടിഡിഎഫ്

കെഎസ്ആര്‍ടിസിയിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഈ സര്‍ക്കാരിന് കഴിയില്ലെന്ന പൂര്‍ണ ബോധ്യത്തിന്‍റെ അടിസ്ഥാനത്തില്‍ തിങ്കളാഴ്ച അർധരാത്രി മുതല്‍ വീണ്ടും ഒരു പണിമുടക്കിന് ട്രാന്‍സ്‌പോര്‍ട്ട് ഡെമോക്രാറ്റിക് ഫെഡറേഷന്‍ (ടിഡിഎഫ്) ആഹ്വാനം ചെയ്തിരിക്കുന്നത് അറിഞ്ഞിരിക്കുമല്ലോ. കെഎസ്ആര്‍ടിസി ജീവനക്കാരെ മൊത്തത്തില്‍ ബാധിക്കുന്ന 12 ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഇന്ന് അർധരാത്രി മുതല്‍ ഒരു ദിവസം കെഎസ്ആര്‍ടിസിയില്‍ ടിഡിഎഫ് പണിമുടക്കുന്നത്.

കെഎസ്ആര്‍ടിസിയുടെ കടം മുഴുവന്‍ ഏറ്റെടുക്കുമെന്നും പുനഃസംഘടിപ്പിച്ചു മികച്ച നിലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാക്കി മാറ്റുമെന്നും പ്രകടനപത്രിയില്‍ ഉറപ്പുനല്‍കി 2016 ല്‍ അധികാരത്തില്‍ വന്ന ഒന്നാം പിണറായി സര്‍ക്കാര്‍ കടം ഏറ്റെടുത്തില്ലെന്നു മാത്രമല്ല അത് ഇരട്ടിയാക്കുകയും ചെയ്തു. പ്രതിവര്‍ഷം 1,000 ബസുകള്‍ നിലത്തിലിറക്കുമെന്ന് പറഞ്ഞവര്‍ കഴിഞ്ഞ എട്ടര വര്‍ഷത്തിനിടെ വാങ്ങിയത് 101 ബസുകള്‍ മാത്രമാണ്. കാലാവധി കഴിഞ്ഞ ബസുകള്‍ക്ക് പകരം പുതിയ ബസുകളില്ല. ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ അധികാരം വിട്ടൊഴിയുമ്പോള്‍ 2016ല്‍ 6,000 ബസുകളും 5,300 ഷെഡ്യൂളുകളും ഓടിയിരുന്നിടത്ത് ഇന്ന് 3,500 ബസുകളും 3,200 ഷെഡ്യൂളുകളും മാത്രം. കെഎസ്ആര്‍ടിസിക്ക് ബദലായി സ്വിഫ്റ്റ് എന്ന പേരില്‍ ഒരു സ്വതന്ത്ര ഗതാഗത കമ്പനിയുണ്ടാക്കി കെഎസ്ആര്‍ടിസിയുടെ പണം ഉപയോഗിച്ച് ബസുകള്‍ വാങ്ങി ആ കമ്പനിക്ക് നല്‍കി. കെഎസ്ആര്‍ടിസിയുടെ വരുമാന മാര്‍ഗമായിരുന്ന ദീര്‍ഘദൂര റൂട്ടുകളും ഈ കമ്പനിക്ക് തീറെഴുതി.

കെഎസ്ആര്‍ടിസിയിലെ സ്ഥിരം ജീവനക്കാരെ അത്തരം റൂട്ടുകളില്‍ നിന്നും പുറത്താക്കി പകരം കരാര്‍ ജീവനക്കാരെ നിയമിച്ചു. കഴിഞ്ഞ എട്ടര വര്‍ഷമായി ഒരാള്‍ക്ക് പോലും കെഎസ്ആര്‍ടിസിയില്‍ പിഎസ്‌സി വഴി നിയമനം നല്‍കിയിട്ടില്ല. ആശ്രിത നിയമനം നിര്‍ത്തലാക്കി. താത്കാലിക ജീവനക്കാരെ പിരിച്ചുവിട്ടു. പകരം തുച്ഛമായ വേതനത്തില്‍ (715 രൂപ) ബദലി എന്ന പേരില്‍ നിയമനങ്ങളാണ് നടക്കുന്നത്. എട്ടരവര്‍ഷം കൊണ്ട് ജീവനക്കാരുടെ എണ്ണം 42,000ത്തില്‍ നിന്നും 22,000ത്തില്‍ എത്തി.

ബസുകള്‍ കുറവായ കാരണം പറഞ്ഞ് വരുമാന മാര്‍ഗമായ റൂട്ടുകള്‍ സ്വകാര്യ, സമാന്തര, എഐടിപി സര്‍വീസുകള്‍ കൈയടക്കി. ശമ്പളം മുടങ്ങി. ഗഡുക്കളായി ശമ്പളം വാങ്ങേണ്ട ഗതികേടിലായി തൊഴിലാളികള്‍. കഴിഞ്ഞ എട്ടര വര്‍ഷമായി ഒരു ശതമാനം ഡിഎ പോലും നല്‍കിയിട്ടില്ല. അതിനിടയില്‍ പുതിയ ഭരണപരിഷ്‌കാരങ്ങള്‍ ജീവനക്കാരുടെ അധ്വാനം വര്‍ധിപ്പിച്ചു. പലരെയും മാറാരോഗികളാക്കി. ശമ്പള കരാറിന് വിരുദ്ധമായി ജീവനക്കാരെ മാനദണ്ഡങ്ങള്‍ പാലിക്കാതെ സ്ഥലംമാറ്റി. ഭരണപരാജയം മറച്ചുവച്ച് സര്‍ക്കാരും മാനെജ്‌മെന്‍റും ഒരുമിച്ച് നിന്ന് കെഎസ്ആര്‍ടിസിയെ സ്വകാര്യവല്‍ക്കരിക്കുവാനുള്ള ശ്രമമാണ് നടക്കുന്നത്.

സുശീല്‍ ഖന്ന റിപ്പോര്‍ട്ട് നടപ്പിലാക്കിയതിന്‍റെ പരിണിതഫലമാണ് കെഎസ്ആര്‍ടിസിയും ജീവനക്കാരും ഇന്ന് അനുഭവിക്കുന്നത്. ടിഡിഎഫ് ഇതിനെ എതിര്‍ത്തപ്പോള്‍ സര്‍ക്കാരിനും മാനേജ്‌മെന്‍റിനും പിന്തുണ കൊടുത്തവരാണ് കെഎസ്ആര്‍ടിസിയിലെ ഇടത് യൂണിയനുകള്‍. കെഎസ്ആര്‍ടിസി തൊഴിലാളികളും അവരുടെ കുടുംബങ്ങളും പട്ടിണിയിലാണ്. ജീവിതത്തിന്‍റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പെടാപ്പാടു പെടുകയാണ് പലരും. മക്കളുടെ പഠനം മുടങ്ങിയവര്‍, ചികിത്സയ്ക്ക് പണമില്ലാത്തവര്‍, വായ്പ തിരിച്ചടവും മുടങ്ങി ജപ്തി ഭീഷണി നേരിടുന്നവര്‍ തുടങ്ങിയവരുടെ എണ്ണം കെഎസ്ആര്‍ടിസിയില്‍ പെരുകി വരുന്നു. ആത്മഹത്യയെക്കുറിച്ച് ചിന്തിക്കുന്നവരും കുറവല്ല. ജീവനക്കാര്‍ക്ക് കിട്ടിക്കൊണ്ടിരുന്ന പല അലവന്‍സുകളും വെട്ടിക്കുറച്ചു. മെഡിക്കല്‍ റീഇംബേഴ്‌സ്‌മെന്‍റും ഇല്ല. പിഎഫ് ലോണ്‍ പോലും കൊടുക്കുന്നില്ല. എന്‍പിഎസ്, എന്‍ഡിആര്‍ അടക്കാറില്ല. ഇന്ധന വില പ്രതിദിനം ഉയരുന്നു. പോരാത്തതിന് ബള്‍ക്ക് പര്‍ച്ചേര്‍സറായ ആര്‍ടിസികള്‍ക്ക് വര്‍ധിച്ച വിലയാണ് നല്‍കേണ്ടത്. 2020ല്‍ നടപ്പാക്കിയ മോട്ടോര്‍ വെഹിക്കിള്‍ അഗ്രിഗേറ്റഡ് ഗൈഡ് ലൈന്‍ കുത്തക മുതലാളിമാര്‍ക്ക് ആര്‍ടിസികള്‍ക്ക് കുത്തകയായ റൂട്ടുകളില്‍ ഇഷ്ടം പോലെ സര്‍വീസ് നടത്താന്‍ അനുമതി നല്‍കി. ഇതൊടുകൂടി പൊതുഗതാഗത രംഗത്ത് ആര്‍ടിസികള്‍ക്ക് പിടിച്ചു നില്‍ക്കാന്‍ കഴിയാത്ത സ്ഥിതിയിലായി.

കഴിഞ്ഞ എട്ടര വര്‍ഷമായി കെഎസ്ആര്‍ടിസി ജീവനക്കാരും തൊഴിലാളികളും അനുഭവിക്കുന്ന നിരവധി പ്രശ്‌നങ്ങള്‍ക്ക് യൂണിറ്റ് തലം മുതല്‍ ചീഫ് ഓഫീസ് വരെ നൂറുകണക്കിന് സമരങ്ങളാണ് ടിഡിഎഫ് നടത്തിയത്. ഹൈക്കോടതി വഴി നിയമ പോരാട്ടങ്ങള്‍ വേറെയും. ഇതിനൊക്കെ പുറമേ കെഎസ്ആര്‍ടിസി ജീവനക്കാരുടെ വിഷയങ്ങളും പ്രയാസങ്ങളും കേരളത്തിന്‍റെ നിയമസഭയ്ക്ക് അകത്ത് നിരവധിത വണ ഉന്നയിക്കപ്പെട്ടു. ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരത്തില്‍ നിരന്തരമായി കെഎസ്ആര്‍ടിസിയുടെ വിഷയങ്ങള്‍ നിയമസഭയില്‍ ചര്‍ച്ചയ്ക്ക് വന്നത്. കെഎസ്ആര്‍ടിസിക്ക് വേണ്ടി പ്രതിപക്ഷം ഇത്രത്തോളം ഇടപെട്ട മറ്റൊരു കാലഘട്ടം ഇതിനു മുമ്പ് ഉണ്ടായിട്ടില്ല.

സ്വകാര്യവത്കരണവും തൊഴിലാളി വിരുദ്ധ കരാര്‍ നിയമനങ്ങളും പ്രോത്സാഹിപ്പിക്കുന്ന നരേന്ദ്ര മോദി സര്‍ക്കാരിന്‍റെ നയങ്ങള്‍ നടപ്പിലാക്കുന്ന രാജ്യത്തെ ആദ്യത്തെ ബിജെപി ഇതര സര്‍ക്കാരായി പിണറായി സര്‍ക്കാര്‍ മാറി. ഇങ്ങനെ നയവ്യതിയാനം വന്ന ഒരു മുന്നണിയാണ് സംസ്ഥാനം ഭരിക്കുന്നത്. വര്‍ഗ ഐക്യത്തിലൂടെയല്ലാതെ കെഎസ്ആര്‍ടിസിയിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കഴിയില്ല. നിരവധി സമരങ്ങള്‍ ചെയ്തിട്ടും ഫലം കാണാത്ത സാഹചര്യത്തിലാണ് അനിവാര്യമായ ഒരു പണിമുടക്കിലേക്ക് ടിഡിഎഫ് മുന്നോട്ടുപോകുന്നത്.

ശമ്പളവും പെന്‍ഷനും എല്ലാ മാസവും ഒന്നാം തീയതി വിതരണം ചെയ്യുക, ഡിഎ കുടിശിക പൂര്‍ണമായും അനുവദിക്കുക, ശമ്പള പരിഷ്‌കരണ കരാറിന്‍റെ സര്‍ക്കാര്‍ ഉത്തരവ് ഇറക്കുക, കാലാവധി കഴിഞ്ഞ ഹിത പരിശോധന നടത്തുക, ഡ്രൈവര്‍മാരുടെ സ്‌പെഷ്യല്‍ അലവന്‍സ് കൃത്യമായി നല്‍കുക, കെഎസ്ആര്‍ടിസിക്ക് വേണ്ടി പുതിയ ബസുകള്‍ വാങ്ങുക, മെക്കാനിക്കല്‍ വിഭാഗത്തിനെതിരേയുള്ള പീഡനം അവസാനിപ്പിക്കുക, സ്വിഫ്റ്റ് കമ്പനി കെഎസ്ആര്‍ടിസിയില്‍ ലയിപ്പിക്കുക, കാറ്റഗറി വ്യത്യാസം ഇല്ലാതെ ഡ്യൂട്ടി സറണ്ടര്‍ അനുവദിക്കുക, ദേശസാത്കൃത റൂട്ടുകളുടെ സ്വകാര്യവത്കരണം അവസാനിപ്പിക്കുക, എന്‍പിഎസ്, എന്‍ഡിആര്‍ നാളിതുവരെയുള്ള കുടിശിക അടച്ചു തീര്‍ക്കുകയും പിടിക്കുന്ന തുക അതാതു മാസം അടയ്ക്കുകയും ചെയ്യുക, അഴിമതികള്‍ വിജിലന്‍സ് അന്വേഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് ടിഡിഎഫ് സമരം നടത്തുന്നത്.

കെഎസ്ആര്‍ടിസിയെ അടച്ചുപൂട്ടാന്‍ ശ്രമിക്കുന്ന ജീവനക്കാരുടെ അവകാശങ്ങള്‍ നിഷേധിക്കുന്ന സംസ്ഥാന സര്‍ക്കാരിനും മാനെജ്‌മെന്‍റിനും ശക്തമായ താക്കീത് നല്‍കുന്നതിന് കൊടിയുടെ നിറം നോക്കാതെ മുഴുവന്‍ തൊഴിലാളികളും ടിഡിഎഫിന്‍റെ പണിമുടക്കില്‍ പങ്കാളിയാകണമെന്ന് അഭ്യർഥിക്കുന്നു.

കേരള സർവകലാശാല സംഘർഷം; എസ്എഫ്ഐക്കെതിരേ ഡിജിപിക്ക് പരാതി നൽകി സിസ തോമസ്

നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാന്‍ ശക്തമായ ശ്രമങ്ങളുമായി കേന്ദ്രം

ജാനകി vs സ്റ്റേറ്റ് ഓഫ് കേരള: നിലപാടിൽ ഇളവ് വരുത്തി സെൻസർ ബോർഡ്

ഗുജറാത്തിൽ പാലം തകർന്ന് വാഹനങ്ങൾ നദിയിലേക്ക് വീണു; മൂന്നു മരണം, രക്ഷാപ്രവർത്തനം തുടരുന്നു

അഖിലേന്ത്യാ പണിമുടക്ക്: ബിഹാറിൽ ട്രെയിൻ തടഞ്ഞു, ഡൽഹിയിലും ചെന്നൈയിലും ജനജീവിതം സാധാരണ നിലയിൽ