ആംഗൻവാടി കേന്ദ്രത്തിലെത്തുന്ന കുഞ്ഞുങ്ങളുടെ ആനന്ദദായകമായ ചിരിയിലും, അവർ പാടുന്ന പാട്ടുകളിലും, അവർ നിർമ്മിക്കുന്ന ബ്ലോക്കുകളിലും, നമ്മുടെ രാജ്യത്തിന്‍റെ ഭാവി രൂപപ്പെടുന്നു.
അന്നപൂർണാ ദേവി
(കേന്ദ്ര വനിതാ - ശിശു വികസന മന്ത്രി)
വികസിത ഭാരതം കെട്ടിപ്പടുക്കണമെങ്കിൽ, കുഞ്ഞുങ്ങളുടെ ജീവിതാരംഭം എവിടെയാണോ അവിടെ നിന്ന് തന്നെ, നമ്മുടെ കുഞ്ഞു പൗരന്മാരുടെ പ്രതിഭയെ പരിപോഷിപ്പിച്ചുകൊണ്ട്, നാം തുടങ്ങേണ്ടിയിരിക്കുന്നു. ആംഗൻവാടി കേന്ദ്രത്തിലെത്തുന്ന കുഞ്ഞുങ്ങളുടെ ആനന്ദദായകമായ ചിരിയിലും, അവർ പാടുന്ന പാട്ടുകളിലും, അവർ നിർമ്മിക്കുന്ന ബ്ലോക്കുകളിലും, നമ്മുടെ രാജ്യത്തിന്‍റെ ഭാവി രൂപപ്പെടുന്നു. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ദാർശനിക നേതൃത്വത്തിന് കീഴിൽ, വികസന മുന്നേറ്റത്തിന്‍റെ ഹൃദയഭാഗത്ത് സ്വന്തം കുഞ്ഞു പൗരന്മാരെ ഭാരതം പ്രതിഷ്ഠിച്ചിരിക്കുന്നു. സർവ്വകലാശാലകളിലും ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങളിലും നിക്ഷേപിക്കുക മാത്രമല്ല, ഒരു കുഞ്ഞ് ആദ്യമായി പ്രവേശിക്കുന്ന ക്ലാസ് മുറിയായ ആംഗൻവാടിയുടെ നിർണ്ണായക പ്രാധാന്യം തിരിച്ചറിഞ്ഞുകൊണ്ടു കൂടിയാണ് പ്രധാനമന്ത്രി നമ്മുടെ ദേശീയ മുൻഗണനകളെ പുനർനിർവ്വചിച്ചത്.
സമകാലിക ഭാരതത്തിൽ, കളികൾ കേവലമൊരു വിനോദമല്ല - അത് ഒരു നയം തന്നെയാണ്. ഇതിന്‍റെ ഗുണഫലങ്ങളാകട്ടെ സ്വയം പ്രഖ്യാപിതവും. ശിശു വികസന സമീപനത്തെ കഴിഞ്ഞ ദശകത്തിൽ മോദി സർക്കാർ അടിസ്ഥാനപരമായി പുനർവിചിന്തനം ചെയ്തു. ആറ് വയസ്സിന് മുമ്പാണ് കുട്ടികളുടെ തലച്ചോറിന്‍റെ 85% വികാസവും സംഭവിക്കുന്നതെന്ന് തിരിച്ചറിഞ്ഞ് ആവിഷ്‌ക്കരിക്കപ്പെട്ട 2020 ലെ ദേശീയ വിദ്യാഭ്യാസ നയം (NEP) ഒരു നിർണ്ണായക വഴിത്തിരിവായി മാറി. ബുദ്ധിയും ആരോഗ്യവും കൂടുതൽ ഉത്പാദനക്ഷമതയുള്ള ഒരു ജനതയെയാണ് നാം ആഗ്രഹിക്കുന്നതെങ്കിൽ, ഏറ്റവും പ്രധാനപ്പെട്ട കാലയളവിൽ - അതായത് ജീവിതത്തിന്‍റെ ആദ്യ ആറ് വർഷങ്ങളിൽ - ഉചിതമായ നിക്ഷേപം നടത്തേണ്ടതുണ്ട്.
ശാസ്ത്രീയ തെളിവുകൾ ഈ പരിവർത്തനത്തെ പിന്തുണയ്ക്കുന്നു. സിഎംസി വെല്ലൂരിലെ ക്ലിനിക്കൽ എപ്പിഡെമിയോളജി വിഭാഗം നടത്തിയ ഒരു പഠനത്തിൽ, 18 മുതൽ 24 മാസം വരെ ഘടനാപരമായ പ്രാഥമിക ബാല്യകാല പരിചരണവും ശിക്ഷണവും (ECCE) ലഭിച്ച കുട്ടികൾ ഗണ്യവും സ്ഥായിയുമായ IQ - അഞ്ച് വയസ്സാകുമ്പോഴേക്കും 19 പോയിന്‍റുകൾ വരെയും, ഒമ്പത് വയസ്സാകുമ്പോഴേക്കും 5 മുതൽ 9 പോയിന്‍റുകൾ വരെയും- പ്രദർശിപ്പിക്കുന്നതായി കണ്ടെത്തി. വികസ്വര ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഈ നേട്ടങ്ങൾ വളരെ പ്രധാനമാണ്.
ആഗോള ഗവേഷണങ്ങൾക്ക് അനുപൂരകമാണ് ഭാരതത്തിൽ നിന്നുള്ള ഈ കണ്ടെത്തലുകൾ. അഞ്ച് വയസ്സിന് മുമ്പ് ഗുണമേന്മയുള്ള ECCE പ്രോഗ്രാമുകളിൽ പങ്കെടുക്കുന്ന കുട്ടികൾ ഉയർന്ന IQ, മികച്ച സാമൂഹിക നൈപുണ്യങ്ങൾ, മെച്ചപ്പെട്ട അക്കാദമിക പ്രകടനം എന്നിവ ആർജ്ജിക്കാനുള്ള സാധ്യത 67% കൂടുതലാണെന്ന് അന്താരാഷ്ട്ര പഠനങ്ങൾ വ്യക്തമാക്കുന്നു. നോബൽ സമ്മാന ജേതാവ് ഡോ. ജെയിംസ് ഹെക്ക്മാന്‍റെ പ്രസിദ്ധമായ വാക്കുകൾ ഉദ്ധരിച്ചാൽ, "എത്ര നേരത്തെയോ - അത്രയും നേട്ടങ്ങൾ." ശൈശവകാലത്തു നടത്തുന്ന നിക്ഷേപങ്ങൾക്ക് 13–18% വരെ കൂടുതൽ നേട്ടം- അതായത് വിദ്യാഭ്യാസത്തിന്‍റെയോ തൊഴിൽ പരിശീലനത്തിന്‍റെയോ മറ്റേതൊരു ഘട്ടത്തേക്കാളും ഉയർന്ന നേട്ടങ്ങൾ നൽകുമെന്ന് അദ്ദേഹത്തിന്‍റെ ഗവേഷണം വ്യക്തമാക്കുന്നു.
ECCE യുടെ സാമ്പത്തികവും സാമൂഹികവുമായ പ്രാധാന്യം തിരിച്ചറിഞ്ഞുകൊണ്ട്, വനിതാ-ശിശു വികസന മന്ത്രാലയം ആംഗൻവാടി കേന്ദ്രങ്ങളെ ഊർജ്ജസ്വലമായ ആദ്യകാല ശിശു പഠന കേന്ദ്രങ്ങളാക്കി മാറ്റുന്നതിനുള്ള സംരംഭമായ പോഷൺ ഭി പഠായി ഭി ("പോഷകാഹാരത്തോടൊപ്പം വിദ്യാഭ്യാസവും") ആരംഭിച്ചു. ഇദംപ്രഥമമായി, പ്രാദേശികവും തദ്ദേശീയവുമായ വസ്തുക്കൾ ഉപയോഗിച്ച് പ്രവർത്തനാധിഷ്ഠിതവും കളി അധിഷ്ഠിതവുമായ പഠന സമ്പ്രദായങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും , ആംഗൻവാടി ജീവനക്കാർക്ക് ECCE യിൽ വ്യവസ്ഥാപിതമായ പരിശീലനം നൽകുകയും ചെയ്തു. അധ്യാപന-പഠന സാമഗ്രികൾക്കുള്ള ബജറ്റ് വിഹിതവും ഗണ്യമായി വർദ്ധിപ്പിച്ചിട്ടുണ്ട്. കൂടാതെ പ്രതിമാസ ECCE ദിനങ്ങൾ സ്ഥാപനവത്ക്കരിക്കപ്പെട്ടിട്ടുമുണ്ട്. ഇന്ന്, ആംഗൻവാടി കേന്ദ്രം ഓരോ കുട്ടിയെയും സംബന്ധിച്ചിടത്തോളം കേവലം പോഷകാഹാരം ലഭിക്കുന്ന ഒരു സ്ഥലം മാത്രമല്ല - ജീവിതത്തിലെ ഏറ്റവും നിർണ്ണായകമായ വർഷങ്ങളിൽ ജിജ്ഞാസ, സർഗാത്മകത, സമഗ്ര വികസനം എന്നിവ പരിപോഷിപ്പിക്കുന്ന പ്രഥമ വിദ്യാലയമാണ്.
ഈ പരിവർത്തനത്തിന് മാർഗദീപമെന്ന നിലയിൽ, 3 മുതൽ 6 വയസ്സുവരെയുള്ള കുട്ടികൾക്കായി ആദ്യകാല ശിശു പരിചരണത്തിനും വിദ്യാഭ്യാസത്തിനുമുള്ള ദേശീയ പാഠ്യപദ്ധതിയായ 'ആധാർശില' മന്ത്രാലയം അവതരിപ്പിച്ചു. കുട്ടികളുടെ സമഗ്ര വികസനത്തിൽ ആധാർശില ശ്രദ്ധ കേന്ദ്രീകരിക്കുന്നു - ബൗദ്ധിക വളർച്ച മാത്രമല്ല, വൈകാരികവും ശാരീരികവും സാമൂഹികവുമായ ക്ഷേമത്തിനും ഇത് ഊന്നൽ നൽകുന്നു. ഘടനാപരമായ കളികളിലൂടെയാണ് ഇത് പഠനത്തെ സമീപിക്കുന്നത്. പോഷണം ലഭിക്കുന്ന അന്തരീക്ഷത്തിൽ കുഞ്ഞുങ്ങൾക്ക് വളരാനും അഭിവൃദ്ധി പ്രാപിക്കാനും ഇത് വഴിയൊരുക്കുന്നു.
കുട്ടികൾ സഹജമായി തന്നെ കളികളിൽ ആകർഷിക്കപ്പെടുന്നു - സ്വന്തം ലോകത്തിന്‍റെ ഓരോ കോണും ആവിഷ്ക്കാരത്തിനും സന്തോഷത്തിനുമുള്ള ഇടങ്ങളാക്കി മാറ്റുന്നു. ശരിയായ അന്തരീക്ഷം രൂപപ്പെട്ടാൽ, ഈ സഹജാവബോധം ആജീവനാന്ത വിദ്യാഭ്യാസത്തിനുള്ള അടിത്തറയായി മാറുന്നു. കുട്ടികൾക്ക് ഗൈഡഡ് പ്ലേയിലൂടെയും പഠനത്തിലൂടെയും അഭിവൃദ്ധി പ്രാപിക്കാൻ കഴിയുന്ന സുരക്ഷിതവും ഘടനാപരവും ഉത്തേജകവുമായ സാഹചര്യങ്ങൾ ഒരുക്കി നൽകുന്നതിലൂടെ ഈ ആശയത്തെ പോഷൺ ഭി പഠായി ഭി പരിപോഷിപ്പിക്കുന്നു. നമ്മുടെ രാജ്യത്തിന്‍റെ ഭാവി രൂപപ്പെടുത്തുന്നതിൽ ആദ്യകാല ശിശു പരിചരണവും വിദ്യാഭ്യാസവും (ECCE) ഒരു അടിസ്ഥാനപരമായ പങ്ക് വഹിക്കുന്നു. പോഷൺ ഭി പഠായി ഭി സംരംഭത്തിന് കീഴിൽ, രാജ്യത്തുടനീളമുള്ള ആംഗൻവാടി കേന്ദ്രങ്ങൾ സമഗ്രമായ ആദ്യകാല പഠനത്തിനുള്ള പരിപോഷണ ഇടങ്ങളായി പരിവർത്തനം ചെയ്യപ്പെടുന്നു. ആധാർശിലയുടെ ഘടനാപരമായ 5+1 പ്രതിവാര പദ്ധതി പ്രകാരം 30 മിനിറ്റ് സ്വതന്ത്രമായ കളിയിലൂടെയാണ് ദിവസം ആരംഭിക്കുന്നത്. തുടർന്ന് ഭാഷ, സർഗാത്മകത, മോട്ടോർ സ്‌കിൽസ്, അഥവാ ചലന- ചാലക വൈദഗ്ധ്യം, സാമൂഹിക വ്യവഹാരം എന്നിവ മെച്ചപ്പെടുത്തുന്ന ഘടനാപരമായ പ്രവർത്തനങ്ങൾ നടത്തുന്നു. പോഷകസമൃദ്ധമായ ഉച്ചഭക്ഷണത്തിനും വിശ്രമത്തിനും ശേഷം, മൂല്യങ്ങളെ ശക്തിപ്പെടുത്തുകയും വൈകാരിക ബന്ധങ്ങൾ കെട്ടിപ്പടുക്കുകയും ചെയ്യുന്ന പുറം കളികളും സംഭാഷണങ്ങളും നടത്തി ദിവസം അവസാനിക്കുന്നു.
ഘടനാപരവും ഘടനാരഹിതവുമായ കളികളടങ്ങുന്ന ഈ സന്തുലിത സമീപനം സുപ്രധാനമാണ്. ദേശീയ വിദ്യാഭ്യാസ നയം (NEP) 2020, ഔപചാരിക സ്ക്കൂൾ പ്രവേശന പ്രായം ആറ് വയസ്സായി ഉയർത്തിയ സാഹചര്യത്തിൽ വിശേഷിച്ചും. ഘടനാപരമായ ECCE കുട്ടികൾ വൈകാരികമായും, സാമൂഹികമായും, വൈജ്ഞാനികമായും സ്ക്കൂൾ സജ്ജമാണെന്ന് ഉറപ്പാക്കുന്നു. രാജ്യമെമ്പാടുമുള്ള മാതാപിതാക്കളുടെ വർദ്ധിച്ചുവരുന്ന വിശ്വാസമാണ് യഥാർത്ഥത്തിൽ പ്രോത്സാഹജനകമായ കാര്യം. ഒരുകാലത്ത് ആംഗൻവാടികളെ പോഷകാഹാര കേന്ദ്രങ്ങളായി മാത്രം കണ്ടിരുന്ന കുടുംബങ്ങൾ ഇപ്പോൾ അവയെ കുട്ടിയുടെ വിദ്യാഭ്യാസ യാത്രയിലെ ആദ്യ ചവിട്ടുപടിയായി കണക്കാക്കുന്നു.
ഇന്ത്യയിലെ ഓരോ കുഞ്ഞും ജനനം മുതൽ തന്നെ ഭാവാത്മകവും ശക്തവുമായ തുടക്കം അർഹിക്കുന്നവരാണ് . ജനനം മുതൽ മൂന്ന് വയസ്സ് വരെയുള്ള കാലയളവിന്‍റെ അടിസ്ഥാന പ്രാധാന്യം തിരിച്ചറിഞ്ഞുകൊണ്ട്, മന്ത്രാലയം നവചേതന - പ്രാഥമിക ബാല്യകാല ഉത്തേജനത്തിനായുള്ള ദേശീയ ചട്ടക്കൂട് - അവതരിപ്പിച്ചു. ഈ സംരംഭം മാതാപിതാക്കളെയും പരിചാരകരെയും ലളിതവും കളി അധിഷ്ഠിതവും പ്രായത്തിനനുസരിച്ചുമുള്ള പ്രവർത്തനങ്ങളിലൂടെ ശാക്തീകരിക്കുകയും കുഞ്ഞു മനസ്സുകളെ വളർത്തിയെടുക്കുകയും ചെയ്യുന്നു.
കുഞ്ഞുങ്ങളുടെ വികസനത്തിൽ മാതാപിതാക്കളുടെ പങ്കാളിത്തം സുപ്രധാനമാണ്. ഉയർന്ന വരുമാനമുള്ള കുടുംബങ്ങൾക്ക് കളിപ്പാട്ടങ്ങളിലും പുസ്തകങ്ങളിലും നിക്ഷേപിക്കാനാകും. എന്നാൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് സമത്വപൂർണ്ണമായ സാഹചര്യം ഒരുക്കേണ്ടത് ഭരണകൂടത്തിന്‍റെ ഉത്തരവാദിത്തമാണ്. നവചേതന, പോഷൺ ഭി പഠായി ഭി എന്നിവയിലൂടെ, ഭാരതത്തിന്‍റെ എല്ലാ കോണുകളിലുമുള്ള കുട്ടികൾക്കും തുടക്കം മുതൽ അഭിവൃദ്ധി പ്രാപിക്കാൻ ആവശ്യമായ ഉത്തേജനം, പരിചരണം, പരിപോഷണം എന്നിവ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കി, ഈ പരിമിതി പൂർണ്ണമായും പരിഹരിക്കുകയാണ് ഞങ്ങൾ.
ഭാരതം യഥാർത്ഥത്തിൽ വികസിതമാകണമെങ്കിൽ, നമ്മുടെ ഇളം തലമുറ ജീവിതത്തിൽ ശരിയായ തുടക്കം കുറിക്കുന്നതിലൂടെ ശാക്തീകരിക്കപ്പെടണം. കളി ഒരു ആഡംബരമല്ല - അത് പഠനത്തിനുള്ള അടിത്തറയാണ്. ഭാരതത്തിലെ ഓരോ ശിശുവിനും പഠിക്കാനും വളരാനും അഭിവൃദ്ധി പ്രാപിക്കാനുമുള്ള അവസരം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ വനിതാ-ശിശു വികസന മന്ത്രാലയം പ്രതിജ്ഞാബദ്ധമാണ് - കാരണം രാഷ്ട്ര നിർമ്മാണം ആരംഭിക്കുന്നത് ഇളമുറക്കാരായ കുഞ്ഞു പൗരന്മാരുടെ വികാസത്തിലൂടെയാണ്.