അതിവേഗം മാറുന്ന സമൂഹത്തിൽ മ്യൂസിയങ്ങളുടെ ഭാവി
ഇന്‍റര്‍നാഷണല്‍ കൗണ്‍സില്‍ ഓഫ് മ്യൂസിയംസിന്‍റെ (ഐസിഒഎം) നേതൃത്വത്തില്‍ 1977 മുതല്‍ മെയ് 18 അന്താരാഷ്‌ട്ര മ്യൂസിയം ദിനമായി ആചരിച്ചുവരുന്നു. 19ാം നൂറ്റാണ്ടില്‍ ആരംഭിച്ച് ഇന്ന് ലോകമെങ്ങും വമ്പിച്ച സ്വീകാര്യത നേടിയിട്ടുള്ളതാണ് മ്യൂസിയങ്ങള്‍. ലോക സമൂഹങ്ങള്‍ക്കിടയില്‍ ഫലവത്തായ സാംസ്‌കാരിക വിനിമയം സാധ്യമാക്കുക, സാംസ്‌കാരിക സമ്പുഷ്ടീകരണവും പരസ്പര ധാരണയും വളര്‍ത്തുക എന്നീ ലക്ഷ്യങ്ങളാണ് ഈ ദിനാചരണത്തിലൂടെ ഉന്നീതമാക്കപ്പെടുന്നത് അത് കൊണ്ട് തന്നെ ലോകമെമ്പാടും മ്യൂസിയങ്ങളുടെ സ്വീകാര്യതയും പ്രസക്തിയും വര്‍ധിച്ചു വരുന്നു. 1992 മുതല്‍ ഈ ദിനത്തില്‍ ഒരു വാര്‍ഷിക പ്രമേയം അംഗീകരിക്കാറുണ്ട്.
"അതിവേഗം മാറിക്കൊണ്ടിരിക്കുന്ന വര്‍ത്തമാന സമൂഹത്തില്‍ മ്യൂസിയങ്ങളുടെ ഭാവി' എന്നതാണ് ഈ വര്‍ഷത്തെ മ്യൂസിയം ദിന പ്രമേയം. അതിതീവ്രമായ സാമൂഹിക, സാമ്പത്തിക, സാങ്കേതിക, പാരിസ്ഥിതിക മാറ്റങ്ങള്‍ക്ക് സദാ വിധേയമായിക്കൊണ്ടിരിക്കുന്ന ലോകത്തിന്, ശരിയായ ദിശാബോധം നല്‍കുവാന്‍ മ്യൂസിയങ്ങള്‍ക്ക് എങ്ങനെയെല്ലാം സാധിക്കും എന്നതാണ് മുഖ്യ ചിന്താവിഷയം. മ്യൂസിയങ്ങള്‍ പുരാവസ്തു പരിരക്ഷണ ഇടങ്ങള്‍ മാത്രമല്ല സമഗ്രവും സുസ്ഥിരവുമായ സാമൂഹ്യസൃഷ്ടികളിലെ സജീവ പങ്കാളികള്‍ കൂടിയാണ്.
അത്യാധുനിക വിവര സാങ്കേതിക വിദ്യയുടെ അകമ്പടിയോടെ അസത്യങ്ങളെ അലങ്കരിച്ച് സത്യങ്ങളാക്കി മാറ്റാന്‍ ശ്രമിക്കുന്ന കാലത്താണ് നാം ജീവിക്കുന്നത്. നൂറ്റാണ്ടുകളായി മാനവസമൂഹം കൈവരിച്ച ചരിത്ര നേട്ടങ്ങളെയും സാംസ്‌കാരിക പൈതൃകത്തേയും സമർഥമായി മറച്ചുവയ്ക്കുന്നതിനുളള ഗൂഢശ്രമങ്ങള്‍ നടക്കുന്നു. ചരിത്ര സത്യങ്ങളെയും ചരിത്രം സൃഷ്ടിച്ചവരെയും അവനവന്‍റെ സൗകര്യത്തിനനുസരിച്ച് വ്യാഖ്യാനിച്ച്, അസത്യങ്ങള്‍ ആര്‍വത്തിച്ചു പറഞ്ഞ് സത്യങ്ങളാക്കാനുമുളള കുത്സിത ശ്രമങ്ങളാണ് നടക്കുന്നത്. അധികാര നിര്‍വഹണത്തിനായി മിഥ്യയുടെ കവചങ്ങള്‍ ആവര്‍ത്തിച്ച്, സത്യത്തിന്‍റെ തീവ്രപ്രകാശത്തെ മറയ്ക്കുവാന്‍ ശ്രമിക്കുന്ന ഗീബല്‍സിയന്‍ തന്ത്രങ്ങള്‍ക്ക് ശക്തിയേറുന്ന കാലഘട്ടമാണിത്. ഇവിടെയാണ് പൊതുജന മാധ്യമമായ മ്യൂസിയങ്ങളുടെ പ്രസക്തി. സത്യം പറയുന്ന ഇടങ്ങളാണ് മ്യൂസിയങ്ങള്‍. വസ്തുനിഷ്ഠമായി കാര്യങ്ങള്‍ അറിയുന്നതിനും അപഗ്രഥിക്കുന്നതിനും മ്യൂസിയം ഗ്യാലറികള്‍ ഉപകരിക്കുന്നു.
സ്വന്തം അസ്തിത്വം വിളംബരം ചെയ്യുന്ന പൈതൃക ബോധമാണ് മനുഷ്യനെ ശക്തിപ്പെടുത്തുന്നത്. നമ്മുടെ വ്യക്തിബോധത്തിന്‍റെ അടിസ്ഥാനവും മറ്റൊന്നല്ല. നാമാരാണെന്ന് നമ്മെ ബോധ്യപ്പെടുത്തുന്ന അറിവിന്‍റെ കേന്ദ്രങ്ങളാണ് മ്യൂസിയങ്ങള്‍. നിരക്ഷരനെയും സാക്ഷരനെയും ഒരുപോലെ സ്വീകരിക്കുകയും ദൃഷ്ടാന്തങ്ങളുടെ അകമ്പടിയോടെ അറിവിന്‍റെ കവാടങ്ങള്‍ അവരുടെ മുമ്പില്‍ തുറന്നിടുകയുമാണ് മ്യൂസിയങ്ങള്‍ ചെയ്യുന്നത്. ഉദ്ഘനനങ്ങളിലൂടെയും പര്യവേഷണങ്ങളിലൂടെയും കണ്ടെത്തിയ, പുരാവസ്തുക്കളുടെയും, ശേഷിപ്പുകളുടെയും ചരിത്ര സ്മാരകങ്ങളുടെയും പശ്ചാത്തലത്തില്‍ മ്യൂസിയങ്ങള്‍ കഥ പറയുമ്പോള്‍ അവ ചരിത്ര സത്യങ്ങളിലേക്ക് വെളിച്ചം പകരുന്ന പ്രകാശ ഗോപുരങ്ങളായി മാറുന്നു.
ലോകമെമ്പാടുമുളള ജനസമൂഹത്തിന് ഇക്കാലത്തുണ്ടായ പൈതൃകാഭിമുഖ്യം സ്വന്തം സംസ്‌കാരത്തിന്‍റെ വേരുകള്‍ സംരക്ഷിച്ചു നിലനിറുത്തുന്ന പൈതൃക മ്യൂസിയങ്ങള്‍ രൂപപ്പെടുന്നതിലേക്ക് വഴിവെച്ചു. ഒരു സമൂഹത്തിന്‍റെ ചരിത്ര- സാംസ്‌കാരിക പൈതൃകം പ്രതിഫലിപ്പിക്കുന്ന കണ്ണാടികളായി മ്യൂസിയങ്ങള്‍ മാറി. വിദ്യാലയങ്ങള്‍ പോലെയോ ഗ്രന്ഥശാലകള്‍ പോലെയോ അവ നാടിന് അനുപേക്ഷണീയ ഘടകമായിത്തീര്‍ന്നു. മാറുന്ന കാലത്തിനനുസരിച്ച് മ്യൂസിയങ്ങളും മാറിക്കൊണ്ടിരിക്കുന്നു. മാറ്റങ്ങള്‍ മ്യൂസിയത്തിന്‍റെ കുടെപ്പിറപ്പാണെന്ന് പറയാം. ആവശ്യാനുസരണം രൂപഭാവ വ്യതിയാനം വരുത്താവുന്നത്ര വഴക്കമുളള (Flexibility) ഒരു ബോധന മാധ്യമം മ്യൂസിയം പോലെ മറ്റൊന്നില്ല തന്നെ. 2025 അന്താരാഷ്‌ട്ര മ്യൂസിയം ദിനത്തിന്‍റെ അടയാള ചിഹ്നം (Logo) സൂചിപ്പിക്കുന്നതും ഈ സ്വഭാവമാണ്.
പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ മധ്യത്തോടെ ഇന്ത്യയില്‍ മ്യൂസിയങ്ങളുണ്ടാവുമ്പോള്‍ തന്നെ കേരളത്തിലും ഈ പ്രസ്ഥാനത്തിന് തുടക്കം കുറിച്ചിരുന്നു. ഇന്ത്യയിലെ ആദ്യകാല നാലു മ്യൂസിയങ്ങളിലൊന്നായി രൂപം കൊണ്ട നാപ്പിയര്‍ മ്യൂസിയം ഇന്നും മലയാളിക്കഭിമാനമായി തിരുവനതപുരത്ത് നിലകൊളളുന്നു. ചുരുങ്ങിയ കാലയളവിനുളളില്‍ യൂറോപ്പിലെമ്പാടും മ്യൂസിയങ്ങള്‍ക്കുണ്ടായ വളര്‍ച്ചയും സ്വീകാര്യതയും ഇന്ത്യയില്‍ പ്രതിഫലിച്ചില്ല എന്നത് വസ്തുതയാണ്. കേരളത്തിന്‍റെ അവസ്ഥയും മറിച്ചായിരുന്നില്ല. നവ സാങ്കേതിക വിദ്യകളുടെ മേഖലയില്‍ ഉണ്ടായ വളര്‍ച്ച മ്യൂസിയം മേഖലയെ വേണ്ടത്ര സ്വാധീനിച്ചിരുന്നില്ല. 2017 മുതല്‍ കേരളത്തില്‍ ഈ സ്ഥിതിക്ക് മാറ്റമുണ്ടാകാന്‍ തുടങ്ങി. ഒന്നാം പിണറായി സര്‍ക്കാറിന്‍റെ പ്രകടന പത്രികയില്‍ വ്യത്യസ്ഥങ്ങളായ മ്യൂസിയങ്ങളുടെ ഒരു ശൃംഖല സ്ഥാപിക്കുമെന്നായിരുന്നു വാഗ്ദാനം. അതിന്‍റെ ഭാഗമായി നിലവിലുളള മ്യൂസിയങ്ങളുടെ പാരമ്പര്യ ചട്ടക്കൂടുകള്‍ ഇളക്കി മാറ്റി നവസാങ്കേതികവിദ്യകള്‍ ഇണക്കിച്ചേര്‍ത്ത് ലോകനിലവാരത്തിലുളള ഗ്യാലറികളാക്കി മാറ്റി. 8 വര്‍ഷങ്ങൾ കൊണ്ട് വൈവിധ്യമാര്‍ന്ന വിഷയങ്ങളില്‍ 25 മ്യൂസിയങ്ങള്‍ നമ്മുടെ നാട്ടില്‍ രൂപം കൊണ്ടു. കൂടാതെ 20ഓളം മ്യൂസിയം പദ്ധതികള്‍ പുരോഗമിച്ചുവരുന്നു. നമ്മുടെ സംസ്ഥാനം ഇന്ത്യയിലെ മ്യൂസിയങ്ങളുടെ "ഹബ്ബ്' ആയി മാറിക്കൊണ്ടിരിക്കുന്നു. രാജ്യത്ത് പൊതുമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആദ്യത്തെ മ്യൂസിയം നോഡല്‍ ഏജന്‍സിയായ 'കേരളം മ്യൂസിയം' (IMCK) ആണ് കേരളത്തില്‍ മ്യൂസിയം നവോത്ഥാനത്തിന്‍റെ നേതൃത്വപരമായ പങ്ക് വഹിക്കുന്നത്.
മ്യൂസിയങ്ങളെ അവലോകനം ചെയ്യാനും മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കാനും ഒരു മ്യൂസിയം കമ്മിഷനെ നിയമിക്കുമെന്നതായിരുന്നു രണ്ടാം പിണറായി സര്‍ക്കാരിന്‍റെ പ്രകടന പത്രികയിലെ വാഗ്ദാനം. അതനുസരിച്ച് സംസ്ഥാനത്ത് ഈ രംഗത്തെ വിദഗ്ധരെ ഉള്‍പ്പെടുത്തി രൂപികരിച്ച മ്യൂസിയം കമ്മീഷന്‍ അതിന്‍റെ പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. സമഗ്രമായ ഒരു മ്യൂസിയം നയം ആവിഷ്‌കരിച്ച് നടപ്പിലാക്കുകയാണ് ലക്ഷ്യം. മ്യൂസിയം പുരാവസ്തു, പുരാരേഖാ തുടങ്ങി വിവിധ വകുപ്പുകളുടെ കീഴില്‍ വ്യത്യസ്ഥങ്ങളായ കഥ പറയുന്ന മ്യൂസിയങ്ങളാണ് കഴിഞ്ഞ 9 വര്‍ഷക്കാലയളവില്‍ സംസ്ഥാനത്ത് സ്ഥാപിതമായാത്.
മ്യൂസിയങ്ങള്‍ നമ്മുടെ സാംസ്‌കാരിക പൈതൃകത്തിന്‍റെ കാവല്‍ക്കാരാണ്. ഗ്യാലറികളിലെ പൈതൃക ശേഖരങ്ങള്‍ വെളിപ്പെടുത്തുന്നത് കടന്നുപോയ നമ്മുടെ പൂർവികരുടെ സത്യസന്ധമായ കഥയാണ്. ഭൂതകാലത്തിന്‍റെ ശക്തിയിലാണ് വര്‍ത്തമാനം രൂപപ്പെടുന്നത്. ആത്മബോധവും ആത്മാഭിമാനവുമുളള തലമുറയെ സൃഷ്ടിക്കുവാന്‍ മ്യൂസിയങ്ങളുടെ അനിവാര്യത തിരിച്ചറിയേണ്ടതുണ്ട്. അതുകൊണ്ട് തന്നെ അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ഈ ലോകത്ത് മ്യൂസിയങ്ങളും ചരിത്രശേഷിപ്പുകളും ഏറെ പ്രസക്തമാകുന്നു.