വിഴിഞ്ഞം തുറക്കുന്നത് ഭാവിയുടെ വികസന വാതിൽ
file image
വി.എന്‍. വാസവന്‍, തുറമുഖം - സഹകരണം - ദേവസ്വം വകുപ്പ് മന്ത്രി
കേരളം ഏറെ കാത്തിരുന്ന നമ്മുടെ സ്വപ്നപദ്ധതിയായ വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖം യാഥാർഥ്യമായിരിക്കുകയാണ്. ഇന്ത്യന്‍ പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കുന്ന ഈ വിജയഗാഥ നവകേരളത്തിന്‍റെ പുതുചരിത്രം സൃഷ്ടിക്കുകയാണ്.
കേരളത്തിലെ കപ്പലോട്ട ചരിത്രത്തിന് 2000-ത്തിലധികം വര്‍ഷത്തെ പഴക്കമുണ്ട്. ബൈബിളില്‍ പരാമര്‍ശിക്കുന്ന സോളമന്‍റെ കാലത്തുതന്നെ കേരള തീരത്തേക്ക് കപ്പല്‍ സുഗന്ധവ്യാപാരത്തിനായി എത്തിയിരുന്നു. ഇതിനൊപ്പം വ്യാപാരത്തിനായി എത്തിയ യവന്‍മാരുടെ ഒരു സെറ്റില്‍മെന്‍റും മുചിരിയില്‍ ഉണ്ടായിരുന്നതായി സംഘ കൃതികളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ കപ്പലോട്ടവും വിദേശവാണിജ്യവും പ്രാചീന കേരളത്തിന് വാണിജ്യ വിനിമയബന്ധത്തില്‍ നിർണായക സ്ഥാനം നേടിക്കൊടുത്തു. ചൈന അടക്കമുള്ള കിഴക്കന്‍ രാജ്യങ്ങളില്‍ നിന്ന് ഇവിടെ കപ്പലുകള്‍ എത്തിച്ചേരുകയും ചരക്കുകള്‍ ഇവിടെ ഇറക്കി ഇവിടെ നിന്ന് അലക്‌സാണ്ഡ്രിയ വരെ കൊണ്ടുപോവുകയും ചെയ്തിരുന്നു. ഇന്ത്യാ സമുദ്രവാണിജ്യ വ്യവസ്ഥ എന്ന് ചരിത്രഗവേഷകര്‍ വിളിക്കുന്ന ഈ വാണിജ്യ നീക്കത്തിന്‍റെ കേന്ദ്രബിന്ദു കേരളമായിരുന്നു. വിഴിഞ്ഞത്തിലൂടെ അന്താരാഷ്‌ട്ര വാണിജ്യ നീക്കത്തിന്‍റെ കേന്ദ്രമെന്ന ആ പദവി കേരളം വീണ്ടും തിരിച്ചു പിടിക്കുകയാണ്.
ഇടതുമുന്നണി നേതൃത്വം നല്‍കിയ സര്‍ക്കാരുകളുടെയും ജാഗ്രതയോടുകൂടിയ നിരന്തര പോരാട്ടത്തിന്‍റെയും ഇടപടലുകളുടെയും വിജയമാണ് വിഴിഞ്ഞമെന്ന വിജയഗാഥ. വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖം എന്ന ആശയത്തിന് കേരളത്തില്‍ വിത്തുപാകുന്നത് 1996-ലെ ഇ.കെ. നായനാര്‍ സര്‍ക്കാരാണ്. അന്താരാഷ്‌ട്ര തുറമുഖം വിഴിഞ്ഞത്ത് നിർമിക്കുന്നതിനുവേണ്ടിയുള്ള ശാസ്ത്രീയപഠനത്തിന് അന്ന് സര്‍ക്കാര്‍ സമിതിയെ നിയോഗിക്കുകയായിരുന്നു. 2006 -ല്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നേതൃത്വത്തില്‍ വി.എസ്. അച്ചുതാന്ദന്‍ സര്‍ക്കാര്‍ അധികാരത്തില്‍ വന്നു. വിഴിഞ്ഞം തുറമുഖ നിർമാണത്തിന്‍റെ തുടര്‍ച്ചെയന്ന നിലയില്‍ നടപടികളുമായി മുന്നോട്ട് നീങ്ങി. അന്ന് എം. വിജയകുമാര്‍ ആയിരുന്നു തുറമുഖ വകുപ്പ് മന്ത്രി. അദ്ദേഹത്തിന്‍റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ 2010 ആഗസ്റ്റ് 11-ന് ആദ്യമായി തുറമുഖ കമ്പനി ഉദ്ഘാടനം ചെയ്തു. അതിന് ശേഷം ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അധികാരത്തില്‍ വന്നു പക്ഷേ, തുറമുഖത്തിനായി ഒരു നടപടിയും സ്വീകരിച്ചില്ല. തുടര്‍ന്നാണ് വിഴിഞ്ഞം പദ്ധതിക്കു വേണ്ടിയുള്ള ശക്തമായ പ്രക്ഷോഭം എല്‍.ഡി.എഫ്. ആരംഭിക്കുന്നത്. ഒരു വികസനപദ്ധതി നടപ്പിലാക്കുന്നതിനുവേണ്ടി മനുഷ്യചങ്ങല തീര്‍ത്തു. ഒരു വികസനപദ്ധതി നടപ്പിലക്കുന്നതിനുവേണ്ടി കേരളത്തില്‍ നടന്ന എറ്റവും ദൈര്‍ഘ്യമേറിയ സമരങ്ങളില്‍ ഒന്നായിരുന്നു ഇത്. പദ്ധതിക്കു വേണ്ടിയുള്ള സമരം തെരുവില്‍ മാത്രമായിരുന്നില്ല നിയമസഭയ്ക്കുള്ളിലും നടന്നു അതിനുശേഷമാണ് പേരിന് ഒരു തറക്കല്ല് ഇടീല്‍ നടന്നത്.
പദ്ധതിയുടെ ചുമതല അദാനി പോര്‍ട്ടിനു നല്‍കുന്നത് യു.ഡി.എഫ്. കാലത്താണെങ്കിലും, നിർമാണം ആരംഭിക്കുന്നത് ഒന്നാം പിണറായി സര്‍ക്കാരിന്‍റെ കാലത്താണ്. ഒന്നും രണ്ടും പിണറായി സര്‍ക്കാര്‍ ചിട്ടയോടെ നടത്തിയ പ്രവര്‍ത്തനങ്ങളുടെ വിജയമാണ് ഇന്ന് രാജ്യത്തിന് മുന്നില്‍ അഭിമാന പദ്ധതിയായി ഉയര്‍ന്നു നില്‍ക്കുന്ന വിഴിഞ്ഞം. തുടക്കത്തിലും തുടര്‍ന്നുള്ള കാലയളവിലും പദ്ധതി നടപ്പാക്കുന്നതില്‍ നിരവധി പ്രശ്‌നങ്ങളും പ്രകൃതിക്ഷോഭങ്ങളും നേരിട്ടു. അതിനെയെല്ലാം മറികടന്നാണ് ഒന്നാം ഘട്ടം പൂര്‍ത്തിയാക്കി രാഷ്‌ട്രത്തിന് സമര്‍പ്പിക്കുന്നത്.
ദക്ഷിണേഷ്യയിലെ ആദ്യ സെമി ഓട്ടോമേറ്റഡ് തുറമുഖമായ വിഴിഞ്ഞം ഇന്ത്യയുടെ വാണിജ്യ കവാടമായി അതിവേഗം വളര്‍ന്നു കൊണ്ടിരിക്കുകയാണ്. 2024 ജൂലൈ 13 മുതലാണ് വിഴിഞ്ഞം തുറമുഖത്ത് ട്രയല്‍ അടിസ്ഥാനത്തില്‍ കപ്പലുകള്‍ വന്നു തുടങ്ങിയത്. 2024 ഡിസംബര്‍ 3 മുതല്‍ വാണിജ്യാടിസ്ഥാനത്തില്‍ പ്രവര്‍ത്തനം തുടങ്ങി. ഇതുവരെ 280 കപ്പലുകള്‍ എത്തിച്ചേര്‍ന്നു. ഇത്രയും സമയത്തിനുള്ളില്‍ 5.70 ലക്ഷം ടി.ഇ.യു കൈകാര്യം ചെയ്തു ലോകത്തെ തന്നെ വിസ്മയിപ്പിച്ചു മുന്നേറുകയാണ് വിഴിഞ്ഞം. 2025 ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ ഇന്ത്യയിലെ ദക്ഷിണ, പശ്ചിമ തീരത്തെ തുറമുഖങ്ങളില്‍ ചരക്കു നീക്കങ്ങളില്‍ വിഴിഞ്ഞമാണ് ഒന്നാം സ്ഥാനത്ത്. പ്രതിമാസം 1 ലക്ഷം ടി.ഇ.യു. കൈകാര്യം ചെയ്യുക എന്ന നേട്ടവും വിഴിഞ്ഞം സ്വന്തമാക്കി.
ഇന്ത്യയില്‍ ഇതുവരെ എത്തിയ കപ്പലുകളില്‍ ഏറ്റവും വലുതെന്ന് വിശേഷിപ്പിക്കാവുന്ന MSC Turkiye ഉള്‍പ്പെടെ വിഴിഞ്ഞത്ത് സുഗമമായി ബെര്‍ത്ത് ചെയ്തു. എം.എസ്.സി. -യുടെ യൂറോപ്പിലേക്കുള്ള പ്രതിവാര സര്‍വീസ് ആയ ജേഡ് സര്‍വീസും വിഴിഞ്ഞത്തു നിന്ന് ആരംഭിച്ചു.
വയബിലിറ്റി ഗ്യാപ്പ് ഫണ്ട് (വി.ജി.എഫ്.) കരാര്‍ ഒപ്പിടല്‍ കൂടി പൂര്‍ത്തിയാക്കിയതോടെ വിഴിഞ്ഞം പോര്‍ട്ടിന്‍റെ ആദ്യഘട്ടത്തിലെ നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയാവുകയാണ്. തുറമുഖം രാഷ്ടത്തിന് സമര്‍പ്പിക്കുന്നതോടെ ലോകസമുദ്രവ്യാപാര മേഖലയില്‍ പ്രഥമനിരയിലേക്ക് എത്തിച്ചേരുകയാണ് കേരളം. ആര്‍ബിട്രേഷന്‍ നടപടികള്‍ ഒഴിവാക്കി പുതിയ കരാറിലേക്ക് എത്തിയതോടെയാണ് നിര്‍മാണപ്രവര്‍ത്തനം ത്വരിതഗതിയില്‍ പൂര്‍ത്തിയാക്കി അഭിമാനകരമായ നേട്ടങ്ങളിലേക്ക് എത്താനായത്. മുന്‍പ് ഉണ്ടായിരുന്ന കരാര്‍ അനുസരിച്ച് ലഭിക്കുന്നതിനെക്കാള്‍ കൂടുതല്‍ വരുമാനം സര്‍ക്കാരിന് ലഭ്യമാവുന്ന നിലയിലാണ് ധാരണയില്‍ എത്തിയിരിക്കുന്നത്. അതനുസരിച്ച് 2034 മുതല്‍ തന്നെ തുറമുഖത്തില്‍ നിന്നും വരുമാനത്തിന്‍റെ വിഹിതം സര്‍ക്കാരിന് ലഭിക്കും. തുറമുഖത്തിന്‍റെ എല്ലാ ഘട്ടങ്ങളുടെയും നിർമാണം 2028-ല്‍ പൂര്‍ത്തീകരിക്കുകയും ചെയ്യും. 4 ഘട്ടങ്ങളും കൂടി പ്രവര്‍ത്തിക്കുമ്പോള്‍ ലഭിക്കുന്ന വരുമാനത്തിന്‍റെ ലാഭ വിഹിതമായിരിക്കും അദാനി വിഴിഞ്ഞം പോര്‍ട്ട് സര്‍ക്കാരിന് 2034 മുതല്‍ നല്‍കുക. ഇക്കാര്യത്തിലും ധാരണയില്‍ എത്തിയിട്ടുണ്ട്.
2028 -നകം അടുത്ത ഘട്ടം പൂര്‍ത്തീകരിക്കുമ്പോള്‍ തുറമുഖത്തിന്‍റെ മിനിമം സ്ഥാപിത ശേഷി പ്രതിവര്‍ഷം 30 ലക്ഷം ടി.ഇ.യു. ആയിരിക്കും. ഇതിനായി 9500 കോടി രൂപയുടെ ചിലവാണ് കണക്കാക്കിയിരിക്കുന്നത്. ഈ തുക പൂർണമായും അദാനി പോര്‍ട്‌സ് ആയിരിക്കും വഹിക്കുക.
റോഡ്, റെയില്‍ കണക്റ്റിവിറ്റി പ്രാവര്‍ത്തികമാക്കി ചരക്ക് ഗതാഗതം സുഗമമാകുമ്പോള്‍ വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖം നമ്മുടെ നാടിന് മുന്‍പില്‍ വലിയ വികസന സാധ്യതകള്‍ തുറന്നിടും. രാജ്യത്തിന്‍റെ ചരക്കുനീക്കത്തിന്‍റെ വലിയൊരു ഭാഗം കൈകാര്യം ചെയ്യാന്‍ വിഴിഞ്ഞത്തിന് സാധിക്കും. ഇതോടെ സംസ്ഥാന സര്‍ക്കാരിന്‍റെ ഇടപെടലുകളിലുടെ വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖ പദ്ധതി പൂര്‍ത്തിയാക്കി തുറമുഖം പൂർണ ശേഷി കൈവരിക്കുന്നതോടു കൂടി കേരളത്തില്‍ വലിയ തോതിലുള്ള വാണിജ്യ-വ്യാവസായിക വളര്‍ച്ചയുണ്ടാകും.
തിരുവനന്തപുരം ജില്ലയില്‍ ഔട്ടര്‍ ഏര്യ ഗ്രോത്ത് കോറിഡോര്‍, ഔട്ടര്‍ റിങ് റോഡ്, വിഴിഞ്ഞം- കൊല്ലം- പുനലൂര്‍ വളര്‍ച്ചാ ത്രികോണം മുതലായവ യുദ്ധകാലാടിസ്ഥാനത്തില്‍ യാഥാർഥ്യമാക്കി തുറമുഖ നിർമാണം മൂലമുള്ള നേട്ടങ്ങള്‍ പരമാവധി ഈ മേഖലയില്‍ പ്രയോജനപ്പെടുത്തുവാന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നു. ഇതിനായുള്ള പ്രാഥമികാനുമതികളും നല്‍കിക്കഴിഞ്ഞു.
വിഴിഞ്ഞം മുതല്‍ നാവായിക്കുളം വരെയാണ് NHAI യുമായി ചേര്‍ന്ന് ഔട്ടര്‍ റിങ് റോഡ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. ഈ റോഡുകള്‍ക്കിരുവശങ്ങളിലുമായി 2.5 കിലോമീറ്റര്‍ പ്രദേശം വിവിധങ്ങളായ വ്യവസായവും വാണിജ്യശാലകളും സ്ഥാപിക്കപ്പെടുന്നതോടുകൂടി തിരുവനന്തപുരത്തിന്‍റെ മുഖഛായ തന്നെ മാറുന്ന ബൃഹത് പദ്ധതിയാണിത്. ഈ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്ന മുറയ്ക്ക് എറണാകുളം മുതല്‍ തെക്കോട്ടുള്ള ഇതര ജില്ലകളിലും നിരവധി ലോജിസ്റ്റിക് പാര്‍ക്കുകളും വ്യവസായശാലകളും വരുമെന്ന് പ്രതീക്ഷിക്കുന്നു.
ഇന്ത്യയ്ക്ക് 7500 കിലോമീറ്റര്‍ തീരദേശം ഉണ്ട്. ഇവിടെ ഏതാണ്ട് 200 ഓളം തുറമുഖങ്ങളുമുണ്ട്. ഇതില്‍ 12 എണ്ണം കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള മേജര്‍ തുറമുഖങ്ങളും ബാക്കിയുള്ളവ സംസ്ഥാന സര്‍ക്കാരുകളുടെ കീഴിലുള്ളവയുമാണ്. സമീപകാലത്ത് ഈ മേഖലയില്‍ വന്ന ഏറ്റവും വലിയ മാറ്റം സംസ്ഥാന തുറമുഖങ്ങളുടെ വളര്‍ച്ചയാണ്. ഇപ്പോള്‍ ഏതാണ്ട് 40 ശതമാനത്തിലധികം ചരക്ക് കൈകാര്യം ചെയ്യുന്നത് സംസ്ഥാന തുറമുഖങ്ങളാണ്. അവയില്‍ തന്നെ മുദ്രാ, കൃഷ്ണപട്ടണം, തുടങ്ങിയ തുറമുഖങ്ങള്‍ പല മേജര്‍ തുറമുഖങ്ങളെക്കാള്‍ ചരക്ക് കൈകാര്യം ചെയ്യുന്നുണ്ട്.
കൊളംബോ തുറമുഖം കൈകാര്യം ചെയ്യുന്ന ചരക്കില്‍ 60% ഇന്ത്യയിലേക്കുള്ളതാണ്. ഇതിന്‍റെ 30 ശതമാനമെങ്കിലും ആദ്യഘട്ടത്തില്‍ മാത്രം വിഴിഞ്ഞത്തിനു ലഭിക്കുമെന്നാണു കണക്കുകൂട്ടല്‍. കപ്പല്‍ചാലിനു കയ്യെത്തുംദൂരത്ത് വിഴിഞ്ഞത്തിനുള്ള ഒരു പ്രത്യേകത ഈ തുറമുഖങ്ങള്‍ക്കൊന്നുമില്ല. രാജ്യാന്തര കപ്പല്‍ചാലിനോടുള്ള അടുപ്പം കൊളംബോയ്ക്ക് 50 കിലോമീറ്റര്‍ ഉള്ളപ്പോള്‍, വിഴിഞ്ഞത്തിനു 18 കിലോമീറ്റര്‍ മാത്രം അകലെയാണു രാജ്യാന്തര കപ്പല്‍ചാല്‍. ഇന്ത്യയിലേക്കുള്ള കണ്ടെയ്‌നറുകള്‍ മാത്രമല്ല, കൊളംബോയെ ഇപ്പോള്‍ ആശ്രയിക്കുന്ന മറ്റു രാജ്യങ്ങളിലേക്കുള്ള കണ്ടെയ്‌നറുകളും മാറ്റിക്കയറ്റുന്ന ഹബ്ബായി വിഴിഞ്ഞം മാറുമെന്നു ചുരുക്കം.
ഇന്ത്യന്‍ തീരത്തെ തുറമുഖങ്ങള്‍ക്ക് മദര്‍ ഷിപ്പുകള്‍ക്ക് വന്നുപോകാനുള്ള സ്വഭാവിക ആഴം കുറവാണ്. ഇതിനാലാണ് ഇന്ത്യന്‍ തുറമുഖങ്ങള്‍ ഒഴിവാക്കി ചരക്കുകപ്പലുകള്‍ കൊളംബോ, ദുബായ്, സിംഗപ്പൂര്‍ വഴി സഞ്ചരിക്കുന്നത് അതിന് മാറ്റം വരുകയാണ്.
ലോകത്തെ ഷിപ്പിങ് കമ്പനികളെല്ലാം ഇപ്പോള്‍ വലിയ കപ്പലുകള്‍ വാങ്ങിക്കൂട്ടുകയാണ്. യൂറോപ്പ്- ഏഷ്യ, യൂറോപ്പ്- അമേരിക്ക റൂട്ടുകളില്‍ വലിയ കപ്പലുകള്‍ ഉപയോഗിക്കുന്നതുവഴി വളരെയധികം ചെലവു ചുരുക്കാന്‍ സാധിക്കും. 18,000 ടി.ഇ.യു (ടൗന്‍റി ഫീറ്റ് ഇക്യുലന്‍റ് യൂണിറ്റ്സ്) ശേഷിയുള്ള കപ്പലുകള്‍ വിഴിഞ്ഞത്തിന് കൈകാര്യം ചെയ്യാന്‍ കഴിയുന്നതോടെ അതുമൂലം വന്‍ സാമ്പത്തിക നേട്ടം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥക്ക് ഉണ്ടാകും. സമീപരാജ്യങ്ങളില്‍ (കൊളംബോ, സിംഗപ്പൂര്‍, ദൂബായ്) നടക്കുന്ന ട്രാന്‍ഷിപ്പ്മെന്‍റിന്‍റെ സിംഹഭാഗവും ആകര്‍ഷിക്കാന്‍ വിഴിഞ്ഞത്തിന് കഴിയും.
കടല്‍വഴി അന്താരാഷ്‌ട്ര വാണിജ്യശൃംഖലയായ ഹൈഫ-മുന്ദ്ര-വിഴിഞ്ഞം-കൊളംബോ ഇടനാഴി ഒരുക്കാന്‍ കഴിഞ്ഞേക്കും. ഇസ്രയേലിലെ ഹൈഫ മുതല്‍ കൊളംബോവരെ സൃഷ്ടിക്കുന്ന തുറമുഖശൃംഖലയിലെ മദര്‍ പോര്‍ട്ടുകളിലൊന്നായി വിഴിഞ്ഞം മാറുമെന്നാണ് വിലയിരുത്തല്‍.
വിഴിഞ്ഞത്ത് മദര്‍ഷിപ്പുകള്‍ എത്തിക്കുന്ന കണ്ടെയ്‌നറുകള്‍ ദുബായ് പോര്‍ട്ടില്‍ എത്തിച്ച് റെയില്‍മാര്‍ഗം സൗദിയിലേക്കും ജോര്‍ദാനിലേക്കും ഹൈഫ തുറമുഖത്തേക്കും എത്തിക്കാനാകും. 10 ദിവസത്തിനുള്ളില്‍ വിഴിഞ്ഞത്തു നിന്ന് ഹൈഫ തുറമുഖംവഴി യൂറോപ്പിലേക്കും ചരക്ക് എത്തിക്കാനാകും. സൂയസ് കനാല്‍ ഒഴിവാക്കി യൂറോപ്പിലേക്കെത്താമെന്നതും ഇതിന്‍റെ പ്രത്യേകതയാണ്.
വിഴിഞ്ഞം പോലുള്ള തുറമുഖ പദ്ധതികളും റെയില്‍വേ, ഹൈവേ പദ്ധതികളും നടപ്പാക്കുകയും ഉല്‍പ്പാദന മേഖലയില്‍ വളര്‍ച്ചയ്ക്കുള്ള സൗകര്യം ഒരുക്കുകയും ചെയ്യുന്നതോടെ ഭാവിയിലെ അവസരങ്ങള്‍ മുതലെടുക്കാന്‍ നമ്മുടെ യുവ തലമുറയ്ക്ക് സാധിക്കും. ഷിപ്പിങ് മേഖലയിലുള്ള തൊഴില്‍ അവസരങ്ങള്‍ ഇന്ത്യയില്‍ മാത്രമല്ല, ലോകത്തെല്ലായിടത്തും പ്രവര്‍ത്തിക്കാന്‍ യുവാക്കള്‍ക്ക് സാഹചര്യമൊരുക്കുന്നതാണ്.
വിഴിഞ്ഞം ലോകം അറിയുന്ന ടൂറിസ്റ്റ് കേന്ദ്രമായ കോവളത്തോട് ചേര്‍ന്ന് കിടക്കുന്നതുകൊണ്ട് ക്രൂയിസ് കപ്പലുകളെയും ധാരാളമായി ആകര്‍ഷിക്കും. ഉള്‍നാടന്‍ ജലഗതാഗത മേഖലയിലും വലിയ സാധ്യതയാണ് ഈ തുറമുഖം തുറക്കുന്നത്. 2020 മുതല്‍ പദ്ധതി നടത്തിപ്പില്‍ മികച്ച പുരോഗതി നേടിയാണ് ഇപ്പോള്‍ വികസനം തീരമടുത്തിരിക്കുന്നത്. ആദ്യം വിഭാവനം ചെയ്തിരുന്ന കാലത്തേക്കാള്‍ നേരത്തെയാണ് പദ്ധതി സാക്ഷാത്കരിക്കുന്നത്. പദ്ധതിയുടെ 4 ഘട്ടങ്ങളും 2028 ല്‍ പൂര്‍ത്തീകരിക്കുന്ന നിലയിലാണ് ഇപ്പോള്‍ പ്രവര്‍ത്തനം മുന്നോട്ടു നീങ്ങുന്നത്.